Wednesday, June 29, 2011

തൊഴിലില്ലാ-വളര്‍ച്ചക്ക്‌ അന്ത്യം: കേരളത്തില്‍ തൊഴിലില്ലായ്മ വന്‍ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍


ആര്‍

കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ വികസന-പ്രശ്നമായ തൊഴിലില്ലായ്മ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ തോതില്‍ കുറഞ്ഞുവെന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ (എന്‍ എസ് എസ്) 2009-10 ല്‍ നടത്തിയ 66 മത് റൌണ്ട് സര്‍വേയുടെ (തൊഴില്‍ സാഹചര്യങ്ങളെ സംബന്ധിച്ചു) കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്‍ എസ് എസ്സിന്റെ ഏറ്റവുമടുത്ത പഴയ കണക്കു 2004-05 ല്‍ നടന്ന 61 മത് റൌണ്ട് സര്‍വെയുടെതാണ്. 2004-05 നും 2009-10 നും ഇടയ്ക്കു ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 15.8 ശതമാനത്തില്‍ നിന്നും 9 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍, നഗര മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 19.9 ശതമാനത്തില്‍ നിന്നും 8.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഏകദേശം 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇത്ര വലിയ തോതില്‍ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞിട്ടില്ല. മാത്രമല്ല, പൊതുവില്‍, തൊഴിലില്ലായ്മാ നിരക്ക് വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ 20 കൊല്ലങ്ങളായി കേരളത്തില്‍ കണ്ടു വന്നിരുന്നത്.

കേരളത്തിലുടനീളം, 326 ഗ്രാമങ്ങളിലും 232 നഗര ബ്ലോക്കുകളിലുമായി 4455 വീടുകളില്‍ നിന്നാണ് എന്‍ എസ് എസ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. മൊത്തം 18061 വ്യക്തികളുടെ സാമ്പിളില്‍ നിന്നാണ് ഈ വിവരങ്ങള്‍ എന്‍ എസ് എസ് ക്രോഡീകരിച്ചിരിക്കുന്നത്. ഇവരില്‍ 8502 പുരുഷന്മാരും 9599 സ്ത്രീകളും ഉള്‍പ്പെടുന്നു.

1999-2000 വര്‍ഷം നടന്ന 55-മത് റൗണ്ടിനും 2004-05 ല്‍ നടന്ന 61-മത് റൗണ്ടിനും ഇടയ്ക്കു തൊഴിലില്ലായ്മ വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു എന്ന വസ്തുതയില്‍ നിന്നാണ് പുതിയ കണക്കുകള്‍ക്ക്‌ വലിയ പ്രാധാന്യം കൈവരുന്നത്. ഗ്രാമീണ മേഖലയില്‍ 10.9 ശതമാനത്തില്‍ നിന്നും 15.8 ശതമാനമായും, നഗര മേഖലയില്‍ 12.5 ശതമാനത്തില്‍ നിന്നും 19.9 ശതമാനമായും ആണ് കൂടുതലും യു ഡി എഫ് ഭരിച്ചിരുന്ന ഈ കാലയളവില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചത്. നേരെ മറിച്ചു, രണ്ടായിരമാണ്ടിന്റെ രണ്ടാം പകുതിയില്‍, എല്‍ ഡി എഫ് സര്‍ക്കാരിന് കീഴില്‍ കേരളം കൈവരിച്ച പത്തു ശതമാനം വളര്‍ച്ചാ നിരക്ക് വെറും തൊഴിലില്ലാ-വളര്‍ച്ച്ചയായിരുന്നില്ലാ എന്ന് പുതിയ കണക്കുകള്‍ കാണിക്കുന്നു. ഗ്രാമീണ മേഖലയിലുള്‍പ്പെടെ, വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടുള്ള വളര്‍ച്ചയാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായത് എന്ന് വ്യക്തം (പട്ടിക ഒന്ന് കാണുക). 


പട്ടിക ഒന്ന്
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കുകള്‍, 
1977-78 മുതല്‍ 2009-10 വരെ, 
എന്‍ എസ് എസ് കണക്കുകള്‍, %  
അവലംബം: എന്‍ എസ് എസ് റിപ്പോര്‍ട്ടുകള്‍; 
കണക്കുകളെല്ലാം എന്‍ എസ് എസ്സിന്റെ യൂഷ്വല്‍ സ്ടാട്ടസു 
(പ്രിന്‍സിപ്പല്‍) നിര്‍വചനം അനുസരിച്ചു.

സാമ്പത്തിക വളര്‍ച്ചയും തൊഴിലും
കേരളത്തെ സംബന്ധിച്ചു, രണ്ടായിരമാണ്ടിന്റെ രണ്ടാം പകുതിയുടെ ഒരു പ്രധാന പ്രത്യേകത എടുത്തു പറയേണ്ടതാണ്. 2005 മുതലിങ്ങോട്ടുള്ള സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം തീര്‍ത്തും അഭിവൃദ്ധിയുടെതാണ് എന്നതാണത്. പ്രതിവര്‍ഷം, ചരിത്രത്തിലില്ലാത്ത വിധത്തില്‍, 10% എന്ന നിരക്കിലാണ് മൊത്തം സമ്പദ്ഘടന വളര്‍ന്നത്‌. അതായത്, ദേശീയ വളര്‍ച്ചാ നിരക്കിന്റെ മുകളില്‍. കൃഷി, വ്യവസായം, സേവനം എന്നീ എല്ലാ മേഖലകളിലും വലിയ വളര്‍ച്ചയുണ്ടായി.

കൃഷിയില്‍, രണ്ടായിരമാണ്ടിന്റെ തുടക്കത്തിലെ വിലയിടിവിന്റെ കനത്ത ആഘാതത്തില്‍ നിന്നും സംസ്ഥാനം മെല്ലെ കരകയറി തുടങ്ങി. കാര്‍ഷിക ഉത്പാദനം വീണ്ടും ഉയര്‍ന്നു തുടങ്ങി. നെല്ലിന്റെ ഉത്പാദനം, പതിറ്റാണ്ടുകള്‍ക്ക് ശേഷം, വര്‍ദ്ധിക്കാന്‍ ആരംഭിച്ചു. വലിയ തോതില്‍ തരിശു ഭൂമികള്‍ കൃഷി ചെയ്യാനായി ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. നാളികേരം, റബ്ബര്‍ തുടങ്ങിയ വിലകളില്‍ വലിയ തോതിലുള്ള ഉത്പാദന വളര്‍ച്ചയാണ് ഈ ഘട്ടത്തില്‍ അനുഭവപ്പെട്ടത്. കാപ്പി, കുരുമുളക് എന്നിവയുടെ ഉത്പാദനവും ഉയര്‍ന്നു.

വ്യവസായ മേഖലയില്‍ വലിയ വളര്‍ച്ചയാണ് ഈ കാലയളവില്‍ കാണാന്‍ കഴിയുക. ശരാശരി, ഓരോ വര്‍ഷവും, 8.11 ശതമാനം എന്ന നിരക്കിലാണ് വ്യവസായ മേഖല ഈ കാലത്ത് വളര്‍ന്നത്‌. പ്രത്യേകിച്ചും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച, മൊത്തം വ്യവസായ വളര്‍ച്ചാ നിരക്കില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പ്രത്യയശാസ്ത്രത്തിനു ചുട്ട മറുപടി നല്‍കുകയായിരുന്നു. ചുരുക്കത്തില്‍, പുതിയ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടത് കൊണ്ടല്ല, മറിച്ചു നിലവിലുള്ളവയുടെ ഉത്പാദന ശേഷി കൂടുതല്‍ വിനിയോഗിക്കപ്പെട്ടത്‌ കൊണ്ടാണ് ഈ വളര്‍ച്ച്ചയുണ്ടായിട്ടുള്ളത്. ചെറുകിട വ്യവസായ മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍, അസന്ഘടിത മേഖലയിലെ വളര്‍ച്ച സംഘടിത മേഖലയിലെക്കാള്‍ ഉയര്‍ന്നതാണ്. പുതിയ വളര്‍ച്ചാ മേഖലകളായ ഐ ടി, ടൂറിസം രംഗങ്ങളിലും വലിയ ഉണര്‍വുണ്ടാക്കാന്‍ സാധിച്ചു. കേരളത്തിലെ നിക്ഷേപ അന്തരീക്ഷം ഏറെ മെച്ചപ്പെടുത്താനും എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിരുന്നു.

അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായിട്ടുള്ളത് സേവന മേഖലയിലാണ്. പ്രതിവര്‍ഷം 12.6 ശതമാനം എന്ന നിരക്കിലാണ് സേവന മേഖല 2005 നു ശേഷം വളര്‍ന്നിട്ടുള്ളത്. ഇത് തന്നെയാണ് പൊതുവില്‍ ഈ ഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ലും. 2005 നു ശേഷം നിര്‍മ്മാണ മേഖല വളര്‍ന്നത്‌ പ്രതിവര്‍ഷം 14.8 ശതമാനം എന്ന നിരക്കിലാണ്. ഗതാഗതവും വാര്‍ത്താവിനിമയവും 14 ശതമാനം വേഗതയില്‍ ഉയര്‍ന്നു. വ്യാപാരം, ബാങ്കിങ്ങ്, റിയല്‍ എസ്റ്റെറ്റു എന്നിവ 12 ശതമാനം നിരക്കിലാണ് വളര്‍ന്നത്‌.   

ഈ വളര്‍ച്ചയൊക്കെ തന്നെ, മുന്‍കാലങ്ങളിലെന്ന പോലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാത്ത വളര്‍ച്ചയായിരുന്നില്ല എന്ന് ഇപ്പോള്‍ ബോധ്യമാവുന്നു. വളര്‍ച്ച തൊഴിലവസരങ്ങള്‍ കൂട്ടി എന്ന് മാത്രമല്ല, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ പല പരിപാടികളുടെയും വിജയം ഈ കണക്കുകളില്‍ തെളിഞ്ഞു കാണാം. ഉദാഹരണത്തിന്, രാജ്യത്തിന്‌ തന്നെ മാതൃകയായി നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി, വനിതകളുടെ തൊഴിലവസരങ്ങള്‍ ഏറെ വര്‍ദ്ധിപ്പിച്ച കുടുംബശ്രീ എന്നിവ ചൂണ്ടിക്കാട്ടാം.

മൊത്തം തൊഴില്‍ സാധ്യതകളുടെ വളര്‍ച്ച

2004-05 നും 2009-10 നും ഇടയ്ക്കു തൊഴിലില്ലായ്മ കുറഞ്ഞു എന്ന് മാത്രമല്ല, മൊത്തം ജനസന്ഖ്യയില്‍ തൊഴിലെടുക്കുന്നവരുടെ ശതമാനവും വര്‍ധിച്ചു (പട്ടിക രണ്ടു കാണുക). ഗ്രാമീണ മേഖലയില്‍, 2004-05 നും 2009-10 നും ഇടയ്ക്കു, മൊത്തം ജനസന്ഖ്യയില്‍ തൊഴിലെടുക്കുന്നവര്‍ 34.3 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു 35.4 ശതമാനമായി. അതേ സമയത്ത്, നഗര മേഖലയില്‍, മൊത്തം ജനസന്ഖ്യയില്‍ തൊഴിലെടുക്കുന്നവര്‍ 32.9 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു 34.4 ശതമാനമായി. അതായത്, മൊത്തം തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്. പുതിയ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടു എന്നും, അങ്ങിനെ കൂടുതല്‍ പേര്‍ തൊഴില്‍ സേനയിലേക്ക് പ്രവേശിച്ചു എന്നും ഇതിനര്‍ത്ഥം.

പട്ടിക രണ്ടു
മൊത്തം ജനസന്ഖ്യയില്‍ തൊഴിലെടുക്കുന്നവരുടെ
ശതമാനം, കേരളം, 2004-05 മുതല്‍ 2009-10

Region
2004-05
2009-10
Rural
34.3
35.4
Rural male
52.4
55.0
Rural female
17.8
17.6
Urban
32.9
34.4
Urban male
51.4
53.4
Urban female
14.9
17.1
Total
-
35.1
Total male
-
54.5
Total female
-
17.5
അവലംബം: എന്‍ എസ് എസ് റിപ്പോര്‍ട്ടുകള്‍;
കണക്കുകളെല്ലാം എന്‍ എസ് എസ്സിന്റെ യൂഷ്വല്‍ സ്ടാട്ടസു
(പ്രിന്‍സിപ്പല്‍) നിര്‍വചനം അനുസരിച്ചു.

കേരളത്തിന്റെ ഈ വികസനനേട്ടം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഗുണം ചെയ്തു എന്നും കണക്കുകള്‍ കാണിക്കുന്നു (പട്ടിക ഒന്ന് കാണുക). ഗ്രാമീണ മേഖലയില്‍, 2004-05 നും 2009-10 നും ഇടയ്ക്കു, സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനത്തില്‍ നിന്നും കുറഞ്ഞു 21.0 ശതമാനമായി. നഗര മേഖലയില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 42.9 ശതമാനത്തില്‍ നിന്നും കുറഞ്ഞു 19.8 ശതമാനമായി. കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്കില്‍ ഇത്ര അഭൂതപൂര്‍വമായ ഇടിവ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്തതാണ്. 1999-2000 ഉം 2004-05 നും ഇടയ്ക്കു ഗ്രാമീണ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 19.7 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു 30.9 ശതമാനമായിരുന്നു. ഒപ്പം, നഗര മേഖലയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 26.4 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു 42.9 ശതമാനവും ആയിരുന്നു. ഇത്ര വലിയ തൊഴിലില്ലായ്മാ വര്‍ധനവിനെ പിന്തള്ളി കൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ തൊഴില്‍-രംഗത്തെ നേട്ടങ്ങളുടെ പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.