Friday, June 21, 2013

ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിലെ മുരടിപ്പ്

ആർ. രാംകുമാർ

ഇന്ത്യൻ സമ്പദ്-വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത്‌ ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക ശാസ്ത്രഞ്ഞന്മാർ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു decoupling-ന്റേതു. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിർത്തുന്ന കൊളുത്തുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയിൽ നിന്നും ഒഴിഞ്ഞു തന്നെ നില്ക്കും. ഈ വാദം ഇന്ന് നവലിബറലുകൾ തന്നെ തള്ളിയിരിക്കുന്നു. എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു.

മുരടിപ്പിന്റെ വ്യാപ്തിയും രൂപവും

ഒന്ന്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ (ജി. ഡി. പി. യുടെ) വളർച്ചാ നിരക്കുകൾ ഇന്ന് അഞ്ചു ശതമാനത്തിൽ താഴെ എത്തി നില്ക്കുന്നു. ത്രൈമാസിക വളർച്ചാ നിരക്കിന്റെ കണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്. 2011-12 വർഷത്തിന്റെ തുടക്കത്തിൽ 7 ശതമാനത്തിൽ കൂടുതൽ വളർന്നു നിന്നിരുന്ന സമ്പദ് ഘടന ആ വർഷത്തിന്റെ ഒടുക്കമെത്തിയപ്പൊൾ 5.1 ശതമാനത്തിൽ മാത്രമാണ് വളർന്നത്‌. 2012-13 ന്റെ ഒടുക്കത്തിൽ എത്തിയപ്പോൾ വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തിൽ നിന്നും താണ് 4.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളർച്ച ഏറ്റവും കൂടുതൽ ഇടിഞ്ഞത് കാർഷിക മേഖലയിൽ ആണ്. കൃഷിയുടെ വളർച്ചാ നിരക്കിലെ ഇടിവു കാർഷിക ഉത്‌പാദനത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഒട്ടു മിക്ക വിളകളിലും കഴിഞ്ഞ വർഷത്തെ ഉത്പാദനം ഗണ്യമായി ഇടിഞ്ഞു. ഭക്ഷ്യ ധാന്യങ്ങളിൽ 3.5 %, നെല്ലിൽ 3.3 %, ഗോതമ്പിൽ 2.7 %, എണ്ണ കുരുക്കളിൽ 3.3 %, പരുത്തിയിൽ 2.9 %, കരിമ്പിൽ 7.2 % എന്നീ ശതമാന തോതുകളിലാണ് കഴിഞ്ഞ വർഷത്തെ ഉത്പാദനം ഇടിഞ്ഞത്. രണ്ടു ശതമാനത്തിൽ താഴെയാണ് കൃഷിയിൽ കഴിഞ്ഞ വർഷത്തെ വളർച്ച. വ്യവസായത്തിലും സർവീസസിലും വളർച്ചാ നിരക്കുകൾ ഇടിഞ്ഞു.


രണ്ടു, ഉത്പാദന പ്രതിസന്ധിയുടെ പ്രധാന കാരണം മൂലധന നിക്ഷേപത്തിൽ (gross capital formation) വന്നിട്ടുള്ള വലിയ കുറവാണ്. 2010-11 ൽ മൊത്തം ജി ഡി പിയുടെ 37 ശതമാനം വരെ മൂലധന നിക്ഷേപത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ, 2011-12 ൽ മൊത്തം ജി ഡി പിയുടെ 35 ശതമാനം മാത്രമേ മൂലധന നിക്ഷേപത്തിലേക്ക് പോയുള്ളൂ. സ്വകാര്യ കോർപ്പോറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതൽ ഇടിവ്. ഇതുമായി ബന്ധപ്പെട്ടു കാണേണ്ട വിഷയമാണ് സമ്പദ് ഘടനയിൽ ചിലവുകൾ കിഴിച്ചു മിച്ചം വെക്കപ്പെടുന്ന പണത്തിന്റെ തോത് (savings rate). ഇങ്ങിനെ മിച്ചം വരുന്ന പണമാണല്ലോ മൂലധന നിക്ഷേപത്തിന് ഉപയോഗിക്കാൻ കഴിയുന്നത്‌. 2010-11 ൽ മൊത്തം ജി ഡി പിയുടെ 34 ശതമാനം പണം മിച്ചമായിരുന്നു. എന്നാൽ 2011-12 ൽ മൊത്തം ജി ഡി പിയുടെ 31 ശതമാനം മാത്രമേ മിച്ചമായിരുന്നുള്ളൂ. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യിൽ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

മൂന്നു, മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളിൽ നിന്നുള്ള വായ്പ്പകളുടെ വളർച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പ്പകളിലും വളർച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകൾ 2011നും  2012നും ഇടയ്ക്കു 19 % കണ്ടു വളർന്നെങ്കിൽ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളർന്നത്‌. മാർച്ച്‌ 2012-ൽ വായ്പ്പകളുടെ വളർച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളർച്ചാ നിരക്കിനേക്കാൾ വളരെ ഉയർന്നു നിന്നിരുന്നുവെങ്കിൽ, മാർച്ച്‌ 2013-ൽ വായ്പ്പകളുടെ വളർച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളർച്ചാ നിരക്കിനേക്കാൾ താഴെയായി. ബാങ്ക് വായ്പ്പകൾ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും. അത്തരത്തിലുള്ള ഒരു കുടുക്കിലാണ് നമ്മൾ ചെന്നെത്തി നില്ക്കുന്നത്. സാമ്പത്തിക വളർച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. മാർച്ച്‌ 2012-ൽ ബാങ്കുകളുടെ കിട്ടാക്കടങ്ങൾ (NPA) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കിൽ മാർച്ച്‌ 2013-ൽ അത് 4 % ആയി ഉയർന്നു.

നാല്, നവലിബറൽ നയങ്ങളുടെ ഭാഗമായി കടന്നു വന്നിട്ടുള്ള പുതിയൊരു പ്രതിസന്ധിയാണ് വളർന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്ക്കുന്ന കയറ്റുമതികളും കൂടി വരുത്തി വെച്ചിട്ടുള്ള വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. കയറ്റുമതികൾ വളരാത്തത് മൂലം, ഇന്ത്യൻ സർക്കാരിന്റെ വിദേശനാണയ മിച്ചം വളരുന്നില്ല; എന്നാൽ, ഇറക്കുമതികൾ തുടരുന്നത് മൂലം അതിലേക്കായി കൊടുക്കാൻ കയ്യിലുള്ള വിദേശനാണയ (ഡോളർ) ശേഖരം ചുരുങ്ങുന്നു. 2012-ന്റെ തുടക്കത്തിൽ കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 20 ബില്ല്യണ്‍ ഡോളറായിരുന്നു; അതായത് ജി ഡി പിയുടെ 4 ശതമാനം. ഇന്ന്, കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 35 ബില്ല്യണ്‍ ഡോളറായി ഉയർന്നിട്ടുണ്ട്; അതായത്, ജി ഡി പിയുടെ 7 ശതമാനം. ഈ വഴിക്ക് പോയാൽ, ഇറക്കുമതിക്ക് കൊടുക്കാൻ ഡോളറില്ലാത്ത അവസ്ഥയിലേക്ക് സമ്പദ് ഘടന എത്തും. ഇത് കൊണ്ട് കൂടിയാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി കുറച്ചു കൊണ്ട് വരാൻ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

അഞ്ചു, വിദേശനിക്ഷേപം വലിയ തോതിൽ ആകർഷിച്ച്ചു കൊണ്ടാണ് ഇന്ത്യ ഇത് വരെ വിദേശനാണയ ശേഖരം പെരുപ്പിച്ചു കൊണ്ടിരുന്നത്. അങ്ങിനെയാണ് വർദ്ധിച്ചു വന്ന ഇറക്കുമതികൾക്ക് നല്കാൻ ആവശ്യത്തിനു ഡോളർ കണ്ടെത്തിയിരുന്നത്. ഇപ്പോഴും അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാൽ, ആ വഴിയും മെല്ലെ അടയുകയാണ് എന്നാണു അനുമാനം. നേരിട്ടുള്ള വിദേശ നിക്ഷേപം കുറഞ്ഞു വരികയാണ് എന്ന് കണക്കുകൾ കാണിക്കുന്നു. ഇത് ഇറക്കുമതികൾക്ക് കൊടുക്കാൻ മിച്ചം വെച്ചിരുന്ന ഡോളറുകൾ കുറക്കുന്നു. ഉയർന്നു നില്ക്കുന്ന കറണ്ട് അക്കൗണ്ട് കമ്മിയും ധനകമ്മിയുമാണത്രെ വിദേശ നിക്ഷേപകർക്കു ഇന്ത്യയിൽ താത്പര്യം കുറഞ്ഞു വരാൻ കാരണം. ശരി തന്നെ. എന്നാൽ, മറ്റൊരു കാരണം കൂടിയുണ്ട്. ഏകദേശം 2014 ഓടു കൂടി അമേരിക്കയിലെ സർക്കാരിന്റെ "ഫിസ്കൽ സ്റ്റിമുലസ്" പദ്ധതി (അതായത്, മാന്ദ്യം മറികടക്കാൻ സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്ന പദ്ധതി) നിർത്തലാക്കും എന്ന് അറിയിപ്പ് വന്നിട്ടുണ്ട്. അതായത്, അമേരിക്കൻ സർക്കാർ വാങ്ങി കൊണ്ടിരുന്ന പല ബോണ്ടുകളും വില്ക്കുകയോ, പുതിയ ബോണ്ടുകൾ വാങ്ങാതിരിക്കുകയോ ചെയ്യുമെന്നു. ഇത് കേട്ട പാതി, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ നിന്നും വിദേശ നിക്ഷേപം വലിയ തോതിൽ പുറത്തേക്ക് ഒഴുകുകയാണ്. ജൂണ്‍ 2013ലെ ആദ്യത്തെ മൂന്ന് ആഴ്ച്ച കൊണ്ട് തന്നെ വികസ്വര രാജ്യങ്ങളിൽ നിന്ന് 19 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് പോയി എന്നാണു ഒരു കണക്കു. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 3 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് ഒഴുകിയിട്ടുണ്ടാകും എന്നും.

ആറു, ഇത്തരത്തിലുള്ള സാമ്പത്തിക വിപണികളിലെ മാറ്റങ്ങളും ഊഹകച്ചവടങ്ങളും ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് കറൻസി വിപണിയെയാണ്. ധനമൂലധനം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടാകുമ്പോൾ, ഏതൊരു രാജ്യത്തിനും ഡോളറുകൾ വിൽക്കേണ്ടി വരും. അങ്ങിനെ ഡോളർ ശക്തിപ്പെടുകയും, ഇന്ത്യൻ രൂപ ദുർബലപ്പെടുകയും ചെയ്യുന്നു. ഇങ്ങിനെയാണ്‌ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്ത കാലത്ത് ഗണ്യമായി ഇടിഞ്ഞിട്ടുള്ളത്. ഇതെഴുതുമ്പോൾ, ഒരു ഡോളറിനു മൂല്യം 59 ഇന്ത്യൻ രൂപ! 

മുരടിപ്പിന്റെ രാഷ്ട്രീയ പശ്ച്ചാത്തലം

എന്താണ് ഇന്നത്തെ സാമ്പത്തിക മുരടിപ്പിന്റെ രാഷ്ട്രീയ പശ്ച്ചാത്തലം? നമുക്കറിയാം, 1960കളിലും 1970കളിലും ഇന്ത്യൻ സമ്പദ് ഘടന വളർന്നത്‌ വെറും 3 ശതമാനം നിരക്കിലായിരുന്നു. ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായത് 1980കളിൽ ആയിരുന്നു. 1980കളുടെ ദശകത്തിൽ വളർച്ചാ നിരക്ക് 5.6 ശതമാനമായി ഉയർന്നു. വലിയ തോതിൽ സർക്കാരിന്റെ പൊതുചെലവും നിക്ഷേപവും വർദ്ധിപ്പിച്ചും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ പ്രത്യേകം ചെലവ് ചെയ്തും ആണ് 1970കളിലെ മുരടിപ്പിൽ നിന്നും ഇന്ത്യ കര കയറിയത്. 1991ൽ, അതായത് ഉദാരവല്ക്കരണ നടപടികളുടെ കാലഘട്ടത്തിൽ, വളർച്ചാ നിരക്കുകൾ വലിയ തോതിൽ ഉയർന്നു എന്നാണു നവ-ലിബറലുകൾ വാദിക്കുന്നത് എങ്കിലും, 1990കളുടെ ദശകത്തിൽ വളർച്ചാ നിരക്ക് വെറും 6.4 ശതമാനം മാത്രമായിരുന്നു. അതായത്, 1980കളേക്കാൾ അല്പ്പം മാത്രം മുകളിൽ. പിന്നെയെപ്പോഴാണ് വളർച്ചാ നിരക്കുകൾ ശരിക്കും വർദ്ധിക്കുന്നത്? 2000-ത്തിലെ ദശകത്തിന്റെ തുടക്കം മുതലാണ്‌ ഏഴു ശതമാനത്തിൽ നിന്നും മുകളിലേക്ക് വളർച്ചാ നിരക്കുകൾ ഉയരുന്നത്; കഴിഞ്ഞ ദശകം മുഴുവനായി എടുത്താൽ, 8.1 ശതമാനമാണ് ശരാശരി പ്രതിവർഷ വളർച്ചാ നിരക്ക്. ഇതെങ്ങിനെയുണ്ടായി?

2000-ത്തിലെ ദശകത്തിലെ ഒരു പ്രധാനപ്പെട്ട മാറ്റം വിദേശ നിക്ഷേപങ്ങളുടെ വലിയ തോതിലുള്ള വളർച്ചയാണ്. ഇന്ത്യയിലെ ഫിനാൻസ് വിപണിയിൽ വലിയ തോതിൽ തന്നെ വിദേശ നിക്ഷേപം വന്നു. ഈ വിദേശ-നിക്ഷേപ വളർച്ചയാണ് മൊത്തം സമ്പദ് ഘടനയുടെ വളർച്ചയെ ഉയർത്തിയത്‌. ശരിക്കും, ഇന്ത്യക്ക് ആവശ്യം വേണ്ടതിനേക്കാൾ കൂടുതൽ മൂലധനമാണ് ഇതിലൂടെ ഇന്ത്യയിൽ എത്തിപ്പെട്ടത്. അമേരിക്കൻ-യൂറോപ്പ്യൻ സമ്പദ്-ഘടനകൾ നന്നായി വളർന്നു കൊണ്ടിരുന്ന ഒരു സുവർണ്ണ കാലമായിരുന്നു ഇത്. ഇന്ത്യ ഈ വിദേശ നിക്ഷേപകർക്കു പ്രീയപ്പെട്ടതാവാൻ പല കാരണങ്ങളും ഉണ്ട്. ഇന്ത്യയിലെ വിപണികളുടെ ഉദാരവൽക്കരണം കാഴ്ച്ച വെച്ച വൻ-ലാഭ-സാധ്യതകൾ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഒപ്പം, സാമാന്യം ഭേദപ്പെട്ട രീതിയിൽ വളർന്നു കൊണ്ടിരുന്ന സർവീസസ് മേഖലയും ഇന്ത്യക്ക് പുറത്തു ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്കയക്കുന്ന പണം എന്നിവയെല്ലാം ചേർന്ന് ആവശ്യത്തിൽ കൂടുതൽ ഡോളർ-ശേഖരം ഇന്ത്യക്ക് നേടിക്കൊടുത്തിരുന്ന സമയമായിരുന്നു അത്. അതായത്, വിദേശ നിക്ഷേപകർ സാധാരണ പേടിക്കുന്ന കറണ്ട് അക്കൗണ്ട് കമ്മി ഈ ഡോളർ-ശേഖരം കാരണം ഒരു വിഷയമല്ലാതായിരുന്നു. ആ വർഷങ്ങളിലൊക്കെ തന്നെ കറണ്ട് അക്കൗണ്ട് മിച്ചത്തിലായിരുന്നു ഇന്ത്യ.

ഈ വിദേശനിക്ഷേപം ഇന്ത്യക്കകത്തെ liquidity (അനായാസേന പണമാക്കി മാറ്റാവുന്ന വസ്‌തുക്കള്‍ കൈവശമുള്ള അവസ്ഥ) സ്ഥിതി വിപുലമാക്കി. ഈ അവസ്ഥയിൽ ബാങ്ക് വായ്പ്പകൾ വലിയ തോതിൽ വർദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി. വർഷം 2000 ത്തിൽ ബാങ്ക് വായ്പ്പകൾ ജി ഡി പിയുടെ 22 ശതമാനം മാത്രമായിരുന്നു എങ്കിൽ ഇന്നത്‌ വർദ്ധിച്ചു ജി ഡി പിയുടെ ഏകദേശം 56 ശതമാനത്തിൽ എത്തി നില്ക്കുന്നു. ബാങ്ക് വായ്പ്പകൾ ഏറ്റവും കൂടുതൽ വർദ്ധിച്ച്ചത് സ്വകാര്യ വായ്പ്പാ രംഗത്തും (personal loans) ഭവന-റിയൽ എസ്റ്റെറ്റു ആവശ്യങ്ങൾക്കുമായിരുന്നു. വിദേശ-നിക്ഷേപത്തോടൊപ്പം ഇത്തരത്തിലുള്ള ബാങ്ക് വായ്പ്പകളും വർദ്ധിച്ചതോട് കൂടി, മൂലധന നിക്ഷേപവും വർദ്ധിക്കാൻ തുടങ്ങി. ഈ നിക്ഷേപങ്ങൾ സമ്പദ്-ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തി. സമൂഹത്തിലെ ചില വർഗങ്ങൾക്ക്‌ (ധനികർക്കും കൊർപ്പൊറേറ്റ് മൂലധനശക്തികൾക്കും) പ്രത്യേകിച്ചും ഗുണകരമാകുന്ന രീതിയിലുള്ള വളർച്ച.

ഇത്തരത്തിലുള്ള വളർച്ച, പക്ഷെ, സർക്കാരിന്റെ നികുതി വരുമാനം നല്ല തോതിൽ തന്നെ കൂട്ടി. അങ്ങിനെ, അസമത്വം വർദ്ധിപ്പിക്കുന്ന വളർച്ചാ-പാതക്കിടയിലും സർക്കാരിന് മുതൽ മുടക്കും ചിലവും കൂട്ടാൻ കഴിഞ്ഞു. അങ്ങിനെ തൊഴിലുറപ്പ് പദ്ധതി, എൻ.ആർ.എച്.എം പോലുള്ള പല കേന്ദ്ര-പദ്ധതികളും ആവിഷ്ക്കരിക്കാൻ കഴിഞ്ഞു. കൂടുതൽ സർക്കാർ ചിലവും നിക്ഷേപവും ഗ്രാമീണ മേഖലയിലേക്ക് ഒഴുകിയതോട് കൂടി ഗ്രാമങ്ങളിലും ചലനങ്ങളുണ്ടായി. ഒരു രൂപ സർക്കാർ ചിലവിട്ടാൽ ഒരു രൂപയിൽ കൂടുതൽ ആകും അതിന്റെ പ്രഭാവം എന്ന പഴയ കേയ്നീഷ്യൻ സിദ്ധാന്തം ഓർക്കാം. വളർച്ച തുടരുകയും നികുതികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ട് തന്നെ ബജറ്റ് കമ്മിയും ധന കമ്മിയും കുറച്ചു നിർത്താനും സർക്കാരിന് സാധിച്ചു. ഇത് വിദേശ-നിക്ഷേപകർക്കും ഇഷ്ടപ്പെട്ടു. അങ്ങിനെ കൂടുതൽ നിക്ഷേപങ്ങൾ വരുന്ന സ്ഥിതിയുണ്ടായി. എല്ലാം കൂടി ആഹ്ളാദമയം.

കൊണ്ട് നടന്നതും നീയേ, കൊണ്ട് ചെന്ന് കൊന്നതും നീയേ...

എന്നാൽ, ഈ വളർച്ചാ പാതയിൽ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു. വളർച്ചക്ക് ആധാരമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തിയ വിദേശ-നിക്ഷേപം മുഴുവനും പോർട്ട്ഫോളിയോ രൂപത്തിൽ ഉള്ളവയായിരുന്നു. അതായത്, അവ ഉള്ളിലേക്ക് വന്ന അതേ ഊഹാപോഹ വഴികളിൽ കൂടി തന്നെ എപ്പോൾ വേണമെങ്കിലും തിരിച്ചും പോകാം. അങ്ങിനെ അവർ പോകുമ്പോൾ അവർക്ക് ഡോളർ കൊടുക്കണം. ഡോളർ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു വലിയ പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്നെത്തിക്കും; രാജ്യത്തിന്റെ വിശ്വാസ്യത തന്നെ അപകടത്തിലാകും. ചുരുക്കത്തിൽ, വന്ന വിദേശ-നിക്ഷേപം ഒക്കെ തന്നെ ഒരു തരം കടമായി തന്നെ പരിഗണിക്കാൻ കഴിയും. പോകുമ്പോൾ തിരിച്ചു കൊടുത്തേ പറ്റൂ.

മറ്റൊരു തലം കൂടിയുണ്ട്. ഒരു പരിധിയിൽ കൂടുതൽ വളർച്ച തുടരണമെങ്കിൽ ചോദനവും വളർന്നു കൊണ്ടേയിരിക്കണം. അങ്ങിനെ ചോദനം വളരണമെങ്കിൽ ജനങ്ങളുടെ വരുമാനത്തിൽ സുസ്ഥിരമായ വർദ്ധനവ് ഉണ്ടാവണം. എന്നാൽ, 2000-ത്തിലെ ദശകത്തിലെ ഒരു പ്രത്യേകത അത് അസമത്വം നിറഞ്ഞതായിരുന്നു എന്നതാണ്. അതായത്, ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ചോദന-വർദ്ധനവിൽ അടിസ്ഥാനപ്പെടുതിയല്ല സാമ്പത്തിക വളർച്ച ഉണ്ടായത്. അത് കൊണ്ട് തന്നെ, ആ വളർച്ചക്ക് പരിമിതികളും ഏറെയുണ്ടായിരുന്നു. ചോദന വളർച്ച അവസാനിച്ചതോട് കൂടി വളർച്ചയിലും ദൗർബല്യങ്ങൾ വന്നു. സ്വന്തം ചോദന ശക്തിയുടെ ബലത്തിലല്ല, മറിച്ചു ആഗോള സമ്പദ്-ഘടനയെ അടിസ്ഥാനമാക്കി മാത്രം ഇന്ത്യൻ വളർച്ചയുടെ സുസ്ഥിരത നിശ്ചയിക്കപെടുന്ന പരിതാപകരമായ സ്ഥിതിയുണ്ടായി.

2007ൽ ആഗോള പ്രതിസന്ധി പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യയിൽ ഉടനെ ഒരു തകർച്ച അനുഭവപ്പെട്ടില്ല എന്നത് ശരി തന്നെ. എന്നാൽ, തകർച്ചക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒന്ന്, അമേരിക്കൻ-യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകൾ കുറഞ്ഞു. ഇറക്കുമതികൾ കുറഞ്ഞുമില്ല. രണ്ടു, ആ രാജ്യങ്ങളിലെ സാമ്പത്തിക തകർച്ച മൂലം വികസ്വര രാജ്യങ്ങളിൽ അവർ നിക്ഷേപിച്ചിരുന്ന മൂലധനം മെല്ലെ മെല്ലെ സ്വരാജ്യത്തിലേക്ക് തന്നെ പിൻവലിക്കപെടാൻ തുടങ്ങി. അങ്ങിനെ വിദേശ-നിക്ഷേപങ്ങൾ ഇന്ത്യയിൽ നിന്നും പിൻവലിക്കപ്പെടാൻ തുടങ്ങി. ഈ രണ്ടു പ്രതിഭാസങ്ങളും ചേർന്ന് സൃഷ്ടിച്ചതാണ് ഇന്നത്തെ മുരടിപ്പ്. ഒരു വശത്ത്‌ വ്യാപാര കമ്മി വളരാൻ തുടങ്ങി. മറു വശത്ത്‌, വിദേശ-നിക്ഷേപങ്ങൾ പുറത്തേക്കൊഴുകി. അങ്ങിനെ കറന്റു അക്കൌണ്ട് കമ്മി ഉണ്ടായി. രൂപയുടെ മൂല്യത്തിന്മേൽ വൻ-സമ്മർദം ഉണ്ടായി. വിദേശനിക്ഷേപം കുറഞ്ഞതോട് കൂടി സമ്പദ്-ഘടനയിലെ liquidity ചുരുങ്ങി. ബാങ്ക് വായ്പ്പകൾ പഴയ പോലെ ഉയരാതെയായി. മാത്രമല്ല, വളർച്ചയിലെ മാന്ദ്യം മൂലം തന്നെ, പല വലിയ വായ്പ്പകളും തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയായി. ബാങ്കുകളുടെ കിട്ടാകടങ്ങൾ വർധിച്ചു. അങ്ങിനെ, മൂലധന നിക്ഷേപങ്ങളും ചുരുങ്ങാൻ തുടങ്ങി. തന്മൂലം, വളർച്ചാ നിരക്കുകൾ വീണ്ടും താഴുന്ന സ്ഥിതി ഉണ്ടായി.

ഇത്തരം അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ഉള്ള ഒരു വഴി സർക്കാരിന്റെ ചിലവുകൾ വർദ്ധിപ്പിക്കുന്ന കേയ്നീഷ്യൻ രീതിയാണ്. എന്നാൽ, വിദേശ-നിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളർച്ച കുറഞ്ഞപ്പോൾ നികുതി വരുമാനവും കുറഞ്ഞു. അപ്പോൾ, സർക്കാർ ചിലവ് വർദ്ധിക്കണമെങ്കിൽ കടമെടുക്കണം. കടമെടുത്താൽ ബജറ്റ്-ധന കമ്മികൾ കൂടും. അപ്പോൾ വിദേശ-നിക്ഷേപകർ ഇന്ത്യയെ കൂടുതൽ ഭയക്കാൻ തുടങ്ങും. കൂടുതൽ വിദേശ-നിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാൻ അത് വഴി വെക്കും. ഡോളർ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സർക്കാർ അത് ഭയക്കുന്നു. അതിനാൽ, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ചിലവുകൾ കുറയ്ക്കുക തന്നെ വേണം. ചിലവുകൾ വർദ്ധിക്കാത്തത് ചോദനം കൂടുതൽ കുറക്കുകയും വളർച്ചയെ കൂടുതൽ മുരടിപ്പിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പിൽ നിന്നും കൂടുതൽ മുരടിപ്പിലേക്കു സമ്പദ്-ഘടന കൂപ്പുകുത്തുന്നു.

ചുരുക്കത്തിൽ, സാമ്രാജ്യത്വം തന്നെ വളർത്തി; സാമ്രാജ്യത്വം തന്നെ തളർത്തി; സാമ്രാജ്യത്വം തന്നെ തളർച്ചയിൽ നിന്നും പുറത്തു കടക്കാനുള്ള വഴികളും കൊട്ടിയടച്ചു വെച്ചിരിക്കുന്നു. ഇന്ത്യൻ സമ്പദ്-ഘടനയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയാണ് ഇത്. ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ഒരു വഴിയെ ഉള്ളൂ. സാമ്രാജ്യത്വം നിശ്ചയിക്കുന്ന അച്ചുതണ്ടിൽ നിന്നും സമ്പദ്-ഘടനയുടെ വഴി മാറ്റുക. സാധാരണ ജനങ്ങളുടെയും ദരിദ്രരുടെയും വരുമാനം സുസ്ഥിരമായി വർദ്ധിപ്പിക്കാൻ കഴിയുന്ന നടപടികൾ സ്വീകരിക്കുക. ചോദനം വർദ്ധിപ്പിക്കാൻ ഉതകുന്ന സർക്കാരിന്റെ ഇടപെടൽ ശക്തിപ്പെടുത്തുക. ഉദാഹരണത്തിന്, തൊഴിലുറപ്പ് പദ്ധതി വലിയ തോതിൽ വ്യാപിപ്പിക്കുക. പൊതുമൂലധന നിക്ഷേപങ്ങൾ ഉയർത്തുക. അതിനായി നികുതി വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ബാക്കി പണം കടങ്ങളിലൂടെ സ്വരൂപിക്കാൻ ശ്രമിക്കുക. അങ്ങിനെ, പല തലങ്ങളിൽ നിന്നുമുള്ള ജനാധിപത്യപരമായ ഇടപെടലുകൾ വഴിയേ സമ്പദ്-ഘടനയെ ഇന്നത്തെ മുരടിപ്പിൽ നിന്നും സാമ്രാജ്യത്വത്തിന്റെ അച്ചുതണ്ടിൽ നിന്നും മോചിപ്പിക്കാൻ കഴിയൂ. പക്ഷെ ഇതിനൊക്കെ വേണ്ടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇവിടെയില്ല. അത് കൊണ്ട് തന്നെ മുരടിപ്പ് സമീപ ഭാവിയിൽ കൂടുതൽ ശക്തമാവാനേ സാധ്യതകൾ കാണുന്നുള്ളൂ.

Source: Chintha weekly.

No comments:

Post a Comment