Wednesday, May 9, 2012

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി സാര്‍വത്രികമാക്കണം


ആര്‍ രാംകുമാര്‍


പുരോഗമനപരമായ പൊതു നയത്തിന്റെ അവിഭാജ്യഭാഗമായി സാര്‍വത്രികമായ സാമൂഹ്യ സുരക്ഷയുടെ പ്രാധാന്യം ഇക്കാലത്ത് കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് - പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളില്‍. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി വികസിത ലോകത്തിലെ മിക്ക രാജ്യങ്ങളും, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടിത്തന്നെ സാമൂഹ്യ സുരക്ഷാ നടപടികള്‍ സ്ഥാപനവല്‍ക്കരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ മിക്ക വികസ്വര രാജ്യങ്ങളിലും അത്തരം സാമൂഹ്യ സുരക്ഷാ നടപടികള്‍ ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടതായിട്ടാണിരിക്കുന്നത്. ഐഎല്‍ഒയുടെ നൂറ്റിരണ്ടാമത് സോഷ്യല്‍ സെക്യൂരിറ്റി കണ്‍വെന്‍ഷന്‍ (മിനിമം സ്റ്റാന്‍ഡേര്‍ഡ്സ്) 1952, സാമൂഹ്യ സുരക്ഷിതത്വത്തിന്റെ ഒമ്പത് ശാഖകളില്‍ എല്ലാറ്റിലും ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട മിനിമം നിലവാരം വേണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ് ഈ ഒമ്പത് ശാഖകള്‍: 

  • ആരോഗ്യ പരിരക്ഷ; 
  • രോഗ ആനുകൂല്യങ്ങള്‍; 
  • തൊഴിലില്ലായ്മാ ആനുകൂല്യം; 
  • വയസ്സായവര്‍ക്കുള്ള ആനുകൂല്യം; 
  • തൊഴില്‍ അപകട ആനുകൂല്യം; 
  • കുടുംബ ആനുകൂല്യം: 
  • പ്രസവകാലാനുകൂല്യം; 
  • അംഗവൈകല്യ ആനുകൂല്യം, 
  • അവശേഷിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍. 

ഇന്ത്യയില്‍ മേല്‍പ്പറഞ്ഞവയില്‍ ഒന്നുപോലും ഔദ്യോഗിക നയത്തിെന്‍റ ഭാഗമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടില്ല. എന്നുതന്നെയല്ല, ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ചുള്ള പ്രാരംഭകാലത്തെ സങ്കല്‍പ്പനത്തിന് വിരുദ്ധമായി സാമൂഹ്യ സുരക്ഷയെ കാണുന്നത് ഒരു "ഭിക്ഷ"യായിട്ടാണ്; അഥവാ എല്ലാവര്‍ക്കും ഒന്നിനുമല്ലാതെ, എന്തെങ്കിലും കൊടുക്കുക എന്നനിലയ്ക്കാണ് അതിനെ കാണുന്നത്. രാജ്യത്തില്‍ നിലവിലുള്ള നിയമത്തിന്റെ അടസ്ഥാനത്തില്‍, എല്ലാ പൗരന്മാര്‍ക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ട ഒരവകാശമെന്ന, സാമൂഹ്യ സുരക്ഷാ തത്വത്തിന്റെ ആദ്യകാല സങ്കല്‍പനത്തിലേക്ക് തിരിച്ചുപോവുകയാണ് ഇന്നാവശ്യം. 

പ്രായമായവര്‍ക്കുള്ള സാമൂഹ്യ സുരക്ഷ 

സാമൂഹ്യസുരക്ഷയുടെ മൊത്തത്തിലുള്ള കുടയ്ക്കുകീഴിലെ സുപ്രധാനമായ ഒരു ഘടകം, പ്രായമായവര്‍ക്കുള്ള സാമൂഹ്യ സുരക്ഷയാണ്. മിക്ക വികസ്വര രാജ്യങ്ങളും ജനസംഖ്യാ സംക്രമണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് എന്നതിനാല്‍ ജനസംഖ്യയില്‍ അറുപത് വയസ്സും അതില്‍ കൂടുതലും ആയവരുടെ വിഹിതം അഥവാ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 60 വയസ്സോ അതില്‍ കൂടുതലോ ആയവരുടെ കേവല സംഖ്യ 1901ലെ സെന്‍സസില്‍ 125 ലക്ഷം ആയിരുന്നത് 2001ലെ സെന്‍സസ് അനുസരിച്ച് 770 ലക്ഷം (7.70 കോടി) ആയിരിക്കുന്നു. ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2021 ആകുമ്പോഴേക്ക് 60 വയസ്സോ അതില്‍ കൂടുതലോ ആയവരുടെ സംഖ്യ ഇനിയും ഉയര്‍ന്ന് 14 കോടിയില്‍ എത്തും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മൊത്തം ജനസംഖ്യയില്‍ 60 വയസ്സോ അതില്‍ കൂടുതലോ ആയവരുടെ വിഹിതം 2001ല്‍ 7.4 ശതമാനം ആയിരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ വിഹിതം കൂടുതല്‍ ഉയര്‍ന്നതായിരുന്നുവെങ്കില്‍ (7.8 ശതമാനം) പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കുറച്ചു താഴ്ന്നതായിരുന്നു (7.1 ശതമാനം). ഇന്ത്യയ്ക്കുള്ളില്‍ത്തന്നെ, ജനസംഖ്യാ സംക്രമണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോയിട്ടുള്ള കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളില്‍ 2001ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയില്‍ 10.5 ശതമാനത്തിലധികം പേരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമായിട്ടുള്ളവരാണ്. 

അതോടൊപ്പംതന്നെ, വാര്‍ധക്യകാല ആശ്രിതത്വ അനുപാതം (അതായത് 15-59 പ്രായപരിധിയില്‍പെട്ടവരും അറുപതോ അതിനു മുകളിലോ ഉള്ളവരും തമ്മിലുള്ള അനുപാതം) 1961ല്‍ 10.9 ശതമാനം ആയിരുന്നത് 2001ല്‍ 13.1 ശതമാനമായി ഉയര്‍ന്നു. 2001ല്‍ വാര്‍ധക്യകാല ആശ്രിതത്വ അനുപാതം ഗ്രാമീണമേഖലയില്‍ 14 ശതമാനംവരെ ഉയര്‍ന്നതായിരുന്നു. അതേ അവസരത്തില്‍ അത് പട്ടണപ്രദേശങ്ങളില്‍ ഏതാണ്ട് 10 ശതമാനമായിരുന്നു. 60 വയസ്സിനും അതിനു മുകളിലും ഉള്ള ജനങ്ങളില്‍ തങ്ങളുടെ ദൈനംദിന നിലനില്‍പിന് സാമ്പത്തികമായി ഭാഗികമായിട്ടെങ്കിലും മറ്റാരെയെങ്കിലും ആശ്രയിക്കേണ്ട സ്ഥിതിയിലുള്ളവരുടെ അനുപാതം ഇന്ത്യയില്‍ 2004-05 വര്‍ഷത്തില്‍ ഏതാണ്ട് 65 ശതമാനമായിരുന്നുവെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നു. അവരില്‍ത്തന്നെ സ്ത്രീകളുടെ അനുപാതം ഏതാണ്ട് 85 ശതമാനവും ആയിരുന്നു. 

ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് സമഗ്രവും സാര്‍വത്രികവുമായ സാമൂഹ്യ സുരക്ഷാ വ്യവസ്ഥ നടപ്പാക്കേണ്ടതിെന്‍റ അടിയന്തിര പ്രാധാന്യം അടിവരയിട്ടുകാണിക്കുന്നതിന്, മേല്‍കൊടുത്ത കണക്ക് പര്യാപ്തമായിരിക്കുമല്ലോ. 

പ്രായമായവര്‍ക്കുവേണ്ടി നിലവിലുള്ള സാമൂഹ്യസുരക്ഷാ വ്യവസ്ഥകള്‍ 

60 വയസ്സുകഴിഞ്ഞവര്‍ക്ക് ലഭ്യമായ സാമൂഹ്യസുരക്ഷാ വ്യവസ്ഥകളുടെ സ്വഭാവം, ഇന്ന് ഇന്ത്യയില്‍, സംഘടിത മേഖലയിലും അസംഘടിത മേഖലയിലും വ്യത്യസ്തങ്ങളാണ്. സംഘടിത മേഖലയില്‍ (എ) ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് സിവില്‍ സര്‍വ്വീസ് പെന്‍ഷന്‍ വ്യവസ്ഥയുണ്ട്. അതുവഴി വിരമിച്ചുകഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. (ബി) ഗ്രാറ്റുവിറ്റിയുണ്ട്. അതുവഴി വിരമിക്കുമ്പോള്‍ മൊത്തമായി ഒറ്റത്തവണ ഒരു തുകലഭിക്കുന്നു. (സി) തൊഴിലുടമയും തൊഴിലാളികളും വിഹിതം അടച്ചുകൊണ്ടിരിക്കുന്ന പ്രോവിഡന്റ്ഫണ്ട് പദ്ധതിയുമുണ്ട്. അതുവഴി റിട്ടയര്‍ചെയ്യുമ്പോള്‍ തൊഴിലാളിക്ക് തെന്‍റ വിഹിതവും തൊഴിലുടമ അടയ്ക്കുന്ന തത്തുല്യമായ വിഹിതവും ലഭിക്കുന്നു. 

പക്ഷേ, അസംഘടിത മേഖലയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ മൊത്തത്തില്‍ത്തന്നെ, ഇത്തരം സാമൂഹ്യസുരക്ഷാ സംവിധാനങ്ങളൊന്നും നിലനില്‍ക്കുന്നില്ല എന്നുതന്നെ പറയും. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന / പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രായമായവരുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. സാമൂഹ്യ സുരക്ഷാ വ്യവസ്ഥകള്‍ എന്നപേരില്‍ പരാമര്‍ശിക്കാവുന്ന വിധത്തിലുള്ള ഏതെങ്കിലും വ്യവസ്ഥ നിലവിലുള്ള സംസ്ഥാനങ്ങള്‍ വിരലിലെണ്ണാവുന്നവയേയുള്ളു. 

അസംഘടിത മേഖലയിലും മറ്റ് അവശവിഭാഗങ്ങളിലും ഉള്‍പ്പെട്ട, വാര്‍ധക്യം ബാധിച്ചവര്‍ക്ക് അസംഖ്യം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നിലവിലുള്ള ഒരു സംസ്ഥാനമാണ് കേരളം. കേന്ദ്ര ഗവണ്‍മെന്റുമായും മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം ചെലവില്‍ വളരെ ഉയര്‍ന്ന വഹിതം സാമൂഹ്യ സുരക്ഷയ്ക്കും മറ്റ് ക്ഷേമപദ്ധതികള്‍ക്കും വേണ്ടി കേരളം ചെലവാക്കുന്നുമുണ്ട്. കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, അംഗ വൈകല്യമുള്ളവര്‍, വിധവകള്‍, കൈത്തറിത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത കലാകാരന്മാര്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളിലെ വാര്‍ധക്യം ബാധിച്ചവര്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഗവണ്‍മെന്റ് ഉണ്ടാക്കിയിട്ടുള്ള വിവിധ ക്ഷേമ ഫണ്ടുകളില്‍നിന്നാണ് കേരളത്തിലെ ഗ്രാമീണ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യപ്പെടുന്നത്. 

കേരളത്തിനുപുറമെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ട്. ഏതാനും സംസ്ഥാനങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്; ഏതാനും സംസ്ഥാനങ്ങളില്‍ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്; ശാരീരികമായി അംഗവൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ നകുന്ന ചില സംസ്ഥാനങ്ങളുമുണ്ട്. ഇതിനൊക്കെ പുറമെ അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുമ്പോള്‍ അപകടം സംഭവിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന ചില സംസ്ഥാനങ്ങളുമുണ്ട്. അതെന്തായാലും, ഇത്തരം പദ്ധതികളുടെ കാര്യത്തില്‍ ആനുകൂല്യങ്ങളുടെ സ്വഭാവം, അര്‍ഹതയ്ക്കുള്ള വ്യവസ്ഥകള്‍, ആനുകൂല്യം ലഭിക്കുന്നവരുടെ വൈപുല്യം തുടങ്ങിയവയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ത്തമ്മില്‍ വളരെയേറെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും; നടത്തിപ്പിലെ കാര്യക്ഷമതയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പല പദ്ധതികളുടെയും നടത്തിപ്പിെന്‍റയും ഗുണഭോക്താക്കളുടെ വൈപുല്യത്തിന്റെയും കാര്യത്തില്‍ കേരളത്തേയും തമിഴ്നാടിനേയുംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് സവിശേഷ റക്കോര്‍ഡുതന്നെയുണ്ട്. 

ദേശീയ സാമൂഹ്യ സഹായ പദ്ധതി 

വാര്‍ധക്യം ബാധിച്ചവര്‍ക്ക് പൊതുസഹായം നല്‍കുന്നതിനുള്ള  ദേശീയ സാമൂഹ്യ സഹായ പദ്ധതി (നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം-എന്‍എസ്എപി)ക്ക് കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചത് 1995ലാണ്. എന്‍എസ്എപിയില്‍ താഴെപ്പറയുന്ന പരിപാടികള്‍ ഉള്‍ക്കൊള്ളുന്നു. 

(എ) ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി (ഐജിഎന്‍ഒഎപിഎസ്: ബിപിഎല്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്ന 65 വയസ്സ് പ്രായമായ ആള്‍ക്ക് കേന്ദ്ര സഹായമെന്ന നിലയില്‍ പ്രതിമാസം 200 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്. 

(ബി) ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി (ഐജിഎന്‍ഡബ്ല്യുപിഎസ്): 40 വയസ്സിനും 64 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള വിധവകള്‍ക്ക് പ്രതിമാസം 200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. 

(സി) ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി (ഐജിഎന്‍ഡിപിഎസ്) ഗുരുതരമായ അംഗവൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി. 

(ഡി) ദേശീയ കുടുംബ ക്ഷേമ പദ്ധതി (എന്‍എഫ്ബിഎസ്) ഒരു കുടുംബത്തിലെ (18 വയസ്സിനും 64 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള) പ്രധാന അന്നദാതാവ് മരിക്കുകയാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന 10,000 രൂപയുടെ ധനസഹായം. 

(ഇ) അന്നപൂര്‍ണ: അര്‍ഹതയുള്ളവരാണെങ്കിലും ഐജിഎന്‍ഒഎപിഎസിനു കീഴില്‍ ഉള്‍പ്പെടാത്ത (വാര്‍ധക്യകാല പെന്‍ഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി. ന്യായവില ഷോപ്പുകളിലൂടെ, തികച്ചും സൗജന്യമായി, അവര്‍ക്ക് പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരിക്കും. 

പതിനൊന്നാം പദ്ധതിയുടെ തുടക്കത്തില്‍ ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ (എന്‍എസ്എപി) ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയും അന്നപൂര്‍ണ്ണ പദ്ധതിയും ദേശീയ കുടുംബക്ഷേമ പദ്ധതിയും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. 2009 ഫെബ്രുവരിയില്‍ ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ രണ്ട് പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തപ്പെട്ടു-ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതിയും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയും. 2009 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയിന്‍കീഴില്‍ 1.56 കോടി പേരും ദേശീയ കുടുംബക്ഷേമ പദ്ധതിയിന്‍കീഴില്‍ 1.25 ലക്ഷം പേരും അന്നപൂര്‍ണ പദ്ധതിയിന്‍കീഴില്‍ 7.4 ലക്ഷം പേരും ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷന്‍ പദ്ധതിയിന്‍കീഴില്‍ 23 ലക്ഷം പേരും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയിന്‍കീഴില്‍ 5.1 ലക്ഷം പേരും ഗുണഭോക്താക്കളായി ഉണ്ടായിരുന്നു. അര്‍ഹരായ ഗുണഭോക്താക്കളില്‍ വളരെ ചെറിയ ഒരു ശതമാനത്തിനുമാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളു എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്കുവേണ്ടിയുള്ള വകയിരുത്തല്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 

അസംഘടിത മേഖലയിലെ സ്ഥിതി 

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടി ദേശീയ കമ്മീഷനെ (അസംഘടിത മേഖലയിലെ വ്യവസായ സംരംഭങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന്‍-എന്‍സിഇയുഎസ്) ഇന്ത്യാ ഗവണ്‍മെന്റ് നിയോഗിച്ചത് 2005ലാണ്. ആ കമ്മീഷന്റെ അന്വേഷണത്തില്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയുടെ പ്രശ്നവും ഉള്‍പ്പെട്ടിരുന്നു. ഈ കമ്മീഷന്‍ 2006ല്‍ത്തന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 

സാമൂഹ്യ സുരക്ഷാ പദ്ധതിയെ സംബന്ധിച്ച കരട് ചട്ടക്കൂട് അടങ്ങുന്നതാണ് ആ റിപ്പോര്‍ട്ട്. 2005ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 42.3 കോടി അനൗപചാരിക തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഈ തൊഴിലാളികളെ മുഴുവനും അഞ്ചുവര്‍ഷംകൊണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പദ്ധതിയാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. ""ദേശീയ മിനിമം സാമൂഹ്യസുരക്ഷ"" എന്നാണ് ആ പദ്ധതിയുടെ പേര്‍. ഗവണ്‍മെന്റിന്റെ സഹായവും ഇന്‍ഷ്വറന്‍സും കൂടിച്ചേര്‍ന്ന ഒരു പദ്ധതിയായിരുന്നു അത്. സാമൂഹ്യസുരക്ഷയുടെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ പദ്ധതി-തൊഴിലാളിയേയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള ആരോഗ്യ പരിരക്ഷ; പ്രസവാനുകൂല്യം; ലൈഫ് ഇന്‍ഷ്വറന്‍സ്; അംഗവൈകല്യമുള്ളവര്‍ക്കുള്ള ആനുകൂല്യം ദരിദ്ര കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്റെ രൂപത്തിലുള്ള വാര്‍ധക്യകാല സുരക്ഷ, മറ്റുള്ളവര്‍ക്ക് പ്രോവിഡന്റ്ഫണ്ട് എന്നിങ്ങനെ പല പരിപാടികളും അതില്‍ വിഭാവനംചെയ്യപ്പെട്ടിരുന്നു. ആ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മിനിമം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ താഴെപ്പറയുന്ന വിധത്തിലുള്ളതാണ്. 

1. രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളിക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ചെയ്യുന്നതിന് 15,000 രൂപവരെ; ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് ദിവസത്തില്‍ 50 രൂപവെച്ച് (പരമാവധി 15 ദിവസത്തേക്ക്) അലവന്‍സ്. 

2. പ്രസവത്തിന് പരമാവധി 1000 രൂപവരെ സഹായം. 

3. കുടുംബത്തിന്റെ താങ്ങായ വ്യക്തി മരിക്കുകയാണെങ്കില്‍ പേഴ്സണല്‍ ആക്സിഡന്റ് കവര്‍ എന്ന നിലയില്‍ 25,000 രൂപവരെ സഹായം. 

4. വാര്‍ധക്യകാല സുരക്ഷയ്ക്ക് രണ്ട് (അതിലൊന്ന് സ്വീകരിക്കല്‍) പദ്ധതികള്‍. (എ) ദരിദ്രരായ (ബിപിഎല്‍) വൃദ്ധജനങ്ങള്‍ക്ക് (60 വയസ്സിനുമേലെയുള്ളവര്‍ക്ക്) പ്രതിമാസം 200 രൂപവെച്ച് വാര്‍ധക്യകാല പെന്‍ഷന്‍. 

5. മറ്റെല്ലാ തൊഴിലാളികള്‍ക്കും പ്രോവിഡന്റ്ഫണ്ട് (അതിന് അര്‍ഹരാവുന്നതിന് ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് തൊഴിലാളികള്‍ തങ്ങളുടെ വിഹിതം അടയ്ക്കേണ്ടതുണ്ട്) 

ഈ പദ്ധതികള്‍ നടത്തിക്കൊണ്ടുപോകുന്നതിനായി നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡ് രൂപീകരിക്കണമെന്നും ദേശീയ കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ട്. ഈ ബോര്‍ഡ് പദ്ധതിയ്ക്കായുള്ള ദേശീയ സാമൂഹ്യ സുരക്ഷാ ഫണ്ട് കൈകാര്യംചെയ്യും. ആവശ്യമായ നയങ്ങള്‍ ആവിഷ്കരിക്കുന്നതും സാങ്കേതിക സഹായം നല്‍കുന്നതും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് വീതംവെയ്ക്കുന്നതും ഈ ബോര്‍ഡ് ആയിരിക്കും. സംസ്ഥാനതലങ്ങളിലും അത്തരം ബോര്‍ഡുകള്‍ ഉണ്ടായിരിക്കണം. പ്രാദേശികതലംവരെ പരന്നുകിടക്കുന്ന ഭരണതല സംവിധാനം അതിനുണ്ടായിരിക്കണം. പ്രാദേശികതലങ്ങളില്‍ വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എന്നാണ് ഇവ അറിയപ്പെടുക. ഈ പദ്ധതികളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ കാര്‍ഡ് നല്‍കുന്നതായിരിക്കും. 

ഈ പദ്ധതിക്കുവേണ്ടി തൊഴിലാളികളും തൊഴിലുടമകളും സര്‍ക്കാരും 1:1:1 എന്ന അനുപാതത്തില്‍ വിഹിതം അടയ്ക്കണം. തൊഴിലുടമ (അങ്ങനെയൊരാളുണ്ടെങ്കില്‍) ഒരു തൊഴിലാളിക്കായി പ്രതിദിനം ഒരു രൂപ വീതം അടയ്ക്കണം. എന്നാല്‍ അനൗപചാരിക മേഖലയില്‍ അത്തരം തൊഴിലുടമകളെ കണ്ടെത്തുന്നത് പലപ്പോഴും വിഷമകരമായതിനാല്‍, അത്തരം തൊഴിലാളിക്കുവേണ്ടി സര്‍ക്കാര്‍തന്നെ വിഹിതം അടയ്ക്കണം എന്നാണ് ദേശീയ കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നത്. അതായത് ആരാണ് തൊഴിലുടമ എന്ന് കണ്ടെത്താനായില്ലെങ്കില്‍, ഈ വിഹിതം കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ചേര്‍ന്ന് അടയ്ക്കണം. അത് 3:1 എന്ന അനുപാതത്തിലായിരിക്കണം (അതായത് പ്രതിദിനം ഒരു തൊഴിലാളിക്ക് 0.75 രൂപവെച്ച് കേന്ദ്ര ഗവണ്‍മെന്റും 0.25 രൂപ വെച്ച് സംസ്ഥാന ഗവണ്‍മെന്റും അടയ്ക്കണം അതിനുപുറമെ ദരിദ്ര കുടുംബങ്ങളുടെ വിഹിതവും (തൊഴിലാളികളില്‍ 23 ശതമാനവരും) ഇത് ഗവണ്‍മെന്റുതന്നെ അടയ്ക്കണം. തൊഴിലാളികള്‍ക്ക് സ്ഥിരമായി വിഹിതം അടയ്ക്കാനുള്ള കഴിവില്ലായ്മ പരിഗണിച്ചാണിത്. അങ്ങനെ, ബിപിഎല്‍ തൊഴിലാളിക്കുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ദിനംപ്രതി ഒരു രൂപ അടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. 

ഇന്‍ഷ്വറന്‍സും സര്‍ക്കാര്‍ സഹായവും ഒന്നിച്ച് ഉള്‍ക്കൊള്ളുന്ന ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള പദ്ധതിയില്‍ സര്‍ക്കാര്‍ സഹായം, വാര്‍ധക്യകാല സുരക്ഷ നല്‍കുന്നതിലേക്ക് പരിമിതമാക്കപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളത് ഇന്‍ഷ്വറന്‍സ് രീതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. ആശുപത്രികളില്‍ കിടത്തി ചികിത്സിപ്പിക്കുന്നതിനായി നേരിട്ട് പണം നല്‍കേണ്ടതില്ലാത്ത ഒരു രീതിയാണ് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നത്. ഈ പദ്ധതിയില്‍ നിര്‍ദ്ദിഷ്ട ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളില്‍നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താവിന് ആശുപത്രി പ്രവേശനം ലഭിക്കുന്നു. ഈ ഉദ്ദേശത്തിനായി, ഏറ്റവും ചുരുങ്ങിയ പശ്ചാത്തല സൗകര്യങ്ങളെങ്കിലുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, സഹകരണ-ധര്‍മ്മ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയെയാണ് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നത്. എല്‍ഐസിപോലെയുള്ള പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളോ അഥവാ പോസ്റ്റ് ഓഫീസുകളോ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ പ്രശ്നം കൈകാര്യം ചെയ്യണം എന്നാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നത്. രാജ്യത്തെങ്ങുമുള്ള പോസ്റ്റ് ഓഫീസ് വലക്കെട്ടിനെക്കുറിച്ചും സാമൂഹ്യസുരക്ഷാ വിഹിതം അതുവഴി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ദേശീയ കമ്മീഷന് അതിയായ താല്‍പര്യമുണ്ടായിരുന്നു. കണക്കുകള്‍ സൂക്ഷിച്ചുകൊണ്ടും സേവന ദാതാക്കള്‍ക്ക് തുക ലഭ്യമാക്കിക്കൊണ്ടും സാമൂഹ്യ സുരക്ഷാ വ്യവസ്ഥ സംബന്ധിച്ച റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന ചുമതലയാണ് അവയ്ക്ക് കല്‍പിക്കപ്പെട്ടത്. 

മ്യൂച്വല്‍ഫണ്ടിന്റെ മേല്‍നോട്ടത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രോവിഡന്റ്ഫണ്ട് മാതൃകയാണ് എപിഎല്‍ തൊഴിലാളികള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നത്. തൊഴിലാളികളുടെ സമ്പാദ്യം മൂലധന കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകാത്തവിധത്തില്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് 10 ശതമാനം പലിശ ഉറപ്പുവരുത്തുന്നതിനും ശുപാര്‍ശചെയ്യപ്പെട്ടിരുന്നു. 

ഈ പദ്ധതിയുടെ ധനപരമായ നടത്തിപ്പിന്റെ ഉത്തരവാദിത്വം കേന്ദ്രഗവണ്‍മെന്റിനായിരുന്നു. അതിനുവേണ്ടി വ്യാപാരത്തിന്മേല്‍ സെസ് ചുമത്താം; അഥവാ സാമൂഹ്യസുരക്ഷാ നികുതി ചുമത്താം; അല്ലെങ്കില്‍ രണ്ടുംകൂടിയാവാം; അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം അവലംബിക്കാം. അഞ്ചാംവര്‍ഷമാകുമ്പോഴേക്ക് 30 കോടി തൊഴിലാളികളും പദ്ധതിക്കുകീഴില്‍ വരുമെന്നും അപ്പോഴേക്ക് അതിെന്‍റ നടത്തിപ്പ് ചെലവ് ജിഡിപിയുടെ 0.5 ശതമാനത്തിന് തുല്യമായ തുകയായിത്തീരുമെന്നും ദേശീയകമ്മീഷന്‍ കണക്കാട്ടിയിട്ടുണ്ട്. 

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയെ സംബന്ധിക്കുന്ന നിയമം

ദേശീയ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ നിയമം (2008) പാസാക്കിയ യുഡബ്ല്യു എസ്എസ്എ-2008 എന്ന ഈ നിയമത്തില്‍ ദേശീയ സാമൂഹ്യസുരക്ഷാ ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള വകുപ്പുകളുണ്ട്. ലൈഫ് ഇന്‍ഷ്വറന്‍സ്, വികലാംഗ ഇന്‍ഷ്വറന്‍സ്, ആരോഗ്യ-പ്രസവ ആനുകൂല്യങ്ങള്‍, വാര്‍ധക്യകാല സംരക്ഷണം എന്നിവ സംബന്ധിച്ച സാമൂഹ്യസുരക്ഷാ പദ്ധതികളും അസംഘടിത തൊഴിലാളികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്‍റ് അതാതുകാലം നിശ്ചയിക്കുന്ന മറ്റേതൊരു പദ്ധതിയും ആവിഷ്കരിച്ച് ശുപാര്‍ശചെയ്യുന്നത് ഈ ബോര്‍ഡാണ്. 

ഈ നിയമത്തിനുകീഴിലുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കപ്പെട്ടിട്ടുണ്ട്. ഈ നിയമം 2009 മെയ് മാസംതൊട്ട് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് 2009 ആഗസ്റ്റില്‍ രൂപീകൃതമായി. രാഷ്ട്രീയ സ്വാസ്ഥ്യഭീമാ യോജന (ആരോഗ്യ-പ്രസവ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന ആര്‍എസ്ബിവൈ) ജനശ്രീ ഭീമായോജന (മരണ ഇന്‍ഷ്വറന്‍സും വികലാംഗ ഇന്‍ഷ്വറന്‍സും അനുവദിക്കുന്ന ജെബിവൈ), ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്ന ഐജിഎന്‍ഒഎപി) എന്നീ പദ്ധതികള്‍ അസംഘടിത തൊഴിലാളികള്‍ക്കിടയിലെ ചില വിഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം എന്ന് ബോര്‍ഡ് ശുപാര്‍ശചെയ്തിരിക്കുന്നു. 

നിയമം സംബന്ധിച്ച ചില പ്രശ്നങ്ങള്‍ 

അസംഘടിത മേഖലയിലെ വ്യവസായ സംരംഭങ്ങളെ സംബന്ധിക്കുന്ന ദേശീയ കമ്മീഷന്‍ (എന്‍സിഇയുഎസ്) നല്‍കിയ ശുപാര്‍ശകളില്‍ ഏറെ വെള്ളം ചേര്‍ത്തുണ്ടാക്കിയ ഒരു പതിപ്പാണ്, 2007ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ സംബന്ധിച്ച ബില്ല് (2008). ആ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടു. സ്റ്റാന്റിങ് കമ്മിറ്റി ബില്ല് ഏറെക്കുറെ മാറ്റി എഴുതുകതന്നെ ചെയ്തു. തുടക്കത്തില്‍ ദേശീയകമ്മീഷന്റെ ശുപാര്‍ശകളില്‍ ഉണ്ടായിരുന്ന പല സവിശേഷ ഘടകങ്ങളും അതില്‍ പുനഃസ്ഥാപിക്കപ്പെട്ടു. എന്നാല്‍ സ്റ്റാന്റിങ് കമ്മിറ്റിയുടെ ഈ ശുപാര്‍ശകളെല്ലാം ഗവണ്‍മെന്റ് തള്ളുകയാണുണ്ടായത്. ആദ്യം അവതരിപ്പിക്കപ്പെട്ട പതിപ്പിന് സമാനമായ മറ്റൊരു പതിപ്പാണ് വീണ്ടും പാര്‍ലമെന്റില്‍ അംഗീകാരത്തിനായി അവതരിപ്പിക്കപ്പെട്ടത്. ബില്‍ പാസാക്കപ്പെട്ടു. അങ്ങനെ യുഡബ്ല്യുഎസ്എസ്എ-2008 എന്ന നിയമം പ്രാബല്യത്തില്‍വന്നു. ഈ നിയമത്തിെന്‍റ അപര്യാപ്തതയെച്ചൊല്ലി, ദേശീയ കമ്മീഷന്റെ മുന്‍ അംഗങ്ങള്‍തന്നെ അതിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. 

ചില വിമര്‍ശനങ്ങള്‍ താഴെക്കൊടുക്കുന്നു:
  • അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കണം എന്ന് പ്രസ്താവിക്കുന്നതിനപ്പുറത്തേക്ക് ഈ നിയമം പോകുന്നില്ല. പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ""അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്രഗവണ്‍മെന്റ് കാലാകാലങ്ങളില്‍ യുക്തമായ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കണം"" എന്ന് ചുമ്മാ പറയുകമാത്രമേ നിയമം ചെയ്യുന്നുള്ളൂ. 
  • നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള 10 പദ്ധതികളില്‍ എട്ടെണ്ണവും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവയാണ്. അവയില്‍ മിക്കവയും തൊഴിലാളികളിലെ പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള ചെറിയ പദ്ധതികളാണ്. മറ്റ് രണ്ട് പദ്ധതികളാകട്ടെ, താരതമ്യേന പുതിയ പദ്ധതികളാണ്. 2008 ഡിസംബറില്‍ നിയമം പാസ്സാക്കുന്നതിന് ഏതാനും മാസം മുമ്പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍. 
  • ഈ നിയമത്തിനുവേണ്ടി പ്രത്യേകമായി സാമ്പത്തികമായ വകയിരുത്തല്‍ നടത്തപ്പെട്ടിട്ടില്ല. അസംഘടിത മേഖലയിലെ വ്യവസായ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ദേശീയ ഫണ്ട് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതാത് സമയങ്ങളില്‍ നോട്ടിഫൈ ചെയ്യപ്പെടുന്ന പദ്ധതികള്‍ക്ക് അതതുസമയത്ത് പൂര്‍ണ്ണമായോ അഥവാ ഭാഗികമായോ ഫണ്ട് അനുവദിക്കും എന്നാണ് നിയമം പറയുന്നത്. 
  • സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ചുമതല നിയമം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്്. സാമൂഹ്യസുരക്ഷാ പദ്ധതികളും ക്ഷേമപദ്ധതികളും ആവിഷ്കരിക്കുന്നതിനായി സംസ്ഥാനതല ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ അത് സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ബോര്‍ഡുകള്‍ക്ക് ഉപദേശിക്കാനുള്ള അധികാരമേയുള്ളുതാനും. അതായത് പദ്ധതി നടപ്പാക്കുന്നതിന് ഒരു സമിതിയേയും നിയമം അധികാരപ്പെടുത്തുന്നില്ല. 
  • നിയമത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട, നിലവിലുള്ള പദ്ധതികളില്‍ മിക്കവയും, ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രം ബാധകമായവയാണ്. എന്നാല്‍ സഹായം ആവശ്യമുള്ള കുടുംബങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് ബിപിഎല്‍ വിഭാഗത്തില്‍പെട്ടവ. ദിവസത്തില്‍ 32 രൂപയില്‍ താഴെ വരുമാനമുള്ളവരേ ബിപിഎല്‍ വിഭാഗത്തില്‍ വരൂ എന്ന് നിര്‍ദ്ദേശിക്കുന്ന, തര്‍ക്ക വിഷയമായ ദാരിദ്ര്യരേഖയെ അടിസ്ഥാനമാക്കിയെടുത്തു കൊണ്ടാണ് ബിപിഎല്‍ കുടുംബങ്ങളെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ സാര്‍വത്രികമായ ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയാണ് നമുക്ക് ആവശ്യം. 
ചുരുക്കത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഖ്യ വളരെ വലിയതാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിക്കുന്ന സാമൂഹ്യസുരക്ഷാ നിയമം (2008) തികച്ചും അപര്യാപ്തമായ ഒരു നിയമനിര്‍മാണമാണ്. നവലിബറല്‍ നയത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളില്‍ തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയാണത്. 

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ രണ്ടു കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. 

ഒന്നാമത്, ജനങ്ങളുടെ പൊതുവിലുള്ള സാമൂഹ്യസുരക്ഷയെ കൈകാര്യംചെയ്യുന്നതില്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ അനുഭവം, മൊത്തത്തില്‍ത്തന്നെ നിരാശാജനകമാണ്. എടുത്തുപറയത്തക്ക വിധത്തിലുള്ള ദൃഢമായ ഒരു നയസമീപനത്തിനുപകരം, പരിമിതവും അങ്ങിങ്ങായി ഉള്ളതും അറച്ചറച്ച് നടപ്പാക്കപ്പെടുന്നതുമായ ചില യത്നങ്ങളാണ് നടത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ അധികപക്ഷവും സംസ്ഥാനങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഒരു പരമ്പരയെ ആശ്രയിക്കുന്നതിനുപകരം, രാജ്യവ്യാപകമായ ഒരു സാമൂഹ്യ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്‍റ്, നേതൃത്വ നല്‍കേണ്ടിയിരിക്കുന്നു. 

രണ്ടാമത്, സാമൂഹ്യസുരക്ഷയ്ക്കുവേണ്ടി ചെലവാക്കുന്നതിന് സര്‍ക്കാരിന്റെ കയ്യില്‍ വേണ്ടത്ര വിഭവങ്ങളില്ല എന്ന അര്‍ഥത്തിലുള്ള നിരവധി വാദമുഖങ്ങളാണ്, ഔദ്യോഗികവൃത്തങ്ങളില്‍ നിന്ന് നാം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളത്. ഈ വാദമുഖത്തെ ചെറുത്തേപറ്റൂ. ഇന്ത്യയുടേതിനോട് തുലനംചെയ്യാവുന്ന പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളില്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിെന്‍റ ആദ്യത്തോടെയുംതന്നെ, ശ്രദ്ധേയമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കപ്പെട്ടു തുടങ്ങിയിരുന്നുവെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. നമ്മുടെ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴില്‍ സേനയ്ക്കുവേണ്ടി ശക്തവും സാര്‍വത്രികവും സമഗ്രവും ആയ സാമൂഹ്യ സുരക്ഷാ വ്യവസ്ഥ എത്രയുംവേഗം സ്ഥാപിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അതിനൊട്ടും കാലതാമസം വരുത്തരുത്.

Courtesy:  Chintha (http://www.deshabhimani.com/periodicalContent7.php?id=692)

No comments:

Post a Comment