ആർ. രാംകുമാർ
Written: 21-10-2019
ആർസെപ് (Regional Comprehensive Economic Partnership; RCEP) കരാറിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ന് നമ്മുടെ പൊതുമണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുകയാണല്ലോ. ഈ കരാർ എന്താണ് എന്നും, ഇതിന്റെ പ്രധാന വശങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കുകയും ഇന്ത്യയുടെ ക്ഷീര മേഖലയിൽ ഈ കരാറിന്റെ ആഘാതം എന്താവും എന്ന് പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശം.
പശ്ചാത്തലം
ഒന്നാമതായി, 1990കളുടെ മദ്ധ്യത്തിൽ ആരംഭിച്ച ലോക വ്യാപാര സംഘടന (WTO) ഇന്നൊരു സ്തംഭനാവസ്ഥയിലാണ്. 1995-ന് ശേഷം അനേകം വികസ്വര രാഷ്ട്രങ്ങൾ കാർഷിക ചരക്കുകളുടെ ഇറക്കുമതി തീരുവകൾ കുറക്കുവാൻ നിർബന്ധിതരാവുകയുണ്ടായി. ഇത് മൂലം അവരുടെ രാജ്യങ്ങളിലേക്ക് വലിയ തോതിൽ കാർഷിക ഉത്പ്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെടുകയും അവയുടെ ആഭ്യന്തര വിലകൾ ഇടിയുകയുമുണ്ടായി. ഇന്ത്യയിൽ കാർഷിക പ്രതിസന്ധി ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. എന്നാൽ, ഇതേ തോതിൽ വികസിത രാജ്യങ്ങളും തങ്ങളുടെ ഇറക്കുമതി തീരുവകൾ കുറയ്ക്കും എന്നായിരുന്നു ധാരണയെങ്കിലും, അവർ അങ്ങിനെ ചെയ്യാൻ തയ്യാറായില്ല. ഇത് വികസ്വര രാജ്യങ്ങളിൽ നിന്നും പ്രതിഷേധം ക്ഷണിച്ചു വരുത്തി. അങ്ങിനെ ലോക വ്യാപാര സംഘടനയുടെ ദോഹ റൌണ്ട് ചർച്ചകൾ തീരുമാനമാവാതെ പിരിഞ്ഞു. ഇന്നത്തെ സ്ഥിതിയനുസരിച്ച് ചർച്ചകൾ മുൻപോട്ട് പോകുന്നില്ല; സ്തംഭനാവസ്ഥയിലാണ്. ലോക വ്യാപാര സംഘടനയിൽ നിന്നും ഇനി അധികമൊന്നും നേടാനില്ല എന്ന് വികസിത രാജ്യങ്ങൾ കണക്കു കൂട്ടുന്നു. അതിനാൽ, അവർ കൂടുതൽ താല്പര്യം കാട്ടുന്നത് മേഖലാടിസ്ഥാനത്തിലുള്ള തുറന്ന വ്യാപാര കരാറുകളോ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തുറന്ന വ്യാപാര കരാറുകളോ ആണ്. അങ്ങിനെയാണ് ഇന്ത്യയും ആസിയാൻ രാജ്യങ്ങളും, ഇന്ത്യയും ജപ്പാനും, ഇന്ത്യയും ദക്ഷിണ കൊറിയയും എന്നിങ്ങനെയുള്ള പുതിയ കരാറുകൾ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതും, അവ ഒപ്പു വെക്കപ്പെടുകയും ഉണ്ടായത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലും, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുമുള്ള കരാർ ചർച്ചകൾ ഇന്ന് നടന്ന് വരുന്നു. ചുരുക്കത്തിൽ, ലോക വ്യാപാര കരാർ വഴി നേടാൻ കഴിയാത്ത വിപണി സൗകര്യങ്ങൾ ഈ പുതിയ കരാറുകൾ വഴി നേടിയെടുക്കാൻ കഴിയുമോ, അത് വഴി തങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങൾ ഇന്ത്യ പോലുള്ള വലിയ വിപണികളിലേക്കു തള്ളിയിടാമോ (dump) എന്ന അന്വേഷണമാണ് ആർസെപ് പോലെയുള്ള കരാറുകളിലൂടെ നടക്കുന്നത്.
ആർസെപ് കരാറിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. പശ്ചിമ ലോകത്ത് അമേരിക്കയുടെ നേതൃത്വത്തിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളിച്ച നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്‌ത), അത് പോലെ യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളെയും ഉൾക്കൊള്ളിച്ച യൂറോപ്യൻ യൂണിയൻ എന്നീ തുറന്ന വ്യാപാര പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോളേക്കും നിലവിൽ വന്നു കഴിഞ്ഞിരുന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഈ പ്രദേശങ്ങൾക്ക് പുറത്ത് തങ്ങളുടെ അധീശത്വം ഉറപ്പാക്കാനും, ഏഷ്യൻ മേഖലയിൽ ചൈനയുടെ വളർന്നു വരുന്ന സാമ്പത്തിക പ്രഭാവത്തിന് തടയിടാനും, അമേരിക്കൻ സർക്കാർ "ട്രാൻസ് പസിഫിക് പാർട്ണർഷിപ്" (ടിപിപി) എന്ന പേരിൽ ഒരു പുതിയ തുറന്ന വ്യാപാര മേഖല ആസൂത്രണം ചെയ്യാനാരംഭിച്ചിരുന്നു. പ്രധാനമായും പസിഫിക് സമുദ്രത്തിന് പടിഞ്ഞാറ് കിടക്കുന്ന ബ്രൂണെയ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിങ്കപ്പൂർ, ജപ്പാൻ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും പസിഫിക് സമുദ്രത്തിന് കിഴക്കു കിടക്കുന്ന അമേരിക്ക, കാനഡ, ചിലി, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളും ചേർന്നുള്ളതായിരുന്നു ടിപിപി. എന്നാൽ 2016-ൽ അധികാരത്തിൽ വന്ന ഡൊണാൾഡ് ട്രംപ് സർക്കാർ ഈ ചർച്ചകൾ അവസാനിപ്പിച്ചു. എങ്കിലും അമേരിക്കയുടെ ഈ ശ്രമങ്ങൾ നേരത്തേ തന്നെ മുൻപിൽ കണ്ടിരുന്ന ചൈനയും പത്തു രാജ്യങ്ങൾ അടങ്ങിയ ആസിയാൻ എന്ന കൂട്ടവും (ബ്രൂണെയ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമാർ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം) ഏകദേശം 2011 മുതൽ തുടങ്ങി വെച്ചതാണ് ആർസെപ് ചർച്ചകൾ. ടിപിപി നടപ്പിൽ വരില്ല എന്നറിഞ്ഞതോടെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങിയ ഏഷ്യയിലെ വികസിത രാജ്യങ്ങൾക്കും ആർസെപ്പിൽ താത്പര്യമായി.
എന്താണ് ആർസെപ് കരാർ?
ആർസെപ് കരാറിൽ ഉൾപ്പെടുന്ന രാജ്യങ്ങളെ 10+6 എന്നാണ് വിശേഷിപ്പിക്കാറ്. അതായത്, ആസിയാൻ പ്രദേശത്തെ 10 രാജ്യങ്ങളും ഈ പത്ത് രാജ്യങ്ങളുമായി പ്രത്യേകമായി തുറന്ന വ്യാപാര കരാർ നിലവിലുള്ള മറ്റ് 6 രാജ്യങ്ങളും (ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ). ഇത്തരത്തിലൊരു കരാർ നിലവിൽ വന്ന് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ തുറന്ന വ്യാപാര പ്രദേശമാവും ആർസെപ് പ്രദേശം. ലോകത്തിലെ പകുതിയോളം ജനസംഖ്യ; ലോകത്തിലെ 30 ശതമാനത്തോളം ജി.ഡി.പി; ലോകത്തിലെ 33 ശതമാനം കയറ്റുമതി; ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 തുറമുഖങ്ങളിൽ 8 എണ്ണം; ലോകത്തിലെ മൊത്തം സമുദ്ര വ്യാപാരത്തിന്റെ 30 ശതമാനം എന്നിവ സ്ഥിതി ചെയ്യുന്നത് ആർസെപ് പ്രദേശത്താവും. അതായത്, ഒരു പുതിയ വലിയ സാമ്പത്തിക പ്രദേശം മുഴുവനും ആർസെപ് കരാറിന്റെ അധീനതയിലായാരിക്കും. ഇത് തന്നെയാണ് ചൈനയെ ഈ കരാറിനോടടുപ്പിക്കുന്നതും അമേരിക്കയെ ഭീതിയിലാക്കുന്നതും.
ആർസെപ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കുറച്ചു കാലമായി നടക്കുന്നുണ്ടെങ്കിലും 2011 മുതലാണ് ഇവ ദ്രുതഗതിയിൽ നടന്നത്. ഏറ്റവും പ്രശ്‌നപൂർണമായ വശം ഈ ചർച്ചകളുടെ രഹസ്യ സ്വഭാവമാണ്. ഒരു തരത്തിലുമുള്ള വിവരണങ്ങൾ ഈ ചർച്ചകളെ കുറിച്ച് പൊതുമണ്ഡലത്തിൽ ലഭ്യമല്ല. ആകെ നമ്മുടെ മുൻപിലുള്ളത് ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ചോർന്ന് വന്നിട്ടുള്ള ചില കരട് ചർച്ചാരേഖകളാണ്. ഈ രേഖകളിൽ നിന്ന് മനസ്സിലാവുന്നത് സാമാന്യം വിശദമായ ഒരു ചർച്ചയാണ് ആർസെപ് രാജ്യങ്ങൾ തമ്മിൽ നടക്കുന്നത് എന്നതാണ്.
ഒന്ന്, ലോക വ്യാപാര കരാറിനേക്കാളും നിശിതമായ തീരുവ നിയമങ്ങളാണ് ആർസെപ്പിൽ. ലോക വ്യാപാര കരാറിൽ രണ്ടു തരത്തിലുള്ള തീരുവകളുണ്ട്: പരിമിതപ്പെടുത്തിയ തീരുവ (ബൗണ്ട് താരിഫ്); പ്രയോഗിക്കുന്ന തീരുവ (അപ്പ്ലൈഡ് താരിഫ്). ബൗണ്ട് താരിഫ് ഒരു രാജ്യത്തിന് ചുമത്താവുന്ന തീരുവയുടെ ഏറ്റവും ഉയർന്ന അതിരാണ്. എന്നാൽ, എല്ലാ രാജ്യങ്ങളും ബൗണ്ട താരിഫ് വരെ തീരുവകൾ ഉയർത്തിയിട്ടില്ല. അവർ യഥാർത്ഥത്തിൽ പ്രയോഗിക്കുന്ന തീരുവയാണ് അപ്പ്ലൈഡ് താരിഫ്. എന്നാൽ, ആർസെപ്പിൽ ഒറ്റ തീരുവയെ ഉള്ളൂ: പൂജ്യം. അങ്ങിനെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കണം എന്നതാണ് ഈ കരടുകളിലെ ഒരു പ്രധാന നിബന്ധന.
രണ്ട്, ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ വ്യാപ്തിയും നീളവും വർദ്ധിപ്പിക്കണം എന്ന നിബന്ധനയും ഈ കരടുകളിൽ കാണാം. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ വ്യാപ്തി ജനറിക് മരുന്നുകളിലേക്ക് കൂടി വ്യാപിപ്പിക്കണം. ജനറിക് മരുന്നുകൾ നിർമ്മിക്കുവാനും ബന്ധപ്പെട്ട പേറ്റന്റ് ഉള്ള കമ്പനിക്ക് റോയൽറ്റി കൊടുക്കണം. നിലവിൽ നമുക്ക് അറിവുള്ള വസ്തുക്കളുടെ പുതിയ ഉപയോഗത്തിന് പേറ്റന്റ് നൽകില്ല എന്ന ഇന്ത്യൻ നിയമം നിലവിൽ ഉള്ളപ്പോഴാണ് ഈ പുതിയ നിബന്ധനക്ക് മുന്നിൽ നമുക്ക് വഴങ്ങേണ്ടി വരാൻ പോകുന്നത്. അങ്ങിനെ വന്നാൽ, ജനറിക് മരുന്നുകളുടെ ഉത്പാദനത്തിൽ ഇന്ത്യക്കു ഇന്നുള്ള മേൽക്കോയ്മ പൂർണമായും ഇല്ലാതാകും. ഈ മരുന്നുകളുടെ വില വർദ്ധിക്കും. ലോകമെമ്പാടുമുള്ള രോഗികൾക്ക് ചെറിയ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ കഴിവ് ഇതോടെ ഇല്ലാതാവും.
മൂന്ന്, ഒരു രാജ്യത്തിൽ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകന്റെ "അവകാശങ്ങൾ" സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഏത് രാജ്യത്തിലാണോ നിക്ഷേപം നടത്തപ്പെട്ടിട്ടുള്ളത് ആ രാജ്യത്തെ സർക്കാരിന് ഈ നിക്ഷേപകന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുണ്ടാവും. ഇല്ലെങ്കിൽ, നിക്ഷേപകന് സർക്കാരിനെ കോടതിയിലേക്ക് വലിച്ചിഴക്കാം. അന്താരാഷ്‌ട്ര ആർബിട്രേഷൻ നിയമങ്ങളനുസരിച്ചായിരിക്കും ഈ കേസുകൾ നടക്കുക. ഇത്തരത്തിൽ വിദേശ നിക്ഷേപകന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉതകുന്നതാണ് ആർസെപ് കരാർ നിബന്ധനകൾ.
നാല്, ആർസെപ് രാജ്യങ്ങളിലെ പ്രധാനപ്പെട്ട പൊതുസേവനങ്ങൾ -- വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, മാലിന്യസംസ്കരണം -- സ്വകാര്യവല്ക്കരിക്കണം എന്നതും കരാറിലുണ്ട്. ആർസെപ് കരാറിലെ റാച്ചറ്റ് (ratchet) ഉപവാക്യങ്ങളനുസരിച്ച് ഒരു പ്രത്യേക സമയ പരിധിക്കുള്ളിൽ മേല്പറഞ്ഞ പൊതുസേവനങ്ങൾക്ക് മേലുള്ള പൊതു-നിയന്ത്രണങ്ങൾ എടുത്തു കളയണം. സ്വകാര്യ സേവനദാതാക്കൾക്ക് കൃത്യമായി ഈ സേവനങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിലും ഇവ സർക്കാരിന് തിരികെയെടുക്കാൻ സാധിക്കില്ല. സാമൂഹ്യ നിയന്ത്രണങ്ങൾ കൊണ്ട് വരാനും കഴിയില്ല.
കരടുകളിലെ നാല് പ്രധാന നിബന്ധനകൾ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. ഈ കരാർ ഒപ്പുവെക്കപ്പെട്ട് കഴിഞ്ഞാൽ ഇന്ത്യയിലെ കാർഷിക രംഗം, ചെറുകിട വ്യാവസായിക രംഗം, പൊതുസേവന മണ്ഡലം എന്നീ മേഖലകളിലെല്ലാം തന്നെ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാകും എന്നതിൽ സംശയമില്ല. കാർഷിക രംഗത്തിനുള്ളിൽ ക്ഷീരമേഖലയിലാണ് ഏറ്റവും വലിയ ദോഷം പ്രതീക്ഷിക്കുന്നത്. സ്റ്റീൽ പോലുള്ള വ്യാവസായിക മേഖലകളിലും ചൈന മേൽകൈ നേടിയിട്ടുള്ള അനേകം ചെറുകിട വ്യാവസായിക മേഖലകളിലും നമുക്ക് വലിയ തോതിലുള്ള ഇറക്കുമതി അനുവദിക്കേണ്ടി വരും. ഈ ചരക്കുകളുടെ ആഭ്യന്തര വിലകൾ ഇടിയും. ലക്ഷക്കണക്കിനുള്ള നമ്മുടെ ഉത്പാദകർക്ക് ജോലി നഷ്ടമാകും. പതിനായിരക്കണക്കിന് പണിശാലകൾ പൂട്ടി പോകും.
ഏതു കൊണ്ടാണ് ഇങ്ങിനെയുള്ള ഭീതിയുണ്ടാവുന്നത് എന്നറിയാൻ ഇത് വരെ നമ്മൾ ഒപ്പു വെച്ച് കഴിഞ്ഞിട്ടുള്ള തുറന്ന വ്യാപാര മേഖലാ കരാറുകളെടുത്ത് നോക്കിയാൽ മതി. 2010-ൽ ആസിയാൻ രാജ്യങ്ങളുമായി ഒപ്പു വെച്ച കരാറിന് ശേഷം ഈ പ്രദേശവുമായിട്ടുള്ള ഇന്ത്യയുടെ വ്യാപാര കമ്മി (trade deficit) 2011-ലെ 5 ബില്യൺ ഡോളറിൽ നിന്നും വർദ്ധിച്ച് 2018-ൽ 22 ബില്യൺ ഡോളറായി. അതായത്, ഈ പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർദ്ധിച്ചു; അങ്ങോട്ടുള്ള കയറ്റുമതി അതേ തോതിൽ വർദ്ധിച്ചുമില്ല. ജപ്പാനുമായുള്ള കരാർ നിലവിൽ വന്നതിനു ശേഷം അവരുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2011-ലെ 4 ബില്യൺ ഡോളറിൽ നിന്നും വർദ്ധിച്ച് 2018-ൽ 8 ബില്യൺ ഡോളറായി. ദക്ഷിണ കൊറിയയുമായുള്ള കരാർ നിലവിൽ വന്നതിന് ശേഷം അവരുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2011-ലെ 8 ബില്യൺ ഡോളറിൽ നിന്നും വർദ്ധിച്ച് 2018-ൽ 12 ബില്യൺ ഡോളറായി. കരാറൊന്നുമില്ലാത്ത ചൈനയുമായി ഇപ്പോൾ തന്നെ 50 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഇന്ത്യക്കുണ്ട് (2004-ൽ ഇത് വെറും 4 ബില്യൺ ഡോളറായിരുന്നു!). ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വരെ ഫലവത്തായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ, ആർസെപ് കരാർ കൂടി വന്നു കഴിഞ്ഞാൽ ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മി ഇനിയും വർദ്ധിക്കും. ഇന്ത്യയിലെ വിപണി വിലകൾ ഇടിയും. വർദ്ധിച്ച ഇറക്കുമതികൾക്ക് ഇന്ത്യ ഏറെ കൂടുതൽ വിദേശനാണ്യം ചിലവഴിക്കേണ്ടി വരും. നമ്മുടെ കയറ്റുമതികൾ വർദ്ധിച്ചില്ലെങ്കിൽ (അതിന് സാധ്യതകൾ കുറവുമാണ്) മെല്ലെ നമ്മൾ ഒരു വിദേശനാണ്യശേഖരത്തിലെ പ്രതിസന്ധിയിലേക്ക് വരെ നീങ്ങിയേക്കാം.
ഏറ്റവും അടിയന്തിരമായി മോഡി സർക്കാർ ചെയ്യേണ്ടത് ആർസെപ് കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുമണ്ഡലത്തിൽ വെക്കുക എന്നതാണ്. ഈ രേഖകൾ പാർലമെന്റിലും സംസ്ഥാനങ്ങളുമായും പൊതുവിൽ ജനങ്ങൾക്കിടയിലും സുതാര്യമായ ചർച്ചകൾക്ക് വിധേയമാക്കണം. എന്നാൽ ഏറെ വിമർശനങ്ങൾ ഉയർന്നു വന്നിട്ടും ഇതിന് മോഡി സർക്കാർ തയ്യാറായിട്ടില്ല. സർവീസസ് മേഖലയിൽ ചില നേട്ടങ്ങളുണ്ടാകും എന്ന കാരണം പറഞ്ഞു കൊണ്ട് ഈ കരാറിൽ രഹസ്യമായി ഒപ്പു വെക്കാനാണ് ഇന്ത്യയുടെ നീക്കം. ഇത് അനുവദിക്കാൻ കഴിയില്ല.
ആർസെപ് കരാറും ഇന്ത്യൻ ക്ഷീര മേഖലയും
മറ്റു മേഖലകളേക്കാളുമേറെ ആർസെപ് കരാർ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്നത് ക്ഷീര മേഖലയിലാണ്. ഈ മേഖല മാത്രമേ ഈ ലേഖനത്തിൽ ദീർഘമായി പരിശോധിക്കാൻ തുനിയുന്നുള്ളൂ.
ഇന്ത്യയുടെ ക്ഷീര മേഖല 1960-കൾക്ക് ശേഷം നേടിയിട്ടുള്ള വലിയ പുരോഗതി നമുക്കെല്ലാം അറിയാവുന്നതാണ്. ധവള വിപ്ലവം എന്നാണല്ലോ നമ്മൾ ഇതിനെ വിളിക്കുന്നത്. ഏകദേശം 10 കോടി കർഷകർ ക്ഷീരമേഖലയിൽ പണിയെടുക്കുന്നുണ്ട് എന്നാണ് കണക്ക്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ക്ഷീര മേഖലയിൽ ചെറുകിട ഉത്പാദകരാണ് അധികം. ഒരു ഡെയറി ഫാർമെടുത്താൽ ശരാശരി പശുക്കൾ അമേരിക്കയിൽ 191; ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും 355; യുണൈറ്റഡ് കിങ്ഡമിൽ 148; ഡെന്മാർക്കിൽ 160; ഇന്ത്യയിൽ വെറും 2. അതായത് ചെറിയ കുടുംബപുരയിടങ്ങളിലാണ് നമ്മുടെ രാജ്യത്തെ ക്ഷീര മേഖല നിലനിൽക്കുന്നത്. എന്നാൽ ഇതിനർത്ഥം ഇന്ത്യയിലെ ക്ഷീരോൽപ്പാദനം കുറവാണെന്നല്ല. ലോകത്തെ മൊത്തം ക്ഷീരോൽപ്പാദനത്തിന്റെ 20 ശതമാനം ഇന്ത്യയിലാണ്. 1970-ൽ ഇത് 5 ശതമാനം മാത്രമായിരുന്നു എന്ന് കാണുമ്പോഴാണ് ധവളവിപ്ലവം സൃഷ്‌ടിച്ച മാറ്റം നമുക്ക് മനസ്സിലാവുന്നത്. ഇന്ന് നമ്മൾ പാലുൽപ്പാദനത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാണ്. ഇന്ന് നമുക്ക് പാലിന്റെ ഇറക്കുമതിയോ കയറ്റുമതിയോ കാര്യമായില്ല. മൊത്തം 180 മില്യൺ മെട്രിക് ടണ്ണാണ് ഇന്ത്യയിലെ ഇന്നത്തെ പാലുൽപ്പാദനം. 2033 ആകുമ്പോഴേക്കും നമ്മുടെ ആഭ്യന്തര ചോദനം 292 മില്യൺ മെട്രിക് ടൺ പാലായിരിക്കും. എന്നാൽ നമ്മുടെ ഉത്പാദനവും അപ്പോഴേക്കും വർദ്ധിച്ച് 330 മില്യൺ മെട്രിക് ടണ്ണായി ഉയരും. അതായത് നമ്മൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പാൽ 2033 വർഷമാവുമ്പോഴേക്കും ഉത്പാദിപ്പിക്കും. ഇത്തരത്തിൽ ഒരു മികച്ച ഭാവി ഇന്ത്യക്ക് ക്ഷീര മേഖലയിൽ ഉണ്ട് എന്ന് നമുക്ക് കാണാം.
എന്നാൽ പാലിന്റെ ആഗോള വിപണിയെടുത്താൽ ഒരു പ്രത്യേക ചായ്‌വ് കാണാം. ലോകത്തെ മൊത്തം പാൽ കയറ്റുമതിയുടെ 79 ശതമാനവും വികസിത രാജ്യങ്ങളിൽ നിന്നാണ്: കൂടുതലും അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്ന്. ന്യൂസിലൻഡിനെ പോലെയുള്ള ഒരു രാജ്യമെടുത്താൽ അവരുടെ പാൽ ഉത്പാദനത്തിന്റെ 93 ശതമാനവും അവർ കയറ്റുമതി ചെയ്യുകയാണ്. മറുവശത്ത്, ലോകത്തെ മൊത്തം പാൽ ഇറക്കുമതിയുടെ 80 ശതമാനവും വികസ്വര-പിന്നോക്ക രാജ്യങ്ങളിലേക്കാണ്. ഇവിടെ കൂടുതലും പാൽ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ചൈന അവരുടെ മൊത്തം പാൽ ഉപഭോഗത്തിന്റെ 30 ശതമാനം ഇറക്കുമതി ചെയ്യുകയാണിന്ന്.
ആർസെപ് മേഖലയിലെ പ്രധാന പാൽ ഉത്പാദകർ ഓസ്‌ട്രേലിയയും ന്യൂസീലാൻഡുമാണല്ലോ. ഈ പ്രദേശത്ത് ക്ഷീര മേഖലയുടെ വ്യാപാര പ്രാധാന്യം ഏറെയാണ്. ലോകത്തിലെ മൊത്തം വെണ്ണ വ്യാപാരത്തിന്റെ 31 ശതമാനവും ആർസെപ് രാജ്യങ്ങൾ തമ്മിലാണ്. ലോകത്തിലെ മൊത്തം പാലട (ചീസ്) വ്യാപാരത്തിന്റെ 35 ശതമാനവും ആർസെപ് രാജ്യങ്ങൾ തമ്മിലാണ്. ലോകത്തിലെ മൊത്തം പാൽ വ്യാപാരത്തിന്റെ 51 ശതമാനവും ആർസെപ് രാജ്യങ്ങൾ തമ്മിലാണ്. ലോകത്തിലെ മൊത്തം പാൽപ്പൊടി വ്യാപാരത്തിന്റെ 45 ശതമാനവും ആർസെപ് രാജ്യങ്ങൾ തമ്മിലാണ്. ലോകത്തിലെ മൊത്തം വെണ്ണയെണ്ണയുടെ (butter oil) വ്യാപാരത്തിന്റെ 38 ശതമാനവും ആർസെപ് രാജ്യങ്ങൾ തമ്മിലാണ്. ഇതിന് കാരണം വലിയ ഉത്പാദകരായി ഒരു വശത്ത് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും നിൽക്കുമ്പോൾ, മറു വശത്ത് വലിയ ഉപഭോക്താക്കളായി ലോകസമ്പദ്‌വ്യവസ്ഥയിലെ ശക്തിയേറിയവയും പ്രതിശീർഷ വരുമാനം വർദ്ധിച്ച് വരുന്നതും യുവജനങ്ങളുടെ പ്രാധാന്യം ജനസംഖ്യയിൽ വർദ്ധിതമായുള്ളതുമായ ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുണ്ട് എന്നതാണ്. ഈ പ്രാധാന്യമാണ് ഓസ്ട്രേലിയയെയും ന്യൂസീലൻഡിനെയും ആർസെപ് കരാറിലേക്ക് ആകർഷിക്കുന്നതും. ഈ രണ്ട് രാജ്യങ്ങളിലും വലിയ തോതിൽ പാൽ ഉത്പാദനത്തിൽ മിച്ചമുണ്ട്. ടിപിപി കരാർ നിലവിൽ വരാൻ സാധ്യത കുറവായതിനാൽ പുതിയ വിപണികൾ തേടിയുള്ള ഈ രണ്ട് രാജ്യങ്ങളുടെ കുറച്ചു കാലമായുള്ള യാത്രയിൽ ആർസെപ് കരാർ ഏറെ പ്രാധാന്യമർഹിക്കുന്നു.
ലോക വ്യാപാര കരാർ പ്രകാരം ഇന്ത്യക്കു ക്ഷീര ഉത്പന്നങ്ങളിന്മേൽ 65 ശതമാനം വരെ തീരുവ ചുമത്താം (ബൗണ്ട് താരിഫ്). എന്നാൽ ഇന്ത്യ ഇന്ന് ഏകദേശം 34 ശതമാനം വരെയേ തീരുവ ചുമത്തുന്നുള്ളൂ (അപ്പ്ലൈഡ് താരിഫ്). ഈ തീരുവ ആർസെപ് കരാർ നിലവിൽ വന്നു കഴിഞ്ഞാൽ പൂജ്യമാവും. വലിയ തോതിൽ ഓസ്‌ട്രേലിയയിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും പാൽ, പാൽപ്പൊടി, വെണ്ണ, വെണ്ണയെണ്ണ, പാലട, പിന്നെ വിവിധ പാൽ-അധിഷ്ഠിത ഉത്പ്പന്നങ്ങൾ എന്നിവ ഇങ്ങോട്ടൊഴുകും. കാരണം ഈ രാജ്യങ്ങളിൽ, പ്രത്യേകിച്ചും ന്യൂസിലാൻഡിൽ, പാൽ ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവ് കുറവാണ്. പരന്നു കിടക്കുന്ന പുൽപ്രദേശങ്ങൾ ഉള്ളത്, യന്ത്രാധിഷ്ഠിത ഉത്പാദനം മൂലം കൂലിച്ചിലവ് കുറവായിരിക്കുന്നത്, ഉയർന്ന ഉത്പാദനക്ഷമത (30 ലിറ്റർ പ്രതിദിനം) എന്നിവയൊക്കെ ഇതിനു കാരണമാണ്. മാത്രമല്ല, ന്യൂസീലൻഡിലെ പാൽ വിപണിയുടെ 90 ശതമാനവും, ലോക പാൽ വിപണിയുടെ 33 ശതമാനവും കയ്യടക്കിയിട്ടുള്ളത് അവിടുത്തെ ഫോൺട്ടേറ (Fonterra) എന്ന ഒരു വമ്പൻ കമ്പനിയാണ്. ഫോൺട്ടേറ 2001-ൽ നിലവിൽ വന്ന ന്യൂസിലൻഡിലെ ഒരു സഹകരണ സ്ഥാപനമാണ്. ഈയൊരു കമ്പനി കാരണം കൂടിയാണ് ഇന്ന് ന്യൂസിലാൻഡ് ലോക-ക്ഷീര വിപണിയിലെ ഒരു വൻ-ശക്തിയായി നിലകൊള്ളുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പാൽ-ഭീമന്മാർക്ക് പോലും ഫോൺട്ടേറയെ ഭയമാണ്. അമേരിക്ക ടിപിപി-യിൽ ഒപ്പു വെക്കണമെങ്കിൽ ഫോൺട്ടേറയെ പല ഭാഗങ്ങളായി വിഭജിക്കണം എന്നതായിരുന്നു അമേരിക്കൻ ക്ഷീരകർഷകരുടെ ഒരു പ്രധാന ആവശ്യം. ന്യൂസിലാൻഡ് ഇതിന് സമ്മതിച്ചിരുന്നുമില്ല.
ഇന്ത്യയിൽ ഉദാരവൽക്കരണം ആരംഭിച്ച 1991 മുതൽ സർക്കാരിന്റെ നയങ്ങൾ ക്ഷീരമേഖലയിലെ സഹകരണ സ്ഥാപനങ്ങളെ തഴഞ്ഞു സ്വകാര്യമേഖലയിലെ ക്ഷീര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നവയായിരുന് നു. അപ്പോൾ മുതൽ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ കടന്ന് വരാനും ഇന്ത്യയിലെ ഡെയറി സ്ഥാപനങ്ങളെ സംരംഭ-കൂട്ടായ്മയായോ (joint ventures) ലയനം വഴിയായോ ഏറ്റെടുക്കൽ വഴിയായോ കൈവശപ്പെടുത്താൻ അവസരമുണ്ടായി. അങ്ങിനെ സ്വകാര്യ ക്ഷീര-സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചു; ഇന്ത്യയിലെ ക്ഷീര-വിപണിയുടെ വലിയൊരു ഭാഗം അവർ ഇന്ന് കൈവശപ്പെടുത്തിയിരിക്കുന്നു. വിദേശ കമ്പനികൾ ഇന്ത്യയിൽ ഇത്തരത്തിൽ നിക്ഷേപം നടത്തി വെച്ചിട്ടുള്ളത് ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയുടെ ക്ഷീര വിപണി ലോകവ്യാപാരത്തിനായി തുറക്കപ്പെടും എന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് പാൽ ഭീമനായ ലാക്റ്റാലിസ് (Lactalis) 2014-ൽ ഹൈദരാബാദിലെ തിരുമല മിൽക്ക് പ്രോഡക്ടസ് ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിൽ പ്രവേശിച്ചത്. അതിനു ശേഷം 2016-ൽ അവർ ഇൻഡോറിലെ അനിക് ഇൻഡസ്ട്രീസ് ഏറ്റെടുത്തു. പിന്നീട് 2019-ൽ അവർ പ്രഭാത് ഡെയറിയും ഏറ്റെടുത്തു. അങ്ങിനെ അവർ ഇന്ന് 4000 കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ ഒരു വലിയ ക്ഷീര കമ്പനിയായി ഉയർന്നിട്ടുണ്ട്. മറ്റൊരു ഫ്രഞ്ച് ക്ഷീര-ഭീമനായ ഡാനോനെ (Danone) തങ്ങളുടെ വെൻച്വർ ക്യാപിറ്റൽ കമ്പനി ഉപയോഗിച്ച് കൊണ്ട് 182 കോടി രൂപയാണ് ഇന്ത്യൻ യോഗർട്ട് ബ്രാൻഡായ എപിഗാമിയയിൽ നിക്ഷേപിച്ചത്. സ്വിസ് കമ്പനിയായ നെസ്റ്റ്ലെ ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാൽ വാങ്ങുന്ന കമ്പനിയാണ്. അമേരിക്കൻ ക്ഷീര കമ്പനിയായ സ്ക്രീബർ ഫുഡും ഇന്ത്യൻ കമ്പനിയായ ഡയനാമിക്സ് ഡെയറിയും ചേർന്നൊരു സംരംഭ-കൂട്ടായ്മ ഇന്നുണ്ട്. ഫോൺട്ടേറയാകട്ടെ 2018-ൽ കിഷോർ ബിയാനി നേതൃത്വം നൽകുന്ന ഫ്യുച്ചർ കൺസ്യൂമർ പ്രോഡക്ടസിൽ 50:50 എന്ന തോതിൽ ഒരു സംരംഭ-കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. പാൽ ഉപയോഗിച്ചുള്ള മൂല്യ-വർദ്ധിത ഉത്പ്പന്നങ്ങളിലാണ് ഇവർക്ക് താത്പര്യം. ഇന്ത്യൻ കമ്പനികളായ ഗോദ്‌റെജ്, ഐ.ടി.സി., ഹാറ്റ്‌സൺ അഗ്രോ, ക്വളിറ്റി, പരസ് എന്നിവയും ഈ രംഗത്തുണ്ട്. സഹകരണ മേഖലയെ തകർത്ത് സ്വകാര്യ കമ്പനികൾക്ക് ചുവപ്പു പരവതാനി വിരിച്ചു കൊടുക്കുകയാണ് ഉദാരവൽക്കരണ നയങ്ങൾ എന്ന് കാണാം. ആർസെപ് കൂടി വരുമ്പോൾ ഈ പരിണാമം പൂർണമാവും.
ഇന്ത്യയിലെ ക്ഷീര-നയങ്ങളെ സ്വാധീനിക്കാൻ ലോബിയിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി, ആർസെപ് കരാർ ഇന്ത്യൻ ക്ഷീര മേഖലക്ക് ഗുണം ചെയ്യുന്നതാണ് എന്നൊരു വാദം പല പത്രങ്ങളിലെയും പ്ലാന്റ് ചെയ്ത ലേഖനങ്ങൾ വഴി സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്. ഈ ലേഖനങ്ങളിലെ പ്രധാന വാദങ്ങൾ ഇവയാണ്. ഒന്ന്, ഇന്ത്യ അടുത്ത കാലത്ത് തന്നെ ഒരു പാൽ-ദൗർലഭ്യമുള്ള രാജ്യമായി മാറും. അന്ന് ഇന്ത്യക്ക് പാൽ ഇറക്കുമതി ചെയ്യേണ്ടി വരും. അതിന് ഇപ്പോൾ തന്നെ ആർസെപ് കരാറിൽ ചേരുന്നതാണ് നല്ലത്. എന്നാൽ ഈ വാദം ശരിയല്ല എന്ന് നമ്മൾ നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്. 2033 ആകുമ്പോഴേക്കും ഇന്ത്യ ഒരു പാൽ-മിച്ച രാജ്യമാവാനാണ് പോകുന്നത്. രണ്ട്, ന്യൂസിലാൻഡിൽ നിന്നും വലിയ തോതിലുള്ള പാൽ ഇറക്കുമതിയൊന്നും ഉണ്ടാവാൻ പോകുന്നില്ല. അവരുടെ മൊത്തം പാൽ കയറ്റുമതിയുടെ 5 ശതമാനം മാത്രമേ ഇന്ത്യയിലേക്കെത്താൻ പോകുന്നുള്ളൂ. ഇതൊരു ചെറിയ അളവാണ്. ഈ വാദവും ശരിയല്ല. ന്യൂസിലൻഡിന്റെ പാൽ കയറ്റുമതിയുടെ 5 ശതമാനം എന്ന് പറയുന്നത് വലിയൊരു അളവാണ്. വെണ്ണയെടുത്ത് നോക്കിയാൽ അത് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 21 ശതമാനം വരും. പാലടയെടുത്ത് നോക്കിയാൽ അത് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനം വരും. എല്ലാ പാൽപ്പൊടിയുമെടുത്ത് നോക്കിയാൽ അത് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 29 ശതമാനം വരും. ചുരുക്കത്തിൽ, വലിയൊരു വിലയിടിവ് തന്നെ ക്ഷീര മേഖലയിൽ ഉണ്ടാവും.
ഒരു ചെറിയ കണക്കെടുത്ത് നോക്കിയാൽ ഇതിന്റെ തോത് വ്യക്തമാവും. ന്യൂസിലാൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്ന പാൽപ്പൊടിക്ക് കിലോക്ക് 150 രൂപയാണ് വില. എന്നാൽ ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ പാൽപ്പൊടിക്ക് വില കിലോക്ക് 300 രൂപ വരും. ഇതനുസരിച്ച് കണക്ക് കൂട്ടിയാൽ ഇന്ത്യയിലെ പാലിന്റെ വില ഇന്നത്തെ ശരാശരി വിലയായ ലിറ്ററിന് 30 രൂപ എന്നതിൽ നിന്നും ലിറ്ററിന് 19 രൂപയായി താഴും.
മാത്രമല്ല, ഇന്ത്യയെയും ന്യൂസീലാൻഡിനെയും താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. 42 ലക്ഷം പേരുള്ള ന്യൂസിലാൻഡ് ഉത്പാദിപ്പിക്കുന്നത് 22 മില്യൺ മെട്രിക് ടൺ പാലാണ്. ഇവിടെ വെറും 10,000 ക്ഷീര കർഷകരേയുള്ളൂ. (ഓസ്‌ട്രേലിയയിലാകട്ടെ വെറും 6300 ക്ഷീര കർഷകരേയുള്ളൂ). 130 കോടി പേരുള്ള ഇന്ത്യ ഉത്പാദിപ്പിക്കുന്നത് 180 മില്യൺ മെട്രിക് ടൺ പാലാണ്. ഇവിടെയുള്ളത് 10 കോടി ക്ഷീര കർഷകരാണ്. അതായത്, വെറും 10,000 ക്ഷീരകർഷകരുടെ താത്പര്യം ഒരു വശത്തും 10 കോടി കർഷകരുടെ താത്പര്യം മറുവശത്തും. ഒരു ക്ഷീര കർഷകന് പാലിന്റെ അവസാന വിലയുടെ 70 ശതമാനം വരെ ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങൾ മൂലം ലഭിക്കുന്നുണ്ട്. എന്നാൽ, ന്യൂസീലാൻഡിലാകട്ടെ ഇത് വെറും 30 ശതമാനം മാത്രമാണ്. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ചെയർമാനായ ആർ.എസ്.സോധി അടുത്തയിടെ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. നരേന്ദ്ര മോഡി സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അദ്ദേഹം ശ്രമിക്കുന്നത് ന്യൂസീലൻഡിലെ 10,000 ക്ഷീരകർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് എന്നതായിരുന്നു സോധിയുടെ പ്രസ്താവന.
ഇത്തരത്തിൽ, ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ നേട്ടങ്ങൾ തകർക്കാനാണ് ആർസെപ് കരാർ ഒപ്പിടുന്നതിലൂടെ മോഡി സർക്കാർ ശ്രമിക്കുന്നത്. ഗുജറാത്തിൽ പിറന്ന ധവളവിപ്ലവത്തിനെ ഒരു പഴയ ഗുജറാത്ത് മുഖ്യമന്ത്രി തന്നെ അട്ടിമറിക്കുകയാണ്. അതിനു പകരമായി വൻകിട വിദേശ സ്വകാര്യ പാൽ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തുകയാണ് ഈ സർക്കാർ ചെയ്യുന്നത്. കാർഷിക പ്രതിസന്ധിയിലുലയുന്ന കർഷകനെ പുതിയൊരു പ്രതിസന്ധിലേക്ക് തള്ളി വിടുകയാണ് ഇവിടെയുണ്ടാവുന്നത്. ഇതിനെതിരെ വലിയ കർഷക പ്രക്ഷോഭം ഉയർന്നു വരണം. എല്ലാ കർഷകരുടെയും കൂട്ടായ്മ ഇതിലൂടെ ഒരുമിച്ചു കൂട്ടാൻ നമുക്കാവണം.
No comments:
Post a Comment