Thursday, November 26, 2009

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

പ്രകാശ്‌ കാരാട്ട്

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.


Sunday, November 8, 2009

Chris Harman is no more...


Chris Harman: A Life in the Heart of Struggle

Chris Harman, the editor of International Socialism and a central committee member of the Socialist Workers’ Party (SWP), died from a massive heart attack on November 6th. He was 66.

A convinced revolutionary socialist all his adult life, Harman had played a key role in founding Socialist Worker and editing it until 2004. Harman was an internationalist from the start. That was reflected in myriad ways, from his participation in the Vietnam Solidarity Campaign in the the late 1960 to the symbolic location of his death: Cairo.

Harman was a polymath, gifted as an author, speaker, editor, leader and economist. His book The Lost Revolution: Germany 1918 to 1923 is a powerful tool for revolutionary socialists.. His greatest work, A Peoples’ History of the World, is invaluable. He was also outstanding as an activist and leader of the SWP and its forerunner, the International Socialists. Harman played a major role in helping the organisation develop its political direction and in explaining its choices to a radical audience. His famous 1992 debate with Ernest Mandel on the bureaucratic Stalinist dictatorships in Quatriéme Internationale (now ContreTemps) was translated into English and is still in print as The Fallacies of State Capitalism.

Do read his famous piece "The Prophet and the Proletariat" on the Iranian Revolution, where he says:
The victory of Khomeini’s forces in Iran was not, then, inevitable, and neither does it prove that Islamism is a uniquely reactionary force against which the left must be prepared to unite with the devil (or rather, the Great Satan) of imperialism and its local allies. It merely confirms that, in the absence of independent working class leadership, revolutionary upheaval can give way to more than one form of the restabilisation of bourgeois rule under a repressive, authoritarian, one party state. The secret ingredient in this process was not the allegedly “medieval” character of Islam, but the vacuum created by the failure of the socialist organisations to give leadership to an inexperienced but very combative working class.

Monday, November 2, 2009

കേരളത്തിന്റെ വികസന അനുഭവത്തിന്റെ പശ്ചാത്തലവും പുതിയ നയങ്ങളും

ആര്‍ . രാംകുമാര്‍

കേരളത്തിന്റെ വികസന പ്രക്രിയയുമായി ബന്ധപെട്ട സംവാദം 1970 കളില്‍ തന്നെ ആരംഭിച്ച ഒന്നായിരുന്നു. ചുരുക്കി പറഞ്ഞാല്‍, വളരെ കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം നിലനില്‍ക്കുമ്പോഴും, സാമൂഹ്യ മേഖലയില്‍ വളരെയധികം പുരോഗമനം കൈവരിച്ച അസാധാരണമായിരുന്ന ഒരു വികസന ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ പ്രതിശീര്‍ഷ വരുമാനം, ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നോക്കാവസ്ഥയില്‍ ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള വര്‍ഷങ്ങളില്‍, സംസ്ഥാനത്തിന്റെ സമ്പദ്-വ്യവസ്ഥയില്‍ മൊത്തമായി മാന്ദ്യം നിലനില്‍ക്കുമ്പോഴും, സാമൂഹ്യസുരക്ഷയുടെ രംഗത്ത് കേരളം ഏറെ മുമ്പോട്ടു പോയി. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരവ്യവസ്ഥ, ദരിദ്രര്‍ക്കുള്ള സാമൂഹ്യ-സുരക്ഷ തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിന്റെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടെതിനു കിടപിടിക്കുന്നതായി. ഭൂപരിഷ്കരണത്തിനും ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തുടങ്ങി വച്ച നയങ്ങള്‍ക്കും ഈ മാറ്റത്തില്‍ ഒരു വലിയ പങ്കുണ്ടായിരുന്നു എന്നത് ശത്രുക്കള്‍ പോലും നിഷേധിക്കാത്ത സത്യമാണല്ലോ.

കേരളത്തിന്റെ വികസന ചരിത്രത്തെ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് പിന്‍തുടരാന്‍ ഒരു വികസന "മാതൃക" എന്ന രീതിയില്‍ ആഗോള തലത്തില്‍ തന്നെ പലരും വിശേഷിപ്പിക്കാറുണ്ട്. പല വിശേഷണങ്ങളും ഈ "മാതൃക"ക്ക് നല്‍കപ്പെട്ടിട്ടുണ്ട്: "ചെലവ് കുറഞ്ഞ" വികസന മാതൃക, "സുസ്ഥിര" വികസന മാതൃക, "പരിസ്ഥിതി-അനുയോജ്യ" വികസന മാതൃക തുടങ്ങി പല പേരുകളും. ഈ വിവരണങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്ന ഒരു പൊതു സ്വഭാവം തന്നെയായിരുന്നു അവയുടെ ഏറ്റവും പ്രധാനപ്പെട്ട ദൌര്‍ബല്യവും. ഒരു ദരിദ്ര സമൂഹത്തിന്റെ വികസന പ്രക്രിയയില്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രാധാന്യം കുറച്ചു കാണുന്നവയായിരുന്നു മേല്‍പറഞ്ഞ പഠനങ്ങളില്‍ അധികവും. അതായത്, സാമ്പത്തിക വളര്‍ച്ചയുടെ അകമ്പടിയില്ലാതെ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രകീര്‍ത്തിക്കുമ്പോള്‍ തന്നെ, ഇത്തരം നേട്ടങ്ങള്‍ നേടിയെടുക്കുവാനോ, അതിലുപരി നിലനിര്‍ത്തുവാനോ, സാമ്പത്തിക വളര്‍ച്ച അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഈ പഠനങ്ങള്‍ക്ക് ഇല്ലാതെ പോയി. കേരളത്തിന്റെ വികസന ചരിത്രം സാമ്പത്തിക വളര്‍ച്ചയുടെ അഭാവത്തില്‍ ഒരു മാതൃകയെ അല്ല എന്ന് ഇ എം എസ് നമ്പൂതിരിപാട് സൂചിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.

1990 കളുടെ ആദ്യത്തിലാണ് ഇ എം എസ് ഈ വിമര്‍ശനം ശക്തിയായി ഉന്നയിക്കാന്‍ ആരംഭിച്ചത്‌. "സാമ്പത്തിക വളര്‍ച്ചയില്ലാത്ത എന്ത് വികസന മാതൃക?" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: റോഡുകളും, സ്കൂളുകളും, ആശുപത്രികളും, അന്താരാഷ്ട്ര വിമാനതാവളങ്ങളും ആണ് വികസന സൂചകങ്ങള്‍ എന്ന വീക്ഷണം തെറ്റാണ്. ഈ ചിന്തക്ക് മാറ്റം വരേണ്ടത് കേരളത്തിന്റെ "സാമൂഹ്യവും, സാംസ്കാരികവും, രാഷ്ട്രീയവുമായ" ആവശ്യകതയാണ്. വ്യവസായ-വളര്‍ച്ചയിലൂന്നിയ സാമ്പത്തിക വളര്‍ച്ചയില്ലാതെ കേരളത്തിന്‌ വികസനം കൈവരിക്കാന്‍, കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍, സാധിക്കില്ല എന്നദ്ധേഹം വാദിച്ചു. 1994 ലെ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഉദ്ദ്ഘാടന വേദിയിലാണ് പലരെയും അമ്പരപ്പിച്ചു കൊണ്ട് ഇ എം എസ് ഇത് സംബന്ധിച്ച് തുറന്നടിച്ചത്:

"പണ്ഡിതര്‍ കേരളത്തിന്‌ മേല്‍ ചൊരിയുന്ന പ്രശംസകള്‍ നാം നേരിടുന്ന കടുത്ത വികസന പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ. സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച് നമ്മള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം താമസംവിനാ ഉണ്ടാവേണ്ടതുണ്ട്. തൊഴിലില്ലായ്മയിലും ഉത്പാദനത്തിലും നമ്മള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെ നമ്മുടെ ഭാവിയെ തന്നെ അപകടപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് അവഗണിക്കുവാന്‍ സാധിക്കുകയുള്ളു."

തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ വികസന ചര്‍ച്ചയെ തന്നെ വഴിതിരിച്ചു വിട്ട ഒരു പ്രധാനപെട്ട ഇടപെടല്‍ ആയിരുന്നു ഈ എം എസ് അന്ന് നടത്തിയത്. തന്റെ പ്രസംഗത്തില്‍ തന്നെ സമീപ ഭാവിയിലെ ഇടതുപക്ഷത്തിന്റെ വികസന വീക്ഷണങ്ങളെ കുറിച്ച് ഈ എം എസ് ചില സൂചനകള്‍ പങ്കു വെക്കുകയുണ്ടായിരുന്നു:

"ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ നമ്മുടെ ജനങ്ങളുടെ സംഘടിത ശക്തിയും രാഷ്ട്രീയ ബോധവും ഉപയോഗപ്പെടുത്താന്‍ കഴിയില്ലേ? കഴിയും എന്നാണു എന്റെ ഉത്തരം...ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ഊന്നി പറയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പുരോഗതി വളരെ മന്ദഗതിയിലാണ്...[ഒപ്പം] ഭൂമി-ജല മാനേജ്‌മന്റ്‌, ജനങ്ങള്‍ക്ക്‌ സേവനം നല്‍കുന്ന സാമൂഹിക-പശ്ചാത്തല സൌകര്യങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, ജനങ്ങളുടെ സാംസ്കാരിക വികസനം എന്നിവയ്ക്ക് വേണ്ടി പുതിയ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ രൂപപ്പെടണം. വികസന പ്രക്രിയയെ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കണം."

ഇത്തരത്തിലുള്ള വിലയിരുത്തലാണ് പഠന കോണ്‍ഗ്രസിന്‌ ശേഷം 1996-ല്‍ രൂപം കൊണ്ട നായനാര്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പല നയങ്ങള്‍ക്കും മാര്‍ഗദര്‍ശിയായത്‌. ജനകീയാസൂത്രണം, പുതിയ വ്യവസായ നയം എന്നിവ തന്നെ ഉദാഹരണം. നായനാര്‍ സര്‍ക്കാരിനു ശേഷം 2005-ല്‍ സംഘടിപ്പിക്കപെട്ട രണ്ടാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ വേദിയിലും ഇ എം എസ് തുടക്കം കുറിച്ച സംവാദത്തിന്റെ അലയൊലികള്‍ നിറഞ്ഞു നിന്നിരുന്നു. ഏറെ പ്രതീക്ഷിച്ചിരുന്ന തന്റെ പ്രബന്ധത്തില്‍ പ്രകാശ്‌ കാരാട്ട് ഒരു അവ്യക്തതയും കൂടാതെ ഇടതുപക്ഷത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യത്തെ ഇങ്ങനെ വിശദീകരിച്ചു: "കഴിഞ്ഞ കാല നേട്ടങ്ങള്‍ സംരക്ഷിക്കുകയും ഭാവിയിലേക്കുള്ള സ്വന്തം പാത രൂപപ്പെടുത്തുകയും ചെയ്യുക." പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗത്തിലെ പ്രസക്തമായ ഭാഗം മാത്രം ഇവിടെ കുറിക്കാം:

"കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായത്‌ തൊഴില്‍ രംഗത്തെയും ഭൌതിക ഉത്പാദന രംഗത്തെയും പ്രശ്നങ്ങളാണ്...തൊഴിലും ഉത്പാദനവും വര്ധിപ്പിക്കുന്നതായിരിക്കണം കേരള വികസനത്തിന്റെ അടുത്ത ഘട്ടത്തിലെ മുഖ്യ ഘടകങ്ങള്‍. ഈ മാറ്റം, കഴിഞ്ഞ കാല നേട്ടങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയതും, അതിനെ ശക്തിപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും ആയിരിക്കണം...വ്യാവസായിക മേഖലയില്‍ സംസ്ഥാനത്തെ പൊതുമേഖലയെ സംരക്ഷിക്കുകയും പുനഃ-സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ, പുതിയ നിക്ഷേപം കൊണ്ട് വരുന്നതിനു വേണ്ടി ഗൌരവത്തോടു കൂടി പരിശ്രമം നടത്തണം. ഇതില്‍ കൂടുതലും സ്വകാര്യ മേഖലയിലായിരിക്കും. ഐ ടി മേഖല, ജൈവ സാങ്കേതിക വിദ്യ, കാര്‍ഷിക-അധിഷ്ടിത സംസ്കരണ വ്യവസായങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കണം. ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യപ്പെടുന്നവയില്‍ വിദേശ മൂലധനം ക്ഷണിക്കാം."

"1996 - 2001 ല്‍ നടന്ന ജനകീയാസൂത്രണ പ്രചാരണ പരിപാടി ജനാധിപത്യ വികേന്ദ്രീകരനതിലെക്കുള്ള ഒരു വലിയ ചുവടുവെപ്പായിരുന്നു...ആസൂത്രണത്തിലും വികസനതിലുമുള്ള ജനകീയ പങ്കാളിത്തം മുന്നോട്ടു കൊണ്ട് പോകേണ്ടത് ആവശ്യമാണ്‌."

കേരളത്തിലെ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ഇന്ന് മുന്നോട്ടു വെച്ചിട്ടുള്ള വികസന നയപരിപാടി മുകളില്‍ സൂചിപ്പിച്ച വികസന സങ്കല്‍പ്പത്തിന്റെ ഒരു നേര്‍ - തുടര്‍ച്ചയാണ്. എന്നാല്‍ ഈ നയസങ്കല്‍പ്പത്തിന്റെ പ്രസക്തിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥയെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയും ഉത്പാദനവും: വിവിധ ഘട്ടങ്ങള്‍

സാധാരണ ഗതിയില്‍, കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള കൃതികള്‍ തുടരുന്ന ഒരു കഥയുണ്ട്. അതിങ്ങനെയാണ്. എണ്‍പതുകളുടെ മദ്ധ്യം വരെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു നീണ്ട മാന്ദ്യത്തെ നേരിടുകയായിരുന്നു. എന്നാല്‍, എണ്‍പതുകളുടെ മദ്ധ്യം മുതല്‍ കേരളത്തിന്റെ സമ്പദ്-വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കര കേറി എന്ന് മാത്രമല്ല, നമ്മുടെ പ്രതിശീര്‍ഷ വരുമാന വളര്‍ച്ച ദേശീയ ശരാശരിയില്‍ നിന്നും ഉയരുകയും ചെയ്തു. ഈ വിവരണം പിന്തുടര്‍ന്ന പല പഠനങ്ങളും കേരളം പഴയ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും വഴി മാറി, സാമ്പത്തിക വളര്‍ച്ചയിലേക്ക് നടന്നു കയറുകയാണ് എന്ന് അനുമാനിച്ചിരുന്നു. ഒരു പരിധി വരെ, ഈ അനുമാനം ശരിയുമായിരുന്നു. കാര്‍ഷിക മേഖലയില്‍ മാത്രമല്ല, വ്യവസായ മേഖലയിലും സേവന മേഖലയിലും എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും വലിയ വളര്‍ച്ചയുണ്ടായി. അങ്ങിനെ, സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ റാങ്കു എണ്‍പതുകളില്‍ 13 ആയിരുന്നെങ്കില്‍ അത് തൊണ്ണൂറുകളില്‍ 5 ആയി ഉയര്‍ന്നു.

ഈ ഘട്ടത്തില്‍, ഉത്പാദനമേഖലയേക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചക്ക്‌ സംഭാവന നല്‍കിയത് സേവന മേഖലയായിരുന്നു. സേവന മേഖലയിലെ വളര്‍ച്ചയാകട്ടെ, ഉത്പാദനരംഗവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത ഒന്നായിരുന്നു. കൂടുതലും, ഗള്‍ഫില്‍ നിന്നുമുള്ള പണത്തിന്റെ വരവിനെ ആശ്രയിച്ചായിരുന്നു സേവന മേഖലയിലെ വളര്‍ച്ച നില കൊണ്ടത്. രൂപയുടെ മൂല്യശോഷണം കാരണം തൊണ്ണൂറുകളില്‍ ഇന്ത്യയുടെ കറന്‍സി വിനിമയ നിരക്ക് ഡോളറിനെ അപേക്ഷിച്ച് ഉയര്‍ന്നതിനാല്‍, ഇന്ത്യയിലേക്ക്‌, വിശേഷിച്ചു കേരളത്തിലേക്ക്, ഒഴുകി വന്ന വിദേശ പണത്തിന്റെ രൂപ-മൂല്യം വര്‍ധിച്ചിരുന്നു. ഈ പണത്തിന്റെ ഒഴുക്കാണ്, കേരളത്തിലെ തൊണ്ണൂറുകളിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കു വഹിച്ചത്.

എന്നാല്‍ ഈ ഉയിര്തെഴുന്നീല്‍പ്പിന്റെ കാലം ഇന്ന് അവസാനിച്ചു കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ ഉണര്‍വിന്റെ ഘട്ടം പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തോടെ അവസാനിച്ചു എന്നത് അധികം സാമ്പത്തിക ശാസ്ത്രഞ്ഞരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് ഇന്ന് ദേശീയ ശരാശരിയില്‍ നിന്നും താഴെയാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ ഉത്പാദന മേഖല 1997 - 98 വര്ഷം കഴിഞ്ഞതിനു ശേഷം ഒരു പ്രതിസന്ധിയിലാണ്. സേവന മേഖലയിലെ വളര്‍ച്ച തുടരുന്നുവെങ്കിലും, പഴയത് പോലെ വലിയ വളര്‍ച്ച ആ മേഖലയില്‍ ഉണ്ടാകുന്നില്ല. ഇത് മൂലം, തൊണ്ണൂറുകളിലെ സാമ്പത്തിക നേട്ടങ്ങള്‍ മുഴുവനും പിന്നോട്ടടിക്കുന്ന ഒരു ഭയാനകമായ അവസ്ഥയാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളത് എന്ന വിഷയം അതീവ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്.

എന്താണ് സംഭവിച്ചത്? 1998 നു ശേഷം കേരളത്തിലെ കാര്‍ഷിക വിളകളുടെ വിലകളില്‍ വന്ന വലിയ തോതിലുള്ള തകര്‍ച്ചയാണ് മുഖ്യമായും കേരളത്തിലെ കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ തകര്‍ത്തു കളഞ്ഞത്. അതോടൊപ്പം, സബ്സിഡികള്‍ കുറച്ചത് മൂലമുണ്ടായ ഉത്പാദന ചിലവുകളിലെ വര്‍ദ്ധനവ്, കാര്‍ഷിക വായ്പ്പകള്‍ വെട്ടി കുറച്ചത്, കാര്‍ഷിക രംഗത്തെ പൊതു നിക്ഷേപം വര്ധിപ്പിക്കാത്തത് തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കാര്‍ഷിക രംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടി. ശരിക്കും പറഞ്ഞാല്‍, ഇന്ന് വരെയും, കേരളത്തിലെ കാര്‍ഷിക രംഗം ഈ തകര്‍ച്ചയില്‍ നിന്നും തീര്‍ത്തും കര കയറിയിട്ടില്ല. കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഇന്നത്തെ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെങ്കിലും, ദേശീയ തലത്തിലെ ഇറക്കുമതി നയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, കാര്‍ഷിക രംഗത്തെ പ്രതിസന്ധി തുടരുകയാണ്. ഉത്പാദനക്ഷമത മുരടിച്ചു നില്‍ക്കുന്നു. തൊഴില്‍ അവസരങ്ങള്‍ വളരുന്നില്ല. കാര്‍ഷിക വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായും നികത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

അതോടൊപ്പം തന്നെ, തൊണ്ണൂറുകളില്‍ വലിയ വളര്ച്ചയുണ്ടായ വ്യവസായ രംഗത്തും പുതിയ നൂറ്റാണ്ടില്‍ പിന്നോട്ടടി ഉണ്ടായിട്ടുണ്ട്. വ്യവസായ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ച കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ കൊണ്ട് വരാന്‍ കഴിയാത്തതും, പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതും ഈ രംഗത്തെ വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചു. പരമ്പരാഗത മേഖലകളില്‍ ആകട്ടെ, ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി, നല്ല വിപണിയുള്ള കശുവണ്ടി, കയര്‍ തുടങ്ങിയ മേഖലകളില്‍ പോലും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാകട്ടെ, ഈ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു.

അങ്ങിനെ, ഉത്പാദന മേഖലകളായ കാര്‍ഷിക-വ്യവസായ രംഗങ്ങളില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വളര്‍ച്ച 2008-09 ആകുമ്പോഴേക്കും ആകെ മുരടിച്ചു നിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ മാന്ദ്യത്തിന്റെ ഏറ്റവും വലിയ ആഘാതം തൊഴിലില്ലായ്മയുടെ തോതില്‍ ഉണ്ടായിട്ടുള്ള വര്‍ധനവാണ്. സംഘടിത മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാവുകയാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും, വ്യവസായ മേഖലയിലെ (പ്രത്യേകിച്ചും വിജ്ഞാന-അധിഷ്ടിധമായ പുത്തന്‍ മേഖലകളിലെ) നിക്ഷേപങ്ങള്‍ വര്‍ധിക്കാത്തതും ആണ് കേരളത്തിലെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടിയ പ്രധാന ഘടകങ്ങള്‍. സേവന മേഖലയില്‍ പോലും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു വരികയാണ്. ലഭ്യമായിട്ടുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതാണ്; പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ. 2004-05 വര്‍ഷത്തില്‍, ഇന്ത്യയിലെ രണ്ടു ശതമാനം ഗ്രാമീണ വനിതകള്‍ മാത്രമേ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നുള്ളൂ; എന്നാല്‍, കേരളത്തില്‍ 20 ശതമാനം വനിതകള്‍ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നു. അതെ പോലെ, ഇന്ത്യയിലെ രണ്ടു ശതമാനം ഗ്രാമീണ പുരുഷന്മാര്‍ മാത്രമേ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നുള്ളൂ; എന്നാല്‍, കേരളത്തില്‍ 5 ശതമാനം പുരുഷന്മാര്‍ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നു.

ഒപ്പം, കേരളത്തിലെ തൊഴില്‍ അന്വേഷികളുടെ സാമൂഹ്യ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെതില്‍ നിന്നും വ്യത്യസ്തമായി, കേരളത്തിലെ വലിയൊരു വിഭാഗം തൊഴില്‍ അന്വേഷികള്‍ വിദ്യസംബന്നരാണ്. ഇവര്‍ക്ക് തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള പുതിയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ വരുന്നത് നമ്മുടെ വികസന നയത്തിന്റെ ദൌര്‍ഭല്ല്യം തന്നെയാണ്.

കേരളത്തിന്റെ വികസന പാതയില്‍ സാമ്പത്തിക വളര്‍ച്ചയുടെ അഭാവം, തൊഴിലില്ലായ്മ, ഉത്പാദന രംഗത്തെ മാന്ദ്യം എന്നിവ പഴയത് പോലെ തന്നെ ഇന്നും മൂര്‍ച്ചിച്ചു നില്‍ക്കുന്നു എന്ന് സ്ഥാപിക്കാന്‍ മാത്രമാണ് ഇവിടെ ശ്രമിച്ചത്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കുള്ള വളര്‍ച്ചയിലെ പുതിയ മാന്ദ്യഘട്ടം കേരളത്തിന്റെ വികസനത്തെ അതിന്റെ പഴയ പിന്നോക്കാവസ്ഥയില്‍ തന്നെ കെട്ടിയിട്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് എങ്ങനെ എന്നത് കേരള വികസനവുമായി ബന്ധപെട്ട സമകാലീന സംവാദങ്ങളുടെ മുഖ്യ അജണ്ട തന്നെ ആയിരിക്കണം. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, ഈ അജണ്ടയുമായി ബന്ധപ്പെടുത്തി വേണം എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ തൊഴില്‍-വീട് എന്നിവയെ സംബന്ധിച്ച പുതിയ നയപരിപാടികളെ വീക്ഷിക്കാനും വിലയിരുത്തുവാനും.

പഴയ വെല്ലുവിളികള്‍ , പുതിയ നയങ്ങള്‍

ഇന്ന് കേരളത്തിലെ സമ്പദ്-ഘടനക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളികള്‍ ഇവയാണ്. ഒന്ന്, നമ്മുടെ കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം? രണ്ടു, ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഉത്പാദനമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി എങ്ങനെ ബന്ധപ്പെടുത്താം? മൂന്നു, കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ നേട്ടങ്ങള്‍ നിലനിര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ട ലക്ഷ്യവുമായി ഈ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബന്ധപ്പെടുത്താം? പഴയ നേട്ടങ്ങളുടെ സംരക്ഷണവും, സാമ്പത്തിക വളര്‍ച്ച, ഉത്പാദനക്ഷമതയില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുവാനുള്ള തന്ത്രങ്ങളും പൂര്‍ണമായും ഒരുമിച്ചു കൊണ്ട് പോകുവാന്‍ കഴിഞ്ഞുവെന്നു വരില്ല. എങ്കിലും, ഇവ തമ്മിലുള്ള സംയോജനം കഴിയുന്നത്ര സാധ്യമാക്കാന്‍ കഴിയുമോ?

ഇതേ ചോദ്യങ്ങള്‍ തന്നെ മറ്റൊരു രീതിയില്‍ ഉന്നയിക്കാം. സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യ ഘടകം ആഭ്യന്തരമായ ചോദന വളര്‍ച്ചയാണ്. ഇത് വരെ കേരളത്തിലെ ചോദന വളര്‍ച്ച പുറത്തു നിന്നുമുള്ള വരുമാനങ്ങളെ ആശ്രയിച്ചാണ് നില കൊണ്ടിരുന്നത്. ഇത് സുസ്ഥിരതമായ ഒരു തന്ത്രമേ അല്ല. ചോദന വളര്‍ച്ച സംസ്ഥാനത്തിനകത്ത്‌ തന്നെയുള്ള ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ നിന്നും വളര്തിയെടുക്കാമോ? അല്ലെങ്കില്‍, ചോദന വളര്‍ച്ച ഉത്പാദന മേഖലകളെ സഹായിക്കുന്ന രീതിയില്‍ വഴിതിരിച്ചു വിടാമോ? ചോദനം ഉണ്ടായ ശേഷം ജനങ്ങള്‍ തങ്ങളുടെ വരുമാനങ്ങള്‍ ചിലവഴിക്കുമ്പോള്‍, അവയുടെ ഗുണഫലം സംസ്ഥാനത്തിന് പുറത്തേക്കു "ലീക്ക്‌" ചെയ്തേക്കാം. എന്നാലും, ചോദനം നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയെന്കിലും നമ്മുടെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കാമോ?

ഇവിടെയാണ്‌, തൊഴില്‍-വീട് പദ്ധതിയുടെ പ്രാധാന്യം; മുന്‍ സൂചിപ്പിച്ച കേരള വികസന ചരിത്രത്തിന്റെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഇതിന്റെ വ്യാപ്തി വളരെ വലുതാണ്‌. ഈ പദ്ധതിയുടെ ഒരു പ്രധാന വശം കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ പദ്ധതികളെ എങ്ങനെ വ്യാപിപ്പിക്കാം എന്നതാണ്. മറുവശത്ത്, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ ഉത്പാദനക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാം? കാര്‍ഷികമേഖലയിലെയും പരമ്പരാഗതമേഖലയിലെയും ചെറുകിട ഉത്പാദകരുടെ തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുക എന്നതും ഈ സാഹചര്യത്തില്‍ ഒരു സുപ്രധാനമായ കടമയാണ്.

ഒന്ന്, ഇവിടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി എന്ന കേന്ദ്രപദ്ധതി നിലവിലുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബത്തിലെയും അംഗങ്ങള്‍ക്ക്‌ ഒരു വര്ഷം 100 ദിവസത്തെ തൊഴില്‍ ഈ പദ്ധതി ഉറപ്പു നല്‍കുന്നു. തൊഴില്‍ ആവശ്യക്കാര്‍ തന്നെ, തങ്ങള്‍ക്കു വേണ്ട പ്രവര്‍ത്തികളും തൊഴില്‍ ആവശ്യമായി വരുന്ന സമയവും തെരഞ്ഞെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ സജീവമായ പങ്കു വഹിക്കുന്നു. ഒപ്പം തൊഴിലുകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പല സമീപനങ്ങളും ഇതിലുല്‍പ്പെട്ടിടുണ്ട് താനും. ഇതിന്റെ ചുമതല പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗപ്പെടുത്താം.

രണ്ടു, ഇതേ സമയത്ത്‌ തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പ്രധാന സാമൂഹ്യ-സുരക്ഷ പദ്ധതിയാണ് ഇ എം എസ് ഭവന പദ്ധതി. അതായത്, ഭൂരഹിതരും ഭവനരഹിതരും ആയിട്ടുള്ള മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുക. ഇത്തരത്തിലുള്ള ഏകദേശം അഞ്ചു ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുന്ടെന്നാണ് കണക്കു; ഇവരില്‍ തന്നെ ഏകദേശം ഒന്നര ലക്ഷം കുടുംബങ്ങള്‍ ദളിതരും. അങ്ങനെ, ഭൂപരിഷ്കരണ നടപടികളിലൂടെ കേരളം തുടങ്ങി വെച്ച കുടികിടപ്പവകാശം പൂര്‍ണമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രശസ്തമായ കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ സംവിധാനത്തിന്റെ വ്യാപനത്തിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.

മൂന്നു, കാര്‍ഷിക മേഖലയിലെ ഉത്‌പാദന വളര്‍ച്ചക്കുള്ള ഇടെപെടലിന്റെ ഒരു പ്രധാന ഘടകമാണ് നീര്‍ത്തട അടിസ്ഥാനത്തിലുള്ള ആസൂത്രണം. ഓരോ സൂക്ഷ്മ നീര്‍ത്തടത്തിനും ഓരോ വിഭവ ഭൂപടം നിര്‍മ്മിക്കുകയും, ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക പദ്ധതികള്‍ ഉണ്ടാക്കുകയും അവ പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുക എന്നത് ഒരു പ്രധാന പ്രവര്‍ത്തനമാണ്.

ദരിദ്രര്‍ക്കുള്ള വീട് നിര്‍മ്മാണവും കൃഷിയിടങ്ങളിലെ മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള നീര്‍ത്തട പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ കുടക്കുള്ളില്‍ കൊണ്ട് വരിക വഴി സാമ്പത്തിക ആസൂത്രണത്തിലെ ഒരു പഴയ ആശയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്. അതായത്, തൊഴിലാളികളെയും കര്‍ഷകരെയും വ്യക്തികളായി മാത്രം കാണാതെ, അവരെ ഒരു സാമൂഹ്യ ശക്തിയായി കാണുകയും, സമൂഹത്തിന്റെ പൊതുവായ വികസന നയങ്ങള്ക്കായുള്ള തൊഴില്‍ശക്തിയുടെ ആവശ്യകതയില്‍ ഇവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുക. അത് വഴി സാമ്പത്തിക ആസൂത്രണത്തിന് ശക്തി പകരുകയും ചെയ്യുക.

തൊഴിലിന്റെ സാമൂഹ്യ-സംഘാടനം നടപ്പില്‍ വരുത്താന്‍ തൊഴിലുറപ്പ് പദ്ധതി മാത്രമല്ല കേരളത്തിന്റെ കയ്യിലുള്ളത്. കേരളത്തിന്റെ കാര്‍ഷിക രംഗത്തെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍, തൊഴിലാളികളെ നല്‍കുന്നതിനും, അവരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും സഹായകമായ സഹകരണ സ്ഥാപനങ്ങള്‍ രൂപപ്പെടുതെണ്ടതുണ്ട്. തൊഴില്‍ സേന, തൊഴിലാളി ബാങ്ക് എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ഥാ‍പനങ്ങള്‍ പുതിയ രൂപത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടതു ഇന്നത്തെ ഒരു പ്രധാന ആവശ്യമാണ്‌. എന്നാല്‍, അതിനു കാത്തിരിക്കാതെ തന്നെ, തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ അല്ലെങ്കില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. പ്രത്യേകിച്ചും വനിതാ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഗ്രൂപ്പുകള്‍. ഇത്തരത്തില്‍, കുടുംബശ്രീ-അയല്‍ക്കൂട്ട സംവിധാനത്തെ സാമൂഹ്യ-സുരക്ഷ സംവിധാനങ്ങള്‍ക്കുള്ള സംഘടനാപരമായ ചട്ടകൂടായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒപ്പം, ഇതേ ചട്ടക്കൂടുപയോഗിച്ചു കൊണ്ട് ഉത്പാദന പുനരുജ്ജീവനത്തിന് ആക്കം കൂട്ടുകയും ചെയ്യാം.

ഇത്തരത്തിലുള്ള ഒരു ബ്ഹൃത്തായ ആസൂത്രണ വീക്ഷണമാണ് തൊഴില്‍-വീട് പദ്ധതിയുടെ അടിസ്ഥാനം. ഉത്പാദന മേഖലയിലെ ഉണര്‍വിനു ഈ പരിപാടി മാത്രം മതി എന്നല്ല. വ്യവസായ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഇങ്ങനെ, ആഭ്യന്തര നിക്ഷേപം ഉയര്‍ത്താനും, അതിനൊപ്പം അകത്തു നിന്നും തന്നെയുള്ള ചോദനം ഉയര്‍ത്താനും, അത് വഴി സാമ്പത്തിക വളര്‍ച്ചക്ക്‌ ശക്തി പകരുവാനും കഴിയും. കേരളത്തെ തുറിച്ചു നോക്കി നില്‍ക്കുന്ന തൊഴിലില്ലായ്മ-പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും സുസ്ഥിരമായ വഴി ഇത്തരത്തില്‍ ആഭ്യന്തരമായി ചോദനവും ഉത്പാദനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് തന്നെയാണ്. കേരളത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങള്‍ സംരക്ഷിക്കുവാനും, ഭാവിയിലേക്കുള്ള സ്വന്തം പാത രൂപപ്പെടുത്തുവാനും ഉള്ള യാത്രയില്‍ ഈ നയം ഒരു പുതിയ ദിശ പകരും എന്ന് പ്രതീക്ഷിക്കാം.