Monday, April 19, 2021

ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം

ആർ രാംകുമാർ

ഇന്ന് ഇന്ത്യ മുഴുവൻ പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്റെ രണ്ടാം അലയെ പ്രതിരോധിക്കുന്നതിൽ വാക്‌സിനുകൾ വലിയ പങ്കു വഹിക്കും എന്നതിൽ സംശയമില്ല. വാക്‌സിനുകൾ വൈറസിന്റെ സംക്രമത്തെ കുറയ്ക്കും എന്നും  രോഗത്തിന്റെ തീവ്രതയെ ലഘൂകരിക്കും എന്നും ആഗോളതലത്തിലെ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, രണ്ടാം അലയെ പ്രതിരോധിക്കുന്നതിൽ സാമ്പ്രദായികമായ മാർഗങ്ങൾ (മാസ്കുകൾ, സാനിറ്റയിസറുകൾ, സാമൂഹ്യ അകലം, ടെസ്റ്റിംഗ്, ക്വാറന്റ്റയിൻ എന്നിവ) കൂടുതൽ ശക്തമായി അവലംബിക്കുന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പേരെ എത്രയും പെട്ടെന്ന് വാക്‌സിനേറ്റ് ചെയ്യാൻ കൂടി കഴിയുമോ എന്നതാണ് ഇന്ന് പരിശോധിക്കപ്പെടുന്നത്. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്നാൽ കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയവും അനുബന്ധ-പ്രവർത്തനങ്ങളും വലിയൊരു പരാജയമാണ് എന്ന് ഇന്ന് പരക്കെ വിലയിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. വാക്‌സിനുകളുടെ ദൗർലഭ്യമാണ് ഈ പരാജയത്തിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവ്. "ലോകത്തിന്റെ ഫാർമസി"യാണ്‌ ഇന്ത്യ എന്നാണു പലരും വിശേഷിപ്പിക്കുന്നത് എങ്കിലും തെറ്റായ ആസൂത്രണവും നയസമീപനവും മൂലം കോവിഡ് പ്രതിരോധത്തിൽ നമ്മൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഇത് മൂലം അടുത്ത ഒരു വർഷം കഴിഞ്ഞാലും ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ഒരു തവണ പോലും വാക്‌സിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്നതാണ് വാസ്തവം.  

എന്താണ് ഇന്ത്യയിലെ വാക്‌സിനുകളുടെ പ്രദാനവും ചോദനവും എന്ന് നമുക്കൊന്ന് ചുരുക്കത്തിൽ പരിശോധിക്കാം.

വാക്‌സിനുകളുടെ ചോദനം

2020 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 138 കോടി ജനസംഖ്യയുണ്ട്. ഇതിൽ 30% പേർ 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണക്കാക്കാം. അതായത്, 100% കവറേജിനായി 96.6 കോടി മുതിർന്നവർക്ക് ഇന്ത്യ വാക്‌സിൻ നൽകണം. ഒരാൾക്ക് രണ്ട് ഡോസ് എന്ന നിരക്കിൽ, 193.2 കോടി ഡോസ് വാക്സിനുകൾ വേണം. എന്നാൽ 100% പേർക്കും വേണ്ട, 60% പേർക്ക് മതി എന്ന് കണക്കു കൂട്ടിയാൽ, 58 കോടി പേർക്ക് വാക്‌സിൻ നൽകണം. രണ്ട് ഡോസ് എന്ന നിരക്കിൽ ഇത് 116 കോടി ഡോസ് വാക്സിനുകൾ ആവും.

2021 ഏപ്രിൽ 17-ലെ കണക്കനുസരിച്ച് 12.2 കോടി പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചു കഴിഞ്ഞു (ഇത് ആകെ ഡോസുകളുടെ എണ്ണമാണ്). 10.6 കോടി പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 1.6 കോടി പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 60% ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ 104 കോടി ഡോസ് വാക്സിനുകൾ കൂടി നൽകണം. 100% ലക്ഷ്യം കൈവരിക്കുന്നതിന് 181 കോടി ഡോസുകൾ കൂടി നൽകണം. ഡിസംബർ 2021 ഓടെ ഈ ലക്ഷ്യത്തിലെത്തേണ്ടി വരുമെന്ന് നമുക്ക് അനുമാനിക്കാം. അപ്പോൾ ഇന്ത്യയുടെ കൈയ്യിൽ ഏകദേശം 9 മാസമുണ്ട്. അതിനാൽ, 60% കവറേജിനുള്ള ലക്ഷ്യം പ്രതിമാസം 11.6 കോടി ഡോസുകൾ (പ്രതിദിനം 38.5 ലക്ഷം ഡോസുകൾ) ആയിരിക്കും. അതുപോലെ, 100% കവറേജിനുള്ള ലക്ഷ്യം പ്രതിമാസം 20.1 കോടി ഡോസുകൾ (പ്രതിദിനം 67 ലക്ഷം ഡോസുകൾ) ആയിരിക്കും. ഇതാണ് മൊത്തത്തിലുള്ള ലക്ഷ്യവും ആവശ്യവും.

2021 ജനുവരിയിൽ തന്നെ ഇന്ത്യ വാക്സിനുകൾക്ക് അനുമതി നൽകാൻ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ, 1 കോടി പേർ വരുന്ന ആരോഗ്യ-പരിപാലന തൊഴിലാളികളെയും 2 കോടി പേർ വരുന്ന ഫ്രണ്ട് ലൈൻ തൊഴിലാളികളെയും വാക്‌സിൻ നൽകി പരിരക്ഷിക്കണം. പിന്നീട്, 27 കോടി പേർ വരുന്ന 50 വയസ്സിനു മുകളിലുള്ളവർക്കും 50 വയസ്സിന് താഴെയുള്ളവരായ രോഗാവസ്ഥകളുള്ളവർക്കും വാക്‌സിൻ നൽകണം. അങ്ങനെ, ആകെ, 30 കോടി "ദുർബല " വിഭാഗങ്ങളുടെ വാക്‌സിനേഷൻ ആഗസ്റ്റിനു മുൻപ് പൂർത്തീകരിക്കണം എന്നായിരുന്നു ലക്‌ഷ്യം. ഈ തീരുമാനം പിന്നീട് അല്പം മാറ്റി. ആദ്യം 65 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള രോഗാവസ്ഥയുള്ളവർക്കുമായി വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചു. തുടർന്ന് ക്രമേണ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി ജാലകം തുറന്നു. നമ്മൾ ഒരു ഏകദേശ കണക്കിന് ഈ 30 കോടി പേർ എന്നത് തന്നെ ഭിന്നസംഖ്യാ‍ഛേദമായി എടുത്താൽ, ഇന്ത്യയിലെ ദുർബലരായ ജനവിഭാഗത്തിന്റെ ഏകദേശം 33 ശതമാനം മാത്രമാണ് 2021 ഏപ്രിൽ 18 വരെ വാക്‌സിനേഷൻ വഴി കവർ ചെയ്യപ്പെട്ടിട്ടുള്ളത്. ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളാകട്ടെ അവരുടെ മുഴുവൻ ദുർബല ജനവിഭാഗങ്ങളെയും ഇതിനോടകം വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു എന്നതും നമ്മൾ ഇതിനോട് കൂട്ടി വായിക്കണം. ഇതാണ് "ലോകത്തിന്റെ ഫാർമസി"യുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ.

വാക്‌സിനുകളുടെ പ്രദാനം

ഇവിടെ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം, ഇന്ത്യയിലെ വാക്സിൻ ഉൽപാദനത്തിന്റെ മുഴുവൻ ശേഷിയും കോവിഡ് വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുവാൻ കഴിയില്ല. കാരണം, ഇപ്പോൾ ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ ഉത്പാദനം പൂർണ്ണമായി നിർത്താൻ കഴിയില്ല. ഒപ്പം, കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേകം താരം ലാബ് സൗകര്യങ്ങൾ വേണം. അപ്പോൾ, ഇന്ന് നിലവിലുള്ള ലാബ് സൗകര്യങ്ങളെ കോവിഡ് വാക്‌സിൻ ഉത്പാദപ്പിക്കുന്നതിന് വേണ്ടി പുനർനിർമ്മിക്കണം (റീപർപ്പസ് ചെയ്യണം). ഇവിടെയും പ്രശ്നം അവസാനിക്കുന്നില്ല. ഒന്ന്, ഇന്ത്യൻ വാക്‌സിൻ കമ്പനികൾക്ക് വിദേശത്തേക്ക് വാക്‌സിനുകൾ അയക്കാൻ വാണിജ്യപരമായ പ്രതിബദ്ധതയുണ്ട്. രണ്ട്, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങൾക്ക് വാക്സിനുകൾ ഗ്രാൻറ്റായി നൽകുന്നുണ്ട്. മൂന്ന്, ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള അന്താരാഷ്ട്ര വാക്സിൻ കൂട്ടുകെട്ടായ ഗാവിയുടെ കോവാക്സ് എന്ന സംരംഭത്തിന് കീഴിൽ ഇന്ത്യ വാക്‌സിനുകൾ ഉത്പാദിപ്പിച്ച് നൽകണം എന്ന് കരാറുണ്ട്. 2021 ഏപ്രിൽ 14-ലെ കണക്കനുസരിച്ച് മൊത്തം 6.5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഈ മൂന്ന് ഹെഡ്ഡുകളിലായി ഇന്ത്യയിൽ നിന്ന് പുറത്തേക്ക് അയച്ചിട്ടുണ്ട്.

6.5 കോടി വാക്‌സിൻ ഡോസുകൾ പുറത്തേക്കു അയച്ചപ്പോൾ, അതിനുള്ളിൽ ഗാവി സംരംഭത്തിന് കീഴിൽ മാത്രമായി അയച്ച ഡോസുകളുടെ എണ്ണം ഏകദേശം 1.9 കോടിയായിരുന്നു. പക്ഷെ, 2021 ഫെബ്രുവരി മുതൽ മെയ് വരെ ഗാവി സംരംഭത്തിന്റെ ഭാഗമായി 11 കോടി ഡോസുകൾ വിതരണം ചെയ്യുന്നതിന് ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഇടക്കാല പ്രതിബദ്ധതയുണ്ട്. ഈ ഇടക്കാല പ്രതിബദ്ധത ലംഘിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഇന്നത്തെ സ്ഥിതി. 2021 ഏപ്രിൽ 14 വരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗാവിക്ക് 2.8 കോടി ഡോസുകൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും 2021 ജൂൺ മാസത്തോടെ മാത്രമേ കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയൂ എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗാവി സംരംഭത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊത്തം പ്രതിബദ്ധത 110 കോടി ഡോസാണ്. ഇതിൽ 20 കോടി ഡോസുകൾ നിയമപരമായ പ്രതിബദ്ധതയാണ്. ബാക്കി മാത്രമേ ഉത്പ്പാദനത്തിനനുസരിച്ച് അല്ലെങ്കിൽ ലഭ്യതക്കനുസരിച്ച് നൽകാൻ ഓപ്ഷൻ ഉള്ളൂ. (തീർച്ചയായും, ഗാവിയിലേക്കുള്ള ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതിയുടെ ഒരു ചെറിയ ഭാഗം ഇന്ത്യയിലേക്ക് തന്നെ മടങ്ങും; കാരണം 1 കോടി ഡോസുകൾ നേടി കൊണ്ട് ഗാവിക്ക് കീഴിലുള്ള ഏറ്റവും വലിയ ഗുണഭോക്താവും കൂടിയാണ് ഇന്ത്യ). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റിയ ശേഷം അന്താരാഷ്‌ട്ര ആവശ്യത്തിനായി ഇന്ത്യക്ക് 10%-20% വരെ അധിക ഉൽപാദന ശേഷി ആവശ്യമാണ് (60% ലക്ഷ്യത്തിന് 10% അധിക ശേഷി വേണം, 100% ലക്ഷ്യത്തിന് 20% അധിക ശേഷി വേണം).

ഇന്ന് ഇന്ത്യയിൽ വാക്സിൻ ഉൽപാദനത്തിന്റെ നിലവിലെ ശേഷി എന്താണ്?

2021 ഏപ്രിൽ 13 വരെ ഇന്ത്യയിൽ അംഗീകരിച്ച രണ്ട് വാക്സിനുകൾ കോവിഷീൽഡും കോവാക്സിനും മാത്രമാണ്. കോവിഷീൽഡ്‌ ഉത്പാദിപ്പിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഉത്പാദനശേഷി പ്രതിമാസം 6 കോടി മുതൽ 7 കോടി വരെ ഡോസുകളാണ്. ഇത് 2021 മെയ് മാസത്തോടെ പ്രതിമാസം 10 കോടി ഡോസായി ഉയരുമെന്നാണ് റിപ്പോർട്ട്. കോവാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ നിലവിലെ ശേഷി പ്രതിമാസം 60 ലക്ഷം ഡോസുകളാണെന്നാണ് റിപ്പോർട്ട്. ഇത് 2021 മെയ് മാസത്തിൽ ഒരു മാസം 1.5 കോടി ഡോസും 2021 അവസാനത്തോടെ 5.8 കോടി ഡോസും ആയി ഉയരും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്രകാരം 2021 ഏപ്രിലിലെ ഇന്ത്യയുടെ ഉത്പാദനശേഷിയുടെ എല്ലാ വിവരങ്ങളും കണക്കിലെടുക്കുമ്പോൾ, കോവിഷീൽഡും കോവാക്സിനും ഇന്ത്യ പ്രതിമാസം 7.6 കോടി ഡോസുകൾ മാത്രമാണ് (ഒരു ദിവസം 25 ലക്ഷം ഡോസുകൾ) ഉൽ‌പാദിപ്പിച്ചത്. മെയ് 2021 ന്റെ ഉയർന്ന കണക്കെടുത്താലും (സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസം 10 കോടി ഡോസും ഭാരത് ബയോടെക്കിന്റെ പ്രതിമാസം 1.5 കോടി ഡോസും ചേർത്തത്), നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 11.5 കോടി ഡോസുകൾ (ഒരു ദിവസം 38 ലക്ഷം ഡോസുകൾ) ആയിരിക്കും.

ഈ ഉത്പാദന കണക്കുകളിൽ നിന്ന് നമുക്ക് കയറ്റുമതി പ്രതിബദ്ധതകൾ കിഴിയ്ക്കേണ്ടതുണ്ട്. ഉത്പാദനശേഷിയുടെ 15% കയറ്റുമതി ചെയ്യേണ്ടി വരും എന്ന് കണക്കാക്കിയാൽ, ഇന്ത്യയിലെ ഉപയോഗത്തിനുള്ള നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 9.8 കോടി ഡോസുകൾ (ഒരു ദിവസം 33 ലക്ഷം ഡോസുകൾ) ആയി കുറയും. ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, വാക്സിൻ പാഴാക്കലിനായി 5% മുതൽ 10% വരെ കിഴിവ് കൂടി ചേർക്കേണ്ടതുണ്ട്. 5% വാക്‌സിനുകൾ പാഴാവുമെന്ന് കണക്കാക്കിയാൽ, ഇന്ത്യയിലെ ഉപയോഗത്തിനുള്ള നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 9.3 കോടി ഡോസായി (ഒരു ദിവസം 31 ലക്ഷം ഡോസായി) കുറയും.

സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും 2021 മെയ് മാസത്തോടെ അവരുടെ ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റുമെന്ന അനുമാനത്തിലാണ് ഇത് പറയുന്നത്. എന്നാൽ വാഗ്ദാനപ്രകാരം ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ രണ്ട് പേരും പരാജയപ്പെട്ടേക്കാമെന്നും പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. രണ്ട് പ്രധാന പരിമിതികൾ കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, നേരത്തേ സൂചിപ്പിച്ച പോലെ, ഇന്ത്യയിലെ എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും കൂടി ഒരു വർഷം 820 കോടി ഡോസ് ശേഷിയുണ്ടെങ്കിലും ഇവ എല്ലാത്തരം വാക്സിനുകൾക്കും വേണ്ടിയുള്ളതാണ്. കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്നതിന് ഈ ഉത്പാദനശേഷികൾ പുനർനിർമ്മിക്കേണ്ടതുണ്ട്. അത്തരം പുനർനിർമ്മാണം മറ്റ് അവശ്യ വാക്സിനുകളുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഉറപ്പു വരുത്തണം. അതിനാൽ തന്നെ, പൂർണ്ണമായ പുനർനിർമ്മാണം അസാധ്യമാണ്. മാത്രമല്ല പുനർനിർമ്മാണത്തിന് സമയവുമെടുക്കും. രണ്ടാമതായി, വാക്സിനുമായി ബന്ധപ്പെട്ട നിരവധി അസംസ്കൃത/ഇന്റർമീഡിയറ്റ് വസ്തുക്കൾക്ക് അമേരിക്ക കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യ പോലുള്ള ഉൽ‌പാദന രാജ്യങ്ങളിലെ വാക്സിൻ ഉൽ‌പാദനത്തിന്റെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ വാക്സിൻ നിർമ്മാതാക്കൾക്ക് മുൻ‌ഗണന നൽകുന്നതിന് അവരുടെ പ്രതിരോധ ഉൽ‌പാദന നിയമപ്രകാരം വാക്സിനുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രത്യേക പമ്പുകളുടെയും ഫിൽ‌ട്രേഷൻ യൂണിറ്റുകളുടെയും കയറ്റുമതി അമേരിക്ക നിയന്ത്രിച്ചിരിക്കുന്നു.

60% ലക്ഷ്യത്തിനായി ഇന്ത്യക്ക് പ്രതിമാസം 11.6 കോടി ഡോസുകൾ (പ്രതിദിനം 38.5 ലക്ഷം ഡോസുകൾ) ആവശ്യമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. 100% ലക്ഷ്യത്തിനായി ഇന്ത്യയ്ക്ക് പ്രതിമാസം 20.1 കോടി ഡോസുകളും (പ്രതിദിനം 67 ലക്ഷം ഡോസുകൾ) ആവശ്യമാണ്. അതായത്, 2021 മെയ് മാസത്തിൽ ഉത്പാദനശേഷി വർദ്ധിച്ചതിന് ശേഷവും ഇന്ത്യയുടെ ഉൽപാദനശേഷി പ്രതിമാസം 1 കോടി മുതൽ 4 കോടി ഡോസ് വരെ കമ്മിയുണ്ടാവുമെന്ന് 2021 ജനുവരിയിൽ തന്നെ കേന്ദ്ര സർക്കാരിന് അറിവുണ്ടാകണമായിരുന്നു. ഇത്തരം കമ്മി ഉണ്ടാവുമെന്ന് അറിയാത്തവരാവില്ല കേന്ദ്ര സർക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും. അപ്പോൾ ഈ കമ്മി മുൻകൂട്ടി കണ്ട് അത് മറികടക്കാൻ അന്ന് തന്നെ ആസൂത്രണം ആരംഭിക്കണമായിരുന്നു. കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുക എന്നതാവണമായിരുന്നു അതിൽ പ്രധാനം. അത് ചെയ്തോ?

വാക്സിൻ നയം

ദൗർഭാഗ്യവശാൽ, പുതിയ വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ ഇന്ത്യ തികച്ചും യാഥാസ്ഥിതികമായ നയമാണ് അവലംബിച്ചത്. 2021 ജനുവരി മുതൽ തന്നെ ഇന്ത്യക്ക് വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യേണ്ടി വരും, അല്ലെങ്കിൽ വിദേശ വാക്സിനുകൾ ആഭ്യന്തരമായി ഉപയോഗിക്കാൻ അനുവദിക്കേണ്ടി വരും, എന്ന് വ്യക്തമായിരുന്നു. എന്നിട്ടും, കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ ഒഴികെയുള്ള വാക്സിനുകൾക്ക് 2021 ഏപ്രിൽ വരെ ഇന്ത്യ അനുമതി നിഷേധിച്ചത് എന്തിനായിരുന്നു? ഉദാഹരണത്തിന്, സ്പുട്നിക് വി, ഫൈസർ എന്നീ വാക്‌സിനുകൾക്ക് വളരെ മുമ്പു തന്നെ അടിയന്തര അനുമതി നൽകാമായിരുന്നു. സ്പുട്നിക്കിന്റെ ഇന്ത്യൻ കരാർ കമ്പനിയായ ഡോ. റെഡ്ഡീസിന്‌ സ്പുട്നിക് വാക്‌സിന്റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ലെന്ന കാരണം പറഞ്ഞ് 2021 ഫെബ്രുവരിയിൽ ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. അത് പോലെ, ഫൈസറിന്റെ വാക്‌സിന് ഒരു പ്രാദേശിക ബ്രിഡ്ജിംഗ് പഠനം ആവശ്യമാണെന്ന് സർക്കാർ നിർബന്ധിച്ചതിനാൽ അടിയന്തര അംഗീകാരത്തിനായി നൽകിയ അപേക്ഷ പിൻവലിക്കാൻ ഫൈസർ നിർബന്ധിതരായിരുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കോവിഷീൽഡിന്റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലായിരുന്നിട്ടും 2021 ജനുവരിയിൽ തന്നെ അതിന് അനുമതി നൽകി. ബ്രിട്ടനിലും നിന്നും ബ്രസീലിൽ നിന്നുമുള്ള ട്രയൽ ഡാറ്റ മാത്രം കണക്കാക്കിയായിരുന്നു കോവിഷീൽഡിന് ഈ അനുമതി നൽകിയത്. അതു പോലെ, ഫലപ്രാപ്തിയെക്കുറിച്ചുള്ള മൂന്നാംഘട്ട ഡാറ്റ ലഭ്യമല്ലാത്തപ്പോൾ പോലും കോവാക്സിനും അംഗീകാരം നൽകി. അംഗീകാരം നൽകുന്നതിൽ കോവിഷീൽഡിനും കോവാക്സിനും വേണ്ടി അവലംബിച്ച അതേ അളവുകോലുകൾ സ്പുട്നിക് വി, ഫൈസർ എന്നിവയുടെ കാര്യത്തിൽ പ്രയോഗിക്കാത്തത് എന്തുകൊണ്ട്? ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല ഈ തീരുമാനങ്ങൾ.

എല്ലാ വിലയിരുത്തലുകളും അനുസരിച്ച് മനസ്സിലാകുന്നത് ഇതാണ്. ഇന്ത്യയുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി കോവിഷീൽഡ്‌, കോവാക്സിൻ എന്ന രണ്ട് വാക്സിനുകൾ പര്യാപ്തമാകുമെന്ന് കേന്ദ്ര സർക്കാർ വിശ്വസിച്ചു (കോവിഷീൽഡ് കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ വാക്‌സിനല്ല; കാരണം സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഈ വാക്സിൻ ഓക്സ്ഫോർഡ്-അസ്ട്രാസെനെക മാസ്റ്റർ സീഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്). അതേ സമയം, കൂടുതൽ വാക്സിനുകൾക്ക് അടിയന്തര അംഗീകാരം നൽകണം എന്ന് വാദിച്ചവരെ ദേശീയ വിരുദ്ധരും വിദേശ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുടെ ലോബികളുമായി മുദ്ര കുത്തി ആക്ഷേപിക്കാനാണ് സർക്കാരും ഭരണകക്ഷിയും ശ്രമിച്ചത്.

എന്നാലിപ്പോൾ, രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കോവിഡിന്റെ രണ്ടാം അലയും വാക്സിനുകളുടെ അഭാവവും മൂലം കേന്ദ്ര സർക്കാർ ഈ അബദ്ധം തിരിച്ചറിഞ്ഞതായി തോന്നുന്നു. 2021 ഏപ്രിൽ 13 ന്, വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചെടുക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന, യു‌എസ്‌എഫ്‌ഡി‌എ പോലുള്ള ഏജൻസികളുടെ അനുമതി ഇതിനകം ലഭിച്ച് കഴിഞ്ഞിട്ടുള്ള, കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്വാഗതാർഹമാണെങ്കിലും ഏറെ വൈകിയ തീരുമാനമായി പോയി ഇത്. ഈ യു-ടേൺ പ്രഖ്യാപിച്ച്‌ കൊണ്ട് നീതി അയോഗിന്റെ ആരോഗ്യ മേഖലയിലെ അംഗമായ വി. കെ. പോൾ പറഞ്ഞതിങ്ങനെ: "വാക്സിൻ നിർമാതാക്കളായ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവരെ ഞങ്ങൾ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു...എത്രയും വേഗം ഇന്ത്യയിലേക്ക് വരാൻ അവർ തയ്യാറാകുമെന്ന് ഞങ്ങൾ കരുതുന്നു". ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ നാല് മാസത്തെ അഹങ്കാരത്തിന്റെ അന്ത്യം കുറയ്ക്കുന്നതായി പോളിന്റെ ഈ അപേക്ഷ. കഴിഞ്ഞ നാല് മാസമായി, ഒരു മഹാമാരിയുടെ മധ്യത്തിൽ രാജ്യം നിൽക്കുമ്പോൾ, അനാവശ്യമായ ഒരു "ആത്മനിർഭർ" നയത്തിൻറെ പ്രചാരണത്തിനായിരുന്നു പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഈ സർക്കാർ വില കൽപ്പിച്ചത്. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ഇന്ത്യയുടെ വാക്‌സിൻ മതി എന്നായിരുന്നു ഈ "ആത്മനിർഭർ"പ്രചാരണത്തിന്റെ പ്രധാന വാദം.

എന്നാൽ വേണ്ടിയിരുന്നത് സാർവദേശീയവും വിപുലവുമായ ഒരു വാക്സിൻ ഉൽ‌പാദന നയത്തെ അടിസ്ഥാനമാക്കിയുള്ള, സാർ‌വ്വത്രികമായ ഒരു വാക്സിൻ‌ പ്രചാരണപദ്ധതിയായിരുന്നു. അങ്ങിനെ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ഇന്നത്തെ അവസ്ഥയുടെ ഭീകരത അൽപ്പമെങ്കിലും കുറക്കാൻ സാധിച്ചേനെ. സ്പുട്നിക് വി പോലുള്ള വാക്സിനുകൾ അംഗീകരിക്കുന്നതിലെ കാലതാമസത്തിന്റെ അനന്തരഫലം എന്താണെന്നാൽ, ഇന്ത്യയിൽ ഇവയുടെ വിതരണം ആരംഭിക്കാൻ ഇനിയും കുറച്ച് ആഴ്ചകൾ കൂടി എടുക്കും എന്നതാണ്. 65 കോടി ഡോസുകൾ ഉൽ‌പാദിപ്പിക്കുന്നതിന് 6 ഇന്ത്യൻ സ്ഥാപനങ്ങളുമായി സ്പുട്നിക്കിന്റെ റഷ്യ ഡയറക്ട് ഇൻ‌വെസ്റ്റ്മെൻറ് ഫണ്ടിന് ഇപ്പോൾ തന്നെ കരാർ ഉണ്ട്. പക്ഷെ, അംഗീകാരത്തിന്റെ കാലതാമസം കണക്കിലെടുക്കുമ്പോൾ, സ്പുട്‌നിക്കിന്റെ ആദ്യ ഡോസ് 2021 ജൂൺ മാസത്തോടെ മാത്രമേ ഇന്ത്യയിലെത്താൻ സാധ്യതയുള്ളൂ. പ്രതിമാസം ലഭ്യമാകുന്ന ഡോസുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

ഇനിയും സമയം അതിക്രമിച്ചിട്ടില്ല. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യ അതിവേഗം ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. നിലവിൽ കോവിഷീൽഡിന്റെ ഉത്പാദനത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കുത്തകയുണ്ട്. കോവാക്സിൻ ഉൽപാദനത്തിൽ ഭാരത് ബയോടെക്കിന് കുത്തകയുണ്ട്. പക്ഷെ കോവാക്സിൻ എന്നത് പുണെയിലെ ഐസിഎംആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വികസിപ്പിച്ചെടുത്തതാണ്. അങ്ങിനെ വരുമ്പോൾ, ഭാരത് ബയോടെക്കിന് മാത്രമായി കോവാക്സിന്റെ ഉത്പാദനകുത്തക നൽകുന്നത് ആശാസ്യമല്ല. കൂടുതൽ പേർക്ക് കോവാക്സിന്റെ ഉത്പാദന ലൈസൻസുകൾ നൽകണം. അടിയന്തിരമായി , വ്യാവസായിക മേഖലയിലെ ഉൽപാദന സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതും അവിടുത്തെ ഉത്പാദനശേഷികളെ വാക്സിനുകളുടെ ഉൽപാദനത്തിനായി വഴിമാറ്റുന്നതും ഇന്ത്യ പരിശോധിക്കണം. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള, വാക്‌സിനുമായി ബന്ധപ്പെട്ട അംഗീകാരമുള്ള, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാക്‌സിനുകളുടെ ഉത്പാദനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണം. മഹാരാഷ്ട്രയിലെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹാഫ്കൈൻ ഇൻസ്റ്റിറ്റിയൂട്ടിന് ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയത് സ്വാഗതാർഹമാണ്; എന്നാൽ കൂടുതൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകേണ്ടതുണ്ട്. ഇതിനൊപ്പം, വാക്‌സിൻ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കണം. ഇന്ത്യയിലെ ദരിദ്ര ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ലഭ്യമല്ലാത്ത, സ്മാർട്ട്‌ഫോണുകളിൽ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന, മൊബൈൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക നിർബന്ധം ഉപേക്ഷിക്കണം. അപ്ലിക്കേഷനുകളിൽ ആധാർ, ബയോമെട്രിക്സ്, മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് പരീക്ഷണങ്ങൾ സംഘടിപ്പിക്കാനുള്ള പ്രവണതകൾ നിരുത്സാഹപ്പെടുത്തണം. ഇവയെല്ലാം അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ പ്രതിരോധ കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കി നിർത്താനേ സഹായിക്കൂ. വാക്സിനേഷൻ എന്നത് ഇന്ത്യയിലെ ദരിദ്ര-ജനവിഭാഗങ്ങൾക്ക് ലളിതമായും എളുപ്പത്തിലും ചെയ്തെടുക്കാൻ കഴിയേണ്ടതാണ്. അടിയന്തിരമായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളാണ് ഇവയൊക്കെ.
 
കടപ്പാട്: ദേശാഭിമാനി

Saturday, April 3, 2021

കാർഷിക രംഗത്ത് പുതിയ ഉണർവ്

ആർ. രാംകുമാർ

കേരളത്തിലെ കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടാണ് ഇടതു മുന്നണി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നത്. വിവിധ കാർഷിക മേഖലകളിൽ വലിയ ഉണർവാണ് ഇന്നുള്ളത്. വർഷങ്ങളായുള്ള വിവിധ മേഖലകളിലെ നിർജീവാവസ്ഥ മാറ്റിയെടുത്ത് ആധുനികവും ശാസ്ത്രീയവും സുസ്ഥിരവും ആയ ഒരു കാർഷിക ഭാവി കേരളത്തിന് ഉറപ്പു വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ പ്രധാന സവിശേഷതകളെ അവതരിപ്പിക്കുക എന്നതാണ് ഈ ചെറിയ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്.

ഇടതുമുന്നണി സർക്കാരും കൃഷിയും

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി നിലനിന്നിരുന്നു. അധികം കണക്കുകളൊന്നും ഉദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല. കേരളത്തിലെ മൊത്തം കാർഷിക വരുമാനം പരിശോധിച്ചാൽ മതിയാകും. 2011-12 വർഷത്തിൽ കേരളത്തിന്റെ മൊത്തം കാർഷിക മൂല്യവർദ്ധനവ് ഏകദേശം 48,376 കോടി രൂപയായിരുന്നു. 2016-17 വർഷമെടുത്താൽ ഇത് 43,355 കോടി രൂപയായി ചുരുങ്ങി. അതായത് ഏകദേശം 5000 കോടി രൂപ കണ്ട് കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് ചുരുങ്ങി. വളർച്ചാ നിരക്കിന്റെ കുറവല്ല ഇവിടെയുണ്ടായത്. മൂല്യവർദ്ധനവിന്റെ കേവലമായ കുറവാണ്. കാർഷിക മേഖലയിലുണ്ടായ ഈ തകർച്ച ഏതാണ്ട് പൂർണമായും അനുഭവിച്ചത്‌ വിളപരിപാലന മേഖലയാണ്. വിള പരിപാലന രംഗത്ത് വലിയ തകർച്ചയായിരുന്നുവെങ്കിൽ അനുബന്ധ മേഖലകളായ മൃഗപരിപാലനം, മത്സ്യബന്ധനം എന്നിവയിലാകട്ടെ ഏതാണ്ട് സ്തംഭനാവസ്ഥയാണ് യു ഡി എഫ് കാലഘട്ടത്തിൽ ഉണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാരിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ഒരു പ്രധാന ഘടകം കൃഷിയുടെയും അനുബന്ധ മേഖലയുടെയും വികസനമായിരുന്നു. ഉത്പാദനം, വരുമാനം, സുസ്ഥിരത എന്നീ മൂന്ന് തൂണുകളിലൂന്നിയായിരിക്കും ഈ നയം നടപ്പിൽ വരുത്തപ്പെടുക എന്നും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. 2015-16 ന് ശേഷം, പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരമുള്ള ബോധപൂർവമായ നയപരമായ ഇടപെടലുകളുടെ ഭാഗമായി, കാർഷിക മേഖലയിലെ താഴേക്കുള്ള ഇടിവ് നിർത്താനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ചില പ്രധാന മേഖലകളെടുത്ത് നമുക്ക് ചർച്ച ചെയ്യാം.

ദശകങ്ങളായി നെല്ല് കൃഷി ചെയ്തിരുന്ന ഭൂമിയുടെ വിസ്തീർണ്ണം കുറഞ്ഞു വരികയായിരുന്നു എന്ന് നമുക്കറിയാം. എന്നാൽ ഈ കുറവിന് അവസാനം കുറിക്കുക എന്ന ചരിത്രപരമായ നേട്ടം എൽ ഡി എഫ് സർക്കാരിന് ഇപ്പോൾ തന്നെ അവകാശപ്പെടാവുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുണ്ടായിരുന്ന ഏകദേശം 2 ലക്ഷം ഹെക്ടർ ഭൂമിയിൽ തന്നെ ഇപ്പോഴും നെൽകൃഷി നടക്കുന്നുണ്ട്. നെൽകൃഷി ചെയ്തിരുന്ന വിസ്തീർണ്ണം നിലനിർത്തി എന്നത് വലിയൊരു നേട്ടമാണ്. ആസൂത്രണത്തിലും നയങ്ങളിലും കൊണ്ട് വന്ന മാറ്റങ്ങളാണ് ഇതിനു കാരണമായത്. 
 
Kerala's Green Army

നെൽകൃഷിയിൽ ഇടതുമുന്നണി സർക്കാർ അവതരിപ്പിച്ച കാർഷിക മേഖലയിലെ ഇടപെടലുകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉൽപാദനത്തിലും വിപണനത്തിലും കർഷകർക്ക് നൽകുന്ന സഹായമാണ് ഈ ഇടപെടലുകൾ. 
 
ആദ്യം ഉത്പാദനമെടുക്കാം. കേരള സർക്കാർ നേരിട്ട് ഓരോ നെൽകർഷകനും ഹെക്ടറിന് 5,500 രൂപ ധനസഹായം നൽകുന്നു. കൂടാതെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പദ്ധതി ഫണ്ടുകൾ ഉപയോഗിച്ച് മറ്റൊരു 15000-17000 രൂപ കൂടി അധികസഹായമായി ഒരു ഹെക്ടറിന് നൽകുന്നു. 2020-21 മുതൽ സംസ്ഥാനത്ത് തരിശുഭൂമി ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പരിപാടിയുടെ ഭാഗമായി റോയൽറ്റി പേയ്‌മെന്റായി ഹെക്ടറിന് 2,000 രൂപ അധികമായി നൽകാൻ തുടങ്ങി. ബന്ധപ്പെട്ട കർഷകന്റെ ഭൂമി തരിശുനിലമായിരിക്കരുത് എന്ന വ്യവസ്ഥയിലാണ് ഈ റോയൽറ്റി നൽകുന്നത്. അങ്ങനെ, മൊത്തത്തിൽ, ഒരു ഹെക്റ്ററിൽ ഒരു നെൽകർഷകന് 23,000-25,000 രൂപ സർക്കാരിൽ നിന്ന് നേരിട്ട് ധനസഹായമായി ലഭിക്കുന്നു. ഇനി വിപണന സഹായമെടുക്കാം. വിളവെടുപ്പിനുശേഷം, നെല്ലിന് സംസ്ഥാന സർക്കാർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) നൽകുന്നു. നെല്ലിനുള്ള കേന്ദ്രസർക്കാരിന്റെ എം‌എസ്‌പി ക്വിന്റലിന് 1,868 രൂപ. സംസ്ഥാന സർക്കാർ അതിലേക്കു ക്വിന്റലിന് 800 രൂപ എന്ന നിരക്കിൽ ബോണസ് ചേർക്കുന്നു. എന്നിട്ട് കർഷകരിൽ നിന്ന് ക്വിന്റലിന് 2,700 രൂപ എന്ന നിരക്കിൽ നെല്ല് വാങ്ങുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മൊത്തം നെല്ലിന്റെ 80-90% സംസ്ഥാന സർക്കാർ ഇത്തരത്തിൽ നേരിട്ട് സംഭരിക്കുന്നു. സ്വകാര്യ വ്യാപാരത്തിന്റെ പങ്ക് വളരെ പരിമിതമാണ്. 60 വയസ്സ് കഴിഞ്ഞ എല്ലാ ചെറുകിട കർഷകർക്കും 2008 മുതൽ മാസം 600 രൂപ പെൻഷൻ നല്കുന്നുണ്ടായിരുന്നു. ഇത് 2019ൽ 1200 രൂപയായി വർദ്ധിപ്പിക്കാനും ഈ സർക്കാരിന് കഴിഞ്ഞു. ഇത്തരത്തിൽ നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. ഈ നയങ്ങൾ മൂലമാണ് നമുക്ക് നെൽകൃഷിയുടെ വിസ്തീർണ്ണം കുറയാതെ പിടിച്ചു നിർത്താൻ കഴിഞ്ഞത്. നെല്ലിന്റെ ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും കേരളത്തിന് കഴിഞ്ഞു. 2015-16ലെ ഹെക്ടറിന് 2790 കിലോഗ്രാമിൽ നിന്ന് 2018-19ലെ 2920 കിലോഗ്രാമിലേക്ക് ഉൽപാദനക്ഷമതയിൽ വർദ്ധനവുണ്ടായി.

ഇനി പച്ചക്കറികളുടെ കാര്യമെടുക്കാം. അഭൂതപൂർവമായ വളർച്ചയാണ് പച്ചക്കറി മേഖലയിൽ ഈ സർക്കാരിന് നേടാനായിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏകദേശം 46,500 ഹെക്ടറിൽ വെറും 6 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ പച്ചക്കറി ഉത്പാദനം. വെറും മൂന്ന് വർഷം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാൻ (12 ലക്ഷം മെട്രിക് ടൺ) ഈ സർക്കാരിന് സാധിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണ്ണം ഏകദേശം 82,166 ഹെക്ടറായും വർദ്ധിച്ചു. പച്ചക്കറി ഉൽപാദനത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയും. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനത്തിൽ ഒരു ഇരട്ടിപ്പിക്കൽ കൂടി നടത്തണം എന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം. ഇത് ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളും ഈ സംരംഭത്തിനായി ഉപയോഗപ്പെടുത്തണം.
 
This Kerala Engineer Grows 26 Types of Veggies In Just 60 Sq Ft Space!
പച്ചക്കറി രംഗത്തും വലിയ രൂപത്തിലുള്ള സഹായങ്ങൾ സർക്കാർ കർഷകർക്ക് ലഭ്യമാക്കിയിരുന്നു. ഉത്പാദന രംഗത്ത്, ഇന്ത്യയിൽ തന്നെ പച്ചക്കറി കർഷകർക്ക് ഏറ്റവും ഉയർന്ന നിരക്കിലുള്ള ക്യാഷ് സബ്സിഡി കേരളത്തിൽ നൽകുന്നു. പച്ചക്കറി കർഷകർക്ക് വാർഷിക സബ്സിഡി ഹെക്ടറിന് 25,000 രൂപയാണ്; ശീതകാല പച്ചക്കറികൾക്ക് സബ്സിഡി ഹെക്ടറിന് 30,000 രൂപയാണ്. വാഴ കർഷകർക്ക് ഹെക്ടറിന് 30,000 രൂപ വാർഷിക സബ്‌സിഡി നൽകുന്നു. വിത്തുകളുടെ വില, നടീൽ വസ്തുക്കൾ, രാസവളങ്ങൾ, കീടനാശിനികൾ, തൊഴിൽ ചെലവ് എന്നിവ ഉൾപ്പെടെ എല്ലാ കാർഷിക ചെലവുകളും ഈ സബ്സിഡികളിൽ ഉൾക്കൊള്ളുന്നു. വിപണന രംഗത്തായാലോ? 16 പച്ചക്കറികളിലായി കേരളത്തിലെ പച്ചക്കറി കർഷകർക്ക് അടിസ്ഥാന വില (എം‌എസ്‌പിക്ക് സമാനമായി) ലഭിക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇതുവരെ പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടില്ല. ഈ അടിസ്ഥാന വിലയേക്കാൾ വിപണി വില താഴുകയാണെങ്കിൽ സർക്കാർ നേരിട്ട് വാങ്ങുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നെല്ലിലും പച്ചക്കറികളിലുമാണ് കേരളത്തിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കാൻ ഇടതു മുന്നണി സർക്കാരിന് കഴിഞ്ഞത്. ഒപ്പം പറയട്ടെ, 2018 ലും 2019 ലും കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലെങ്കിൽ, കാർഷിക മേഖലയിലെ പുരോഗതി ഇതിലും കൂടുതൽ ഉയർന്നു നിന്നേനെ. 2018 ലെ വെള്ളപ്പൊക്കം മൂലം വിളമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടം 2,722 കോടി രൂപയായിരുന്നു. വിള മേഖലയിലെ ഉൽപാദന നഷ്ടം 3,558.2 കോടി രൂപയായിരുന്നു. ഏകദേശം 89,610 ഹെക്ടർ വിളകൾ നഷ്ടപ്പെട്ടു. ഏകദേശം 30,945 ഹെക്ടർ വറ്റാത്ത വിളകൾ നശിച്ചു; കുരുമുളക്, അടക്ക, വാഴ, തേങ്ങ എന്നിവയെയാണ് വെള്ളപൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. 109 ദശലക്ഷത്തിലധികം മരങ്ങൾ/സസ്യങ്ങൾ പൂർണ്ണമായും തകർന്നു.ഈ സാഹചര്യത്തിലാണ് ഇടതു മുന്നണി സർക്കാരിന്റെ കർഷക-സൗഹൃദ നയങ്ങൾ കൃഷിക്കാർക്ക്‌ വലിയൊരു പ്രചോദനവും സഹായവുമായി നിന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിളയുടെ വിപണി മൂല്യത്തോട് അടുത്തുനിൽക്കുന്ന രീതിയിൽ വിള നാശത്തിന് നഷ്ടപരിഹാരം നൽകുവാൻ കഴിഞ്ഞു. വാഴ ഒന്നിന് 50 രൂപയിൽ നിന്ന് 300 രൂപയായും നെല്ലിന് ഹെക്ടറൊന്നിന് 15,000 രൂപയിൽ നിന്ന് 35,000 രൂപയായും വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇഞ്ചിയിൽ ഹെക്ടറൊന്നിന് 40,000 രൂപയിൽ നിന്ന് 60,000 രൂപയായും ഒരു കാപ്പി ചെടിക്ക് 75 രൂപയായിരുന്നത് 350 രൂപയായും വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ചെറിയ നേട്ടമല്ല.

മറ്റു വിളകളുടെ കാര്യത്തിലും വിപണന സഹായം ഉറപ്പിക്കാൻ ഇടതുമുന്നണി സർക്കാരിനായി. ഏറെ കാലമായി റബ്ബറിന്റെ പ്രോത്സാഹന വില കിലോക്ക് 150 രൂപ എന്ന നിലയിൽ നിലനിന്നിരുന്നു. കഴിഞ്ഞ ബജറ്റിൽ കിലോയ്ക്ക് 170 രൂപ എന്ന നിരക്കിൽ ഇതുയർത്തി. നാളികേരത്തിന്റെ താങ്ങുവിലയും കിലോയ്ക്ക് 32 രൂപ എന്ന നിലയിലേക്ക് ഉയർത്താനായി.
 
Lost in plantation

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പരിപാടി ആരംഭിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുക, കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് പരിപാടിയുടെ വിശാലമായ ലക്ഷ്യങ്ങൾ. ഭക്ഷ്യവിളകളായ നെല്ല്, വാഴ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ, മില്ലറ്റുകൾ എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഇൻഡോ-ഡച്ച് ആക്ഷൻ പ്ലാനിന്റെ ഭാഗമായി വയനാട് ജില്ലയിൽ പച്ചക്കറി-പൂക്കൃഷിക്കായി ഒരു പുതിയ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കാനുമായി.

സംസ്ഥാനത്തെ കേരകൃഷിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുക, നാളികേര ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കുക, സംയോജിത വിളപരിപാലന രീതിയിലൂടെ കേരകൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് നാളികേര വികസന കൗൺസിൽ രൂപീകരിച്ചു. ഒന്നര ലക്ഷം ഹെക്ടർ സ്ഥലത്ത് കേരകൃഷി വ്യാപിപ്പിക്കുവാനും മൂന്നു ലക്ഷം ഹെക്ടറിൽ റീപ്ലാൻ്റിങ് നടത്തുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം യാഥാർഥ്യമായി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കർഷകക്ഷേമം മുൻനിർത്തി ഇത്തരമൊരു നിയമം നിർമ്മിക്കപ്പെട്ടിട്ടില്ല. കർഷകർക്ക് വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കർഷക ക്ഷേമ ബോർഡ് ആണ് കേരളത്തിൽ സ്ഥാപിതം ആക്കാൻ ഇടതുമുന്നണി സർക്കാരിന് കഴിഞ്ഞത്. 

തോട്ടം മേഖല: കേന്ദ്ര സർക്കാരിന്റെ പരിപൂർണ പരാജയം

തോട്ടം മേഖലയെ കേന്ദ്രസർക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന്റെ വിവിധ ചരക്ക് ബോർഡുകൾക്ക് കീഴിലാണ് കൈകാര്യം ചെയ്യുന്നത്. അവ ഗണ്യമായി കയറ്റുമതി അധിഷ്ഠിതമാണ്, അവയുടെ വില പ്രധാനമായും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തിക്ക് പുറത്താണ് നിർണ്ണയിക്കുന്നത്. 1942 ൽ കോഫി ബോർഡ് രൂപീകരിച്ചു, 1947 ൽ റബ്ബർ ബോർഡ് രൂപീകരിച്ചു, 1954 ൽ ടീ ബോർഡ് രൂപീകരിച്ചു, 1987 ൽ സുഗന്ധവ്യഞ്ജന ബോർഡ് രൂപീകരിച്ചു. വിസ്തീർണ്ണവും ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതലകൾ ഈ ബോർഡുകൾക്ക് നൽകി. കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഫണ്ടുകൾ ലഭ്യമാക്കി. കയറ്റുമതി പ്രമോഷൻ പദ്ധതികൾക്കായി ഫണ്ടുകളും നീക്കി വെച്ചു. വിലകുറഞ്ഞ ഇറക്കുമതിയിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്തു. ചുരുക്കത്തിൽ, കേരളത്തിലെ തോട്ടം മേഖല 1940 നും 1980 നും ഇടയിൽ ഒരു സംരക്ഷണ സാമ്പത്തിക നയ ചട്ടക്കൂടിന്റെ നിഴലിൽ വളർന്നു.
 
Kolukkumalai Tea Estate Munnar (Timings, History, Entry Fee, Images &  Information) - Kerala Tourism 2021

1990 കളോടെ സ്ഥിതി മാറി. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) കരാർ 1995 മുതൽ പ്രാബല്യത്തിൽ വന്നു. ഡബ്ല്യുടിഒ കരാർ ഇന്ത്യയുടെ സംരക്ഷിത-വാണിജ്യ നയത്തിന്റെ മുഖമുദ്രയായ ക്വാട്ടകളും താരിഫുകളും നീക്കം ചെയ്യുന്നതിലേക്ക് നയിച്ചു. കേരളത്തിന്റെ തോട്ടം സമ്പദ്‌വ്യവസ്ഥയിലെ സമകാലിക പ്രതിസന്ധിയുടെ ആദ്യ ഘട്ടമായിരുന്നു ഇത്. തോട്ടവിളകളുടെ വില തകരാൻ തുടങ്ങി. കേരളത്തിലെ പല ജില്ലകളിലും കടുത്ത കാർഷിക പ്രതിസന്ധി നേരിട്ടു. 2010 ൽ ഇന്ത്യ ആസിയാൻ കരാറിൽ ഒപ്പുവെച്ചു. ഇത് പ്രതിസന്ധിയുടെ ഒരു പുതിയ ഘട്ടം ഉദ്ഘാടനം ചെയ്തു. പല ആസിയാൻ രാജ്യങ്ങളും ഇന്ത്യയുടെ ഉഷ്ണമേഖലാ കാലാവസ്ഥ പങ്കിടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും തോട്ടവിളകളുടെയും ഉൽപാദനത്തിലെ എതിരാളികളായിരുന്നു. ദേശീയ വ്യാപാര നയത്തെ സ്വാധീനിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമില്ല; സംസ്ഥാനങ്ങളോ നിയമസഭയോടോ ആലോചിക്കാതെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഈ കരാറുകളിൽ ഒപ്പുവച്ചു. പിന്നീട്, സീറോ-ഡ്യൂട്ടി റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർ‌സി‌ഇ‌പി) കരാറുമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് താൽക്കാലികമായി ആണെങ്കിലും ആ നീക്കം തടയാൻ കഴിഞ്ഞു. ഈ സംഭാഷണങ്ങൾ എപ്പോൾ വേണമെങ്കിലും പുനരാരംഭിച്ചേക്കാം; അതിനാൽ അപകടം തുടരുകയും ചെയ്യുന്നു.

തേയില, കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കുള്ള നാല് ചരക്ക് ബോർഡുകൾക്കായി കേന്ദ്രസർക്കാർ കണ്ടെത്തൽ ഗണ്യമായി കുറച്ചതാണ് കേരളത്തിലെ തോട്ടവിളകളുടെ ഉൽപാദന പ്രതിസന്ധിയുടെ മറ്റൊരു പ്രധാന കാരണം. നാല് ബോർഡുകൾക്ക് കീഴിലുള്ള യഥാർത്ഥ ചെലവുകളുടെ (വരുമാനവും മൂലധനവും) ഡാറ്റ പരിശോധിച്ചാൽ കണക്കുകൾ ശ്രദ്ധേയമാണ്. 2011-12 നും 2018-19 നും ഇടയിൽ ടീ ബോർഡിൽ 54.8 ശതമാനവും കോഫി ബോർഡിൽ 33.9 ശതമാനവും റബ്ബർ ബോർഡിൽ 34.3 ശതമാനവും സുഗന്ധവ്യഞ്ജന ബോർഡിൽ 40 ശതമാനവും ചെലവ് കുറഞ്ഞു. ചെലവിലെ ഇത്തരം ഇടിവ് ഉൽപാദനത്തിലും വിപണനത്തിലും ബോർഡുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മാത്രമല്ല, തോട്ടം മേഖലയുടെ വളർച്ചയെ ബാധിച്ചു. തോട്ടം മേഖല സംസ്ഥാന വരുമാനത്തിന് നൽകി പോന്ന സംഭാവന 2011-12ലെ 21,000 കോടിയിൽ നിന്ന് 2018-19ലെ 9950 കോടി രൂപയായി ചുരുങ്ങി. സംസ്ഥാനത്തെ 13 ലധികം തോട്ടങ്ങൾ അടച്ചു. 6000 ത്തോളം പേർക്ക് നേരിട്ടും അല്ലാതെയും ജോലി നഷ്ടപ്പെട്ടു. തോട്ടം മേഖലയിൽ പുതിയ നിക്ഷേപങ്ങളൊന്നും വരുന്നില്ല. സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറച്ചതിനാൽ ഒരു പ്ലാന്റേഷനും റീപ്ലാന്റിംഗിൽ നിക്ഷേപിക്കുന്നില്ല. തോട്ടങ്ങൾക്കുള്ളിൽ കൃഷിചെയ്യാൻ ഉപയോഗിക്കുന്ന വിസ്തീർണ്ണം പോലും കഴിഞ്ഞ ദശകത്തിൽ കുറഞ്ഞുവെന്ന് ചില കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ കർഷക-വിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ദോഷം വന്നു വീണത് കേരളത്തിലെ തോട്ടം മേഖലയിലായിരുന്നു എന്ന് ചുരുക്കം.

ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ 2016 ഓഗസ്റ്റിൽ അതിന്റെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. തോട്ടം മേഖലയിൽ 14 നയപരമായ മാറ്റങ്ങൾ ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. ഈ റിപ്പോർട്ടിന്റെ പ്രധാന ശുപാർശകൾ നടപ്പാക്കാൻ ഇടതു മുന്നണി സർക്കാർ സെക്രട്ടറിമാരുടെ ഒരു സമിതിയെ നിയോഗിച്ചു. 2018 ജൂണിൽ കേരള സർക്കാറിന്റെ മന്ത്രിസഭാ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തു.

1) തോട്ടം നികുതി പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു.
2) തോട്ടങ്ങളിൽ നിന്നുള്ള കാർഷിക വരുമാനനികുതി ശേഖരണം മരവിപ്പിച്ചു.
3) റബ്ബർ മരങ്ങൾ മുറിക്കുന്നതിലെ ചാർജുകൾ നിർത്തലാക്കി.
4) തോട്ടങ്ങളിലെ എല്ലാ ലയങ്ങളെയും (ലേബർ ലൈനുകൾ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിടനികുതിയിൽ നിന്ന് ഒഴിവാക്കി.
5) കേരള സർക്കാരിന്റെ ലൈഫ് മിഷന്റെ ഭാഗമായി ലയങ്ങളുടെ പുനർനിർമ്മാണം ഉൾപ്പെടുത്തും. പുനർനിർമാണച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. എസ്റ്റേറ്റ് ഉടമകൾക്ക് ബാക്കി 50 ശതമാനം ഏഴ് വാർഷിക ഗഡുക്കളായി നൽകാം. 32,454 തോട്ടം തൊഴിലാളികൾ വീടില്ലാത്തവരാണെന്നാണ് കണക്ക്. കൂടാതെ, വിരമിച്ച 5348 തോട്ടം തൊഴിലാളികൾ ഭവനരഹിതരാണ്. ലൈഫ് മിഷന്റെ പരിധിയിൽ അവരെ ഉൾപ്പെടുത്തും.
6) തോട്ടങ്ങളുടെ പാട്ടം പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും.
7) പ്ലാന്റേഷൻ ഭൂമികളെ കേരള വനം (പരിസ്ഥിതി ദുർബലമായ ഭൂമിയുടെ വെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ്) നിയമത്തിൽ നിന്ന് ഒഴിവാക്കും.
8) സംസ്ഥാനത്തിനായി ഒരു പ്ലാന്റേഷൻ നയം രൂപീകരിക്കും.

ഇതോടൊപ്പം, 2021-ൽ ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റ് കൂടി സംസ്ഥാന സർക്കാർ സ്ഥാപിച്ചു. അങ്ങിനെ, കേരളത്തിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക സംവിധാനം തന്നെ ഇപ്പ്പോൾ നിലവിൽ വന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നിഷേധ സമീപനത്തിനൊപ്പം ചേർത്തു വായിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ തോട്ടം മേഖലയോടും തോട്ടം തൊഴിലാളികളോടുമുള്ള നയങ്ങളിലെ വ്യത്യാസം കൃത്യമായി നമുക്ക് കാണാം.

മൃഗ പരിപാലനം

കന്നുകാലികളുടെയും കോഴികളുടെയും ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ആനുകാലിക ഇടവേളകളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കന്നുകാലി സെൻസസിൽ നിന്ന് ലഭ്യമാണ്. 2019 ൽ പുറത്തിറക്കിയ ഡാറ്റ കേരളത്തെ സംബന്ധിച്ച് വളരെ പ്രോത്സാഹനം നൽകുന്നതാണ്. കേരളത്തിലെ മൊത്തം കന്നുകാലികളുടെ എണ്ണം 2012 നും 2019 നും ഇടയിൽ 27.3 ലക്ഷത്തിൽ നിന്ന് 29 ലക്ഷമായി ഉയർന്നു. പശുക്കളുടെ എണ്ണം മിതമായ തോതിൽ ഉയർന്നപ്പോൾ ആടുകളുടെയും പന്നികളുടെയും ജനസംഖ്യ ഗണ്യമായി ഉയർന്നു. പശുക്കളുടെ എണ്ണം വർദ്ധിയ്ക്കാൻ കാരണം ഏറെ കാര്യക്ഷമമായി സർക്കാർ നടപ്പിൽ വരുത്തിയ കന്നുകാലി വിതരണ പദ്ധതിയാണ്. ഓരോ വർഷവും അയ്യായിരത്തിലേറെ പശുക്കളെയും രണ്ടായിരത്തിലേറെ കിടാങ്ങളെയും ഇത്തരത്തിൽ ഇടതുമുന്നണി സർക്കാർ വിതരണം ചെയ്തു. ഈ കാലയളവിൽ തന്നെ കേരളത്തിലെ കോഴി ജനസംഖ്യ 57 ലക്ഷത്തോളം വർദ്ധിച്ചു.

2012-13 നും 2016-17 നും ഇടയിൽ (യുഡിഎഫിന്റെ പന്ത്രണ്ടാമത്തെ പദ്ധതി കാലയളവ്) പാൽ ഉൽപാദനം 2.7 ലക്ഷം ടൺ കുറഞ്ഞു എന്നാണു കണക്കുകൾ കാണിക്കുന്നത്. ഈ ഇടിവ് തടയുവാനും കേരളത്തിലെ പാൽ ഉത്പാദനം വർദ്ധിപ്പിക്കാനും ഇടതു മുന്നണി സർക്കാരിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. 2019-20 ലെ പാൽ ഉൽപാദനം 25.4 ലക്ഷം ടണ്ണായിരുന്നു. 2018 ലും 2019 ലും വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലെങ്കിൽ ഉൽപാദനത്തിൽ ഇതിലും വലിയ പുനരുജ്ജീവനമുണ്ടാകുമായിരുന്നു.
 
Kerala farmers give Desi cows get a brand name - Civil Society Magazine

ഉത്പാദനത്തിൽ വർദ്ധനവ് മൂലം കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന പാലിനെ ആശ്രയിക്കുന്നത് കുറഞ്ഞു. 2016-17 ൽ പ്രതിദിനം ഏകദേശം 9 ലക്ഷം ലിറ്റർ പാൽ സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ 2019-20 ആയപ്പോഴേക്കും പാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് പ്രതിദിനം 3.2 ലക്ഷം ലിറ്ററായി കുറയ്ക്കാൻ കേരളത്തിന് കഴിഞ്ഞു. പാൽ ഉൽപാദനത്തിന്റെ മറ്റ് പരോക്ഷ സൂചകങ്ങളും പതിമൂന്നാം പദ്ധതി കാലയളവിലെ മികച്ച ഫലങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന്, 2015-16 ൽ മിൽമ പ്രതിദിനം 6 മുതൽ 7 ലക്ഷം ലിറ്റർ പാൽ വരെ കേരളത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. 2020 ൽ മിൽമ പ്രതിദിനം 88,000 ലിറ്റർ പാൽ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, സംസ്ഥാനത്തിന് പുറത്തുള്ള പാൽ പൊടി ഫാക്ടറികളിലേക്ക് പ്രതിദിനം 58,000 ലിറ്റർ മിൽമ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയിൽ‌ നിന്നും ഈ കയറ്റുമതി കുറച്ചാൽ‌, മിൽ‌മയുടെ കമ്മി പ്രതിദിനം 30,000 ലിറ്ററായി കുറയും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളം പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും എന്നത് ചെറിയ കാര്യമല്ല.

പതിമൂന്നാം പദ്ധതി കാലയളവിൽ പാൽ ഉൽപാദനത്തിന്റെ പുനരുജ്ജീവനം പാൽ സംഭരണത്തിൽ സർക്കാർ നടത്തിയ മെച്ചപ്പെട്ട ഇടപെടലിന്റെ പ്രതിഫലനമായിരുന്നു. 2016-17 ൽ ക്ഷീര സഹകരണ സംഘങ്ങൾ വഴി പാൽ സംഭരണം 5.9 ലക്ഷം ടൺ ആയിരുന്നു. 2019-20 ഓടെ ഇത് 6.8 ലക്ഷം ടൺ വരെ ഉയർത്തി. പ്രതിദിന അടിസ്ഥാനത്തിൽ, ക്ഷീര സഹകരണ സംഘങ്ങൾ വഴിയുള്ള പാൽ സംഭരണം 16.3 ലക്ഷം ലിറ്ററിൽ നിന്ന് 18.6 ലക്ഷം ലിറ്ററായി ഉയർന്നു എന്നാണു കാണുന്നത്.

പതിമൂന്നാം പദ്ധതി കാലയളവിൽ മൃഗസംരക്ഷണ മേഖലയിൽ മറ്റു സുപ്രധാന സ്ഥാപന ഇടപെടലുകളും നടന്നിരുന്നു. പ്രധാനപ്പെട്ട ചില പോയിന്റുകൾ ചുവടെ കൊടുക്കുന്നു.

1) ക്ഷീര സഹകരണസംഘങ്ങളിലൂടെ പാൽ കൂടുതൽ സംഭരിക്കുന്നത് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. പതിമൂന്നാം പദ്ധതി കാലയളവിൽ 25,000 പുതിയ ക്ഷീര കർഷകരെ ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങളാക്കാനായി.
2) എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്റിനറി ആശുപത്രികൾ എന്നത് ഒരു പ്രധാന സംരംഭമായിരുന്നു. നിലവിൽ 45 ബ്ലോക്കുകളിലായി 31 ഇത്തരത്തിലുള്ള ആശുപത്രികൾ സംസ്ഥാനത്തുണ്ട്. 2020-21 ൽ 24*7 ആശുപത്രികളുടെ സാന്നിധ്യം 45 ബ്ലോക്കുകളിൽ നിന്ന് സംസ്ഥാനത്തെ എല്ലാ 152 ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞു.
3) കന്നുകാലികൾക്കായി ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി മൃഗസംരക്ഷണ, ക്ഷീര വകുപ്പുകൾ അവതരിപ്പിച്ചു. ഇവരുടെ പദ്ധതികൾ നിലവിൽ 85,000 ത്തിലധികം മൃഗങ്ങളെ ഉൾക്കൊള്ളുന്നു.
4) മൃഗസംരക്ഷണത്തിന് കീഴിലുള്ള നാല് പ്രാദേശിക ലബോറട്ടറികൾക്ക് പതിമൂന്നാം പദ്ധതി കാലയളവിൽ അക്രഡിറ്റേഷൻ പദവി ലഭിച്ചു.
5) രണ്ട് ടെലി-വെറ്റിനറി യൂണിറ്റുകൾ സ്ഥാപിച്ചു.
6) ആടിനായി 500 ഓളം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ തുറന്നു, ഇത് 2019 ലെ കന്നുകാലി സെൻസസ് സമയത്ത് കണ്ട ആടുകളുടെ എണ്ണം കൂടുന്നതിന് കാരണമായി.

 
പൗൾട്രി രംഗത്ത് വലിയ തുടക്കങ്ങൾ കുറിക്കാനുമായി എന്നത് എടുത്ത് പറയേണ്ടതാണ്. കേരളം ചിക്കൻ പ്രൊജക്റ്റ് ആണ് പ്രധാനം. മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, വെറ്റിനറി സർവകലാശാല, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവർ യോജിച്ചാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. കാര്യക്ഷമമായ ഒരു വിതരണ ശൃംഖല മാതൃക പിന്തുടർന്ന് ചിക്കൻ ഉത്പാദനം, ഗുണനിലവാരം, സംസ്കരണം, വിപണനം എന്നിവയുടെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ മിഷൻ പ്രസ്‌താവന അനുസരിച്ച്, “കോഴി ഇറച്ചിയുടെ ആഭ്യന്തര ആവശ്യം നിറവേറ്റുക, ആരോഗ്യകരവും ശുചിത്വവുമുള്ള സമ്പ്രദായങ്ങളിലൂടെ സംസ്ഥാനത്തിനകത്ത് സുരക്ഷിതമായ കോഴി ഇറച്ചി ഉത്പാദിപ്പിക്കുക, മിതമായ നിരക്കിൽ വിൽക്കുക, അതുവഴി കർഷകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക" എന്നതാണ് ഉദ്ദേശം. ന്യായമായ വിലയ്ക്ക്  ബ്രോയിലർ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനും വളർന്നുവരുന്ന ബ്രോയിലർ കർഷകർക്ക് സഹായം നൽകുന്നതിനും ഒരു സർക്കാർ നിധിയിലൂടെ ന്യായവും സുസ്ഥിരവുമായ ഒരു വിപണി സൃഷ്ടിക്കുന്നതിനും 100 ശതമാനം വിപണി പങ്കാളിത്തം കൈവരിക്കുന്നതിനും കേരളം ചിക്കൻ പ്രൊജക്റ്റ് വിഭാവനം ചെയ്യുന്നു.

മത്സ്യബന്ധനം

പതിമൂന്നാം പദ്ധതി കാലയളവിൽ, സമുദ്ര മത്സ്യബന്ധന മേഖലയിലെ സർക്കാരിന്റെ ശ്രമം മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉപജീവന സുരക്ഷ മെച്ചപ്പെടുത്തുകയായിരുന്നു. അതായത് തീരപ്രദേശങ്ങളിൽ ശുചിത്വം, ആരോഗ്യ പരിരക്ഷ, കുടിവെള്ളം, വൈദ്യുതി, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക. അത് പോലെ തന്നെ, കടലിലെ മരണനിരക്ക് കുറക്കുക എന്നതും. ഇക്കാര്യത്തിലൊക്കെ പ്രധാന നേട്ടങ്ങൾ കൈവരിക്കാൻ ഇടതു മുന്നണി സർക്കാരിനായി.

ആദ്യം പശ്ചാത്തല സൗകര്യങ്ങളുടെ കാര്യമെടുക്കാം. ഫിഷിംഗ് ഹാർബറുകൾ പോലുള്ള ദീർഘകാലമായി നിലനിൽക്കുന്ന പശ്ചാത്തല സൗകര്യ പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കിയതാണ് ഒരു മുഖ്യ നേട്ടം. ആകെ 403.5 കോടി രൂപ ചിലവാക്കി മുതലപ്പൊഴി, ചെല്ലാനം, ചേറ്റുവ, താനൂർ, തലായി, വെള്ളയിൽ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 209 കോടി രൂപ ചെലവിൽ പരപ്പനങ്ങാടി, ചെത്തി തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയായി. കൂടാതെ, തങ്കശ്ശേരി, പുതിയപ്പ, ബേപ്പൂർ, അർതുങ്കൽ ഫിഷിംഗ് ഹാർബറുകൾ എന്നിവയുടെ വികസനത്തിനും പദ്ധതി പിന്തുണ നൽകി. ഫിഷിംഗ് ഹാർബറുകളുടെ പ്രവർത്തനത്തിനായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളും രൂപീകരിച്ചു. കൂടാതെ, ഇന്ത്യയിൽ ആദ്യമായി, ഫിഷറീസ് മാനേജ്മെന്റ് കൗൺസിലുകൾ രൂപീകരിച്ചത് കേരളത്തിലാണ്. ഫിഷറീസ് മാനേജ്മെന്റ് പ്രതിനിധികൾ, ജനങ്ങളുടെ പ്രതിനിധികൾ, ഫിഷറീസ് വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ കൗൺസിലുകൾ രൂപീകരിച്ചത്.
 
Seafood Snacks Beside The Backwaters Of Thalassery, Kerala | Seafood snack,  Kerala, Snacks

ഇതിനു പുറമെ, 2017നും 2021നും ഇടയിൽ 704 കോടി രൂപ ചെലവഴിച്ച് 1600 തീരദേശ റോഡുകൾ നിർമ്മിച്ചു. 193.5 കോടി രൂപ ചെലവഴിച്ച് 65-ലധികം മത്സ്യ മാർക്കറ്റുകൾ നിർമ്മിച്ചു. തീരദേശ സംരക്ഷണത്തിനായി പൂന്തുറയിൽ 19.7 കോടി രൂപയുടെ കിഫ്‌ബി ധനസഹായത്തോടെ ഒരു ഓഫ്‌ഷോർ ബ്രേക്ക്‌വാട്ടർ പദ്ധതി ആരംഭിച്ചു. നീലവിപ്ലവ (Blue Economy) പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് 200 ഓളം എഫ്ആർപി ബോട്ടുകൾ നൽകി. പൈലറ്റ് അടിസ്ഥാനത്തിൽ 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തു. മത്സ്യബന്ധന കപ്പലുകൾ കടലിൽ നിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് സാഗര മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. 1980 ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമവും ചട്ടങ്ങളും (കെഎംഎഫ്ആർ നിയമങ്ങളും നിയമങ്ങളും) 2017 ൽ സമഗ്രമായി പരിഷ്കരിച്ചു.

മാത്രമല്ല, മത്സ്യലേലം നിയന്ത്രണങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമാക്കി എല്ലാ വിധ ലേല-കമ്മീഷനുകളും ലേലത്തുകയുടെ 5 ശതമാനമായി നിജപ്പെടുത്തി. അനുമതിയില്ലാതെ ലേലം നടത്തുന്നത് നിയമവിരുദ്ധമാക്കി. ഐസ് പ്ലാന്റുകൾക്കു രെജിസ്ട്രേഷൻ ഏർപ്പെടുത്തി. ഈ നടപടികളെല്ലാം കാരണം സംസ്ഥാനത്തെ സമുദ്ര മത്സ്യ ഉൽപാദനം 2015ലെ 4.84 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2019ലെ 6.09 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. അഭിമാനകരമായ നേട്ടമാണിത്.

ഇനി സുസ്ഥിരതയുടെ കാര്യമെടുക്കാം. സമുദ്രത്തിലെ ഒരു പ്രധാന ഭീഷണി പ്ലാസ്റ്റിക് മലിനീകരണമാണ്. ‘ശുചിത്വ സാഗരം’ എന്ന പദ്ധതിക്ക് കീഴിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്’ നിരോധിച്ചു. കടലിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും എല്ലാത്തരം പ്ലാസ്റ്റിക്കും കടലിൽ നിന്നും നീക്കം ചെയ്യുന്നതിനും ശുചിത്വ കാമ്പയിൻ ആരംഭിച്ചു. കൊല്ലത്തെ നീണ്ടകരയിൽ ഈ പദ്ധതി വളരെ വിജയകരമായി നടപ്പാക്കി. ഈ പദ്ധതി ഐക്യരാഷ്ട്രസഭയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതുവരെ 38.4 ടൺ വലകൾ, പ്ലാസ്റ്റിക് കയറുകൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു.

ഇനി മത്സ്യ തൊഴിലാളികളുടെ ഉപജീവന രംഗമെടുക്കാം. കടലിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി സർക്കാർ 3 സോണുകൾക്കായി മറൈൻ ആംബുലൻസുകൾ നിയോഗിച്ചു; അതായത്, തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്തെ വൈപിൻ, കോഴിക്കോട്ടെ ബേപ്പൂർ. ഒരു സമയം 10 പേർക്ക് പ്രാഥമികവും അടിയന്തിരവുമായ വൈദ്യസഹായത്തിന്’ ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും മറൈൻ ആംബുലൻസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ 19 തീരദേശ ആശുപത്രികൾ നിർമ്മിച്ചു. മറ്റു ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തീരത്ത് 2500 ലധികം മൈക്രോ എന്റർപ്രൈസസുകൾ സ്ഥാപിച്ചു; ഇത് 7000 മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗം നൽകി. 48 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കൊണ്ട്, 12 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ സ്ഥാപിച്ച് കൊണ്ട്, കുണ്ടറയിൽ ഒരു അപ്പാരൽ പാർക്ക് കൺസോർഷ്യം സ്ഥാപിച്ചു. 46 തീരദേശ സൗഹൃദ സീഫുഡ് റെസ്റ്റോറന്റുകൾ സ്ഥാപിച്ച് 9 തീരദേശ ജില്ലകളിലെ 230 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ സൃഷ്ടിച്ചു. ഭവന നിർമ്മാണം ഒരു പ്രധാന സംരംഭമായിരുന്നു. ഭവനരഹിതരായ 5457 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകി. 4500 മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പുരോഗമിക്കുന്നു. 1619 ഭവനരഹിതരായ മത്സ്യബന്ധന കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ പുതിയ വീടുകൾ ലഭിച്ചു. സ്ഥലവും വീടും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 192 ഫ്ലാറ്റുകളും 18 കോടി രൂപ ചെലവിൽ 542 ചതുരശ്രയടി വിസ്തീർണവും കൊണ്ട് തിരുവനന്തപുരത്തെ മുട്ടത്തറയിൽ ഒരു കെട്ടിട സമുച്ചയവും  നിർമ്മിച്ചു.

കാർഷിക മേഖലയിൽ ഒരു പുതിയ ഉണർവ് സൃഷ്ടിക്കാനായി എന്നത് നേരത്തേ പറഞ്ഞുവല്ലോ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി എന്നല്ല. എന്നാലും, വലിയ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, പ്രകൃതി ദുരന്തങ്ങളുടെ ഇടയിൽ നിന്ന് കൊണ്ട്, ഈ മേഖലയിൽ ചലനം സൃഷ്ടിക്കാനായത് വലിയ നേട്ടമാണ്. സുഭിക്ഷ കേരളം, കേരള ചിക്കൻ പോലുള്ള പദ്ധതികൾ ആരംഭിച്ചിട്ടേയുള്ളൂ. അടുത്ത അഞ്ചു വർഷത്തെ കാര്യമെടുത്താൽ ഇതിലും കൂടുതൽ പുരോഗതി കൈവരിക്കാൻ നമുക്ക് കഴിയും. അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കി കഴിഞ്ഞിട്ടാണ് ഈ സർക്കാർ അധികാരമൊഴിയുന്നത്.
 
കടപ്പാട്: മാർക്സിസ്റ്റ് സംവാദം, പുതിയ ലക്കം.

Saturday, January 16, 2021

കോൺഗ്രസ്സിന്റെ അ'ന്യായം'

കേരളത്തിൽ യുഡിഎഫിന്റെ പ്രകടന പത്രികയുടെ ഒരു ട്രെയ്‌ലർ വന്നിട്ടുണ്ടെന്ന് പത്രങ്ങളിൽ വായിച്ചു. 2019-ൽ കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ച ഈ ആശയം ഭയങ്കരൻമാരായ സാമ്പത്തിക ശാസ്ത്രജ്ഞർ കൂടിയിരുന്ന് ഉണ്ടാക്കിയ ഒരു മഹാസംഭവമാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് സംഗതി ഉഡായിപ്പാണെന്ന് മനസ്സിലായത്. മാത്രമല്ല, ഇതിന്റെ ഭാഗമായി പ്രവർത്തിച്ച വിദേശത്തെ ഭാരതീയരായ സാമ്പത്തിക ശാസ്ത്രജ്ഞരോട് (സുഹൃത്തുകളാണ്; പേര് പറയുന്നില്ല) ഞാൻ ഇതിനെ കുറിച്ച് തിരക്കുകയും ചെയ്തിരുന്നു. അവർ എന്നോട് പറഞ്ഞത് അവർ വളരെ വിശാലതലത്തിൽ ഇതിനെ കുറിച്ച് ചില അഭിപ്രായങ്ങൾ അറിയിച്ചിരുന്നുവെങ്കിലും അവരോടൊന്നും കൂടുതൽ ചർച്ച ചെയ്യാതെ പ്രകടന പത്രികയിൽ ഈ വിഷയം ഉൾക്കൊള്ളിക്കുകയാണ് ചെയ്തത് എന്നാണു. മാത്രമല്ല, വളരെ തെറ്റിദ്ധാരണാജനകമായ, അശാസ്ത്രീയമായ രീതിയിലാണ് ഈ വിഷയം പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കപ്പെട്ടത് എന്നും, പ്രധാനപ്പെട്ട നേതാക്കളെ ഈ വിഷയം അറിയിച്ചിരുന്നുവെന്നും അവർ പറയുകയുണ്ടായി. 

ഏപ്രിൽ 2019-ൽ ഫ്രണ്ട്ലൈനിൽ (FRONTLINE) ഞാൻ ഇതിനെ കുറിച്ച് ദീർഘമായി ഒരു ലേഖനം എഴുതിയിരുന്നു. എത്ര വിഡ്‌ഢിത്തം നിറഞ്ഞതായിരുന്നു ന്യായ് എന്ന ആ ആശയം എന്ന് പറയാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്ത് ചിലയിടത്തൊക്കെ പരീക്ഷിക്കാൻ ശ്രമിക്കുന്ന "യൂണിവേഴ്സൽ ബേസിക് ഇൻകം" (യുബിഐ) എന്ന ആശയവുമായി ഒരു ബന്ധവും ഇതിനില്ല എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. യുബിഐ എന്നത് ഒരു സമ്പത്തിന്റെ പുനർവിതരണം ചെയ്യാനുള്ള ഒരു പാതയായിട്ടാണ് ലോകം മനസ്സിലാക്കിയിട്ടുള്ളത്. അല്ലാതെ, നിലവിലെ മറ്റു സബ്‌സിഡികളെ വെട്ടിക്കുറച്ച് കൊണ്ട് കുറച്ചു പണം കണ്ടെത്തി, ആ പണം യുബിഐ എന്ന പേരിൽ വിതരണം ചെയ്തത് കൊണ്ട് ഒന്നുമാവില്ല. ഇതാണ് കോൺഗ്രസ്സിന് മനസ്സിലാവാതെ പോയത്. ഈ വേവാത്ത ചോറ് വീണ്ടും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ പരീക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

കേരളത്തിന്റെ കാര്യത്തിൽ നമുക്ക് വേണ്ടത് യുബിഐ അല്ല. കേവല ദാരിദ്യം നേരിടുന്ന ഏകദേശം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് കൃത്യമായ സാമൂഹ്യ സംരക്ഷണവും സഹായവും നൽകി അവർക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനുള്ള അവസരമൊരുക്കുക എന്നതാണ് അടിയന്തിരമായി വേണ്ടത്. ഇതിന് ഭക്ഷണം, വീട്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ജോലി, ഉപജീവനം, ആരോഗ്യം എന്നിവയൊക്കെ നൂതനമായി കോർത്തിണക്കി കൊണ്ടുള്ള ഒരു സമഗ്ര പരിപാടിയാണാവശ്യം. ഇതാവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന ലക്ഷ്യം. ഇത് തന്നെയാണ് ഈ വർഷത്തെ ബജറ്റിലും നമ്മൾ കണ്ടത്. അല്ലാതെ "ഞങ്ങൾ 6000 രൂപ കൊടുത്തു, ഞങ്ങടെ പണി തീർന്നു, ഇനി നിങ്ങളായി, നിങ്ങടെ പാടായി" എന്ന നിലപാട് അപകടകരമാണ്. അത് ഒരു നവലിബറൽ ആശയമാണ്. അത് കൊണ്ട് കൂടിയാണ് ജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആ ആശയം തള്ളിക്കളഞ്ഞത്.

ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം.


സബ്സ്ക്രിപ്ഷൻ വേണ്ടി വരും; അതിനാൽ താഴെ ക്ലിക്ക് ചെയ്‌താൽ ഫ്രീയായി വായിക്കാം. 


ആധുനിക കേരളത്തിനായുള്ള ഒരു മികച്ച ബജറ്റ്

ആർ. രാംകുമാർ

കേരളത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തുടക്കത്തിൽ തന്നെ രണ്ട് പ്രധാന പരാമർശങ്ങൾ അർഹിക്കുന്നു. ഒന്ന്, കഴിഞ്ഞ നാലര വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണമികവ് നൽകിയ ആത്മവിശ്വാസം ബജറ്റിലുടനീളം കാണാം. രണ്ട്, കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ഒരു മികച്ച പരിപ്രേക്ഷ്യവും അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗികതയിലൂന്നിയ ഒരു രീതിശാസ്ത്രവും ബജറ്റിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. തികഞ്ഞ വിശ്വസ്തതയോടെയാണ് കേരളത്തിന്റെ സമ്പദ്ഘടന നിയന്ത്രിക്കപ്പെടുന്നത് എന്ന സന്ദേശം ജനങ്ങളേറ്റ് വാങ്ങും എന്നതിൽ സംശയമില്ല.

ഈ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് ഒരു പ്രത്യേക ആഗോള-ദേശീയ സാഹചര്യത്തിലായിരുന്നു. ഒന്നാമതായി, മോഡി സർക്കാരിന്റെ അരാജക ഭരണവും യുക്തിരഹിത നയങ്ങളും മൂലം രാജ്യം മുഴുവനും പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളത്തെയും ഉലച്ചിരിക്കുന്നതായാണ് സാമ്പത്തിക റിവ്യൂ കണക്കുകൾ കാണിക്കുന്നത്. ഭാരതത്തിൻറെ സാമ്പത്തിക വളർച്ച 2019-20 വർഷത്തിൽ കഴിഞ്ഞ വർഷത്തെ 6 ശതമാനത്തിൽ നിന്നും താണ് 3.9 ശതമാനമായി ഇടിഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനം കേരളത്തിലും കഴിഞ്ഞവർഷം ദൃശ്യമായി. നമ്മുടെ സാമ്പത്തിക വളർച്ച 2019-20 വർഷത്തിൽ അതിനു മുൻപത്തെ വർഷത്തെ 6.5 ശതമാനത്തിൽ നിന്നും കുറഞ്ഞു 3.5 ശതമാനമായി. നോട്ട് നിരോധനം നടപ്പിലാക്കിയ 2016 മുതൽ തന്നെ ദേശീയ തലത്തിലെ സാമ്പത്തിക വളർച്ച വലിയ തോതിൽ ഇടിയാൻ ആരംഭിച്ചിരുന്നു. പക്ഷെ അതിനോപ്പം കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് സംസ്ഥാനത്തിന് ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരത്തുക പൂർണമായി നൽകുന്നതിന് കേന്ദ്രസർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനൊക്കെ പുറമേ കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ 2018-ലെ മഹാപ്രളയവും 2019-ലെ അതി-കാലവർഷവും സാമ്പത്തികവളർച്ച തളർത്തുന്നതിൽ ഒരു പങ്കു വഹിച്ചു.

രണ്ടാമതായി, ആഗോളതലത്തിൽ തന്നെ കോവിദ് മഹാമാരി എല്ലാ സർക്കാരുകളുടെയും ബജറ്റുകളുടെ പ്രവചനങ്ങളെയും അനുമാനങ്ങളെയും തകർത്തുകൊണ്ടിരിക്കുകയാണ്. ഒട്ടു മിക്ക സമ്പദ്ഘടനകളും ഇന്ന് വരുമാനത്തിന് മുകളിൽ ചിലവുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അതിൻറെ ഭാഗമായി ബജറ്റ് കമ്മികളും പൊതു കടങ്ങളും ഉയർന്നിട്ടുണ്ട്. ഒപ്പം, ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരി ഭാവിയിലെ സമ്പദ്ഘടനയുടെ വളർച്ചാ-സാധ്യതകൾ എങ്ങിനെയാകും എന്നതിന്റെ സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളും ഉളവാക്കിയിട്ടുണ്ട്.

മൂന്നാമതായി, നവകേരളത്തിൻറെ നിർമിതിയിലേക്കുള്ള ഏത് ആസൂത്രണ പരിപാടിയും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വിധേയമായി മാത്രമേ നമുക്ക് നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ. നവകേരളത്തിൻറെ നിർമിതിയിലേക്ക് നമുക്ക് വലിയ തോതിലുള്ള മൂലധന നിക്ഷേപവും പശ്ചാത്തല സൗകര്യങ്ങളുടെ ഒരുക്കലും സ്വകാര്യ നിക്ഷേപവും ആവശ്യമുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിൻറെ ചരിത്രപരമായിട്ടുള്ള സാമൂഹ്യ രംഗത്തെ നേട്ടങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും വേണം. ഇതിനൊപ്പം ഉയർന്നു വന്നിട്ടുള്ള പുതിയ വിഷയങ്ങളാണ് ആണ് വയോജന-ക്ഷേമം, ഭിന്നശേഷി-ക്ഷേമം ട്രാൻസ്‌ജെൻഡർ-ക്ഷേമം തുടങ്ങിയ പുതിയ സാമൂഹ്യ ആവശ്യങ്ങൾ. ഇതിനൊക്കെ വേണ്ടി പുതിയ സാമ്പത്തിക വിഭവങ്ങൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്.

എന്നാൽ ഈ അനിശ്ചിതത്വങ്ങൾക്കിടയിലും സർക്കാരിൻറെ സമ്പദ്ഘടനയിൽ ഇടപെടാനുള്ള സാധ്യതകളെ മെച്ചപ്പെടുത്തിയിട്ടുള്ള ചില ഘടകങ്ങളുമുണ്ട്. ഒന്ന്, മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെൻറ്. വലിയ തോതിൽ കേരളത്തിന്റെ ധനകമ്മിയും റവന്യൂ കമ്മിയും, അതുപോലെ സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി നോക്കുന്ന പൊതു കടഭാരവും, വർദ്ധിപ്പിച്ചിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞു പോയത്. അങ്ങിനെ വലിയ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷത്തിൽ കേരളത്തിൻറെ ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ട്, ഭാവിയിലെ ഒരു സാമ്പത്തിക വിഷമഘട്ടത്തിൽ ഇടപെടാനുള്ള സർക്കാരിൻറെ കഴിവിനേയും ഇടത്തിനെയും  മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ കടഭാരം കൂടി എന്നൊക്കെ കളവുകൾ തട്ടിവിടുന്ന പ്രതിപക്ഷം ഒരിക്കൽ പോലും ബജറ്റിലെ കമ്മി കണക്കുകൾ ചൂണ്ടിക്കാട്ടിയിട്ടല്ല സംസാരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. രണ്ട്, വരുമാനങ്ങൾ കുറഞ്ഞു നിൽക്കുന്ന അവസരത്തിലും മൂലധന ചിലവുകൾ വർദ്ധിപ്പിക്കാനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണ സാധ്യതകളെ നൂതനമായ രീതിയിൽ കണ്ടെത്തുവാനും വിനിയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഈ സർക്കാർ നടത്തി പോന്നിട്ടുണ്ട്. കിഫ്ബി പോലെയുള്ള പ്രസ്ഥാനങ്ങൾ മൂലം 15 വർഷങ്ങൾ കഴിഞ്ഞു മാത്രം നടത്താൻ കഴിയുന്ന പല നിക്ഷേപങ്ങളും ഇപ്പോൾ തന്നെ നമുക്ക് ആരംഭിക്കുവാനും, ചിലത് പൂർത്തീകരിക്കുവാൻ തന്നെയും, സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. ചുരുക്കത്തിൽ, ഉയർന്ന് വന്നിട്ടുള്ള പ്രതിസന്ധികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഈ അനുകൂലസന്ദർഭങ്ങൾ സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.

ഈ സാഹചര്യത്തിലാണ് നമ്മൾ 2021-22 വർഷത്തെ ബജറ്റിനെ പരിശോധിക്കുന്നത്. 2020-21 വർഷത്തെ കൊവിഡ് പ്രതിരോധത്തിന് നമ്മൾ നൽകിയ ശ്രദ്ധ മൂലം നമുക്ക് എടുക്കേണ്ടി വന്ന കടങ്ങൾ കാരണം കമ്മികൾ താൽക്കാലികമായി വർദ്ധിപ്പിക്കേണ്ടി വന്നു എന്ന് കണക്കുകൾ കാണിക്കുന്നു. റവന്യു കമ്മി 2.94 ശതമാനമായി ഉയർന്നു. ധനക്കമ്മി 4.25 ശതമാനമായി ഉയർന്നു. എന്നാൽ പെട്ടെന്ന് തന്നെ (അതായത് 2021-22 വർഷത്തിൽ തന്നെ) ധനദൃഡീകരണത്തിന്റെ പാതയിലേയ്ക്ക് തിരിച്ചു വരണം എന്ന് ബജറ്റ് അടിവരയിട്ട് പറയുന്നു. എന്നാൽ മാത്രമേ ബജറ്റിന് പുറത്ത് നമ്മൾ നടത്തി കൊണ്ടിരിക്കുന്ന മൂലധന നിക്ഷേപ പ്രവർത്തനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ. അതിനാൽ 2021-22ലെ ധനക്കമ്മി 3.5 ശതമാനമായും പിന്നീട് 3 ശതമാനം തന്നെയായും കുറക്കാൻ കഴിയണം എന്നാണു ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വരുമാനം മെച്ചപ്പെടുത്താനും ബജറ്റ് ലക്ഷ്യമിടുന്നു. അതായത്, ഉത്തരവാദിത്വപ്പെട്ട ഒരു ധന നയമാണ് ബജറ്റിൽ പ്രതിഫലിച്ച് കാണുന്നത്.

എന്നാൽ, അതേ സമയം, കേരളത്തിന്റെ ഭാവി വികസന പ്രക്രിയയെ ആധുനികമായ രീതിയിൽ നിർവചിക്കാനും അതിന് വിഭവങ്ങൾ കണ്ടെത്താനുമുള്ള ശ്രമവും ബജറ്റിൽ കാണാം. എല്ലാ വിഷയങ്ങളും ഇവിടെ പ്രതിപാദിക്കാൻ കഴിയുകയില്ല. അതിനാൽ അഞ്ച് പ്രധാന വിഷയങ്ങൾ മാത്രം എടുക്കാം.

ആദ്യമായി, സാമൂഹ്യ മേഖല. കേരളത്തിലെ പുകൾപെറ്റ സാമൂഹ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കോവിദ് പ്രതിരോധത്തിൽ മികച്ച പങ്ക് വഹിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി സ്ഥാപിക്കും. നഗര മേഖലയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യും. ഇതിനായി ജനസംഖ്യയുടെ അഞ്ചു ശതമാനം വരെ വരുന്ന ഇവരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ ഉണ്ടാക്കും; നടപ്പിൽ വന്നു കഴിഞ്ഞ വിശപ്പുരഹിത കേരളം പദ്ധതി ഇതിന്റെ ഭാഗമായി മാറും. അങ്ങിനെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം കണ്ട് അഞ്ചു വർഷം കൊണ്ട് 6000-7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി ചെലവഴിക്കപ്പെടുക. ഭക്ഷ്യസുരക്ഷക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ വിലയ്ക്ക് ലഭ്യമാക്കും. ലൈഫ് മിഷനിൽ നിന്ന് 40000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകും. ദാരിദ്യ്രത്തോടൊപ്പം തന്നെ പ്രധാനമാണ് സാമൂഹ്യ അവശത. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും മാനസികാരോഗ്യത്തിനും രാജ്യത്തെ ആദ്യത്തെ പൂർണ്ണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനും പദ്ധതികൾ ബജറ്റിലുണ്ട്. അത് പോലെ തന്നെയാണ് വയോജനങ്ങൾക്കായുള്ള വയോജന ക്ലബ്ബ്കളും കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള പദ്ധതികളും.

രണ്ടാമതായി, ഭാരതമെമ്പാടും കാർഷിക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറുകയാണ്. തറവില സമ്പ്രദായം തന്നെ നിർത്തലാക്കാൻ മോഡി സർക്കാർ ഒരുമ്പെടുമ്പോൾ, കേരളത്തിൽ റബ്ബറിന്റെ തറവില 150 രൂപയും നിന്ന് 170 രൂപയായി ഉയർത്തിയിരിക്കുന്നു. നെല്ലിന്റെ സംഭരണവില കിലോക്ക് 27 രൂപയിൽ നിന്ന് 28 രൂപയായി ഉയർത്തിയിരിക്കുന്നു (കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് കിലോക്ക് 18 രൂപ മാത്രം). നാളികേരത്തിന്റെ സംഭരണവില 27 രൂപയിൽ നിന്നും 32 രൂപയായി ഉയർത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായി പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് കഴിഞ്ഞു. പച്ചക്കറികളുടെ മെച്ചപ്പെട്ട സംഭരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും സഹായത്തോടെ കോ-ഓപ്പ് മാർട്ടുകൾ നിലവിൽ വരും. വയനാട് കാപ്പി ബ്രാൻഡിന്റെ ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കും. ഇത് വഴി കാപ്പി കർഷകർക്കും തറവില സഹായം ലഭ്യമാക്കാൻ കഴിയും. ബ്രാന്റഡ് കോഫി ഉൽപ്പാദനത്തിനു സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ചിരിക്കുന്നു. ഇത് മാത്രമല്ല, ഏതു വിളയെടുത്താലും ഇന്ത്യയിൽ ഏറ്റവും ഉയർന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. കാർഷിക രംഗത്തെ മൂല്യവർദ്ധനവിനും നാളികേരത്തിലും കാപ്പിയിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

മൂന്നാമതായി, അഭ്യസ്തവിദ്യർക്ക് തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി ബജറ്റിൽ പ്രധാന പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു. 3 ലക്ഷം ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ ഈ വർഷം ആരംഭിക്കും. വീടിനടുത്ത് പണിയെടുക്കുക (വർക്ക് നിയർ ഹോം) എന്ന സങ്കല്പമനുസരിച്ച് മുനിസിപ്പൽ തലങ്ങളിൽ 5000 സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനൊപ്പം വീട്ടിൽ തന്നെ പണിയെടുക്കുന്നതിനും (വർക്ക് ഫ്രം ഹോം) തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഏകീകരിച്ച് ലഭ്യമാക്കും. നൈപുണ്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകും. അഭ്യസ്തവിദ്യാർക്കൊപ്പം അല്ലാത്തവർക്കും 5 ലക്ഷം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്. കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകും. കാർഷികേതര മേഖലയിൽ 3 ലക്ഷം അവിദഗ്ധ, വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒപ്പം, പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ വ്യവസായങ്ങളുടെ നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിനും ശ്രദ്ധ നൽകും. ഏകദേശം 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും. ഇത് വഴി തന്നെ നല്ല തോതിൽ തൊഴിലവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടും.

നാലാമതായി, കേരളത്തിനെ ഒരു ഡിജിറ്റൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യണം. ഇതിനായി വിജ്ഞാന ഉത്പാദന രംഗവും വ്യവസായ രംഗവും തമ്മിൽ മെച്ചപ്പെട്ട രീതിയിൽ കൈകോർക്കാൻ കഴിയണം. എവിടെയൊക്കെ പുതിയ ഉത്പാദന സാമഗ്രികൾ വേണം എന്ന ധാരണയും ഏതൊക്കെ വിജ്ഞാന ഉത്പാദന സാധ്യതകൾ എവിടെയൊക്കെയുണ്ട് എന്നുള്ള അറിവും എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യം വേണം. വിജ്ഞാനത്തിനെ ഉത്പാദനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ ഒരു സ്റ്റാർട്ട്-അപ്പ് ആവാസ വ്യവസ്ഥ (ecosystem) വേണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ വന്നാൽ മാത്രമേ നൂതന സാങ്കേതിക വിദ്യകൾ കൂടുതൽ ഉത്പാദന മേഖലകളിൽ പ്രയോഗത്തിൽ കൊണ്ട് വരാൻ സാധിക്കൂ. അപ്പോൾ മാത്രമേ അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടുത്താൻ സാധിക്കൂ. പുതിയ തലമുറയിലെ തൊഴിൽ സേനയെ വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ഇത്തരം ഒരു പദ്ധതി ഒരു ഫ്ലാഗ്ഷിപ് നയമായി തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കെ-ഫോൺ പദ്ധതി കൂടി ഫെബ്രുവരിയിൽ പൂർത്തീകരിക്കുമ്പോൾ ഇത്തരം ഒരു ഡിജിറ്റൽ സമ്പദ്ഘടന നിലവിൽ വരുന്നതിനുള്ള അടിസ്ഥാനപരമായ ഒരു പശ്ചാത്തല സൗകര്യം നിലവിൽ വന്നിരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരും. ഒപ്പം തന്നെ, എല്ലാ ദരിദ്ര കുടുംബങ്ങളിലെയും കുട്ടികൾക്ക് 25 ശതമാനം സബ്‌സിഡിയോടെ ലാപ്‌ടോപ്പുകളും ലഭ്യമാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. ഇതൊക്കെ വഴി നിലവിലുള്ള ഡിജിറ്റൽ ഡിവൈഡ് ഒരു പരിധി വരെ കുറച്ചു കൊണ്ട് വരാൻ കഴിയും എന്നാണു പ്രതീക്ഷ.

അഞ്ചാമതായി, ഈ വിജ്ഞാന വളർച്ചക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് കൂട്ടൽ അത്യന്താപേക്ഷിതമാണ്. സ്‌കൂൾ രംഗത്തു നമ്മൾ കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്ന പ്രധാന ലക്‌ഷ്യം ബജറ്റ് മുൻപോട്ടു വെക്കുന്നു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ ഇപ്പോഴത്തെ 37 ശതമാനത്തിൽ നിന്ന് 75 ശതമാനമായെങ്കിലും ഉയർത്തണം. ഇതിനായി 10 ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ എന്നിവ വഴി 20000 പേർക്ക് അധിക പഠനസൗകര്യം ഒരുക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 150 അധ്യാപക തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും; ഇതിനായി 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം ഉണ്ടാവും. സർവ്വകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ കൊണ്ട് വരും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ പുതിയതായി കൊണ്ട് വരും. വലിയ മാറ്റം തന്നെ കോളേജ് വിദ്യാഭ്യാസ രംഗത്തുണ്ടാവും എന്ന് തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

ഇവക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമാക്കി നടപ്പിൽ വരുത്താൻ നിർദ്ദേശിച്ചിട്ടുള്ള വിഷയങ്ങൾ. ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും എന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്താൻ പരിശ്രമങ്ങൾ ഉണ്ടാവും. വ്യവസായ പാർക്കുകളിൽ ഭൂമിയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയ സംഭാവനകൾ നൽകുന്ന ടൂറിസം രംഗത്തിനായി പ്രത്യേകം ശ്രദ്ധയുണ്ടാവും. ഒട്ടേറെ തൊഴിൽ നഷ്ടം ഉണ്ടായിട്ടുള്ള മേഖല എന്ന നിലയിൽ കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും. എത്രയും പെട്ടെന്ന് തന്നെ ടൂറിസം രംഗത്ത് പുനർജീവിപ്പിക്കൽ ലക്ഷ്യമാക്കി ടൂറിസം വിപണനത്തിനായി എക്കാലത്തെയും ഉയർന്ന തുക - 100 കോടി രൂപ - അനുവദിച്ചിട്ടുണ്ട്.

എല്ലാ വിഷയങ്ങളിലും തൊടാൻ ഈ ലേഖനത്തിൽ സ്ഥലപരിമിതി മൂലം സാധിച്ചിട്ടില്ല. പ്രധാന വിഷയങ്ങളിൽ തൊട്ടു പോകാനേ സാധിച്ചിട്ടുള്ളൂ. എന്നാലും ബജറ്റിന്റെ മർമ്മം മനസ്സിലാക്കാൻ ഈ ചെറുകുറിപ്പ് മതിയാകും എന്ന് കരുതുന്നു. അഞ്ചു വർഷത്തെ ഭരണമികവ് തുടർഭരണത്തിലേക്കു നയിക്കും എന്ന ആത്മവിശ്വാസം പൊതുജനങ്ങൾക്കിടയിൽ വളരുന്ന ഈ സാഹചര്യത്തിൽ അടുത്ത കേരളവികസനഘട്ടത്തിലേക്കുള്ള - അടുത്ത 5 വർഷത്തെ നയപരിപാടികൾ എങ്ങനെയാവണം എന്ന് കുറിച്ചിടുന്ന - ഒരു രേഖയായി ബജറ്റിനെ വായിക്കാം എന്നതിൽ സംശയമില്ല. ഈ രേഖക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. നവകേരള നിർമ്മാണത്തിനുള്ള ഇടതുപക്ഷ വീക്ഷണത്തിന്റെ രാഷ്ട്രീയം.

Source: https://www.deshabhimani.com/articles/r-ramkumar-kerala-budget-2021/919687