Saturday, January 16, 2021

കോൺഗ്രസ്സിന്റെ അ'ന്യായം'

കേരളത്തിൽ യുഡിഎഫിന്റെ പ്രകടന പത്രികയുടെ ഒരു ട്രെയ്‌ലർ വന്നിട്ടുണ്ടെന്ന് പത്രങ്ങളിൽ വായിച്ചു. 2019-ൽ കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ച ഈ ആശയം ഭയങ്കരൻമാരായ സാമ്പത്തിക ശാസ്ത്രജ്ഞർ കൂടിയിരുന്ന് ഉണ്ടാക്കിയ ഒരു മഹാസംഭവമാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് സംഗതി ഉഡായിപ്പാണെന്ന് മനസ്സിലായത്. മാത്രമല്ല, ഇതിന്റെ ഭാഗമായി പ്രവർത്തിച്ച വിദേശത്തെ ഭാരതീയരായ സാമ്പത്തിക ശാസ്ത്രജ്ഞരോട് (സുഹൃത്തുകളാണ്; പേര് പറയുന്നില്ല) ഞാൻ ഇതിനെ കുറിച്ച് തിരക്കുകയും ചെയ്തിരുന്നു. അവർ എന്നോട് പറഞ്ഞത് അവർ വളരെ വിശാലതലത്തിൽ ഇതിനെ കുറിച്ച് ചില അഭിപ്രായങ്ങൾ അറിയിച്ചിരുന്നുവെങ്കിലും അവരോടൊന്നും കൂടുതൽ ചർച്ച ചെയ്യാതെ പ്രകടന പത്രികയിൽ ഈ വിഷയം ഉൾക്കൊള്ളിക്കുകയാണ് ചെയ്തത് എന്നാണു. മാത്രമല്ല, വളരെ തെറ്റിദ്ധാരണാജനകമായ, അശാസ്ത്രീയമായ രീതിയിലാണ് ഈ വിഷയം പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കപ്പെട്ടത് എന്നും, പ്രധാനപ്പെട്ട നേതാക്കളെ ഈ വിഷയം അറിയിച്ചിരുന്നുവെന്നും അവർ പറയുകയുണ്ടായി. 

ഏപ്രിൽ 2019-ൽ ഫ്രണ്ട്ലൈനിൽ (FRONTLINE) ഞാൻ ഇതിനെ കുറിച്ച് ദീർഘമായി ഒരു ലേഖനം എഴുതിയിരുന്നു. എത്ര വിഡ്‌ഢിത്തം നിറഞ്ഞതായിരുന്നു ന്യായ് എന്ന ആ ആശയം എന്ന് പറയാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്ത് ചിലയിടത്തൊക്കെ പരീക്ഷിക്കാൻ ശ്രമിക്കുന്ന "യൂണിവേഴ്സൽ ബേസിക് ഇൻകം" (യുബിഐ) എന്ന ആശയവുമായി ഒരു ബന്ധവും ഇതിനില്ല എന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. യുബിഐ എന്നത് ഒരു സമ്പത്തിന്റെ പുനർവിതരണം ചെയ്യാനുള്ള ഒരു പാതയായിട്ടാണ് ലോകം മനസ്സിലാക്കിയിട്ടുള്ളത്. അല്ലാതെ, നിലവിലെ മറ്റു സബ്‌സിഡികളെ വെട്ടിക്കുറച്ച് കൊണ്ട് കുറച്ചു പണം കണ്ടെത്തി, ആ പണം യുബിഐ എന്ന പേരിൽ വിതരണം ചെയ്തത് കൊണ്ട് ഒന്നുമാവില്ല. ഇതാണ് കോൺഗ്രസ്സിന് മനസ്സിലാവാതെ പോയത്. ഈ വേവാത്ത ചോറ് വീണ്ടും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ പരീക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

കേരളത്തിന്റെ കാര്യത്തിൽ നമുക്ക് വേണ്ടത് യുബിഐ അല്ല. കേവല ദാരിദ്യം നേരിടുന്ന ഏകദേശം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് കൃത്യമായ സാമൂഹ്യ സംരക്ഷണവും സഹായവും നൽകി അവർക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനുള്ള അവസരമൊരുക്കുക എന്നതാണ് അടിയന്തിരമായി വേണ്ടത്. ഇതിന് ഭക്ഷണം, വീട്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ജോലി, ഉപജീവനം, ആരോഗ്യം എന്നിവയൊക്കെ നൂതനമായി കോർത്തിണക്കി കൊണ്ടുള്ള ഒരു സമഗ്ര പരിപാടിയാണാവശ്യം. ഇതാവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന ലക്ഷ്യം. ഇത് തന്നെയാണ് ഈ വർഷത്തെ ബജറ്റിലും നമ്മൾ കണ്ടത്. അല്ലാതെ "ഞങ്ങൾ 6000 രൂപ കൊടുത്തു, ഞങ്ങടെ പണി തീർന്നു, ഇനി നിങ്ങളായി, നിങ്ങടെ പാടായി" എന്ന നിലപാട് അപകടകരമാണ്. അത് ഒരു നവലിബറൽ ആശയമാണ്. അത് കൊണ്ട് കൂടിയാണ് ജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആ ആശയം തള്ളിക്കളഞ്ഞത്.

ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം.


സബ്സ്ക്രിപ്ഷൻ വേണ്ടി വരും; അതിനാൽ താഴെ ക്ലിക്ക് ചെയ്‌താൽ ഫ്രീയായി വായിക്കാം. 


ആധുനിക കേരളത്തിനായുള്ള ഒരു മികച്ച ബജറ്റ്

ആർ. രാംകുമാർ

കേരളത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തുടക്കത്തിൽ തന്നെ രണ്ട് പ്രധാന പരാമർശങ്ങൾ അർഹിക്കുന്നു. ഒന്ന്, കഴിഞ്ഞ നാലര വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണമികവ് നൽകിയ ആത്മവിശ്വാസം ബജറ്റിലുടനീളം കാണാം. രണ്ട്, കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ഒരു മികച്ച പരിപ്രേക്ഷ്യവും അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗികതയിലൂന്നിയ ഒരു രീതിശാസ്ത്രവും ബജറ്റിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. തികഞ്ഞ വിശ്വസ്തതയോടെയാണ് കേരളത്തിന്റെ സമ്പദ്ഘടന നിയന്ത്രിക്കപ്പെടുന്നത് എന്ന സന്ദേശം ജനങ്ങളേറ്റ് വാങ്ങും എന്നതിൽ സംശയമില്ല.

ഈ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് ഒരു പ്രത്യേക ആഗോള-ദേശീയ സാഹചര്യത്തിലായിരുന്നു. ഒന്നാമതായി, മോഡി സർക്കാരിന്റെ അരാജക ഭരണവും യുക്തിരഹിത നയങ്ങളും മൂലം രാജ്യം മുഴുവനും പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളത്തെയും ഉലച്ചിരിക്കുന്നതായാണ് സാമ്പത്തിക റിവ്യൂ കണക്കുകൾ കാണിക്കുന്നത്. ഭാരതത്തിൻറെ സാമ്പത്തിക വളർച്ച 2019-20 വർഷത്തിൽ കഴിഞ്ഞ വർഷത്തെ 6 ശതമാനത്തിൽ നിന്നും താണ് 3.9 ശതമാനമായി ഇടിഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനം കേരളത്തിലും കഴിഞ്ഞവർഷം ദൃശ്യമായി. നമ്മുടെ സാമ്പത്തിക വളർച്ച 2019-20 വർഷത്തിൽ അതിനു മുൻപത്തെ വർഷത്തെ 6.5 ശതമാനത്തിൽ നിന്നും കുറഞ്ഞു 3.5 ശതമാനമായി. നോട്ട് നിരോധനം നടപ്പിലാക്കിയ 2016 മുതൽ തന്നെ ദേശീയ തലത്തിലെ സാമ്പത്തിക വളർച്ച വലിയ തോതിൽ ഇടിയാൻ ആരംഭിച്ചിരുന്നു. പക്ഷെ അതിനോപ്പം കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് സംസ്ഥാനത്തിന് ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരത്തുക പൂർണമായി നൽകുന്നതിന് കേന്ദ്രസർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനൊക്കെ പുറമേ കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ 2018-ലെ മഹാപ്രളയവും 2019-ലെ അതി-കാലവർഷവും സാമ്പത്തികവളർച്ച തളർത്തുന്നതിൽ ഒരു പങ്കു വഹിച്ചു.

രണ്ടാമതായി, ആഗോളതലത്തിൽ തന്നെ കോവിദ് മഹാമാരി എല്ലാ സർക്കാരുകളുടെയും ബജറ്റുകളുടെ പ്രവചനങ്ങളെയും അനുമാനങ്ങളെയും തകർത്തുകൊണ്ടിരിക്കുകയാണ്. ഒട്ടു മിക്ക സമ്പദ്ഘടനകളും ഇന്ന് വരുമാനത്തിന് മുകളിൽ ചിലവുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അതിൻറെ ഭാഗമായി ബജറ്റ് കമ്മികളും പൊതു കടങ്ങളും ഉയർന്നിട്ടുണ്ട്. ഒപ്പം, ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരി ഭാവിയിലെ സമ്പദ്ഘടനയുടെ വളർച്ചാ-സാധ്യതകൾ എങ്ങിനെയാകും എന്നതിന്റെ സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളും ഉളവാക്കിയിട്ടുണ്ട്.

മൂന്നാമതായി, നവകേരളത്തിൻറെ നിർമിതിയിലേക്കുള്ള ഏത് ആസൂത്രണ പരിപാടിയും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വിധേയമായി മാത്രമേ നമുക്ക് നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ. നവകേരളത്തിൻറെ നിർമിതിയിലേക്ക് നമുക്ക് വലിയ തോതിലുള്ള മൂലധന നിക്ഷേപവും പശ്ചാത്തല സൗകര്യങ്ങളുടെ ഒരുക്കലും സ്വകാര്യ നിക്ഷേപവും ആവശ്യമുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിൻറെ ചരിത്രപരമായിട്ടുള്ള സാമൂഹ്യ രംഗത്തെ നേട്ടങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും വേണം. ഇതിനൊപ്പം ഉയർന്നു വന്നിട്ടുള്ള പുതിയ വിഷയങ്ങളാണ് ആണ് വയോജന-ക്ഷേമം, ഭിന്നശേഷി-ക്ഷേമം ട്രാൻസ്‌ജെൻഡർ-ക്ഷേമം തുടങ്ങിയ പുതിയ സാമൂഹ്യ ആവശ്യങ്ങൾ. ഇതിനൊക്കെ വേണ്ടി പുതിയ സാമ്പത്തിക വിഭവങ്ങൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്.

എന്നാൽ ഈ അനിശ്ചിതത്വങ്ങൾക്കിടയിലും സർക്കാരിൻറെ സമ്പദ്ഘടനയിൽ ഇടപെടാനുള്ള സാധ്യതകളെ മെച്ചപ്പെടുത്തിയിട്ടുള്ള ചില ഘടകങ്ങളുമുണ്ട്. ഒന്ന്, മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെൻറ്. വലിയ തോതിൽ കേരളത്തിന്റെ ധനകമ്മിയും റവന്യൂ കമ്മിയും, അതുപോലെ സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി നോക്കുന്ന പൊതു കടഭാരവും, വർദ്ധിപ്പിച്ചിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞു പോയത്. അങ്ങിനെ വലിയ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷത്തിൽ കേരളത്തിൻറെ ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ട്, ഭാവിയിലെ ഒരു സാമ്പത്തിക വിഷമഘട്ടത്തിൽ ഇടപെടാനുള്ള സർക്കാരിൻറെ കഴിവിനേയും ഇടത്തിനെയും  മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ കടഭാരം കൂടി എന്നൊക്കെ കളവുകൾ തട്ടിവിടുന്ന പ്രതിപക്ഷം ഒരിക്കൽ പോലും ബജറ്റിലെ കമ്മി കണക്കുകൾ ചൂണ്ടിക്കാട്ടിയിട്ടല്ല സംസാരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. രണ്ട്, വരുമാനങ്ങൾ കുറഞ്ഞു നിൽക്കുന്ന അവസരത്തിലും മൂലധന ചിലവുകൾ വർദ്ധിപ്പിക്കാനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണ സാധ്യതകളെ നൂതനമായ രീതിയിൽ കണ്ടെത്തുവാനും വിനിയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഈ സർക്കാർ നടത്തി പോന്നിട്ടുണ്ട്. കിഫ്ബി പോലെയുള്ള പ്രസ്ഥാനങ്ങൾ മൂലം 15 വർഷങ്ങൾ കഴിഞ്ഞു മാത്രം നടത്താൻ കഴിയുന്ന പല നിക്ഷേപങ്ങളും ഇപ്പോൾ തന്നെ നമുക്ക് ആരംഭിക്കുവാനും, ചിലത് പൂർത്തീകരിക്കുവാൻ തന്നെയും, സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. ചുരുക്കത്തിൽ, ഉയർന്ന് വന്നിട്ടുള്ള പ്രതിസന്ധികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഈ അനുകൂലസന്ദർഭങ്ങൾ സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.

ഈ സാഹചര്യത്തിലാണ് നമ്മൾ 2021-22 വർഷത്തെ ബജറ്റിനെ പരിശോധിക്കുന്നത്. 2020-21 വർഷത്തെ കൊവിഡ് പ്രതിരോധത്തിന് നമ്മൾ നൽകിയ ശ്രദ്ധ മൂലം നമുക്ക് എടുക്കേണ്ടി വന്ന കടങ്ങൾ കാരണം കമ്മികൾ താൽക്കാലികമായി വർദ്ധിപ്പിക്കേണ്ടി വന്നു എന്ന് കണക്കുകൾ കാണിക്കുന്നു. റവന്യു കമ്മി 2.94 ശതമാനമായി ഉയർന്നു. ധനക്കമ്മി 4.25 ശതമാനമായി ഉയർന്നു. എന്നാൽ പെട്ടെന്ന് തന്നെ (അതായത് 2021-22 വർഷത്തിൽ തന്നെ) ധനദൃഡീകരണത്തിന്റെ പാതയിലേയ്ക്ക് തിരിച്ചു വരണം എന്ന് ബജറ്റ് അടിവരയിട്ട് പറയുന്നു. എന്നാൽ മാത്രമേ ബജറ്റിന് പുറത്ത് നമ്മൾ നടത്തി കൊണ്ടിരിക്കുന്ന മൂലധന നിക്ഷേപ പ്രവർത്തനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ. അതിനാൽ 2021-22ലെ ധനക്കമ്മി 3.5 ശതമാനമായും പിന്നീട് 3 ശതമാനം തന്നെയായും കുറക്കാൻ കഴിയണം എന്നാണു ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വരുമാനം മെച്ചപ്പെടുത്താനും ബജറ്റ് ലക്ഷ്യമിടുന്നു. അതായത്, ഉത്തരവാദിത്വപ്പെട്ട ഒരു ധന നയമാണ് ബജറ്റിൽ പ്രതിഫലിച്ച് കാണുന്നത്.

എന്നാൽ, അതേ സമയം, കേരളത്തിന്റെ ഭാവി വികസന പ്രക്രിയയെ ആധുനികമായ രീതിയിൽ നിർവചിക്കാനും അതിന് വിഭവങ്ങൾ കണ്ടെത്താനുമുള്ള ശ്രമവും ബജറ്റിൽ കാണാം. എല്ലാ വിഷയങ്ങളും ഇവിടെ പ്രതിപാദിക്കാൻ കഴിയുകയില്ല. അതിനാൽ അഞ്ച് പ്രധാന വിഷയങ്ങൾ മാത്രം എടുക്കാം.

ആദ്യമായി, സാമൂഹ്യ മേഖല. കേരളത്തിലെ പുകൾപെറ്റ സാമൂഹ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കോവിദ് പ്രതിരോധത്തിൽ മികച്ച പങ്ക് വഹിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി സ്ഥാപിക്കും. നഗര മേഖലയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യും. ഇതിനായി ജനസംഖ്യയുടെ അഞ്ചു ശതമാനം വരെ വരുന്ന ഇവരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ ഉണ്ടാക്കും; നടപ്പിൽ വന്നു കഴിഞ്ഞ വിശപ്പുരഹിത കേരളം പദ്ധതി ഇതിന്റെ ഭാഗമായി മാറും. അങ്ങിനെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം കണ്ട് അഞ്ചു വർഷം കൊണ്ട് 6000-7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി ചെലവഴിക്കപ്പെടുക. ഭക്ഷ്യസുരക്ഷക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ വിലയ്ക്ക് ലഭ്യമാക്കും. ലൈഫ് മിഷനിൽ നിന്ന് 40000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകും. ദാരിദ്യ്രത്തോടൊപ്പം തന്നെ പ്രധാനമാണ് സാമൂഹ്യ അവശത. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും മാനസികാരോഗ്യത്തിനും രാജ്യത്തെ ആദ്യത്തെ പൂർണ്ണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനും പദ്ധതികൾ ബജറ്റിലുണ്ട്. അത് പോലെ തന്നെയാണ് വയോജനങ്ങൾക്കായുള്ള വയോജന ക്ലബ്ബ്കളും കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള പദ്ധതികളും.

രണ്ടാമതായി, ഭാരതമെമ്പാടും കാർഷിക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറുകയാണ്. തറവില സമ്പ്രദായം തന്നെ നിർത്തലാക്കാൻ മോഡി സർക്കാർ ഒരുമ്പെടുമ്പോൾ, കേരളത്തിൽ റബ്ബറിന്റെ തറവില 150 രൂപയും നിന്ന് 170 രൂപയായി ഉയർത്തിയിരിക്കുന്നു. നെല്ലിന്റെ സംഭരണവില കിലോക്ക് 27 രൂപയിൽ നിന്ന് 28 രൂപയായി ഉയർത്തിയിരിക്കുന്നു (കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് കിലോക്ക് 18 രൂപ മാത്രം). നാളികേരത്തിന്റെ സംഭരണവില 27 രൂപയിൽ നിന്നും 32 രൂപയായി ഉയർത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായി പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് കഴിഞ്ഞു. പച്ചക്കറികളുടെ മെച്ചപ്പെട്ട സംഭരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും സഹായത്തോടെ കോ-ഓപ്പ് മാർട്ടുകൾ നിലവിൽ വരും. വയനാട് കാപ്പി ബ്രാൻഡിന്റെ ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കും. ഇത് വഴി കാപ്പി കർഷകർക്കും തറവില സഹായം ലഭ്യമാക്കാൻ കഴിയും. ബ്രാന്റഡ് കോഫി ഉൽപ്പാദനത്തിനു സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ചിരിക്കുന്നു. ഇത് മാത്രമല്ല, ഏതു വിളയെടുത്താലും ഇന്ത്യയിൽ ഏറ്റവും ഉയർന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. കാർഷിക രംഗത്തെ മൂല്യവർദ്ധനവിനും നാളികേരത്തിലും കാപ്പിയിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

മൂന്നാമതായി, അഭ്യസ്തവിദ്യർക്ക് തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി ബജറ്റിൽ പ്രധാന പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു. 3 ലക്ഷം ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ ഈ വർഷം ആരംഭിക്കും. വീടിനടുത്ത് പണിയെടുക്കുക (വർക്ക് നിയർ ഹോം) എന്ന സങ്കല്പമനുസരിച്ച് മുനിസിപ്പൽ തലങ്ങളിൽ 5000 സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനൊപ്പം വീട്ടിൽ തന്നെ പണിയെടുക്കുന്നതിനും (വർക്ക് ഫ്രം ഹോം) തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഏകീകരിച്ച് ലഭ്യമാക്കും. നൈപുണ്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകും. അഭ്യസ്തവിദ്യാർക്കൊപ്പം അല്ലാത്തവർക്കും 5 ലക്ഷം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്. കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകും. കാർഷികേതര മേഖലയിൽ 3 ലക്ഷം അവിദഗ്ധ, വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒപ്പം, പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ വ്യവസായങ്ങളുടെ നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിനും ശ്രദ്ധ നൽകും. ഏകദേശം 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും. ഇത് വഴി തന്നെ നല്ല തോതിൽ തൊഴിലവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടും.

നാലാമതായി, കേരളത്തിനെ ഒരു ഡിജിറ്റൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യണം. ഇതിനായി വിജ്ഞാന ഉത്പാദന രംഗവും വ്യവസായ രംഗവും തമ്മിൽ മെച്ചപ്പെട്ട രീതിയിൽ കൈകോർക്കാൻ കഴിയണം. എവിടെയൊക്കെ പുതിയ ഉത്പാദന സാമഗ്രികൾ വേണം എന്ന ധാരണയും ഏതൊക്കെ വിജ്ഞാന ഉത്പാദന സാധ്യതകൾ എവിടെയൊക്കെയുണ്ട് എന്നുള്ള അറിവും എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യം വേണം. വിജ്ഞാനത്തിനെ ഉത്പാദനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ ഒരു സ്റ്റാർട്ട്-അപ്പ് ആവാസ വ്യവസ്ഥ (ecosystem) വേണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ വന്നാൽ മാത്രമേ നൂതന സാങ്കേതിക വിദ്യകൾ കൂടുതൽ ഉത്പാദന മേഖലകളിൽ പ്രയോഗത്തിൽ കൊണ്ട് വരാൻ സാധിക്കൂ. അപ്പോൾ മാത്രമേ അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടുത്താൻ സാധിക്കൂ. പുതിയ തലമുറയിലെ തൊഴിൽ സേനയെ വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ഇത്തരം ഒരു പദ്ധതി ഒരു ഫ്ലാഗ്ഷിപ് നയമായി തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കെ-ഫോൺ പദ്ധതി കൂടി ഫെബ്രുവരിയിൽ പൂർത്തീകരിക്കുമ്പോൾ ഇത്തരം ഒരു ഡിജിറ്റൽ സമ്പദ്ഘടന നിലവിൽ വരുന്നതിനുള്ള അടിസ്ഥാനപരമായ ഒരു പശ്ചാത്തല സൗകര്യം നിലവിൽ വന്നിരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരും. ഒപ്പം തന്നെ, എല്ലാ ദരിദ്ര കുടുംബങ്ങളിലെയും കുട്ടികൾക്ക് 25 ശതമാനം സബ്‌സിഡിയോടെ ലാപ്‌ടോപ്പുകളും ലഭ്യമാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. ഇതൊക്കെ വഴി നിലവിലുള്ള ഡിജിറ്റൽ ഡിവൈഡ് ഒരു പരിധി വരെ കുറച്ചു കൊണ്ട് വരാൻ കഴിയും എന്നാണു പ്രതീക്ഷ.

അഞ്ചാമതായി, ഈ വിജ്ഞാന വളർച്ചക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് കൂട്ടൽ അത്യന്താപേക്ഷിതമാണ്. സ്‌കൂൾ രംഗത്തു നമ്മൾ കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്ന പ്രധാന ലക്‌ഷ്യം ബജറ്റ് മുൻപോട്ടു വെക്കുന്നു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ ഇപ്പോഴത്തെ 37 ശതമാനത്തിൽ നിന്ന് 75 ശതമാനമായെങ്കിലും ഉയർത്തണം. ഇതിനായി 10 ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ എന്നിവ വഴി 20000 പേർക്ക് അധിക പഠനസൗകര്യം ഒരുക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 150 അധ്യാപക തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും; ഇതിനായി 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം ഉണ്ടാവും. സർവ്വകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ കൊണ്ട് വരും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ പുതിയതായി കൊണ്ട് വരും. വലിയ മാറ്റം തന്നെ കോളേജ് വിദ്യാഭ്യാസ രംഗത്തുണ്ടാവും എന്ന് തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

ഇവക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമാക്കി നടപ്പിൽ വരുത്താൻ നിർദ്ദേശിച്ചിട്ടുള്ള വിഷയങ്ങൾ. ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും എന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്താൻ പരിശ്രമങ്ങൾ ഉണ്ടാവും. വ്യവസായ പാർക്കുകളിൽ ഭൂമിയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയ സംഭാവനകൾ നൽകുന്ന ടൂറിസം രംഗത്തിനായി പ്രത്യേകം ശ്രദ്ധയുണ്ടാവും. ഒട്ടേറെ തൊഴിൽ നഷ്ടം ഉണ്ടായിട്ടുള്ള മേഖല എന്ന നിലയിൽ കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും. എത്രയും പെട്ടെന്ന് തന്നെ ടൂറിസം രംഗത്ത് പുനർജീവിപ്പിക്കൽ ലക്ഷ്യമാക്കി ടൂറിസം വിപണനത്തിനായി എക്കാലത്തെയും ഉയർന്ന തുക - 100 കോടി രൂപ - അനുവദിച്ചിട്ടുണ്ട്.

എല്ലാ വിഷയങ്ങളിലും തൊടാൻ ഈ ലേഖനത്തിൽ സ്ഥലപരിമിതി മൂലം സാധിച്ചിട്ടില്ല. പ്രധാന വിഷയങ്ങളിൽ തൊട്ടു പോകാനേ സാധിച്ചിട്ടുള്ളൂ. എന്നാലും ബജറ്റിന്റെ മർമ്മം മനസ്സിലാക്കാൻ ഈ ചെറുകുറിപ്പ് മതിയാകും എന്ന് കരുതുന്നു. അഞ്ചു വർഷത്തെ ഭരണമികവ് തുടർഭരണത്തിലേക്കു നയിക്കും എന്ന ആത്മവിശ്വാസം പൊതുജനങ്ങൾക്കിടയിൽ വളരുന്ന ഈ സാഹചര്യത്തിൽ അടുത്ത കേരളവികസനഘട്ടത്തിലേക്കുള്ള - അടുത്ത 5 വർഷത്തെ നയപരിപാടികൾ എങ്ങനെയാവണം എന്ന് കുറിച്ചിടുന്ന - ഒരു രേഖയായി ബജറ്റിനെ വായിക്കാം എന്നതിൽ സംശയമില്ല. ഈ രേഖക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. നവകേരള നിർമ്മാണത്തിനുള്ള ഇടതുപക്ഷ വീക്ഷണത്തിന്റെ രാഷ്ട്രീയം.

Source: https://www.deshabhimani.com/articles/r-ramkumar-kerala-budget-2021/919687