Wednesday, January 27, 2016

മതനിരപേക്ഷതയും വികസനവും: സംഘപരിവാറിന്റെ നയപരിപാടികളിലൂടെ

ആർ. രാംകുമാർ

(നാലാം അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്സിലെ "മതനിരപേക്ഷതയും വികസനവും" എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിലെ പ്രസംഗം)

മതനിരപേക്ഷതയും വികസനവും തമ്മിലുള്ള ബന്ധമെന്താണ് എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. പലപ്പോഴും, ഈ രണ്ടു സങ്കൽപ്പങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയുള്ള ഉത്തരമാണ് ചോദ്യങ്ങൾക്ക് ലഭിക്കുക. ഈ ലേഖനത്തിൽ എനിക്ക് അവതരിപ്പിക്കാനുള്ള വാദം ഇതാണ്: വികസനത്തിന്റെ ഒരു അഭേദ്യമായ ഘടകമാണ് മതനിരപേക്ഷത. വികസനത്തിൽ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമായി നില്ക്കുന്നത് തന്നെ മതനിരപേക്ഷതയാണ്. ഇന്ത്യയുടെ അന്തരീക്ഷത്തിൽ വർഗീയത ചരിത്രപരമായി വളർന്നു വന്നിട്ടുള്ള സാഹചര്യം പരിശോധിച്ചാൽ, വികസനത്തിൽ എപ്പോഴും പിന്നിൽ നിന്നിട്ടുള്ള ജനവിഭാഗങ്ങളെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹ്യമായും അടിച്ചമർത്തിയിട്ടുള്ള പാരമ്പര്യമാണ് ഈ വർഗീയതക്കുള്ളത് എന്ന് കാണാം. മതനിരപേക്ഷതയിൽ കൂടിയല്ലാതെ ഈ ജനവിഭാഗങ്ങളിലേക്ക് വികസനം കൊണ്ടു ചെല്ലാൻ കഴിയില്ല.

രണ്ടു ഭാഗങ്ങളിലായി ഈ ലേഖനം തിരിച്ചിരിക്കുന്നു. ഒന്നാമത്തെ ഭാഗം പരിശോധിക്കുന്ന ചോദ്യം ഇതാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയുടെ സർക്കാർ പ്രതിനിധാനം ചെയ്യുന്നത് ഒരു വശത്ത്‌ ആക്രമണോത്സുകമായ ഹിന്ദുത്വ രാഷ്ട്രീയവും, മറുവശത്ത്‌ തീർത്തും നവ-ലിബറൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാമ്പത്തിക നയവുമാണ്. ഈ സംയോഗം പലരേയും അദ്ഭുതപ്പെടുത്തുന്നുണ്ട്. കാരണം, സംഘപരിവാർ ശക്തികൾ (ആർ.എസ്.എസ്., ജനസംഘം തുടങ്ങിയവ) ഒരിക്കലും ഒരു നവ-ലിബറൽ സാമ്പത്തിക നയത്തിന്റെ വക്താക്കളായി സ്വാതന്ത്ര്യാനന്തര-ഇന്ത്യയിൽ അറിയപ്പെട്ടിട്ടില്ല. അങ്ങിനെയെങ്കിൽ, ഇന്ന് നമ്മൾ കാണുന്ന ഹിന്ദുത്വത്തിന്റെയും നവ-ലിബറലിസത്തിന്റെയും സംയോഗം എങ്ങിനെയാണ് വിശദീകരിക്കാൻ കഴിയുക? അതെപ്പോൾ, എങ്ങിനെയുണ്ടായി?

ഇവിടെ കിട്ടുന്ന ഉത്തരത്തിൽ നിന്നും മുന്നേറി കൊണ്ടാണ് രണ്ടാം ഭാഗത്തിൽ പരിശോധിക്കുന്ന ചോദ്യം ഉയരുന്നത്: സംഘപരിവാറിന്റെ ഹിന്ദുത്വ-നവലിബറൽ അജണ്ടയും ഇന്ത്യയിലെ വികസന വെല്ലുവിളികളും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? ആരാണ് ഈ നയങ്ങളുടെ ഗുണഭോക്താക്കൾ? ആരാണ് ഈ നയങ്ങളാൽ പിന്തള്ളപ്പെടുന്നത്?

സ്വദേശിവാദികൾ എങ്ങിനെ നവ-ലിബറലുകളായി?

സംഘപരിവാറിന്റെ പ്രമുഖ ആദ്യകാല നേതാക്കൾക്ക് സാമ്പത്തിക നയങ്ങളെ പറ്റി പ്രത്യേകം അഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല. കേശവ് ബലിരാം ഹെഡ്ഗെവാർ, മാധവ് സദാശിവ് ഗോൾവാൾക്കർ എന്നിവരുടെ എഴുത്തുകളിൽ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ പറ്റിയും ഹിന്ദുരാഷ്ട്രത്തിന്റെ മഹത്വത്തെ പറ്റിയും ഒരുപാട് വായിക്കാം. എന്നാൽ, ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക നയം ആ രാഷ്ട്രത്തിന്റെ ആത്മീയമായ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയതാകണം എന്ന് ഗോൾവാൾക്കർ ചിലയിടത്ത് എഴുതിയത് ഒഴിച്ചു നിർത്തിയാൽ, സാമ്പത്തികകാര്യങ്ങളെ കുറിച്ചു ചർച്ച വളരെ കുറവാണ്. ഭാരതീയ ജനസംഘം എന്ന പാർട്ടിയുണ്ടാവുന്നത് 1951-ൽ ആണ്. ഈ പാർട്ടിയുടെ ആദ്യകാല നയങ്ങൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത്‌ ഇതാണ്. അവർ ഭൂപരിഷ്ക്കരണം വേണം എന്ന് പൊതുവെ പറഞ്ഞിരുന്നുവെങ്കിലും, ഒരിക്കലും ഭൂപരിഷ്ക്കരണത്തിനു വേണ്ടി വാദിക്കുകയോ സമരങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. ഉയർന്ന ജാതികളിൽ പെട്ട ഭൂസ്വാമിമാർ തന്നെയായിരുന്നു അവരുടെ ഒരു പ്രധാന രാഷ്ട്രീയബന്ധു. അവർ ആസൂത്രണത്തിനും പഞ്ചവത്സര പദ്ധതികൾക്കും എതിരായിരുന്നു. സ്വദേശി എന്ന തത്വമായിരുന്നു അവർ മുന്നോട്ട് വെച്ചത്. അതിനെ അവർ നിർവചിച്ചത് വിദേശമൂലധനത്തിൽ അടിസ്ഥാനപ്പെടുത്തിയ വികസനനയങ്ങളോടുള്ള എതിർപ്പിന്റെ രൂപത്തിൽ ആയിരുന്നു; വിദേശ സംസ്കാരങ്ങളോടുള്ള വിധേയത്വത്തിന് എതിരായ സമരങ്ങളുടെ രൂപത്തിലായിരുന്നു; പ്രത്യക്ഷമായ ഉപഭോഗസംസ്കാരങ്ങളെ തള്ളിക്കളയുന്ന വാദങ്ങളുടെ രൂപത്തിലായിരുന്നു.

സാമ്പത്തികനയങ്ങളെ പറ്റിയുള്ള പൂർണ്ണമായ ഒരു അവലോകനം സംഘപരിവാറിനുള്ളിൽ നിന്നും വരുന്നത് പിന്നീട് ദീൻദയാൽ ഉപാധ്യായയിൽ നിന്നാണ്. 1957-ൽ "രണ്ട് പദ്ധതികൾ" (The Two Plans) എന്ന പുസ്തകവും, 1965-ൽ "സമഗ്ര മാനുഷികത്വം" (Integral Humanism) എന്ന പുസ്തകവും അദ്ദേഹം എഴുതുകയുണ്ടായി. ഈ പുസ്തകങ്ങളിൽ നിറഞ്ഞു നില്ക്കുന്ന വാദങ്ങൾ ഇവയാണ്. മുതലാളിത്തവും മാർക്സിസവും തള്ളിക്കളയേണ്ട പ്രത്യയശാസ്ത്രങ്ങൾ ആണ്; ഇവ രണ്ടും മനുഷ്യ-വിരുദ്ധമാണ്. മുതലാളിത്തം സാമ്പത്തിക വീക്ഷണകോണിൽ നിന്ന് മാത്രമാണ് മനുഷ്യനെ കാണുന്നത്. ലാഭം മാത്രമാണ് അതിന്റെ ലക്ഷ്യം. ലാഭം വർദ്ധിപ്പിക്കാൻ എല്ലാത്തരം ചരക്കുകളുടെയും ചോദനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കാൻ ആ വ്യവസ്ഥ നിർബന്ധിതമാണ്. മറു വശത്ത്‌, മാർക്സിസം മനുഷ്യന്റെ സ്വാതന്ത്ര്യങ്ങൾക്കു പുറംതിരിഞ്ഞു നില്ക്കുന്നു. അതൊരു കേന്ദ്രീകൃത വ്യവസ്ഥയാണ്‌. അത് മുന്നോട്ട് വെക്കുന്ന വർഗ-സമരം മാനുഷികമല്ല; മാനുഷികമായിട്ടുള്ളത് വർഗ-മൈത്രി മാത്രമാണ്. ഇന്ത്യയുടെ സാഹചര്യങ്ങളിൽ മുതലാളിത്തവും മാർക്സിസവും അല്ല, നെഹ്രൂവിയൻ സോഷ്യലിസം ആണ് നടപ്പിലായത്; എന്നാൽ, നെഹ്രൂവിയൻ സോഷ്യലിസം ഇന്ത്യയുടെ സാംസ്കാരിക അടിത്തറയെ കണക്കിലെടുക്കുന്നില്ല. ഭാരതീയ സംസ്കാരത്തിൽ ഊന്നിയ ഒരു "മൂന്നാം വഴി"യാണ് മുതലാളിത്തത്തിനും മാർക്സിസത്തിനും ബദലായി ഉപാധ്യായ മുൻപോട്ട് വെക്കുന്നത്. ഉപാധ്യായയുടെ ഈ മൂന്നാം വഴി സിദ്ധാന്തം ഇറ്റലിയിലെ ഫാസിസ്റ്റ്കളുടെ "ഞങ്ങൾ ഇടതുമല്ല വലതുമല്ല" എന്ന വാദവുമായി വലിയ സാദൃശ്യം ഉള്ളതാണ് എന്ന് പ്രളയ് കനുൻഗോയെ പോലെയുള്ള രാഷ്ട്രതന്ത്ര വിദഗ്ദർ എഴുതിയിട്ടുണ്ട്. ഉപാധ്യായയുടെ ഈ വാദങ്ങളിൽ തൂങ്ങിയാണ് അടൽ ബിഹാരി വാജ്പേയിയെ പോലുള്ള ജനസംഘം നേതാക്കൾ 1960-കളിലും ഒക്കെ "അപ്പ്രോപ്രിയേറ്റ് സാങ്കേതികവിദ്യ" എന്ന സങ്കൽപ്പത്തിൽ നിന്ന് തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ വലിയ ഘനവ്യവസായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളെ എതിർത്തത്.

ഈ നയം ജനസംഘത്തിന് വലിയ ഗുണം ചെയ്തു. മാർക്സിസ്റ്റ്കാരല്ലാത്തവർ ഒത്തുകൂടിയ ഗാന്ധിയൻ, സോഷ്യലിസ്റ്റ്‌, പരിസ്ഥിതിവാദ വേദികളുമായും പ്രവർത്തകരുമായും സഖ്യങ്ങൾ ഉണ്ടാക്കാൻ അവർക്ക് ഈ നയസമീപനം മൂലം കഴിഞ്ഞു. അങ്ങിനെയാണ് ഗാന്ധിയനായിരുന്ന വിനോഭാ ഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിലും, സോഷ്യലിസ്റ്റ്‌ ആയിരുന്ന ജയപ്രകാശ് നാരായണന്റെ സർവോദയ പ്രസ്ഥാനത്തിലും ഒട്ടേറെ ആർ.എസ്.എസ്. പ്രവർത്തകർ നുഴഞ്ഞു കയറി പങ്കെടുക്കുന്ന സാഹചര്യം ഇവിടെ ഉണ്ടായത്. ഈ അടിസ്ഥാനത്തിൽ കൂടിയാണ് അടിയന്തിരാവസ്ഥ വന്നപ്പോൾ ജയപ്രകാശും മറ്റുമായി എളുപ്പത്തിൽ ധാരണകൾ ഉണ്ടാക്കാൻ ജനസംഘത്തിന് കഴിഞ്ഞത്. ഹിന്ദു ഐക്യം എന്ന ലക്ഷ്യം നടപ്പിൽ വരുത്താൻ നിരന്തരമായി ഈ ധാരണകളിൽ കൂടി അവർ പരിശ്രമിച്ചു.

അടിയന്തിരാവസ്ഥക്ക് ശേഷമുള്ള വർഷങ്ങളിൽ സംഘപരിവാർ പുതിയ രാഷ്ട്രീയനീക്കങ്ങളുമായി മുൻപോട്ടു വന്നു. 1980-ൽ ജനസംഘം ഭാരതീയ ജനത പാർട്ടിയായി (ബി.ജെ.പി) പരിണമിച്ചു. ഈ അവസരത്തിലാണ് ബാലാസാഹിബ് ദേവ്രസും വാജ്പേയിയും ഒക്കെ ചേർന്ന് ബി.ജെ.പി എന്ന പുതിയ പാർട്ടിക്ക് അടിസ്ഥാനമായി "ഗാന്ധിയൻ സോഷ്യലിസം" എന്ന, ഒരിക്കലും പൂർണമായും നിർവചിക്കപ്പെടാത്ത, ഒരു സിദ്ധാന്തം രൂപപ്പെടുത്തിയത്. അടിയന്തിരാവസ്ഥ-കാലത്തെ സഖ്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് ഈ അടവ് അവർ പ്രയോഗിച്ചത്. ഗാന്ധിയുടെ വാദങ്ങളുമായി ഒരു തരത്തിലുള്ള സംഭാഷണവും ഇവിടെ ഉണ്ടായില്ല; ഗാന്ധി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രമായി ചുരുങ്ങി. പക്ഷെ, 1980-കളിലും ബി.ജെ.പി എന്ന പാർട്ടിക്ക് വലിയ വേരോട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.

1990-കളിൽ ഉദാരവല്ക്കരണം നടപ്പില വരുമ്പോൾ മാത്രമാണ് ബി.ജെ.പിക്ക് കൃത്യമായ ഒരു സാമ്പത്തിക നിലപാട് വേണം എന്നവർക്ക് തന്നെ മനസ്സിലാവുന്നത്. 1990-കളുടെ ആരംഭം സംഘപരിവാറിന് എല്ലാ തരത്തിലും ആനന്ദം പകരുന്നതായിരുന്നു. ഒരു വശത്ത്‌, സോവിയറ്റ് യൂണിയൻ ചിതറി പോയി. മറുവശത്ത്‌, കോൺഗ്രസ് പാർട്ടി തന്നെ നെഹ്രൂവിയൻ സോഷ്യലിസം കൈയ്യൊഴിഞ്ഞു. അത് കൊണ്ട് തന്നെ, മൻമോഹൻ സിംഗ് ആദ്യമായി ഉദാരവല്ക്കരണം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി അതിനെ സ്വാഭാവികമായി പിന്തുണച്ചു. ശത്രുക്കളെല്ലാം ഒറ്റയടിക്ക് നിലം പതിച്ചല്ലോ; പിന്തുണക്കാതിരിക്കുന്നതെങ്ങിനെ?

പക്ഷെ, ഒരു പ്രശ്നം ഉണ്ടായി. സംഘപരിവാറിന്റെ തന്റെ ഭാഗമായ ഒരു വിഭാഗത്തിന് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും പഥ്യമായിരുന്നില്ല. അവർ "സ്വദേശി ജാഗരൺ മഞ്ച്" എന്ന സംഘടന 1991-ൽ ഉണ്ടാക്കി. ഇന്ത്യക്ക് വേണ്ടത് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും അല്ല, മറിച്ചു സാംസ്കാരിക ദേശീയതയിൽ ഊന്നിയ ഒരു സ്വദേശി സാമ്പത്തിക നയമാണ് എന്നവർ വീണ്ടും വാദിച്ചു. ഗാന്ധിയെ വിട്ടൊഴിഞ്ഞു അവർ വീണ്ടും ഗോൾവാൾക്കറിലെക്കും ഉപാധ്യായയിലേക്കും പോയി. പ്രകടമായ ഉപഭോഗസംസ്കാരം നല്ലതല്ല; ആഗോള വ്യാപാര കരാർ (WTO) ഇന്ത്യക്ക് യോജിച്ചതല്ല; ബഹുരാഷ്ട്ര കുത്തകകളെ എതിർക്കണം; വിദേശ ചരക്കുകൾ ബഹിഷ്ക്കരിച്ച് പകരമായി ഇന്ത്യൻ ചരക്കുകൾ ഉപയോഗിക്കണം; എന്നീ വാദങ്ങൾ അവർ മുൻപോട്ടു വെച്ചു.

ഇത് മൂലം, ബി.ജെ.പിക്ക് അവരുടെ സാമ്പത്തിക നയത്തിൽ തിരുത്തലുകൾ വരുത്തേണ്ടതായി വന്നു.

അങ്ങിനെയാണ് ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിർത്തണം; എന്നാൽ, ആഭ്യന്തരമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഉപേക്ഷിക്കാം എന്ന ഒരു മധ്യ-വഴിയിൽ അവർ എത്തിപ്പെടുന്നത്. ഇത് ബി.ജെ.പിക്കും ആർ.എസ്.എസ്സിനും സ്വീകാര്യമായി മാറി. വാദം ഇങ്ങിനെയായി: ഇന്ത്യ സാംസ്കാരികമായി തന്നെ ഒരു മഹാശക്തിയാണ്; സാമ്പത്തികമായി ഒരു മഹാശക്തിയായി മാറാൻ ആഗോളവല്ക്കരണം ഒരു തടസ്സമാണ്. ഇത് വഴി സംഘപരിവാർ പല ഗുണങ്ങളും ഉണ്ടാക്കി. തങ്ങൾ ആഗോലവല്ക്കരണത്തെ പിൻതാങ്ങുന്ന കോൺഗ്രസ്സുമായി തട്ടിച്ചു നോക്കുമ്പോൾ വിഭിന്നരാണ് എന്ന ബോധം അവർക്ക് സൃഷ്ട്ടിക്കാൻ സാധിച്ചു. ഇന്ത്യൻ മുതലാളിത്തത്തിന് തങ്ങൾ എതിരല്ല; വിദേശ കുത്തകകളോട് മാത്രമേ എതിർപ്പുള്ളൂ എന്ന് വരുത്താൻ സാധിച്ചു; അത് വഴിയാണ് ബി.ജെ.പി ഇന്ത്യൻ മുതലാളിമാരുമായി തുറന്ന സഖ്യങ്ങൾ ഉണ്ടാക്കിയത്. രാഹുൽ ബജാജിനെ പോലുള്ള ഇന്ത്യൻ മുതലാളിമാരുടെ 1990-കളിലെ ബി.ജെ.പി പ്രവേശം ഒരു ഉദാഹരണം മാത്രം.

ഈ സ്ഥിതിയിൽ മാറ്റമുണ്ടായത് വാജ്പേയിയുടെ നേതൃത്വത്തിൽ 1998-ൽ ഒരു സർക്കാർ രൂപീകരിച്ചതോടെയാണ്.ആ സർക്കാർ മുകളിലെ സമീപനത്തിന് വിരുദ്ധമായി ഒരു തുറന്ന നവ-ലിബറൽ സാമ്പത്തിക നയമായിരുന്നു പിന്തുടർന്നത്‌. ഒട്ടേറെ ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങൾ അവർ എടുത്തു കളഞ്ഞു. ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവല്ക്കരണം നടപ്പാക്കി. പൊതുമുതലും സ്ഥാപനങ്ങളും വിറ്റഴിച്ചു. കാർഷിക വിളകളിലടക്കം ഇറക്കുമതി പൂർണമായും ഉദാരവൽക്കരിച്ചു. അന്ന് എൽ.കെ.അദ്വാനി പറഞ്ഞത് ഇങ്ങിനെ: "ഒരു സാമ്പത്തിക നയവും ഒരു സിദ്ധാന്തത്തിൽ അടിസ്ഥാനപ്പെടുത്തിയതാകരുത്". 2004-ൽ ഈ സർക്കാർ തിരെഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഈ ഉദാരവൽക്കരണത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് അവർ "ഇന്ത്യ തിളങ്ങുന്നു" എന്ന ക്യാമ്പൈൻ തന്നെ രൂപപ്പെടുത്തുന്നത്.

പക്ഷെ, 2004-ലെ തിരെഞ്ഞെടുപ്പിൽ ബി.ജെ.പി അമ്പേ തോറ്റു. ഈ അവസരത്തിൽ ബി.ജെ.പിക്ക് ഉള്ളിലെ സാമ്പത്തിക നയങ്ങൾ സംബന്ധിച്ച അസ്വാരസ്യങ്ങൾ വർദ്ധിച്ചു. കൃഷിക്കും ചെറു-കിട വ്യവസായത്തിനും വാജ്പേയിസർക്കാർ പ്രാധാന്യം നല്കാത്തതാണ് തോൽവിക്ക് കാരണം എന്ന് സ്വദേശിവാദികൾ പറഞ്ഞു.ആ അവസരത്തിൽ എല്ലാവരും കരുതിയത്‌ ബി.ജെ.പി അതിന്റെ സാമ്പത്തിക നയങ്ങൾ വീണ്ടും തിരുത്തിയെഴുതാൻ നിർബന്ധിക്കപ്പെടും എന്നായിരുന്നു. എന്നാൽ, ഉണ്ടായത് അങ്ങിനെയേയല്ല. കുറച്ച് കൂടി കടുത്ത ഉദാരവല്ക്കരണവാദികൾ ആയി അവർ മാറി. ഇതെങ്ങിനെ ഉണ്ടായി? ഇവിടെയാണ്‌ ഗുജറാത്തിന്റെയും മോദിയുടെയും പ്രസക്തി.

ഗുജറാത്ത് "മോഡൽ"

2002-ലെ വർഗീയലഹളക്ക് ശേഷം വികൃതമായ തന്റെ ഇമേജ് മാറ്റാൻ മോദി സ്വീകരിച്ച ഒരു പാതയായിരുന്നു 2003 മുതൽ ഗുജറാത്തിൽ അദ്ദേഹം നടപ്പാക്കിയ വാശിയോടെയുള്ള ഉദാരവല്ക്കരണം. ഈ ഉദാരവല്ക്കരണ പ്രക്രിയക്ക് രണ്ട് മുഖങ്ങൾ ഉണ്ടായിരുന്നു. രണ്ട് തൂണുകൾ ഉണ്ടായിരുന്നു എന്നും പറയാം. ഒന്ന്, തീവ്രമായ ഹിന്ദുത്വ സാംസ്കാരികത. രണ്ട്, സാമ്പത്തിക രംഗത്ത് തീവ്രമായ നവ-ലിബറൽ ഊന്നൽ. ഈ തൂണുകളിൽ പടുത്തുയർത്തിയതായിരുന്നു മോദിയുടെ "ഗുജറാത്ത് മോഡൽ". ഈ മോഡലും ഉയർത്തിപിടിച്ചാണ് അദ്ദേഹം 2014-ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്.

ഒരു നവ-ലിബറൽ പറുദീസയായി ഗുജറാത്തിനെ മോദി മാറ്റി എന്ന് തന്നെ പറയാം. ഉദാരവൽക്കരണക്കാലത്തെ ഒരു പ്രധാന മാറ്റം മൂലധന നിക്ഷേപത്തിൽ നിന്നും ഭരണകൂടം പിൻവാങ്ങിയതാണ്. ഈ രംഗം സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു പിൻവാങ്ങൽ. അങ്ങിനെ സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്ന സംസ്ഥാന സർക്കാറുകൾ സ്വയം സ്വകാര്യനിക്ഷേപം കണ്ടെത്തി കൊള്ളണം. പക്ഷെ, സ്വകാര്യ മേഖല എന്തിന് ഒരു സംസ്ഥാനത്ത് നിക്ഷേപിക്കാതെ മറ്റൊരു സംസ്ഥാനത്ത് നിക്ഷേപിക്കണം? കൂടുതൽ ലാഭം തന്നെ ലക്ഷ്യം. ആ ലാഭം എങ്ങിനെ കിട്ടും? അതിന്, സംസ്ഥാന സർക്കാരുകൾ നികുതിയിനത്തിലും ഭൂമി വിട്ട് കൊടുക്കുന്നതിലും തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതിലും സ്വകാര്യ മേഖലക്ക് വലിയ ഇളവുകൾ നല്കണം. കൂടുതൽ ഇളവ് കിട്ടുന്ന സംസ്ഥാനത്തിലേക്കു അവർ പോകും. ഈ നയം ചൂഷണം ചെയ്യാൻ ആദ്യം തന്നെ മുന്നോട്ടു വന്നത് മോദിയുടെ ഗുജറാത്താണ്. സ്വകാര്യ മേഖലക്ക് ഗുജറാത്ത് മുഴുവനായി മോദി തുറന്ന് കൊടുത്തു. അവർക്ക് വലിയ തോതിൽ നികുതിയിളവുകൾ വാഗ്ദാനം ചെയ്തു. ഭൂപരിഷ്ക്കരണ നിയമങ്ങൾ റദ്ദ് ചെയ്ത് ഭൂമി ഏറ്റെടുക്കൽ എളുപ്പമാക്കി. ആയിരക്കണക്കിന് ഏക്കർ ഭൂമി ഇത്തരത്തിൽ സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തു. തൊഴിൽ നിയമങ്ങൾ തൊഴിലാളി-വിരുദ്ധമാക്കി മാറ്റിയെഴുതി. ചങ്ങാത്ത മുതലാളിത്തം അതിന്റെ പൂർണരൂപത്തിലും ശക്തിയിലും നടപ്പിൽ വരുത്തി. ഈ നയങ്ങൾ ഒന്നും തന്നെ ഗുജറാത്തിലെ ദരിദ്രർക്ക് പ്രയോജനകരമായില്ല. ദാരിദ്ര്യം കുറയ്ക്കുന്നതിൽ അമ്പേ പരാജയമായിരുന്നു മോദിയുടെ ഗുജറാത്ത്.

മറുവശത്ത്‌, തീവ്രഹിന്ദുത്വ നിലപാടുകൾ മയപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഈ തീവ്രഹിന്ദുത്വ നിലപാടുകൾ സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി കൂടി മാറ്റുകയായിരുന്നു മോദി ചെയ്തത്. സങ്കീർണ്ണമായ ഒരു പ്രക്രിയയിൽ കൂടിയായിരുന്നുവെങ്കിലും, ഹിന്ദുത്വം സർക്കാർ നയമായി മാറി. ഇതായിരുന്നു മോദിയുടെ ഗുജറാത്ത് മോഡലിന്റെ രണ്ടാം തൂണ്. മോദിയുടെ കാലത്ത് സർക്കാർ നടപ്പിലാക്കിയ ഒരു പ്രധാന പരിപാടി "ശബരി കുംഭമേള"യായിരുന്നു. ആദിവാസി മേഖലയിൽ ആയിരുന്നു ഈ മേള സർക്കാർ നടത്തിയത്. ആർ.എസ്.എസ്സിന്റെ ആദിവാസി സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ സഹകരണത്തോട് കൂടിയായിരുന്നു നടത്തിപ്പ്. ആദിവാസികളെ ഹിന്ദു സമുദായത്തിലേക്ക്‌ തിരിച്ചു വിളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഇത് സംഘടിപ്പിക്കപ്പെട്ടത്. ഇതിന് മോദിയോടൊപ്പം ചുക്കാൻ പിടിച്ചത് ആരൊക്കെയായിരുന്നു? അംബാനി കുടുംബത്തിന്റെ ആത്മീയഗുരു എന്നറിയപ്പെടുന്ന മൊരാരി ബാപ്പു, ബലാൽസംഘ കേസിൽ പെട്ട് ഇന്ന് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പു എന്നിവർ. ആർ.എസ്.എസ്സിനെ മോദിയോട് ഏറെ അടുപ്പിച്ച ഒരു നയമായിരുന്നു ശബരി കുംഭമേള.

അത് പോലെ തന്നെ, വിദേശനിക്ഷേപങ്ങൾ ക്ഷണിക്കാൻ വേണ്ടി മോദി നടത്തിയിരുന്ന "വൈബ്രന്റ്റ് ഗുജറാത്ത്" നിക്ഷേപമേളകൾ എല്ലായ്പ്പോഴും ദീപാവലി ദിവസങ്ങളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. എല്ലാവിധ ഹിന്ദുമത ആചാരങ്ങളും പൂർണ്ണമായി കൊണ്ടായിരുന്നു ഈ നിക്ഷേപമേളകൾ. ഗുജറാത്തികളുടെ സാംസ്കാരിക പാരമ്പര്യം ഒരു ഹിന്ദുമത-സവർണ്ണ പാരമ്പര്യമാണ് എന്നുറക്കെ വിളംബരം ചെയ്തിരുന്നു എല്ലായ്പ്പോഴും ഈ മേളകൾ.

മറ്റൊരു ഉദാഹരണം, നർമദ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. നർമദ പദ്ധതിയിലെ വെള്ളം ദാങ്ങ് മേഖലയിൽ എത്തിയപ്പോൾ "നർമദ ബച്ചാവോ ആന്ദോളൻ" നയിച്ച നർമദ-വിരുദ്ധ സമരങ്ങളെ അധിക്ഷേപിച്ചു കൊണ്ട് മോദി പറഞ്ഞത് ഇങ്ങിനെ: നർമദ പദ്ധതി ഹിന്ദുക്കളുടെ സ്വപ്നപദ്ധതിയാണ്. നർമദയുടെ വെള്ളം ഗുജറാത്തിൽ എത്തുമ്പോൾ പുനർജനിക്കുന്നത് പുരാതനകാലത്ത് ഇല്ലാതായിപ്പോയ സരസ്വതി നദിയാണ്. അത് കൊണ്ട് തന്നെ, മോദിയുടെ സർക്കാരിന്റെ ജലസേചനവകുപ്പ് നർമദ വെള്ളത്തെ സ്വീകരിച്ചത് 1500 ബ്രാഹ്മണ പൂജാരിമാർ മോഡിക്കൊപ്പം നയിച്ച വലിയൊരു പൂജയോടെയാണ്. ഗുജറാത്തി ഹിന്ദുക്കളുടെ ഒരു അഭിമാന പ്രശ്നമായിട്ടാണ് നർമദയെ മോദി അവതരിപ്പിച്ചത്.

മോദി ഗുജറാത്തിലെ "ഹിന്ദു ഹൃദയ സാമ്രാട്ട്" ആണ് എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്. ഹിന്ദു ഹൃദയ സാമ്രാട്ടുകൾ എപ്പോഴും പുറംരാജ്യങ്ങളിലെ മുസ്ലീമുകളാൽ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കും എന്നാണല്ലോ  ആരോപണം. അങ്ങിനെയാണ് മോഡിയെ വധിക്കാൻ എത്തിയവരാണ് ഇഷ്രത് ജഹാനും ജാവേദ്‌ ഷേക്കും എന്ന് പ്രചരിപ്പിക്കപെട്ടതും അവർ വധിക്കപ്പെട്ടതും.

പറഞ്ഞു വരുന്നത് ഇതാണ്. മോഡിയുടെ ഗുജറാത്തിൽ ആർ.എസ്.എസ്സിനും ബി.ജെ.പിക്കും കണ്ടെത്താൻ കഴിഞ്ഞത് ഒരു പുതിയ വികസനഭാഷയാണ്‌. സ്വദേശിവാദികളുടെ വാദങ്ങൾക്ക് വിരുദ്ധമായി ഹിന്ദുത്വവും നവ-ലിബറൽ സാമ്പത്തികനയങ്ങളും ഒന്നിച്ചു കെട്ടാം എന്ന് മോദി കാട്ടിക്കൊടുക്കുകയായിരുന്നു. ആ സംയോഗത്തിൽ ആർ.എസ്.എസ്സിന്റെ പ്രീയപ്പെട്ട വിഷയങ്ങളായ ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്കു തിരിച്ചു കൊണ്ട് വരൽ, മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കൃത്യമായി അംഗീകരിക്കപ്പെട്ടു. നവ-ലിബറൽ നയങ്ങൾ തന്റെ സാംസ്കാരികദേശീയതക്കുള്ളിൽ സുരക്ഷിതമാക്കി നിർത്താം; ഹിന്ദു-സവർണ്ണ സാംസ്കാരിക ചിന്ഹങ്ങൾ നവ-ലിബറൽ നയങ്ങൾക്കുള്ളിൽ സുരക്ഷിതമാക്കി നിർത്താം. പഴയ സ്വദേശി എഴുത്തുകളിൽ ഭൌതിക വികസന സങ്കല്പങ്ങൾ വിമർശിക്കപ്പെട്ടു എങ്കിൽ, അവിടെ നിന്നും ഗുജറാത്തിൽ സംഘപരിവാർ എത്തിപ്പെട്ടത് എവിടെയെന്നു മോഡിയുടെ വ്യവസായികളോടുള്ള വാക്കുകളിൽ തന്നെ ഉദ്ധരിക്കാം: "നിങ്ങൾ ഗുജറാത്തിലേക്ക് വരൂ. ഈ മണ്ണിൽ നിങ്ങൾ ഒരു രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് മടക്കി കിട്ടുക ഒരു ഡോളറായിരിക്കും.".

എന്ത് കൊണ്ട് സംഘപരിവാർ വികസന വിരുദ്ധരാകുന്നു?

സംഘപരിവാറിന്റെ നയപരിപാടികൾ സ്വദേശി പാരമ്പര്യത്തിൽ നിന്നകന്ന് നവ-ലിബറൽ ആയതിന്റെ നാൾവഴികളാണല്ലോ ഇത് വരെ പരിശോധിച്ചത്. ഗുജറാത്തിൽ മോദി മുമ്പോട്ട് വെച്ച വികസന അനുഭവം ഹിന്ദുത്വത്തെയും നവ-ലിബറൽ നയങ്ങളെയും മനോഹരമായി ഇണക്കി ചേർത്തു വെച്ച ചുറ്റുപാടിൽ നിന്നാണ് സംഘപരിവാർ സ്വദേശി മുദ്രാവാക്യങ്ങൾ വിട്ടൊഴിഞ്ഞ്‌ പരിപൂർണ്ണ നവ-ലിബറലുകൾ ആയി മാറുന്നത്. ഗുജറാത്തിൽ നടപ്പിൽ വരുത്തിയ അതേ ഹിന്ദുത്വ-നവലിബറൽ നയങ്ങൾ തന്നെയാണ് മോദി പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവിടെ നിന്ന് വേണം ഹിന്ദുത്വത്തിന് വികസനരംഗത്ത് എന്താണ് വാഗ്ദാനം ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കേണ്ടത്.

വികസനരംഗത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ഓരോ ജനവിഭാഗത്തിന്റെ താൽപ്പര്യത്തിനും എതിരാണ് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട. അത് ദളിതരാകട്ടെ, ആദിവാസികളാകട്ടെ, സ്ത്രീകളാകട്ടെ, മുസ്ലീങ്ങളാകട്ടെ. സംഘപരിവാറിന്റെ മുസ്ലീം വിരോധം പ്രശസ്തമായത്‌ കൊണ്ട് ഇവിടെ വീണ്ടും പറയാൻ തുനിയുന്നില്ല.

ദളിതരും സംഘപരിവാറും

പൂർണ്ണമായി ബ്രാഹ്മണ്യത്തിൽ അടിസ്ഥാനപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. താനൊരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ലെന്നും ബുദ്ധമതം സ്വീകരിക്കുകയാണെന്നും പ്രഖ്യാപിച്ച അംബേദ്‌കറിന്, വർണ്ണാശ്രമധർമത്തിൽ ഉള്ള അടിയുറച്ച വിശ്വാസം മൂലം, സംഘപരിവാർ ഒരിക്കലും മാപ്പ് കൊടുത്തിട്ടില്ല. മനുസ്മൃതി കത്തിച്ചു കളഞ്ഞു കൊണ്ട് അംബേദ്‌കർ തുടങ്ങിവെച്ചത് ഹിന്ദുമതത്തിലെ ജാതി അനാചാരങ്ങൾക്കെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും ഉള്ള ഉഗ്രൻ പോരാട്ടങ്ങളാണ്. അത് കൊണ്ട് തന്നെ, "ജാതിയുടെ ഉന്മൂലനം" എന്ന അംബേദ്‌കറിന്റെ പ്രശസ്തമായ പുസ്തകത്തെ അവർക്കൊരിക്കലും അനുകൂലിക്കാൻ സാധിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ തന്നെ അഭിപ്രായത്തിൽ തോട്ടിപ്പണി നിരോധിക്കേണ്ട ഒന്നല്ല; മറിച്ച് ദളിതരുടെ ഒരു ആത്മീയമായ ഒരു അനുഷ്‌ഠാനമാണ്. ഇത്തരത്തിൽ വർണ്ണാശ്രമധർമത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ദളിത്‌ ക്ഷേമത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും? ഇന്ന് അംബേദ്‌കറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന സംഘപരിവാറും മോദിയും അത് ചെയ്യുന്നത് അദ്ദേഹം ജാതിക്കെതിരെ നടത്തിയ ഉജ്വല പോരാട്ടങ്ങൾ ഉയർത്തി കാട്ടിയല്ല; "ജാതിയുടെ ഉന്മൂലനം" എന്ന പുസ്തകം എഴുതിയത് കൊണ്ടല്ല; മറിച്ച് അദ്ദേഹം ഭരണഘടന നിർമ്മിക്കുന്നതിൽ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്.

സംഘപരിവാർ ദളിതരെ കൂടെ കൂട്ടാൻ മുന്നോട്ടുവെക്കുന്ന കപട മുദ്രാവാക്യമാണ് "ഹിന്ദുക്കൾക്ക് ഒരു ഗ്രാമത്തിൽ ഒരമ്പലം; ഒരു കിണർ; ഒരു ശ്മശാനം" എന്നത്. കാഞ്ച ഐലയ്യ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തം: "ഈ അമ്പലത്തിൽ ഏതു ദൈവത്തെയാണ് നിങ്ങൾ പ്രതിഷ്ട്ടിക്കാൻ പോകുന്നത്? രാമനെയോ, ബുദ്ധനെയോ?" അംബേദ്‌കർ ജീവിച്ചിരുന്നെങ്കിൽ "ഘർ വാപസി" എന്ന തങ്ങളുടെ പരിപാടിയെ അനുകൂലിച്ചേനെ എന്ന് വരെ തട്ടിവിടാനുള്ള നാണമില്ലായ്മ സംഘപരിവാർ നേതാക്കൾക്കിന്നുണ്ട്.

ദശകങ്ങൾക്ക് മുമ്പ് തന്നെ സംഘപരിവാർ അവരുടെ മൂന്ന് പ്രധാന ശത്രുക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു: മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ. ഈ ലിസ്റ്റിൽ ഒരു കൂട്ടിച്ചേർക്കൽ ഇന്നുണ്ട്: അംബേദ്‌ക്കറിസ്റ്റുകൾ. രോഹിത് വെമുലയുടെ മരണത്തിനു ശേഷം, ആ മരണത്തോടുള്ള സംഘപരിവാറിന്റെ നിന്ദ്യമായ പ്രതികരണങ്ങളിലൂടെ, ഇത് കൂടുതൽ വ്യക്തമായിട്ടുണ്ട്.

ആദിവാസികളും സംഘപരിവാറും

ആദിവാസികളെ ഒരിക്കലും സംഘപരിവാർ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ, തങ്ങൾ ഹിന്ദുക്കളാണ് എന്ന് ആദിവാസികളും കരുതിയിട്ടില്ല. സംഘപരിവാർ ഒരിക്കലും ആദിവാസി എന്ന പേര് തന്നെ ഉപയോഗിക്കാറില്ല. പകരം, വനവാസി എന്ന പേരാണ് ഉപയോഗിക്കാറ്. ആദിയിലെ വാസികൾ എന്ന് ആദിവാസികളെ വിളിച്ചു് കഴിഞ്ഞാൽ പിന്നെ, ആര്യന്മാരാണ്‌ ഇന്ത്യയിലെ ആദിവാസികൾ എന്ന് പറയാൻ കഴിയുകയില്ലല്ലോ എന്ന ഭയമാണ് സംഘപരിവാറിനെ ഇതിന് പ്രേരിപ്പിക്കുന്നത്. സംഘപരിവാർ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത് ആദിവാസികളെ, വർണ്ണാശ്രമധർമ്മത്തിന് കീഴ്പ്പെടുത്തി കൊണ്ടു തന്നെ, ഹിന്ദു സമൂഹത്തിലേയ്ക്ക് കൊണ്ട് വരാൻ കഴിയുമോ എന്നാണ്. അതിനു വേണ്ടി അവർ പലതരം സംഘടനകൾ ഉണ്ടാക്കിയിട്ടുണ്ട്: വനവാസി കല്യാൺ ആശ്രം, ഏകൽ വിദ്യാലയ, സേവാഭാരതി, വിവേകാനന്ദ കേന്ദ്ര, എന്നിങ്ങനെ. ഇവയുടെയെല്ലാം അന്തിമ ലക്ഷ്യം ഒന്ന് തന്നെ. ആദിവാസികളോട് അവർ ഹിന്ദുക്കളാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക; ഹിന്ദുമതമെന്ന വീട്ടിലേക്കു തിരിച്ച് വരാൻ പ്രേരിപ്പിക്കുക; ഹിന്ദുമതത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വന്നിട്ടുള്ള വിദേശശക്തികളാണ് ക്രിസ്ത്യാനികളും അവരുടെ പള്ളികളും അച്ചന്മാരും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുക; ആദിവാസികളെ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ അക്രമാസക്തമായി തന്നെ തിരിച്ചുവിടുക; അങ്ങിനെ, പരിവർത്തന പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ അക്രമം നടത്തുക. ഗ്രഹം സ്റ്റയിൻസിനെ ഒറീസയിൽ വെച്ചു മൃഗീയമായി സംഘപരിവാർ കൊലപ്പെടുത്തിയത് ഈ വഴിയിലൂടെ തന്നെ.

ഇതാണ് സംഘപരിവാറിന്റെ ആദിവാസി-പ്രേമത്തിന് പിന്നിലെ ശരിയായ കാരണം. അവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒരു നിർദേശവും സംഘപരിവാറിനില്ല; മോദിക്കുമില്ല.

സ്ത്രീകളും സംഘപരിവാറും

അങ്ങേയറ്റം സ്ത്രീവിരുദ്ധരാണ് സംഘപരിവാർ പ്രവർത്തകർ. മനുസ്മൃതിയോടുള്ള അചഞ്ചലമായ സ്നേഹം അവർ ഒരിക്കലും മറച്ച് പിടിച്ചിട്ടില്ല. മനുസ്മൃതിയെ "പവിത്രമായ ഗ്രന്ഥം" എന്നാണ് സാവർക്കർ വിശേഷിപ്പിച്ചത്‌. ഗോൾവാൾക്കറാകട്ടെ, മനുവിനെ മാനവവംശത്തിന്റെ ആദ്യത്തെ നിയമദാതാവ് എന്നാണ് വിശേഷിപ്പിച്ചത്‌. അംബേദ്‌കർ മനുസ്മുതി കത്തിച്ചു കളഞ്ഞ അതേകാലത്ത് തന്നെയാണ് ഇവർ ഈ അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചത് എന്നത് ശ്രദ്ധേയം.

ആർ.എസ്.എസ്സിന്റെ മുഴുവൻ പേര് "രാഷ്ട്രീയ സ്വയംസേവക് സംഘം" എന്നാണല്ലോ. ഇതിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. സ്ത്രീകൾക്ക് പ്രത്യേകം സംഘടനയുണ്ട്: "രാഷ്ട്രീയ സേവികാ സമിതി". സംഘടനയുടെ പേരിൽ തന്നെ മുറ്റി നില്ക്കുന്നുണ്ട് സ്ത്രീ-വിരുദ്ധത. പുരുഷന്മാർ "സ്വയം"സേവകന്മാരും സ്ത്രീകൾ വെറും "സേവിക"മാരും ആയതെങ്ങിനെ എന്ന രസകരമായ ചോദ്യം രാം പുനിയാനി ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ സേവികാ സമിതിയുടെ ഒരു ലഘുലേഖയിൽ പറയുന്നത് ഇങ്ങിനെ: "പാശ്ചാത്യലോകത്തിന്റേതായ സ്വാധീനം മൂലം, ഇന്ന് സ്ത്രീകൾ തുല്യ-അധികാരങ്ങൾക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി സമരങ്ങൾ ചെയ്യുന്നു. ഇത് മൂലം സ്ത്രീകൾ സ്നേഹം, ത്യാഗം, അനുഷ്‌ഠാനം എന്നിവയോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നു. സ്ത്രീകളിലെ ഈ അസ്വാഭാവിക മാറ്റം കുടുംബം എന്ന സങ്കൽപ്പത്തെ തകർത്തേക്കാം; കുടുംബമാണല്ലോ നല്ല സംസ്കാരങ്ങൾ പകർന്നു കൊടുക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം." ഗോൾവാൾക്കർ തന്നെ പറഞ്ഞിരുന്നത് ഹിന്ദു രാഷ്ട്രമുണ്ടാക്കുന്നതിൽ ഹിന്ദു സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ദിവ്യമായ പ്രവർത്തി കുട്ടികളെ പ്രസവിക്കുകയും അവരെ ഹിന്ദു സംസ്കാരത്തിന് അടിസ്ഥാനപ്പെടുത്തി വളർത്തുകയും ചെയ്യുക എന്നാണ്.

ഇത് മാത്രമല്ല. 1990-കളിൽ രാജസ്ഥാനിൽ രൂപ്‌ കൻവർ എന്ന യുവതി സതി അനുഷ്ടിച്ചപ്പോൾ പാർലമെന്റിൽ വലിയ കോലാഹലമുണ്ടായി. അന്ന്, പാർലമെന്റിന് പുറത്ത് സതി അനുഷ്ഠാനം ഹിന്ദു യുവതികളുടെ അവകാശമാണ് എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് ഒരു പ്രകടനം നടക്കുകയുണ്ടായി. അന്ന് അതിന് നേതൃത്വം നല്കിയത് ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവായ വിജയരാജെ സിന്ധ്യ ആയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും പൂർണ്ണമായി പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ചിന്താപദ്ധതി ഇവിടെയൊക്കെ തന്നെ തെളിഞ്ഞു കാണാം.

വികസനപരമായി, സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ദളിതർ, ആദിവാസികൾ, സ്ത്രീകൾ, മുസ്ലീങ്ങൾ എന്നിവർക്കെതിരെ ഇത്തരത്തിൽ പ്രതിലോമമായ പ്രത്യയശാസ്ത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർ, ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നയമുണ്ടാക്കിയാൽ ഈ വിഭാഗങ്ങൾ വികസനപ്രക്രിയയിൽ ഉൾപ്പെടുത്തപെടും എന്നെങ്ങിനെ പറയാൻ കഴിയും?

അവിടെ തീരുന്നില്ല. ഈ പിന്നോക്ക ജനവിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയെ മനസ്സിലാക്കാൻ, ചരിത്രപരമായി വിലയിരുത്താൻ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചരിത്രപഠനം ആവശ്യമുണ്ട്. അപ്പോഴാണ്‌, സംഘപരിവാറിന്റെ ആര്യ-സിദ്ധാന്തത്തിന്റെയും മറ്റും മുഖംമൂടി അഴിഞ്ഞു വീഴുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള യുക്തിസഹവും ശാസ്ത്രീയവുമായ ചരിത്ര-നിർമ്മിതിക്ക് തന്നെ സംഘപരിവാർ എതിരാണ്. ചരിത്രത്തെ അവരുടെതായ രീതിയിൽ തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്. ചരിത്രത്തെ ഹിന്ദു-അടയാളങ്ങളുടെ അടിസ്ഥാനത്തിൽ പുനർ-നിർമ്മിക്കുക വഴി, കെട്ടുകഥകൾ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു. യുക്തിസഹവും ശാസ്ത്രീയവുമായി ചരിത്രമെഴുതപ്പെട്ടാൽ, ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും മേൽ ഹിന്ദു-സവർണ്ണ വർഗ-ജാതികൾ ഏർപ്പെടുത്തിയിട്ടുള്ള ആധിപത്യവും നായകത്വവും തകർന്നു വീഴുമോ എന്നവർ ഭയപ്പെടുന്നു.

ചുരുക്കത്തിൽ, ഹിന്ദുത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ സംഘപരിവാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം വികസനപരമായി ഇപ്പോൾ തന്നെ ഏറ്റവും പുറകിൽ നില്ക്കുന്ന ജനവിഭാഗങ്ങളെ വികസനപ്രക്രിയയിൽ നിന്നും കൂടുതൽ കൂടുതൽ അകറ്റി നിർത്തുന്നതാണ്. പ്രത്യയശാസ്ത്രപരമായി തന്നെ, അവർ ഈ വിഭാഗങ്ങൾക്ക് എതിരാണ്. നരേന്ദ്ര മോദി സർക്കാരിന്റെ, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, സാമ്പത്തിക നയം കൂടുതൽ സാമൂഹ്യ അസമത്വത്തിനും സംഘർഷത്തിനും മാത്രമേ ഇട നൽകൂ.