Tuesday, March 3, 2015

അരുണ്‍ ജൈറ്റ്ലിയുടെ 2015-16 ബജറ്റ്: കോർപ്പറേറ്റ്കൾക്ക് ബഹുത് അച്ഛേ ദിൻ

ആർ. രാംകുമാർ

ചെകുത്താൻ എപ്പോഴും വിശദാംശങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. അത് പോലെയാണ് അരുണ്‍ ജൈറ്റ്ലിയുടെ ബജറ്റ്. ബജറ്റ് പ്രസംഗം മുഴുവനും വളരെ സമർത്ഥമായ പ്രഖ്യാപനങ്ങൾ. എന്നാൽ, ബജറ്റിലെ തന്നെ കണക്കുകൾ നോക്കിയാലോ, ഈ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ അവിടെ പ്രതിഫലിക്കുന്നുമില്ല. കണക്കുകൾ കൂടുതൽ വിശദമായി നോക്കിയാലോ? അപ്പോൾ, അരുണ്‍ ജൈറ്റ്ലിയുടെ ബജറ്റ് പൂർണമായും ഇന്ത്യയിലെ കോർപ്പറേറ്റ്കൾക്ക് തീറെഴുതിയ ഒന്നാണ് എന്ന് കാണാൻ കഴിയും. ദരിദ്രർക്കും തൊഴിലാളി വർഗത്തിനും വേണ്ടിയുള്ള ചിലവുകൾ വൻ തോതിൽ വെട്ടിക്കുറച്ചിരിക്കുന്നു. അവരിൽ തന്നെ, ദളിതർ, ആദിവാസികൾ, കുട്ടികൾ എന്നീ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം പോലുള്ള സാമൂഹ്യമേഖലകളിലും ആണ് ഏറ്റവും കൂടുതൽ ചെലവുകളിൽ കുറവ് വരുത്തിയിരിക്കുന്നത്.

ബജറ്റിലെ പൊതുവിലുള്ള ധനപരമായ നിലപാടെന്തെന്ന് ഒന്ന് നോക്കാം. 2014-15 നും 2017-18 നും ഇടയ്ക്കു ധനകമ്മി ജി.ഡി.പിയുടെ 4.1 ശതമാനത്തിൽ നിന്നും 3 ശതമാനമാക്കി കുറക്കാനാണ് ബജറ്റിലെ നീക്കം. എന്നാൽ, ഇതേ കാലയളവിൽ, സർക്കാരിന്റെ നികുതി വരുമാനമാകട്ടെ (ജി.ഡി.പിയുടെ അനുപാതമായി തന്നെ) ഇതിനേക്കാൾ കുറഞ്ഞ തോതിലേ വളരൂ എന്നാണു സർക്കാർ കണക്കു കൂട്ടിയിട്ടുള്ളത്: 9.9 ശതമാനത്തിൽ നിന്നും 10.7 ശതമാനമായി. അതായത്, ധനകമ്മി കുറയ്ക്കണമെങ്കിൽ ചിലവുകൾ കുറച്ചേ കഴിയൂ. ഈ കർത്തവ്യം ജൈറ്റ്ലി ഏറ്റെടുത്തിട്ടുള്ളത് മുന്-ധനമന്ത്രി ചിദംബരത്തിൽ നിന്നും തന്നെയാണ്. കാരണം, ധനകമ്മിക്കു ഈ ലക്ഷ്യങ്ങൾ നിർവചിച്ചു വെച്ചത് അദ്ദേഹമാണ്. 2014 ജൂലായിൽ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിൽ ജൈറ്റ്ലി തന്നെ പറഞ്ഞത്, ചിദംബരം തനിക്കു നല്കിയിട്ടുള്ള ധനകമ്മി-ലക്ഷ്യങ്ങൾ "വളരെ ദുഷ്കരമാണ്", എങ്കിലും താനത് ഒരു "വെല്ലുവിളി" പോലെ ഏറ്റെടുക്കുന്നു എന്നാണു. അതായത്, ചിദംബരം വിട്ടയിടത്തു നിന്നാണ് ജൈറ്റ്ലിയുടെ തുടക്കം. 2014 ജൂലായിലെ ജൈറ്റ്ലിയുടെ ബജറ്റ് വിശകലനം ചെയ്തു ഞാൻ "ചിന്ത"യിൽ എഴുതിയ ലേഖനത്തിൽ ("ഏറെയും തുടര്‍ച്ച തന്നെ; ഒരു മാറ്റവുമില്ല ഒന്നിനും") 2016-17 വരെയും സാമൂഹ്യ മേഖലകളിലെ ചെലവുകൾ വെട്ടിക്കുറച്ചു കൊണ്ടേ അദ്ദേഹത്തിനു ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ എന്ന് എഴുതിയിരുന്നു. അത് ശരിയായി വന്നു എന്നാണ് 2015-16 ലേക്കുള്ള ജൈറ്റ്ലിയുടെ ബജറ്റ് കണക്കുകൾ കാണിക്കുന്നത്.

ചെലവ് കുറക്കൽ

കണക്കുകൾ കാണിക്കുന്നത്, 2014-15 ൽ ധനകമ്മി 4.1 ശതമാനത്തിൽ നിർത്താൻ ജൈറ്റ്ലി തന്റെ ചെലവുകൾ ഭീകരമായ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ട് എന്നാണു. മൊത്തം ചെലവിനെ പദ്ധതി (plan) ചെലവുകൾ, പദ്ധതിയേതര ചെലവുകൾ എന്നാണല്ലോ തരംതിരിച്ചിട്ടുള്ളത്. പദ്ധതി ചെലവുകൾ എടുത്താൽ (അതായത്, കേന്ദ്രത്തിന്റെ പദ്ധതി ചെലവുകളും സംസ്ഥാനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ട പദ്ധതി തുകയും ചേർത്തു മൊത്തം), 2014-15 ലേക്ക് ജൈറ്റ്ലി മാറ്റി വെച്ചിരുന്നത് 575000 കോടി രൂപയായിരുന്നു. എന്നാൽ പുതുക്കിയ കണക്കുകൾ കാണിക്കുന്നത് ജൈറ്റ്ലി ചെലവഴിച്ചത് വെറും 467934 കോടി രൂപ മാത്രം എന്നാണ്. അതായത്, ഒരു ലക്ഷത്തിൽപ്പരം കോടി രൂപയുടെ വെട്ടിക്കുറക്കൽ! ഇത് പദ്ധതി ചെലവിന്റെ കാര്യം. പദ്ധതിയേതര ചെലവും ഇത് പോലെ വെട്ടിക്കുറച്ചു. അങ്ങിനെ, മൊത്തം ചെലവിൽ ഉണ്ടായ കുറവ് തന്നെ 113734 കോടി രൂപ. ഇനി, അടുത്ത വർഷത്തേക്കോ? അവിടെയും കുറവ് വരുത്തിയിരിക്കുന്നു. 2014-15 ൽ ചെലവ് ചെയ്തത് 467934 കോടി രൂപ ആയിരുന്നെങ്കിൽ, 2015-16 വർഷത്തേക്ക് ജൈറ്റ്ലി വകയിരുത്തിയിരിക്കുന്നത് 465277 കോടി രൂപ മാത്രം. അതായത്, 2657 കോടി രൂപയുടെ കുറവ്.

പ്രത്യേകം മേഖലകൾ എടുത്തു പരിശോധിച്ചാൽ, സാമൂഹ്യ മേഖലകളിലാണ് വലിയ തോതിൽ കുറവ് 2014-15 ൽ ഉണ്ടായത് എന്ന് കാണാം. പട്ടികജാതി പ്രത്യേക ഘടക പദ്ധതി (എസ്.സി.പി) എടുത്തു നോക്കാം. 2013-14 വർഷത്തിൽ എസ്.സി.പി യിൽ മൊത്തം ചെലവഴിച്ചത് 34722 കോടി രൂപ. 2014-15 ലേക്ക് വകയിരുത്തിയിരുന്നത് 50548 കോടി രൂപ. പക്ഷെ, ചെലവഴിക്കപ്പെട്ടത്‌ വെറും 33638 കോടി രൂപ. അതായത്, 16910 കോടി രൂപയുടെ വെട്ടിക്കുറക്കൽ. അടുത്ത 2015-16 വർഷത്തേക്കോ? അതാകട്ടെ, വെറും 30850 കോടി രൂപ. 2014-15 ൽ വകയിരുത്തിയ തുകയിൽ നിന്ന് പോലും കുറവ് !!

ഇനി, പട്ടികവർഗ ഉപപദ്ധതി (റ്റി.എസ്.പി) എടുക്കാം. 2013-14 ൽ ചെലവഴിച്ചത് 22039 കോടി രൂപ. 2014-15 ലേക്ക് വകയിരുത്തിയത് 32386 കോടി രൂപ. എന്നാൽ, ചെലവഴിച്ചതോ? വെറും 20535 കോടി രൂപ. അതായത്, 11851 കോടി രൂപയുടെ കുറവ്. ഇവിടെയും, അടുത്ത വർഷത്തേക്കുള്ള വകയിരിപ്പും കുറവ് തന്നെ. 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് വെറും 19979 കോടി രൂപ മാത്രം!

അങ്ങിനെ, എസ്.സി.പി-യും റ്റി.എസ്.പി-യും മൊത്തമെടുത്താൽ, 2014-15 വർഷത്തിൽ ദളിതർക്കും ആദിവാസികൾക്കും വകയിരുത്തിയിട്ട് ചെലവഴിക്കാതിരുന്നത് 28761 കോടി രൂപയായിരുന്നു. ഈ രണ്ടു മേഖലകളിലും 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് 2014-15 ലെ പുതുക്കിയ കണക്കിനേക്കാൾ 3344 കോടി രൂപ കുറവ്!

ഇനി, കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ കാര്യമെടുക്കാം. 2014-15 ൽ വകയിരുത്തിയത് 81075 കോടി രൂപ. എന്നാൽ ചെലവഴിച്ചത്, 11188 കോടി രൂപ വെട്ടിക്കുറച്ചിട്ട്‌, 69887 കോടി രൂപ മാത്രം. 2015-16 ൽ ഈ തുക ഇനിയും കുറയാൻ പോകുകയാണ്. 2015-16 ലേക്ക് വകയിരുത്തിയിട്ടുള്ളത് 57918 കോടി രൂപ മാത്രം; അതായത്, 11969 കോടി രൂപ കുറവ്.

സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ-ക്ഷേമം, ഗ്രാമീണ-വികസനം, ആരോഗ്യം ഇങ്ങിനെ മറ്റു മേഖലകൾ എടുത്താലും ഇത് തന്നെ സ്ഥിതി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യമാണ് ഇതിലും പരിതാപകരം. ബജറ്റ് പ്രസംഗത്തിനു രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തൊഴിലുറപ്പ് പദ്ധതിയെ പാർലമെന്റിൽ പരിഹസിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ പരാജയത്തിന്റെ നിലനില്ക്കുന്ന സ്മാരകമാണ് ഈ പദ്ധതിയെന്നും, പാവപ്പെട്ടവരെ കഠിനമായ ജോലി ചെയ്യിച്ചു ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും ഒക്കെയായിരുന്നു മോഡിയുടെ പ്രസംഗം. എന്നാൽ അങ്ങിനെയെങ്കിൽ ഈ പദ്ധതി നിർത്തലാക്കി കൂടേ? അതിനു ധൈര്യമില്ല. അതിനാൽ, നികുതി വരുമാനം കൂടിയാൽ ഒരു 5000 കോടി രൂപ കൂട്ടിയിടാം എന്ന ഒരു ദുർബല-വാഗ്ദാനം മാത്രമാണ് ബജറ്റിലുള്ളത്. തീർച്ചയായും, തൊഴിലുറപ്പ് പദ്ധതി വലിയ പ്രതിസന്ധിയിലാണ്. അതിനു തുടക്കം കുറിച്ചത് രണ്ടാം യു.പി.എ സർക്കാരാണ്. ഈ പദ്ധതിക്കുള്ള പണം വർദ്ധിപ്പിക്കാതെ നിർത്തിയാണ് യു.പി.എ സർക്കാർ ഈ പദ്ധതിയെ വർഷങ്ങളോളം പ്രതിസന്ധിയിലാക്കിയത്. രാജ്യമൊട്ടാകെ 4000 കോടിയോളം രൂപ വേതന-കുടിശ്ശികയായി നിർത്തിയാണ് ആ സർക്കാർ പിരിഞ്ഞു പോയത്. പുതിയ സർക്കാരോ? ആദ്യം, ഈ പദ്ധതിയിലെ "നിയമപരമായ ഉറപ്പു" എന്ന ഭാഗം മാറ്റി ഒരു ഉറപ്പില്ലാത്ത സാധാരണ ഒരു സർക്കാർ പദ്ധതിയാക്കി മാറ്റാൻ ശ്രമിച്ചു. നടന്നില്ല. പിന്നീട് 100 ദിവസം തൊഴിൽ എന്ന വകുപ്പ് എടുത്തു മാറ്റാൻ ശ്രമം നടന്നു. പിന്നീട്, വേതന-ഉപകരണ അനുപാതം 60:40 ൽ നിന്നും 51:49 ആക്കി കുറക്കാൻ ശ്രമിച്ചു. ഒടുവിൽ, ഈ ബജറ്റിൽ, വകയിരുത്തൽ വർദ്ധിപ്പിക്കാതെ നോക്കൽ. ഇങ്ങിനെ നിരന്തരമായി ഈ പദ്ധതിയെ കഴുത്തു ഞെരിച്ചു കൊല്ലുക എന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ പയറ്റി കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ, 2014-15 ൽ ധനകമ്മി 4.1 ശതമാനത്തിൽ നിർത്താൻ ജൈറ്റ്ലി ചെയ്തത് ചിലവുകൾ വലിയ തോതിൽ വെട്ടിക്കുറക്കുകയാണ്. അടുത്ത വർഷത്തേക്ക് ജൈറ്റ്ലി ലക്‌ഷ്യം വെക്കുന്നത് 3.9 ശതമാനം ധനകമ്മിയാണ്. അതിനും, അദ്ദേഹം ലക്‌ഷ്യം വെക്കുന്നത് സാമൂഹ്യ ചെലവുകൾ വെട്ടിക്കുറക്കുക എന്ന തന്ത്രമാണ്.

ഈ കുറവുകൾ എല്ലാം വരുത്തിയിട്ടുണ്ടെങ്കിലും തങ്ങൾ 70000 കോടി രൂപ പുതിയതായി പൊതു-മുതൽമുടക്ക് കൊണ്ട് വരുന്നു എന്നതാണ് ജൈറ്റ്ലിയുടെ അവകാശവാദം. വെറും പൊള്ളയാണ്‌ ഈ വാദം. ഒന്നാമതായി, ചിലർ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ, മുതൽമുടക്കിന് എത്ര ധന-വ്യാപ്തി (fiscal space) ബജറ്റിൽ ഇട്ടു വെച്ചിട്ടുണ്ട് എന്ന് നോക്കിയാൽ തീരെയില്ല എന്ന് കാണാം. ധന-കമ്മിയും റവന്യൂ-കമ്മിയും തമ്മിലുള്ള വ്യത്യാസത്തെ മുതൽമുടക്കിനുള്ള ധന-വ്യാപ്തിയായി കാണാം. ഈ വ്യത്യാസം 2014-15 ൽ ജി.ഡി.പിയുടെ 1.2 ശതമാനം ആയിരുന്നു. എന്നാൽ, 2015-16 ൽ ഈ വ്യത്യാസം വർദ്ധിക്കുന്നതിനു പകരം കുറയുകയാണ്; 1.1 ശതമാനം മാത്രം (ധനകമ്മി 3.9 ശതമാനവും റവന്യൂകമ്മി 2.8 ശതമാനവും). 2017-18 ആകുമ്പോഴേക്കും ഈ വ്യത്യാസം ഇനിയും ചുരുങ്ങി 1 ശതമാനം മാത്രമാകും. പിന്നെയെവിടെ നിന്നാണ് മുതൽമുടക്കുണ്ടാവുക? രണ്ടാമതായി, എവിടെയൊക്കെ, എങ്ങിനെയൊക്കെയാണ് ഈ പൊതു-മുതൽമുടക്ക് ഉണ്ടാവുക എന്നതിനെ പറ്റി ഒരു ധാരണയും ബജറ്റിലില്ല. വെറുതെ വാക്കുകൾ കൊണ്ടുള്ള കളി മാത്രമാണ് ബജറ്റ് പ്രസംഗത്തിൽ ഉടനീളം.

നികുതി വരുമാനം

ധനകമ്മി 4.1 ശതമാനത്തിൽ നിർത്തുന്നതിനു വേണ്ടി ചെലവുകൾ കുറക്കാൻ ജൈറ്റ്ലി ഒരു അമാന്തവും കാണിച്ചിട്ടില്ല. എന്നാൽ, ഇതേ ആവേശം നികുതി പിരിക്കുന്നതിൽ ഉണ്ടായിരുന്നെങ്കിൽ ഈ ചെലവു-വെട്ടിക്കുറക്കൽ വേണ്ടി വരുമായിരുന്നില്ല. 2014 ജൂലായിലെ ബജറ്റിൽ ജൈറ്റ്ലി ലക്‌ഷ്യം വെച്ചതു ജി.ഡി.പിയുടെ 10.6 ശതമാനം നികുതിയായി പിരിക്കും എന്നായിരുന്നു. എന്നാൽ, ഈ ബജറ്റിലെ കണക്കു കാണിക്കുന്നത് ജി.ഡി.പിയുടെ 9.9 ശതമാനം മാത്രമേ നികുതിയായി പിരിക്കാൻ കഴിഞ്ഞുള്ളു എന്നാണ്. ഇവിടെയാണ്‌ ബജറ്റിന്റെ വർഗ-സ്വഭാവം വെളിപ്പെട്ടു വരുന്നത്. പണക്കാർക്കും കോർപ്പറേറ്റ് മുതലാളിമാർക്കും വലിയ തോതിൽ നികുതി ഇളവുകൾ നല്കുകയും, അവരിൽ നിന്ന് നികുതികൾ പിരിക്കാതിരിക്കുകയും ചെയ്തതാണ് ഇത്തരത്തിൽ നികുതി വരുമാനം വളരാതിരിക്കാൻ കാരണം. ബജറ്റിനോപ്പം വരുന്ന ഒരു രേഖയാണ് വിവിധ നികുതിയിളവുകൾ കാരണം സർക്കാരിന് നഷ്ടം വന്ന നികുതിവരുമാനത്തിന്റെ കണക്ക്. നേരിട്ടുള്ള നികുതികൾക്ക് മേൽ (അതായത്, വരുമാനത്തിന്മേലുള്ള നികുതിയും കോർപ്പോറേറ്റ് നികുതിയും ഒരുമിച്ചു) ഇളവുകൾ നല്കിയത് കാരണം 2013-14 ൽ 93047 കോടി രൂപ നഷ്ടമായിരുന്നു. ഇത്, 2014-15 ൽ ഒരു ലക്ഷത്തിൽപ്പരം കോടി രൂപയായി വർദ്ധിച്ചു. എക്സൈസ്, കസ്റ്റംസ് നികുതികൾക്ക് മേൽ നല്കിയ ഇളവുകൾ കാരണം 2013-14 ൽ നഷ്ടപ്പെട്ടത് 4.56 ലക്ഷം കോടി രൂപ. ഇത് 2014-15 ൽ വർദ്ധിച്ചു 4.86 ലക്ഷം കോടി രൂപയായി കൂടി. അങ്ങിനെ, മൊത്തത്തിൽ, നഷ്ടപ്പെട്ട നികുതികൾ 2013-14 ൽ 5.49 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ, 2014-15 ൽ അത് വർദ്ധിച്ചു 6 ലക്ഷം കോടി രൂപയായി. ഇത് ഇന്ത്യയുടെ മൊത്തം ധനകമ്മിയേക്കാൾ കൂടുതലാണ് എന്നതാണ് രസകരം. ഈ നികുതിയുടെ ഒരു ഭാഗമെങ്കിലും പിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സാമൂഹ്യ മേഖലകളിൽ ജൈറ്റ്ലി വരുത്തിയ ചെലവുകളുടെ വെട്ടിക്കുറക്കൽ ഒഴിവാക്കാമായിരുന്നു.

കോർപ്പറേറ്റ്കളിൽ നിന്ന് കഴിഞ്ഞ വർഷം നികുതികൾ പിരിച്ചെടുത്തില്ല എന്ന് മാത്രമല്ല, അടുത്ത വർഷത്തേക്കുള്ള നികുതി വ്യവസ്ഥയിലും അവർക്ക് ഒട്ടേറെ ഇളവുകൾ ജൈറ്റ്ലി ബജറ്റിൽ നല്കിയിരിക്കുന്നു. അതിലേറ്റവും പ്രധാനം കോർപ്പറേറ്റ് നികുതികൾ 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചതാണ്. ബജറ്റ് പ്രസംഗത്തിൽ, ഇത്തരത്തിൽ നികുതികൾ കുറച്ചിട്ടുണ്ടെങ്കിലും മറ്റു പല കോർപ്പറേറ്റ് നികുതി ഇളവുകളും ഇല്ലാതാക്കുമെന്നും ജൈറ്റ്ലി പറയുന്നുണ്ട്. എന്നാൽ, ഏതൊക്കെ ഇളവുകളാണ് ഇല്ലാതാക്കാൻ പോകുന്നത് എന്ന് പറയുന്നുമില്ല. കോർപ്പറേറ്റ് നികുതി വരുമാനം കുറയാതെ നിർത്തും എന്ന് പറഞ്ഞിട്ടുമില്ല. അതായത്, വലിയ തോതിലുള്ള വരുമാന-നഷ്ടമാണ് ഇത് വഴി സർക്കാരിന് ഉണ്ടാകാൻ പോകുന്നത് എന്നർത്ഥം.

ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്‌. കോർപ്പറേറ്റ് നികുതി നിരക്കുകൾ രണ്ടു തരമുണ്ട്: നിശ്ചിതമായ (stated) നിരക്കും യഥാര്‍ത്ഥത്തിലുള്ള (effective) നിരക്കും. വ്യത്യാസം എന്തെന്നാൽ, നിശ്ചിതമായ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ഇളവുകൾ നല്കി യഥാര്‍ത്ഥത്തിലുള്ള നിരക്കേ ഈടാക്കാറുള്ളൂ. ഓ.ഈ.സി.ഡി രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ നോക്കിയാൽ, നിശ്ചിത നികുതി നിരക്ക് 30 ശതമാനവും യഥാർത്ഥ നികുതി നിരക്ക് 27 ശതമാനവും ആണ്. ഇന്ത്യയിൽ നിശ്ചിത നികുതി നിരക്ക് 30 ശതമാനവും യഥാർത്ഥ നികുതി നിരക്ക് 23 ശതമാനവും ആണ്. അതായത്, ഇന്ത്യയിൽ 30 ശതമാനം കോർപ്പറേറ്റ് നികുതി ഉണ്ടെങ്കിലും, 23 ശതമാനം മാത്രമേ ശരാശരിയായി പിരിക്കാറുള്ളൂ. അതായത്, ഇന്ത്യയിലെ യഥാർത്ഥ കോർപ്പറേറ്റ് നികുതി നിരക്ക് വികസിത രാജ്യങ്ങളിലെ കോർപ്പറേറ്റ് നികുതി നിരക്കിനേക്കാൾ ഇപ്പോൾ തന്നെ കുറവാണ്. ശരാശരി നികുതി നിരക്ക് 23 ശതമാനം ആണെങ്കിലും, വലിയ കോർപ്പറേറ്റ് കമ്പനികൾ ഇതിലും കുറവേ നികുതി നല്കാറുള്ളൂ (മാർച്ച്‌ രണ്ടിലെ "ബിസിനസ് സ്റ്റാൻഡേർഡ്" പത്രം കാണുക). ഉദാഹരണത്തിന്, ഐഡിയ ടെലികോം കമ്പനി നല്കുന്നത് 17 ശതമാനം നികുതി മാത്രം. ഇമാമി എന്ന എഫ്.എം.സി.ജി കമ്പനി നല്കുന്നത് 13.9 ശതമാനം നികുതി മാത്രം. മഹിന്ദ്ര ആൻഡ്‌ മഹിന്ദ്ര എന്ന വാഹന കമ്പനി നല്കുന്നത് 8 ശതമാനം നികുതി മാത്രം. അഡാനിയുടെ തുറമുഖ കമ്പനി നല്കുന്നത് 4.6 ശതമാനം നികുതി മാത്രം. ജിണ്ടാൽ സ്റ്റീൽ കമ്പനി നല്കുന്നത് 1.2 ശതമാനം നികുതി മാത്രം.

ഈ കമ്പനികളുടെ നികുതി നിരക്ക് കൂട്ടണം എന്ന ആവശ്യത്തിൽ ജൈറ്റ്ലിക്കു പ്രത്യേകിച്ചു താൽപ്പര്യമൊന്നുമില്ല. എന്നാൽ, ഇന്ത്യയിലെ കോർപ്പറേറ്റ് നികുതി നിരക്ക് അഞ്ച് ശതമാനം കണ്ട് കുറയ്ക്കാൻ വലിയ ആവേശവും. അപ്പോൾ, യഥാർത്ഥ കോർപ്പറേറ്റ് നികുതി നിരക്ക് 23 ശതമാനത്തിൽ നിന്നും വീണ്ടും കുറയുമെന്നർത്ഥം. അങ്ങിനെ, ലോകത്ത് ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുള്ള രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് മോഡി സർക്കാരിന് വേണ്ടി ജൈറ്റ്ലി നടത്തുന്നത്. ഇതിനെ മോഡിയുടെ തന്നെ "മേക് ഇൻ ഇന്ത്യ" എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി കാണണം. ഇന്ത്യയിൽ ഉത്പാദനം നടത്താൻ വിദേശ കമ്പനികൾ വരണമെങ്കിൽ അവർക്ക് ഒട്ടേറെ ഇളവുകൾ നല്കണം. കോർപ്പറേറ്റ് നികുതി കുറച്ചു കഴിഞ്ഞു. ഇതിനൊപ്പം, ഭൂമി ഏറ്റെടുക്കൽ നിയമം കൂടുതൽ ഉദാരമാക്കാൻ ഒരു കർഷക-വിരുദ്ധ ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കാനും തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കാനും നിയമങ്ങൾ കൊണ്ട് വന്നു കഴിഞ്ഞു. അങ്ങിനെ, പരിപൂർണമായും കോർപ്പറേറ്റ്കൾക്കുള്ള ഇളവുകളിൽ അടിസ്ഥാനമാക്കിയ ഒരു സാമ്പത്തിക തന്ത്രമാണ് "മേക് ഇൻ ഇന്ത്യ" എന്നത്. ഈ ബജറ്റ് കോർപ്പറേറ്റ് നികുതിയിളവ് വഴി അതിലേക്കുള്ള ഒരു പ്രധാന സംഭാവന നല്കുന്നു.

എവിടെ നിന്നും പിരിക്കാം?

ഏതൊക്കെ സ്രോതസ്സുകളായിരുന്നു കൂടുതൽ നികുതി പിരിക്കാൻ ജൈറ്റ്ലിക്കു മുമ്പിൽ തുറന്ന് കിടന്നിരുന്നത്? ആദ്യമായി, ഇന്ത്യയിൽ ഇത് വരെയും കൊണ്ട് വന്നിട്ടില്ലാത്ത നികുതിയാണ് പാരമ്പര്യ-സ്വത്ത് നികുതി (inheritance tax). അതായത്, ഒരു നിശ്ചിത അളവിൽ കൂടുതൽ സ്വത്ത് കൈവശം വെച്ചിരിക്കുന്നവർ അത് മക്കൾക്കോ മറ്റുള്ളവർക്കോ മരണശേഷം കൈമാറുമ്പോൾ, ഒരു നികുതി കൊടുക്കണം. എല്ലാ വികസിത രാജ്യങ്ങളിലും ഈ നികുതിയുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമില്ല. രണ്ടാമതായി, സ്റ്റോക്ക്‌ വിപണികളിൽ നിന്നും ലഭിക്കുന്ന വരുമാനമാണല്ലോ മൂലധന-കച്ചവട നേട്ടം (capital gains). ഇങ്ങിനെ കിട്ടുന്ന നേട്ടം രണ്ടു തരമുണ്ട്: ഹ്രസ്വകാല നേട്ടവും ദീർഘകാല നേട്ടവും. ഹ്രസ്വകാല നേട്ടത്തിന്മേൽ ഒരു ചെറിയ നികുതിയുണ്ടെങ്കിലും, ദീർഘകാല നേട്ടത്തിന്മേൽ ഇന്ത്യയിൽ നികുതിയില്ല. മറ്റു രാജ്യങ്ങളിൽ ദീർഘകാല നേട്ടം വരുമാനത്തിന്റെ ഭാഗമായി കൂട്ടി, അതിന്മേൽ വരുമാന-നികുതി ചുമത്താറാണ് ചെയ്യുന്നത്. ഇത് ഇന്ത്യയിലും കൊണ്ട് വരണമെന്ന് ഏറെക്കാലമായി തന്നെ ആവശ്യമുണ്ട്. ഇതും ജൈറ്റ്ലിക്കു പഥ്യമല്ല. കാരണം, സ്റ്റോക്ക്‌ വിപണികൾ പിണങ്ങും. മൂന്നാമതായി, ഇന്ത്യയിൽ നികുതി കൊടുക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം "വിഭജിക്കാത്ത ഹിന്ദു കുടുംബം" എന്ന നിയമപരമായ രൂപം ഉപയോഗിക്കലാണ്. വിഭജിക്കാത്ത ഹിന്ദു കുടുംബം എന്നത് ഒരു കമ്പനിയായി ഇന്ത്യയിൽ നിയമപരമായി നിർവചിക്കാം. ഈ കമ്പനി സാധാരണയായി ബിസിനസ് ചെയ്യുന്ന ഒരു ഹിന്ദു കുടുംബം ആയിരിക്കും. ഈ കുടുംബത്തിനുള്ള ഏതൊരു വരുമാനവും ആ കുടുംബത്തിന്റെ നാഥൻ അതിന്റെ അംഗങ്ങൾക്ക് വീതിച്ചു നൽകിയാൽ, അങ്ങിനെ ആ അംഗങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്മേൽ നികുതിയില്ല. ഈ സ്ഥിതി മാറ്റണം എന്നത് ഏറെ കാലമായുള്ള ഒരു ആവശ്യമാണ്‌. ഇത്തരത്തിൽ ഒട്ടേറെ സ്രോതസ്സുകൾ ഉണ്ടായിട്ടും, ജൈറ്റ്ലി അതൊന്നും തന്നെ തേടുകയേ ഉണ്ടായിട്ടില്ല. വീണ്ടും ഈ സർക്കാരിന്റെ വർഗ-സ്വഭാവം തന്നെയാണ് ഇവിടെയും വെളിപ്പെടുന്നത്.

സംസ്ഥാനങ്ങൾക്ക് കൂടുതൽ പണമോ?

സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം താൻ കൈമാറിയിട്ടുണ്ട് എന്ന ഒരു അവകാശവാദവും ജൈറ്റ്ലി ബജറ്റിൽ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതും പൊള്ളയാണ്‌. പതിനാലാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, ചിലവഴിക്കാൻ പൂർണ സ്വാതന്ത്ര്യത്തോടെ (untied funds), സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നല്കണം എന്ന് നിർദേശമുണ്ട്. ഇത് ജൈറ്റ്ലിയുടെ ഔദാര്യമൊന്നുമല്ല. അങ്ങിനെ, 62 ശതമാനം പണം ഇപ്പോൾ സംസ്ഥാനങ്ങൾക്ക് കിട്ടണം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൊടുക്കുന്ന പണം രണ്ടു തരമുണ്ട്. ഒന്ന്, പൊതു നികുതികളിൻ മേൽ സംസ്ഥാനങ്ങളുടെ പങ്ക്. രണ്ട്, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കുന്ന ധനസഹായം (central assistance). എന്താണ് ഉണ്ടായിട്ടുള്ളത്? ആദ്യത്തേത് കൂട്ടേണ്ടി വന്നു; അതിനാൽ, രണ്ടാമത്തേത് കുറച്ചു. പൊതു നികുതികളിൻ മേൽ സംസ്ഥാനങ്ങളുടെ പങ്ക് ജി.ഡി.പിയുടെ 1.05 ശതമാനം കണ്ടു ഉയർന്നു (ഇതാണ് ധനകാര്യ കമ്മീഷന്റെ നിർദേശം). എന്നാൽ, അതേ സമയം, സംസ്ഥാനങ്ങൾക്ക് നല്കുന്ന ധനസഹായം ജി.ഡി.പിയുടെ 0.75 ശതമാനം കണ്ടു കുറച്ചു. അങ്ങിനെ, സംസ്ഥാനങ്ങൾക്ക് അറ്റാദായം ജി.ഡി.പിയുടെ വെറും 0.3 ശതമാനം. ഒരു കൈ കൊണ്ട് കൊടുക്കാൻ നിർബന്ധിതനാവുക, എന്നാൽ മറ്റേ കൈ കൊണ്ട് തിരിച്ചു വാങ്ങുക എന്ന കുടിലതന്ത്രമാണ് ഇവിടെ ജൈറ്റ്ലി പ്രയോഗിച്ചത്. എന്നിട്ട്, തങ്ങൾ കൂടുതൽ പണം സംസ്ഥാനങ്ങൾക്ക് നൽകി എന്ന പൊള്ളയായ അവകാശവാദവും.

ഉപസംഹാരം

ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് പറയേണ്ടി വരുന്നത്: ജൈറ്റ്ലിയുടെ ബജറ്റ് പൂർണമായും ഒരു കോർപ്പറേറ്റ് ബജറ്റാണെന്ന്. കോർപ്പറേറ്റ്കൾക്ക് കൂടുതൽ ഇളവുകൾ നല്കുക എന്ന ഒരു ഒറ്റ തന്ത്രത്തിൽ ഊന്നി, സാമ്പത്തിക വളർച്ച കൈവരിക്കാനാണ് ശ്രമം. പൊതു-മുതൽമുടക്ക് കൂട്ടും എന്നൊക്കെയുള്ളത് അർത്ഥമില്ലാത്ത പൊങ്ങച്ചങ്ങൾ മാത്രം. മറുവശത്ത്‌, ദരിദ്രർക്ക്, പ്രത്യേകിച്ചു ദളിതർ, ആദിവാസികൾ, കുട്ടികൾ എന്നിവർക്ക്, ഉള്ള ചെലവുകൾ ഭീമമായി തന്നെ കഴിഞ്ഞ വർഷം വെട്ടിക്കുറച്ചു; മാത്രമല്ല, അടുത്ത വർഷത്തേക്കുള്ളതും വെട്ടിക്കുറച്ചിരിക്കുന്നു. നല്ല നാൾ (അച്ഛേ ദിൻ) വരും എന്ന വാഗ്ദാനമായിരുന്നല്ലൊ മോഡിയുടെ തിരഞ്ഞെടുപ്പിലെ തുരുപ്പ്ചീട്ട്. നല്ല നാൾ കോർപ്പറേറ്റ്കൾക്ക് മാത്രം എന്ന് ഇടതുപക്ഷം അന്ന് പറഞ്ഞത് ദിനംപ്രതി കൂടുതൽ വ്യക്തമായി വരുന്നു.

(ചിന്ത വാരികക്ക് വേണ്ടി എഴുതിയത്; www.chintha.in)