ആർ. രാംകുമാർ
കേരളത്തിലെ
കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടാണ് ഇടതു മുന്നണി
സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നത്. വിവിധ കാർഷിക മേഖലകളിൽ വലിയ ഉണർവാണ്
ഇന്നുള്ളത്. വർഷങ്ങളായുള്ള വിവിധ മേഖലകളിലെ നിർജീവാവസ്ഥ മാറ്റിയെടുത്ത്
ആധുനികവും ശാസ്ത്രീയവും സുസ്ഥിരവും ആയ ഒരു കാർഷിക ഭാവി കേരളത്തിന് ഉറപ്പു
വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ പ്രധാന സവിശേഷതകളെ അവതരിപ്പിക്കുക
എന്നതാണ് ഈ ചെറിയ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്.
ഇടതുമുന്നണി സർക്കാരും കൃഷിയും
ഈ
സർക്കാർ അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി
നിലനിന്നിരുന്നു. അധികം കണക്കുകളൊന്നും ഉദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല.
കേരളത്തിലെ മൊത്തം കാർഷിക വരുമാനം പരിശോധിച്ചാൽ മതിയാകും.
2011-12 വർഷത്തിൽ കേരളത്തിന്റെ മൊത്തം കാർഷിക മൂല്യവർദ്ധനവ് ഏകദേശം 48,376
കോടി രൂപയായിരുന്നു. 2016-17 വർഷമെടുത്താൽ ഇത് 43,355 കോടി രൂപയായി ചുരുങ്ങി. അതായത് ഏകദേശം
5000 കോടി രൂപ കണ്ട് കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് ചുരുങ്ങി. വളർച്ചാ നിരക്കിന്റെ കുറവല്ല
ഇവിടെയുണ്ടായത്. മൂല്യവർദ്ധനവിന്റെ കേവലമായ കുറവാണ്. കാർഷിക മേഖലയിലുണ്ടായ ഈ
തകർച്ച ഏതാണ്ട് പൂർണമായും അനുഭവിച്ചത് വിളപരിപാലന മേഖലയാണ്. വിള പരിപാലന
രംഗത്ത് വലിയ തകർച്ചയായിരുന്നുവെങ്കിൽ അനുബന്ധ മേഖലകളായ മൃഗപരിപാലനം,
മത്സ്യബന്ധനം എന്നിവയിലാകട്ടെ ഏതാണ്ട് സ്തംഭനാവസ്ഥയാണ് യു ഡി എഫ്
കാലഘട്ടത്തിൽ ഉണ്ടായത്.
ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ
വന്നത്. ഈ സർക്കാരിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ഒരു പ്രധാന ഘടകം
കൃഷിയുടെയും അനുബന്ധ മേഖലയുടെയും വികസനമായിരുന്നു. ഉത്പാദനം, വരുമാനം,
സുസ്ഥിരത എന്നീ മൂന്ന് തൂണുകളിലൂന്നിയായിരിക്കും ഈ നയം നടപ്പിൽ
വരുത്തപ്പെടുക എന്നും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. 2015-16 ന്
ശേഷം, പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരമുള്ള ബോധപൂർവമായ നയപരമായ
ഇടപെടലുകളുടെ ഭാഗമായി, കാർഷിക മേഖലയിലെ താഴേക്കുള്ള ഇടിവ് നിർത്താനായി
എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
ചില പ്രധാന മേഖലകളെടുത്ത് നമുക്ക് ചർച്ച ചെയ്യാം.
ദശകങ്ങളായി
നെല്ല് കൃഷി ചെയ്തിരുന്ന ഭൂമിയുടെ വിസ്തീർണ്ണം
കുറഞ്ഞു വരികയായിരുന്നു എന്ന് നമുക്കറിയാം. എന്നാൽ ഈ കുറവിന് അവസാനം
കുറിക്കുക എന്ന ചരിത്രപരമായ നേട്ടം എൽ ഡി എഫ് സർക്കാരിന് ഇപ്പോൾ തന്നെ
അവകാശപ്പെടാവുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുണ്ടായിരുന്ന ഏകദേശം 2
ലക്ഷം ഹെക്ടർ ഭൂമിയിൽ തന്നെ ഇപ്പോഴും നെൽകൃഷി നടക്കുന്നുണ്ട്. നെൽകൃഷി
ചെയ്തിരുന്ന വിസ്തീർണ്ണം നിലനിർത്തി എന്നത് വലിയൊരു നേട്ടമാണ്.
ആസൂത്രണത്തിലും നയങ്ങളിലും കൊണ്ട് വന്ന മാറ്റങ്ങളാണ് ഇതിനു കാരണമായത്.
നെൽകൃഷിയിൽ
ഇടതുമുന്നണി സർക്കാർ അവതരിപ്പിച്ച കാർഷിക മേഖലയിലെ ഇടപെടലുകൾ മറ്റ്
ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉൽപാദനത്തിലും വിപണനത്തിലും കർഷകർക്ക്
നൽകുന്ന സഹായമാണ് ഈ ഇടപെടലുകൾ.
ആദ്യം ഉത്പാദനമെടുക്കാം. കേരള സർക്കാർ
നേരിട്ട് ഓരോ നെൽകർഷകനും ഹെക്ടറിന് 5,500 രൂപ
ധനസഹായം നൽകുന്നു. കൂടാതെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ
പദ്ധതി ഫണ്ടുകൾ ഉപയോഗിച്ച് മറ്റൊരു 15000-17000 രൂപ കൂടി അധികസഹായമായി ഒരു
ഹെക്ടറിന് നൽകുന്നു. 2020-21 മുതൽ സംസ്ഥാനത്ത് തരിശുഭൂമി ഇല്ലെന്ന്
ഉറപ്പുവരുത്തുന്ന പരിപാടിയുടെ ഭാഗമായി റോയൽറ്റി പേയ്‌മെന്റായി ഹെക്ടറിന്
2,000 രൂപ
അധികമായി നൽകാൻ തുടങ്ങി. ബന്ധപ്പെട്ട കർഷകന്റെ ഭൂമി തരിശുനിലമായിരിക്കരുത്
എന്ന വ്യവസ്ഥയിലാണ് ഈ റോയൽറ്റി നൽകുന്നത്. അങ്ങനെ, മൊത്തത്തിൽ, ഒരു
ഹെക്റ്ററിൽ ഒരു നെൽകർഷകന് 23,000-25,000 രൂപ സർക്കാരിൽ നിന്ന് നേരിട്ട്
ധനസഹായമായി ലഭിക്കുന്നു. ഇനി വിപണന സഹായമെടുക്കാം. വിളവെടുപ്പിനുശേഷം,
നെല്ലിന് സംസ്ഥാന സർക്കാർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിനിമം
സപ്പോർട്ട് പ്രൈസ് (എംഎസ്പി) നൽകുന്നു. നെല്ലിനുള്ള കേന്ദ്രസർക്കാരിന്റെ
എംഎസ്‌പി ക്വിന്റലിന് 1,868 രൂപ. സംസ്ഥാന സർക്കാർ
അതിലേക്കു ക്വിന്റലിന് 800 രൂപ
എന്ന നിരക്കിൽ ബോണസ് ചേർക്കുന്നു. എന്നിട്ട് കർഷകരിൽ നിന്ന്
ക്വിന്റലിന് 2,700 രൂപ
എന്ന നിരക്കിൽ നെല്ല് വാങ്ങുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മൊത്തം
നെല്ലിന്റെ 80-90% സംസ്ഥാന സർക്കാർ ഇത്തരത്തിൽ നേരിട്ട് സംഭരിക്കുന്നു.
സ്വകാര്യ വ്യാപാരത്തിന്റെ പങ്ക് വളരെ പരിമിതമാണ്.
60 വയസ്സ് കഴിഞ്ഞ എല്ലാ ചെറുകിട കർഷകർക്കും 2008 മുതൽ
മാസം 600 രൂപ പെൻഷൻ നല്കുന്നുണ്ടായിരുന്നു. ഇത് 2019ൽ 1200 രൂപയായി
വർദ്ധിപ്പിക്കാനും ഈ സർക്കാരിന് കഴിഞ്ഞു.
ഇത്തരത്തിൽ നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്
എന്ന് നിസ്സംശയം പറയാൻ കഴിയും. ഈ നയങ്ങൾ മൂലമാണ് നമുക്ക് നെൽകൃഷിയുടെ
വിസ്തീർണ്ണം കുറയാതെ പിടിച്ചു നിർത്താൻ കഴിഞ്ഞത്.
നെല്ലിന്റെ ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും കേരളത്തിന് കഴിഞ്ഞു.
2015-16ലെ ഹെക്ടറിന് 2790 കിലോഗ്രാമിൽ നിന്ന് 2018-19ലെ 2920
കിലോഗ്രാമിലേക്ക് ഉൽപാദനക്ഷമതയിൽ വർദ്ധനവുണ്ടായി.
ഇനി പച്ചക്കറികളുടെ കാര്യമെടുക്കാം. അഭൂതപൂർവമായ
വളർച്ചയാണ് പച്ചക്കറി മേഖലയിൽ ഈ സർക്കാരിന് നേടാനായിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏകദേശം 46,500 ഹെക്ടറിൽ വെറും 6
ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ പച്ചക്കറി ഉത്പാദനം. വെറും മൂന്ന്
വർഷം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാൻ (12 ലക്ഷം മെട്രിക് ടൺ) ഈ സർക്കാരിന്
സാധിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണ്ണം ഏകദേശം 82,166
ഹെക്ടറായും വർദ്ധിച്ചു. പച്ചക്കറി ഉൽപാദനത്തിൽ കേരളത്തിന് സ്വയംപര്യാപ്തത
കൈവരിക്കാൻ കഴിയും. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത്
പച്ചക്കറി ഉൽപാദനത്തിൽ ഒരു ഇരട്ടിപ്പിക്കൽ കൂടി നടത്തണം എന്നതാണ്
ഇപ്പോഴത്തെ ലക്‌ഷ്യം. ഇത് ഉറപ്പാക്കാൻ പ്രത്യേക നടപടികൾ
സ്വീകരിക്കേണ്ടതുണ്ട്. ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളും
ഈ സംരംഭത്തിനായി ഉപയോഗപ്പെടുത്തണം.
|
|
പച്ചക്കറി
രംഗത്തും വലിയ രൂപത്തിലുള്ള സഹായങ്ങൾ സർക്കാർ കർഷകർക്ക്
ലഭ്യമാക്കിയിരുന്നു. ഉത്പാദന രംഗത്ത്, ഇന്ത്യയിൽ തന്നെ പച്ചക്കറി കർഷകർക്ക്
ഏറ്റവും ഉയർന്ന നിരക്കിലുള്ള ക്യാഷ് സബ്സിഡി കേരളത്തിൽ നൽകുന്നു.
പച്ചക്കറി കർഷകർക്ക് വാർഷിക സബ്സിഡി ഹെക്ടറിന് 25,000 രൂപയാണ്; ശീതകാല
പച്ചക്കറികൾക്ക് സബ്സിഡി ഹെക്ടറിന് 30,000 രൂപയാണ്. വാഴ കർഷകർക്ക്
ഹെക്ടറിന് 30,000 രൂപ വാർഷിക സബ്‌സിഡി നൽകുന്നു. വിത്തുകളുടെ വില, നടീൽ
വസ്തുക്കൾ, രാസവളങ്ങൾ, കീടനാശിനികൾ, തൊഴിൽ ചെലവ് എന്നിവ ഉൾപ്പെടെ എല്ലാ
കാർഷിക ചെലവുകളും ഈ സബ്സിഡികളിൽ ഉൾക്കൊള്ളുന്നു. വിപണന രംഗത്തായാലോ? 16
പച്ചക്കറികളിലായി കേരളത്തിലെ പച്ചക്കറി കർഷകർക്ക് അടിസ്ഥാന വില
(എംഎസ്‌പിക്ക് സമാനമായി) ലഭിക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇതുവരെ
പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടില്ല. ഈ അടിസ്ഥാന വിലയേക്കാൾ
വിപണി വില താഴുകയാണെങ്കിൽ സർക്കാർ നേരിട്ട് വാങ്ങുമെന്ന് വാഗ്ദാനം
ചെയ്തിട്ടുണ്ട്.
നെല്ലിലും
പച്ചക്കറികളിലുമാണ് കേരളത്തിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കാൻ ഇടതു
മുന്നണി സർക്കാരിന് കഴിഞ്ഞത്. ഒപ്പം പറയട്ടെ,
2018 ലും 2019 ലും കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലെങ്കിൽ, കാർഷിക
മേഖലയിലെ പുരോഗതി ഇതിലും കൂടുതൽ ഉയർന്നു നിന്നേനെ. 2018 ലെ വെള്ളപ്പൊക്കം
മൂലം വിളമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടം 2,722 കോടി രൂപയായിരുന്നു. വിള
മേഖലയിലെ ഉൽപാദന നഷ്ടം 3,558.2 കോടി രൂപയായിരുന്നു. ഏകദേശം 89,610 ഹെക്ടർ
വിളകൾ നഷ്ടപ്പെട്ടു. ഏകദേശം 30,945 ഹെക്ടർ വറ്റാത്ത വിളകൾ നശിച്ചു;
കുരുമുളക്, അടക്ക, വാഴ, തേങ്ങ എന്നിവയെയാണ് വെള്ളപൊക്കം ഏറ്റവും കൂടുതൽ
ബാധിച്ചത്. 109 ദശലക്ഷത്തിലധികം മരങ്ങൾ/സസ്യങ്ങൾ പൂർണ്ണമായും തകർന്നു.ഈ
സാഹചര്യത്തിലാണ് ഇടതു മുന്നണി സർക്കാരിന്റെ കർഷക-സൗഹൃദ നയങ്ങൾ
കൃഷിക്കാർക്ക് വലിയൊരു പ്രചോദനവും സഹായവുമായി നിന്നത്. ഈ
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിളയുടെ വിപണി മൂല്യത്തോട്
അടുത്തുനിൽക്കുന്ന രീതിയിൽ വിള നാശത്തിന് നഷ്ടപരിഹാരം നൽകുവാൻ കഴിഞ്ഞു. വാഴ
ഒന്നിന് 50 രൂപയിൽ നിന്ന് 300 രൂപയായും നെല്ലിന് ഹെക്ടറൊന്നിന് 15,000
രൂപയിൽ നിന്ന് 35,000 രൂപയായും വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇഞ്ചിയിൽ
ഹെക്ടറൊന്നിന് 40,000 രൂപയിൽ നിന്ന് 60,000 രൂപയായും ഒരു കാപ്പി ചെടിക്ക്
75 രൂപയായിരുന്നത് 350 രൂപയായും വർദ്ധിപ്പിക്കാൻ
കഴിഞ്ഞത് ചെറിയ നേട്ടമല്ല.
മറ്റു വിളകളുടെ കാര്യത്തിലും വിപണന സഹായം ഉറപ്പിക്കാൻ ഇടതുമുന്നണി
സർക്കാരിനായി. ഏറെ കാലമായി റബ്ബറിന്റെ പ്രോത്സാഹന വില കിലോക്ക് 150 രൂപ
എന്ന നിലയിൽ നിലനിന്നിരുന്നു. കഴിഞ്ഞ ബജറ്റിൽ കിലോയ്ക്ക് 170 രൂപ എന്ന
നിരക്കിൽ ഇതുയർത്തി. നാളികേരത്തിന്റെ താങ്ങുവിലയും കിലോയ്ക്ക് 32 രൂപ എന്ന
നിലയിലേക്ക് ഉയർത്താനായി.
|
|
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ
സുഭിക്ഷ
കേരളം പരിപാടി ആരംഭിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുക,
കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,
യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് പരിപാടിയുടെ വിശാലമായ
ലക്ഷ്യങ്ങൾ. ഭക്ഷ്യവിളകളായ നെല്ല്, വാഴ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ,
പയർവർഗ്ഗങ്ങൾ, മില്ലറ്റുകൾ എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഇൻഡോ-ഡച്ച്
ആക്ഷൻ പ്ലാനിന്റെ ഭാഗമായി വയനാട് ജില്ലയിൽ പച്ചക്കറി-പൂക്കൃഷിക്കായി ഒരു
പുതിയ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കാനുമായി.
സംസ്ഥാനത്തെ കേരകൃഷിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുക, നാളികേര ഉത്പാദനം,
ഉത്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കുക, സംയോജിത വിളപരിപാലന രീതിയിലൂടെ
കേരകൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ
സംസ്ഥാനത്ത് നാളികേര വികസന കൗൺസിൽ രൂപീകരിച്ചു. ഒന്നര ലക്ഷം ഹെക്ടർ
സ്ഥലത്ത് കേരകൃഷി വ്യാപിപ്പിക്കുവാനും മൂന്നു ലക്ഷം ഹെക്ടറിൽ റീപ്ലാൻ്റിങ്
നടത്തുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം യാഥാർഥ്യമായി. ഇന്ത്യയിൽ മറ്റൊരു
സംസ്ഥാനത്തും കർഷകക്ഷേമം മുൻനിർത്തി ഇത്തരമൊരു നിയമം
നിർമ്മിക്കപ്പെട്ടിട്ടില്ല. കർഷകർക്ക് വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട
രാജ്യത്തെ ആദ്യത്തെ കർഷക ക്ഷേമ ബോർഡ് ആണ് കേരളത്തിൽ സ്ഥാപിതം ആക്കാൻ
ഇടതുമുന്നണി സർക്കാരിന് കഴിഞ്ഞത്.
തോട്ടം മേഖല: കേന്ദ്ര സർക്കാരിന്റെ പരിപൂർണ പരാജയം
തോട്ടം
മേഖലയെ കേന്ദ്രസർക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന്റെ വിവിധ ചരക്ക്
ബോർഡുകൾക്ക് കീഴിലാണ് കൈകാര്യം ചെയ്യുന്നത്. അവ ഗണ്യമായി കയറ്റുമതി
അധിഷ്ഠിതമാണ്, അവയുടെ വില പ്രധാനമായും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും
അതിർത്തിക്ക് പുറത്താണ് നിർണ്ണയിക്കുന്നത്.
1942 ൽ കോഫി ബോർഡ് രൂപീകരിച്ചു, 1947 ൽ റബ്ബർ ബോർഡ് രൂപീകരിച്ചു, 1954 ൽ ടീ
ബോർഡ് രൂപീകരിച്ചു, 1987 ൽ സുഗന്ധവ്യഞ്ജന ബോർഡ് രൂപീകരിച്ചു.
വിസ്തീർണ്ണവും ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതലകൾ ഈ
ബോർഡുകൾക്ക് നൽകി.
കേന്ദ്ര സർക്കാരിൽ നിന്ന്
പ്രത്യേക ഫണ്ടുകൾ ലഭ്യമാക്കി. കയറ്റുമതി പ്രമോഷൻ പദ്ധതികൾക്കായി ഫണ്ടുകളും
നീക്കി വെച്ചു. വിലകുറഞ്ഞ ഇറക്കുമതിയിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്തു.
ചുരുക്കത്തിൽ, കേരളത്തിലെ തോട്ടം മേഖല 1940 നും 1980 നും ഇടയിൽ ഒരു സംരക്ഷണ
സാമ്പത്തിക നയ ചട്ടക്കൂടിന്റെ നിഴലിൽ വളർന്നു.
|
|
1990
കളോടെ സ്ഥിതി മാറി. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) കരാർ 1995 മുതൽ
പ്രാബല്യത്തിൽ വന്നു. ഡബ്ല്യുടിഒ കരാർ ഇന്ത്യയുടെ സംരക്ഷിത-വാണിജ്യ
നയത്തിന്റെ മുഖമുദ്രയായ ക്വാട്ടകളും താരിഫുകളും നീക്കം ചെയ്യുന്നതിലേക്ക്
നയിച്ചു. കേരളത്തിന്റെ തോട്ടം സമ്പദ്‌വ്യവസ്ഥയിലെ സമകാലിക പ്രതിസന്ധിയുടെ
ആദ്യ ഘട്ടമായിരുന്നു ഇത്. തോട്ടവിളകളുടെ വില തകരാൻ തുടങ്ങി. കേരളത്തിലെ പല
ജില്ലകളിലും കടുത്ത കാർഷിക പ്രതിസന്ധി നേരിട്ടു. 2010 ൽ ഇന്ത്യ ആസിയാൻ
കരാറിൽ ഒപ്പുവെച്ചു. ഇത് പ്രതിസന്ധിയുടെ ഒരു പുതിയ ഘട്ടം ഉദ്ഘാടനം ചെയ്തു.
പല ആസിയാൻ രാജ്യങ്ങളും ഇന്ത്യയുടെ ഉഷ്ണമേഖലാ കാലാവസ്ഥ പങ്കിടുന്ന
സുഗന്ധവ്യഞ്ജനങ്ങളുടെയും തോട്ടവിളകളുടെയും ഉൽപാദനത്തിലെ
എതിരാളികളായിരുന്നു. ദേശീയ വ്യാപാര നയത്തെ സ്വാധീനിക്കാൻ സംസ്ഥാന
സർക്കാരിന് സ്വാതന്ത്ര്യമില്ല; സംസ്ഥാനങ്ങളോ നിയമസഭയോടോ ആലോചിക്കാതെ
ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഈ കരാറുകളിൽ ഒപ്പുവച്ചു. പിന്നീട്,
സീറോ-ഡ്യൂട്ടി റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്
(ആർസിഇപി) കരാറുമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും
ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് താൽക്കാലികമായി ആണെങ്കിലും ആ
നീക്കം തടയാൻ കഴിഞ്ഞു. ഈ സംഭാഷണങ്ങൾ എപ്പോൾ വേണമെങ്കിലും
പുനരാരംഭിച്ചേക്കാം; അതിനാൽ അപകടം തുടരുകയും ചെയ്യുന്നു.
തേയില,
കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കുള്ള നാല് ചരക്ക്
ബോർഡുകൾക്കായി കേന്ദ്രസർക്കാർ കണ്ടെത്തൽ ഗണ്യമായി കുറച്ചതാണ് കേരളത്തിലെ
തോട്ടവിളകളുടെ ഉൽപാദന പ്രതിസന്ധിയുടെ മറ്റൊരു പ്രധാന കാരണം. നാല്
ബോർഡുകൾക്ക് കീഴിലുള്ള യഥാർത്ഥ ചെലവുകളുടെ (വരുമാനവും മൂലധനവും) ഡാറ്റ
പരിശോധിച്ചാൽ കണക്കുകൾ ശ്രദ്ധേയമാണ്. 2011-12 നും 2018-19 നും ഇടയിൽ ടീ
ബോർഡിൽ 54.8 ശതമാനവും കോഫി ബോർഡിൽ 33.9 ശതമാനവും റബ്ബർ ബോർഡിൽ 34.3
ശതമാനവും സുഗന്ധവ്യഞ്ജന ബോർഡിൽ 40 ശതമാനവും ചെലവ് കുറഞ്ഞു. ചെലവിലെ ഇത്തരം
ഇടിവ് ഉൽപാദനത്തിലും വിപണനത്തിലും ബോർഡുകളുടെ പ്രവർത്തനത്തെ സാരമായി
ബാധിച്ചു. മാത്രമല്ല, തോട്ടം മേഖലയുടെ വളർച്ചയെ ബാധിച്ചു. തോട്ടം മേഖല
സംസ്ഥാന വരുമാനത്തിന് നൽകി പോന്ന സംഭാവന 2011-12ലെ 21,000 കോടിയിൽ നിന്ന്
2018-19ലെ 9950 കോടി രൂപയായി ചുരുങ്ങി. സംസ്ഥാനത്തെ 13 ലധികം തോട്ടങ്ങൾ
അടച്ചു. 6000 ത്തോളം പേർക്ക് നേരിട്ടും അല്ലാതെയും ജോലി നഷ്ടപ്പെട്ടു.
തോട്ടം മേഖലയിൽ പുതിയ നിക്ഷേപങ്ങളൊന്നും വരുന്നില്ല. സർക്കാർ സബ്‌സിഡികൾ
വെട്ടിക്കുറച്ചതിനാൽ ഒരു പ്ലാന്റേഷനും റീപ്ലാന്റിംഗിൽ നിക്ഷേപിക്കുന്നില്ല.
തോട്ടങ്ങൾക്കുള്ളിൽ കൃഷിചെയ്യാൻ ഉപയോഗിക്കുന്ന വിസ്തീർണ്ണം പോലും കഴിഞ്ഞ
ദശകത്തിൽ കുറഞ്ഞുവെന്ന് ചില കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര
സർക്കാരിന്റെ കർഷക-വിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ദോഷം വന്നു വീണത്
കേരളത്തിലെ തോട്ടം മേഖലയിലായിരുന്നു എന്ന് ചുരുക്കം.
ഈ
പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ 2016 ഓഗസ്റ്റിൽ അതിന്റെ
റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. തോട്ടം മേഖലയിൽ 14 നയപരമായ മാറ്റങ്ങൾ
ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. ഈ റിപ്പോർട്ടിന്റെ പ്രധാന ശുപാർശകൾ
നടപ്പാക്കാൻ ഇടതു മുന്നണി സർക്കാർ സെക്രട്ടറിമാരുടെ ഒരു സമിതിയെ
നിയോഗിച്ചു. 2018 ജൂണിൽ കേരള സർക്കാറിന്റെ മന്ത്രിസഭാ പ്രധാനപ്പെട്ട
തീരുമാനങ്ങൾ എടുത്തു.
1) തോട്ടം നികുതി പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു.
2) തോട്ടങ്ങളിൽ നിന്നുള്ള കാർഷിക വരുമാനനികുതി ശേഖരണം മരവിപ്പിച്ചു.
3) റബ്ബർ മരങ്ങൾ മുറിക്കുന്നതിലെ ചാർജുകൾ നിർത്തലാക്കി.
4) തോട്ടങ്ങളിലെ എല്ലാ ലയങ്ങളെയും (ലേബർ ലൈനുകൾ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിടനികുതിയിൽ നിന്ന് ഒഴിവാക്കി.
5)
കേരള സർക്കാരിന്റെ ലൈഫ് മിഷന്റെ ഭാഗമായി ലയങ്ങളുടെ പുനർനിർമ്മാണം
ഉൾപ്പെടുത്തും. പുനർനിർമാണച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.
എസ്റ്റേറ്റ് ഉടമകൾക്ക് ബാക്കി 50 ശതമാനം ഏഴ് വാർഷിക ഗഡുക്കളായി നൽകാം.
32,454 തോട്ടം തൊഴിലാളികൾ വീടില്ലാത്തവരാണെന്നാണ് കണക്ക്. കൂടാതെ, വിരമിച്ച
5348 തോട്ടം തൊഴിലാളികൾ ഭവനരഹിതരാണ്. ലൈഫ് മിഷന്റെ പരിധിയിൽ അവരെ
ഉൾപ്പെടുത്തും.
6) തോട്ടങ്ങളുടെ പാട്ടം പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും.
7) പ്ലാന്റേഷൻ ഭൂമികളെ കേരള വനം (പരിസ്ഥിതി ദുർബലമായ ഭൂമിയുടെ വെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ്) നിയമത്തിൽ നിന്ന് ഒഴിവാക്കും.
8) സംസ്ഥാനത്തിനായി ഒരു പ്ലാന്റേഷൻ നയം രൂപീകരിക്കും.
ഇതോടൊപ്പം,
2021-ൽ ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റ് കൂടി സംസ്ഥാന സർക്കാർ സ്ഥാപിച്ചു.
അങ്ങിനെ, കേരളത്തിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു
പ്രത്യേക സംവിധാനം തന്നെ ഇപ്പ്പോൾ നിലവിൽ വന്നിട്ടുണ്ട്. കേന്ദ്ര
സർക്കാരിന്റെ നിഷേധ സമീപനത്തിനൊപ്പം ചേർത്തു വായിക്കുമ്പോൾ സംസ്ഥാന
സർക്കാരിന്റെ തോട്ടം മേഖലയോടും തോട്ടം തൊഴിലാളികളോടുമുള്ള നയങ്ങളിലെ
വ്യത്യാസം കൃത്യമായി നമുക്ക് കാണാം.
മൃഗ പരിപാലനം
കന്നുകാലികളുടെയും
കോഴികളുടെയും ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ആനുകാലിക ഇടവേളകളിൽ
സംഘടിപ്പിക്കുന്ന ഇന്ത്യൻ കന്നുകാലി സെൻസസിൽ നിന്ന് ലഭ്യമാണ്. 2019 ൽ
പുറത്തിറക്കിയ ഡാറ്റ കേരളത്തെ സംബന്ധിച്ച് വളരെ പ്രോത്സാഹനം നൽകുന്നതാണ്.
കേരളത്തിലെ മൊത്തം കന്നുകാലികളുടെ എണ്ണം 2012 നും 2019 നും ഇടയിൽ 27.3
ലക്ഷത്തിൽ നിന്ന് 29 ലക്ഷമായി ഉയർന്നു. പശുക്കളുടെ എണ്ണം മിതമായ തോതിൽ
ഉയർന്നപ്പോൾ ആടുകളുടെയും പന്നികളുടെയും ജനസംഖ്യ ഗണ്യമായി ഉയർന്നു.
പശുക്കളുടെ എണ്ണം വർദ്ധിയ്ക്കാൻ കാരണം ഏറെ കാര്യക്ഷമമായി സർക്കാർ നടപ്പിൽ
വരുത്തിയ കന്നുകാലി വിതരണ പദ്ധതിയാണ്. ഓരോ വർഷവും അയ്യായിരത്തിലേറെ
പശുക്കളെയും രണ്ടായിരത്തിലേറെ കിടാങ്ങളെയും ഇത്തരത്തിൽ ഇടതുമുന്നണി
സർക്കാർ വിതരണം ചെയ്തു. ഈ കാലയളവിൽ തന്നെ കേരളത്തിലെ കോഴി ജനസംഖ്യ 57
ലക്ഷത്തോളം വർദ്ധിച്ചു.
2012-13
നും 2016-17 നും ഇടയിൽ (യുഡിഎഫിന്റെ പന്ത്രണ്ടാമത്തെ പദ്ധതി കാലയളവ്) പാൽ
ഉൽപാദനം 2.7 ലക്ഷം ടൺ കുറഞ്ഞു എന്നാണു കണക്കുകൾ കാണിക്കുന്നത്. ഈ ഇടിവ്
തടയുവാനും കേരളത്തിലെ പാൽ ഉത്പാദനം വർദ്ധിപ്പിക്കാനും ഇടതു മുന്നണി
സർക്കാരിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. 2019-20 ലെ പാൽ ഉൽപാദനം
25.4 ലക്ഷം ടണ്ണായിരുന്നു. 2018 ലും 2019 ലും വെള്ളപ്പൊക്കം
ഉണ്ടായിരുന്നില്ലെങ്കിൽ ഉൽപാദനത്തിൽ ഇതിലും വലിയ
പുനരുജ്ജീവനമുണ്ടാകുമായിരുന്നു.
|
|
ഉത്പാദനത്തിൽ
വർദ്ധനവ് മൂലം കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന പാലിനെ ആശ്രയിക്കുന്നത്
കുറഞ്ഞു. 2016-17 ൽ പ്രതിദിനം ഏകദേശം 9 ലക്ഷം ലിറ്റർ പാൽ സംസ്ഥാനത്തേക്ക്
ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ 2019-20 ആയപ്പോഴേക്കും പാൽ ഇറക്കുമതിയെ
ആശ്രയിക്കുന്നത് പ്രതിദിനം 3.2 ലക്ഷം ലിറ്ററായി കുറയ്ക്കാൻ കേരളത്തിന്
കഴിഞ്ഞു. പാൽ ഉൽപാദനത്തിന്റെ മറ്റ് പരോക്ഷ സൂചകങ്ങളും പതിമൂന്നാം പദ്ധതി
കാലയളവിലെ മികച്ച ഫലങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന്, 2015-16 ൽ മിൽമ
പ്രതിദിനം 6 മുതൽ 7 ലക്ഷം ലിറ്റർ പാൽ വരെ കേരളത്തിന് പുറത്ത് നിന്ന്
ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. 2020 ൽ മിൽമ പ്രതിദിനം 88,000 ലിറ്റർ പാൽ
മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, സംസ്ഥാനത്തിന് പുറത്തുള്ള പാൽ
പൊടി ഫാക്ടറികളിലേക്ക് പ്രതിദിനം 58,000 ലിറ്റർ മിൽമ കയറ്റുമതി ചെയ്യുന്നു.
ഇറക്കുമതിയിൽ നിന്നും ഈ കയറ്റുമതി കുറച്ചാൽ, മിൽമയുടെ കമ്മി പ്രതിദിനം
30,000 ലിറ്ററായി കുറയും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളം പാൽ
ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും എന്നത് ചെറിയ കാര്യമല്ല.
പതിമൂന്നാം
പദ്ധതി കാലയളവിൽ പാൽ ഉൽപാദനത്തിന്റെ പുനരുജ്ജീവനം പാൽ സംഭരണത്തിൽ സർക്കാർ
നടത്തിയ മെച്ചപ്പെട്ട ഇടപെടലിന്റെ പ്രതിഫലനമായിരുന്നു. 2016-17 ൽ ക്ഷീര
സഹകരണ സംഘങ്ങൾ വഴി പാൽ സംഭരണം 5.9 ലക്ഷം ടൺ ആയിരുന്നു. 2019-20 ഓടെ ഇത് 6.8
ലക്ഷം ടൺ വരെ ഉയർത്തി. പ്രതിദിന അടിസ്ഥാനത്തിൽ,
ക്ഷീര സഹകരണ സംഘങ്ങൾ വഴിയുള്ള പാൽ സംഭരണം
16.3 ലക്ഷം ലിറ്ററിൽ നിന്ന് 18.6 ലക്ഷം ലിറ്ററായി ഉയർന്നു എന്നാണു
കാണുന്നത്.
പതിമൂന്നാം
പദ്ധതി കാലയളവിൽ മൃഗസംരക്ഷണ മേഖലയിൽ മറ്റു സുപ്രധാന സ്ഥാപന ഇടപെടലുകളും
നടന്നിരുന്നു. പ്രധാനപ്പെട്ട ചില പോയിന്റുകൾ ചുവടെ കൊടുക്കുന്നു.
1) ക്ഷീര സഹകരണസംഘങ്ങളിലൂടെ പാൽ കൂടുതൽ സംഭരിക്കുന്നത് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. പതിമൂന്നാം പദ്ധതി കാലയളവിൽ
25,000 പുതിയ ക്ഷീര കർഷകരെ
ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങളാക്കാനായി.
2) എല്ലാ ദിവസവും 24
മണിക്കൂറും പ്രവർത്തിക്കുന്ന വെറ്റിനറി ആശുപത്രികൾ എന്നത് ഒരു പ്രധാന
സംരംഭമായിരുന്നു. നിലവിൽ 45 ബ്ലോക്കുകളിലായി 31 ഇത്തരത്തിലുള്ള ആശുപത്രികൾ
സംസ്ഥാനത്തുണ്ട്. 2020-21 ൽ 24*7 ആശുപത്രികളുടെ സാന്നിധ്യം 45 ബ്ലോക്കുകളിൽ
നിന്ന് സംസ്ഥാനത്തെ എല്ലാ 152 ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാൻ
കഴിഞ്ഞു.
3) കന്നുകാലികൾക്കായി ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി മൃഗസംരക്ഷണ,
ക്ഷീര വകുപ്പുകൾ അവതരിപ്പിച്ചു. ഇവരുടെ പദ്ധതികൾ നിലവിൽ 85,000 ത്തിലധികം
മൃഗങ്ങളെ ഉൾക്കൊള്ളുന്നു.
4) മൃഗസംരക്ഷണത്തിന് കീഴിലുള്ള നാല് പ്രാദേശിക ലബോറട്ടറികൾക്ക് പതിമൂന്നാം പദ്ധതി കാലയളവിൽ അക്രഡിറ്റേഷൻ പദവി ലഭിച്ചു.
5) രണ്ട് ടെലി-വെറ്റിനറി യൂണിറ്റുകൾ സ്ഥാപിച്ചു.
6)
ആടിനായി 500 ഓളം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ തുറന്നു, ഇത് 2019 ലെ
കന്നുകാലി സെൻസസ് സമയത്ത് കണ്ട ആടുകളുടെ എണ്ണം കൂടുന്നതിന് കാരണമായി.
|
|
പൗൾട്രി
രംഗത്ത് വലിയ തുടക്കങ്ങൾ കുറിക്കാനുമായി എന്നത് എടുത്ത് പറയേണ്ടതാണ്.
കേരളം ചിക്കൻ പ്രൊജക്റ്റ് ആണ് പ്രധാനം. മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ,
കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ, മീറ്റ് പ്രൊഡക്ട്സ് ഓഫ്
ഇന്ത്യ, വെറ്റിനറി സർവകലാശാല, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവർ
യോജിച്ചാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. കാര്യക്ഷമമായ ഒരു വിതരണ
ശൃംഖല മാതൃക പിന്തുടർന്ന് ചിക്കൻ ഉത്പാദനം, ഗുണനിലവാരം, സംസ്കരണം, വിപണനം
എന്നിവയുടെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ
പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ മിഷൻ പ്രസ്‌താവന അനുസരിച്ച്, “കോഴി
ഇറച്ചിയുടെ ആഭ്യന്തര ആവശ്യം നിറവേറ്റുക, ആരോഗ്യകരവും ശുചിത്വവുമുള്ള
സമ്പ്രദായങ്ങളിലൂടെ സംസ്ഥാനത്തിനകത്ത് സുരക്ഷിതമായ കോഴി ഇറച്ചി
ഉത്പാദിപ്പിക്കുക, മിതമായ നിരക്കിൽ വിൽക്കുക, അതുവഴി കർഷകർക്ക്,
പ്രത്യേകിച്ച് സ്ത്രീകൾക്ക്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക" എന്നതാണ് ഉദ്ദേശം.
ന്യായമായ വിലയ്ക്ക് ബ്രോയിലർ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനും
വളർന്നുവരുന്ന ബ്രോയിലർ കർഷകർക്ക് സഹായം നൽകുന്നതിനും ഒരു സർക്കാർ
നിധിയിലൂടെ ന്യായവും സുസ്ഥിരവുമായ ഒരു വിപണി സൃഷ്ടിക്കുന്നതിനും 100 ശതമാനം
വിപണി പങ്കാളിത്തം കൈവരിക്കുന്നതിനും കേരളം ചിക്കൻ പ്രൊജക്റ്റ് വിഭാവനം
ചെയ്യുന്നു.
മത്സ്യബന്ധനം
പതിമൂന്നാം
പദ്ധതി കാലയളവിൽ, സമുദ്ര മത്സ്യബന്ധന മേഖലയിലെ സർക്കാരിന്റെ ശ്രമം
മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉപജീവന സുരക്ഷ മെച്ചപ്പെടുത്തുകയായിരുന്നു.
അതായത് തീരപ്രദേശങ്ങളിൽ ശുചിത്വം, ആരോഗ്യ പരിരക്ഷ, കുടിവെള്ളം, വൈദ്യുതി,
ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക. അത് പോലെ തന്നെ, കടലിലെ
മരണനിരക്ക് കുറക്കുക എന്നതും. ഇക്കാര്യത്തിലൊക്കെ പ്രധാന നേട്ടങ്ങൾ
കൈവരിക്കാൻ ഇടതു മുന്നണി സർക്കാരിനായി.
ആദ്യം
പശ്ചാത്തല സൗകര്യങ്ങളുടെ കാര്യമെടുക്കാം. ഫിഷിംഗ് ഹാർബറുകൾ പോലുള്ള
ദീർഘകാലമായി നിലനിൽക്കുന്ന പശ്ചാത്തല സൗകര്യ പദ്ധതികളുടെ നിർമ്മാണം
പൂർത്തിയാക്കിയതാണ് ഒരു മുഖ്യ നേട്ടം. ആകെ 403.5 കോടി രൂപ ചിലവാക്കി
മുതലപ്പൊഴി, ചെല്ലാനം, ചേറ്റുവ, താനൂർ, തലായി, വെള്ളയിൽ, കൊയിലാണ്ടി,
മഞ്ചേശ്വരം എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തീകരിച്ച് കമ്മീഷൻ
ചെയ്തു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 209 കോടി രൂപ ചെലവിൽ പരപ്പനങ്ങാടി,
ചെത്തി തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയായി. കൂടാതെ, തങ്കശ്ശേരി,
പുതിയപ്പ, ബേപ്പൂർ, അർതുങ്കൽ ഫിഷിംഗ് ഹാർബറുകൾ എന്നിവയുടെ വികസനത്തിനും
പദ്ധതി പിന്തുണ നൽകി. ഫിഷിംഗ് ഹാർബറുകളുടെ പ്രവർത്തനത്തിനായി ഹാർബർ
മാനേജ്മെന്റ് സൊസൈറ്റികളും രൂപീകരിച്ചു. കൂടാതെ, ഇന്ത്യയിൽ ആദ്യമായി,
ഫിഷറീസ് മാനേജ്മെന്റ് കൗൺസിലുകൾ രൂപീകരിച്ചത് കേരളത്തിലാണ്. ഫിഷറീസ്
മാനേജ്മെന്റ് പ്രതിനിധികൾ, ജനങ്ങളുടെ പ്രതിനിധികൾ, ഫിഷറീസ് വിദഗ്ധർ
എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ കൗൺസിലുകൾ രൂപീകരിച്ചത്.
|
|
ഇതിനു
പുറമെ, 2017നും 2021നും ഇടയിൽ 704 കോടി രൂപ ചെലവഴിച്ച് 1600 തീരദേശ റോഡുകൾ
നിർമ്മിച്ചു. 193.5 കോടി രൂപ ചെലവഴിച്ച് 65-ലധികം മത്സ്യ മാർക്കറ്റുകൾ
നിർമ്മിച്ചു. തീരദേശ സംരക്ഷണത്തിനായി പൂന്തുറയിൽ 19.7 കോടി രൂപയുടെ കിഫ്‌ബി
ധനസഹായത്തോടെ ഒരു ഓഫ്‌ഷോർ ബ്രേക്ക്‌വാട്ടർ പദ്ധതി ആരംഭിച്ചു. നീലവിപ്ലവ
(Blue Economy) പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് 200 ഓളം എഫ്ആർപി
ബോട്ടുകൾ നൽകി. പൈലറ്റ് അടിസ്ഥാനത്തിൽ 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ
മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തു. മത്സ്യബന്ധന കപ്പലുകൾ കടലിൽ നിന്ന്
പുറപ്പെടുന്നതും തിരിച്ചുവരുന്നതും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് സാഗര
മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. 1980 ലെ കേരള സമുദ്ര മത്സ്യബന്ധന
നിയന്ത്രണ നിയമവും ചട്ടങ്ങളും (കെഎംഎഫ്ആർ നിയമങ്ങളും നിയമങ്ങളും) 2017 ൽ
സമഗ്രമായി പരിഷ്കരിച്ചു.
മാത്രമല്ല,
മത്സ്യലേലം നിയന്ത്രണങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമാക്കി എല്ലാ വിധ
ലേല-കമ്മീഷനുകളും ലേലത്തുകയുടെ 5 ശതമാനമായി നിജപ്പെടുത്തി. അനുമതിയില്ലാതെ
ലേലം നടത്തുന്നത് നിയമവിരുദ്ധമാക്കി. ഐസ് പ്ലാന്റുകൾക്കു രെജിസ്ട്രേഷൻ
ഏർപ്പെടുത്തി. ഈ നടപടികളെല്ലാം കാരണം സംസ്ഥാനത്തെ സമുദ്ര മത്സ്യ ഉൽപാദനം
2015ലെ 4.84 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2019ലെ 6.09 ലക്ഷം മെട്രിക്
ടണ്ണായി ഉയർന്നു. അഭിമാനകരമായ നേട്ടമാണിത്.
ഇനി
സുസ്ഥിരതയുടെ കാര്യമെടുക്കാം. സമുദ്രത്തിലെ ഒരു പ്രധാന ഭീഷണി പ്ലാസ്റ്റിക്
മലിനീകരണമാണ്. ‘ശുചിത്വ സാഗരം’ എന്ന പദ്ധതിക്ക് കീഴിൽ പ്ലാസ്റ്റിക്
മാലിന്യങ്ങൾ വലിച്ചെറിയുന്നത്’ നിരോധിച്ചു. കടലിൽ പ്ലാസ്റ്റിക് മാലിന്യം
കുറയ്ക്കുന്നതിനും എല്ലാത്തരം പ്ലാസ്റ്റിക്കും കടലിൽ നിന്നും നീക്കം
ചെയ്യുന്നതിനും ശുചിത്വ കാമ്പയിൻ ആരംഭിച്ചു. കൊല്ലത്തെ നീണ്ടകരയിൽ ഈ പദ്ധതി
വളരെ വിജയകരമായി നടപ്പാക്കി. ഈ പദ്ധതി ഐക്യരാഷ്ട്രസഭയുടെ വരെ ശ്രദ്ധ
പിടിച്ചുപറ്റിയിരുന്നു. ഇതുവരെ 38.4 ടൺ വലകൾ, പ്ലാസ്റ്റിക് കയറുകൾ, മറ്റ്
പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് നീക്കം
ചെയ്തു കഴിഞ്ഞു.
ഇനി
മത്സ്യ തൊഴിലാളികളുടെ ഉപജീവന രംഗമെടുക്കാം. കടലിലെ മരണനിരക്ക്
കുറയ്ക്കുന്നതിനായി സർക്കാർ 3 സോണുകൾക്കായി മറൈൻ ആംബുലൻസുകൾ നിയോഗിച്ചു;
അതായത്, തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്തെ വൈപിൻ, കോഴിക്കോട്ടെ
ബേപ്പൂർ. ഒരു സമയം 10 പേർക്ക് പ്രാഥമികവും അടിയന്തിരവുമായ വൈദ്യസഹായത്തിന്’
ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും മറൈൻ ആംബുലൻസുകളിൽ
സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ 19 തീരദേശ ആശുപത്രികൾ നിർമ്മിച്ചു.
മറ്റു ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തീരത്ത് 2500
ലധികം മൈക്രോ എന്റർപ്രൈസസുകൾ സ്ഥാപിച്ചു; ഇത് 7000 മത്സ്യത്തൊഴിലാളികൾക്ക്
ഉപജീവനമാർഗ്ഗം നൽകി. 48 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി
കൊണ്ട്, 12 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ സ്ഥാപിച്ച് കൊണ്ട്, കുണ്ടറയിൽ
ഒരു അപ്പാരൽ പാർക്ക് കൺസോർഷ്യം സ്ഥാപിച്ചു. 46 തീരദേശ സൗഹൃദ സീഫുഡ്
റെസ്റ്റോറന്റുകൾ സ്ഥാപിച്ച് 9 തീരദേശ ജില്ലകളിലെ 230
മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ സൃഷ്ടിച്ചു. ഭവന നിർമ്മാണം ഒരു പ്രധാന
സംരംഭമായിരുന്നു. ഭവനരഹിതരായ 5457 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്
സുരക്ഷിതമായ വീടുകൾ നൽകി. 4500 മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം
പുരോഗമിക്കുന്നു. 1619 ഭവനരഹിതരായ മത്സ്യബന്ധന കുടുംബങ്ങൾക്ക് ലൈഫ്
മിഷനിലൂടെ പുതിയ വീടുകൾ ലഭിച്ചു. സ്ഥലവും വീടും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 192 ഫ്ലാറ്റുകളും 18 കോടി
രൂപ ചെലവിൽ 542 ചതുരശ്രയടി വിസ്തീർണവും കൊണ്ട് തിരുവനന്തപുരത്തെ
മുട്ടത്തറയിൽ ഒരു കെട്ടിട സമുച്ചയവും നിർമ്മിച്ചു.
കാർഷിക
മേഖലയിൽ ഒരു പുതിയ ഉണർവ് സൃഷ്ടിക്കാനായി എന്നത് നേരത്തേ പറഞ്ഞുവല്ലോ.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി എന്നല്ല. എന്നാലും, വലിയ
പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, പ്രകൃതി ദുരന്തങ്ങളുടെ ഇടയിൽ നിന്ന്
കൊണ്ട്, ഈ മേഖലയിൽ ചലനം സൃഷ്ടിക്കാനായത് വലിയ നേട്ടമാണ്. സുഭിക്ഷ കേരളം,
കേരള ചിക്കൻ പോലുള്ള പദ്ധതികൾ ആരംഭിച്ചിട്ടേയുള്ളൂ. അടുത്ത അഞ്ചു വർഷത്തെ
കാര്യമെടുത്താൽ ഇതിലും കൂടുതൽ പുരോഗതി കൈവരിക്കാൻ നമുക്ക് കഴിയും. അതിനുള്ള
പശ്ചാത്തല സൗകര്യം ഒരുക്കി കഴിഞ്ഞിട്ടാണ് ഈ സർക്കാർ അധികാരമൊഴിയുന്നത്.
കടപ്പാട്: മാർക്സിസ്റ്റ് സംവാദം, പുതിയ ലക്കം.