Wednesday, November 1, 2017

കേരളം ഇനിയെങ്ങോട്ട്?

ആർ. രാംകുമാർ

കേരളം സ്വതന്ത്രമായ ഒരു സംസ്‌ഥാനമായി മാറിയതിന് ശേഷം 61 വർഷങ്ങൾ പിന്നിടുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്‌ഥാനപരമായ മേഖലകളിൽ വലിയ കുതിപ്പുകളാണ് കേരളം ഈ കാലയളവിൽ കൈവരിച്ചത്. 1957-ൽ, സംസ്‌ഥാന രൂപീകരണ സമയത്തു തന്നെ, കേരളം സാമൂഹ്യ മേഖലകളിൽ മുന്നേറി കഴിഞ്ഞിരുന്നു എന്നൊരു തെറ്റായ ധാരണ പരക്കെ നിലവിലുണ്ട്. അത് ശരിയല്ല. 1961-ൽ പോലും കേരളത്തിലെ ദളിത് സ്ത്രീകൾക്കിടയിൽ സാക്ഷരതാ നിരക്ക് വെറും 17 ശതമാനമായിരുന്നു എന്നത് മറക്കരുത്. ഇന്നത് 80 ശതമാനം കടന്നിരിക്കുന്നു. 1950-കളിൽ പോലും കേരളത്തിലെ ശിശുമരണ നിരക്ക് 120 ആയിരുന്നു എന്നതും മറക്കരുത്. ഇന്നത് പത്തിൽ താഴെയാണ്. ഈ ചരിത്ര വസ്തുതകളെ മറന്നു കൊണ്ട് കേരളത്തിന്റെ 61 വർഷത്തെ വികസന അനുഭവങ്ങളെ വിലയിരുത്തുക അസാദ്ധ്യമാണ്.


ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഈ നേട്ടങ്ങളെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനമായ ഒരു വെല്ലുവിളി. എന്നാൽ സാമൂഹ്യ മേഖലയെ, പ്രത്യേകിച്ചും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ, ഇന്ന് ശക്തിപ്പെടുത്തുന്നത് 61 വർഷം മുൻപ് നമ്മൾ പ്രാഥമിക സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തത് പോലെയാവില്ല. വിദ്യാഭ്യാസ രംഗത്ത് പൊതുവിദ്യാലയങ്ങളിലെ അടിസ്‌ഥാന-സൗകര്യങ്ങളുടെയും പഠന-രീതികളുടെയും സാമൂഹ്യ-സ്വഭാവത്തിന്റെയും ആധുനികവൽക്കരണം അനിവാര്യമാണ്. എങ്കിൽ മാത്രമേ പാവപ്പെട്ടവരുടെ കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളുകൾ എന്ന നിലവിലെ സ്‌ഥിതി മാറി, എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ കുട്ടികളെ അയക്കാൻ ആഗ്രഹിക്കുന്ന ജനാധിപത്യ-സ്‌ഥാപനങ്ങളായി നമ്മുടെ പൊതു-വിദ്യാലയങ്ങളെ മാറ്റാൻ കഴിയൂ.

നമ്മൾ കരുതുന്നതിലും വലിയ ഒരു പ്രതിസന്ധിയുടെ അവസ്‌ഥ ഉന്നത വിദ്യാഭാസ രംഗത്തുണ്ട്. സ്കൂൾ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മനോഭാവവുമായി ഉന്നത വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്യാനാണ് നമ്മൾ ശ്രമിക്കുന്നത് എന്നതിലെ അപകടം ഇനിയെങ്കിലും നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ. ഉന്നത നിലവാരത്തിലുള്ള ആധ്യയനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന്; അടിസ്‌ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്; അക്കാദമിക സ്‌ഥാപനങ്ങൾക്ക്‌ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവുമുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്; ദേശീയ-അന്താരാഷ്ട്ര രംഗത്തെ മികച്ച സ്‌ഥാപനങ്ങളുമായും അവിടത്തെ ഗവേഷകരുമായും ഉള്ള സംബർക്കങ്ങൾ വർദ്ധിപ്പിക്കുന്നതിന്; ഇവയിലൊക്കെ തന്നെ വലിയ തോതിലുള്ള ശ്രദ്ധയും വ്യക്തതയും വേണ്ടതുണ്ട്. കേരളത്തിലെ ബിരുദധാരികൾ ഉന്നത പഠനത്തിന് കേരളം വിടേണ്ടി വരുന്ന ദുഃഖകരമായ ഇന്നത്തെ അവസ്‌ഥയെ നമുക്ക് മറികടക്കണം. അതേ സമയം, ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങൾ ഈ മേഖലയെ നഗ്നമായ വാണിജ്യവൽക്കരണത്തിന്റെ കേന്ദ്രമാക്കുന്നതിനെതിരെ ജാഗ്രതയും വേണം. ഇതിനൊപ്പം തന്നെ ചേർത്ത് വെക്കേണ്ടതാണ്‌ വിദ്യാഭ്യാസത്തെയും നൈപുണ്യ-വികസനത്തിനെയും നിരന്തരമായി കോർത്തിണക്കക്കേണ്ടതിന്റെ ആവശ്യവും.

വിദ്യാഭ്യാസത്തിലെന്നത് പോലെ തന്നെ, ആരോഗ്യ രംഗത്തും പുതിയ വെല്ലുവിളികളും സാധ്യതകളുമുണ്ട്. കഴിഞ്ഞ ഏകദേശം 20 കൊല്ലത്തെ കാര്യമെടുത്താൽ, 1957 മുതൽ നേടിയെടുക്കാൻ കഴിഞ്ഞ പല നേട്ടങ്ങളുടെയും മെച്ചം ക്രമേണ കുറഞ്ഞു വരുന്നതായി കാണാം. പൊതു ആരോഗ്യമേഖലയുടെ തകർച്ചയും സ്വകാര്യ മേഖലയുടെ വളർച്ചയും ഒരു വശത്ത്; പുതിയ രോഗങ്ങളുടെ വരവും സാംക്രമിക രോഗങ്ങളുടെ വ്യാപനവും സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ മറുവശത്ത്. ഇവക്കിടയിൽ ഏറ്റവും ഞെരുക്കത്തിൽ പെട്ടിട്ടുള്ളതാകട്ടെ ദളിതർ, ആദിവാസികൾ, മത്സ്യ തൊഴിലാളികൾ, മുതിർന്നവർ, മറുനാടൻ തൊഴിലാളികൾ തുടങ്ങിയവരാണ്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ചെലവുകളുടെ വലിയ തോതിലുള്ള വർദ്ധനവാണ് ഈ വിഭാഗം ജനങ്ങൾ ചെന്ന് പെട്ടിട്ടുള്ള കടക്കെണികൾക്ക് ഒരു പ്രധാന കാരണം. ഇന്ത്യയിലെ ഒരു വ്യക്തി ഒരു വർഷം ശരാശരി 3800 രൂപയാണ് ആരോഗ്യ പരിരക്ഷക്ക്‌ ചെലവഴിക്കുന്നത്. കേരളത്തിൽ ഇത് 7300 രൂപയാണ്. ഈ പരിതസ്‌ഥിതി തുടരുവാൻ പാടില്ല. ആരോഗ്യ രംഗത്തെ പൊതുമേഖലയുടെ ഗുണനിലവാരം ഉയർത്തുക എന്നതാവണം നമ്മുടെ പ്രധാന ദൗത്യം. ഒപ്പം തന്നെ വേണ്ടതാണ് ശുചീകരണ പ്രവർത്തനങ്ങളുടെ വ്യാപനവും ആരോഗ്യ-ഇൻഷുറൻസ് പരിരക്ഷയുടെ സാർവത്രികതയും. ആരോഗ്യ രംഗത്ത് ഒരു ക്യൂബൻ മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിയും.

ദുർബല ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധി നേരിടാൻ പ്രത്യേകം ശ്രദ്ധ വേണം. കേരളത്തിൽ നിന്ന് കേവല ദാരിദ്ര്യം പൂർണമായും തുടച്ചു നീക്കാൻ നമുക്ക് അടുത്ത മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ കഴിയണം. അതാവണം സാമൂഹ്യ-നയങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഭൂമി, വീട്, ഭക്ഷ്യ-സുരക്ഷ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ ഇവയെല്ലാം കൂടിചേർന്നുള്ള ഒരു സമഗ്ര-നയപരിപാടിയുടെ പ്രതിബദ്ധതയോടെയുള്ള നിർവഹണം വഴി ഇത് നേടാവുന്നതേയുള്ളൂ. കേരള വികസന അനുഭവത്തിന്റെ യുക്താനുസൃതമായ അടുത്ത പടിയാവണം കേവല ദാരിദ്ര്യത്തിന്റെ നിർമാർജനം.

വികസനത്തിലെ ലിംഗനീതിയേയും നമുക്ക് അടുത്ത പടിയിലേക്കുയർത്തണം. സ്ത്രീ-ശാക്തീകരണം എന്ന സങ്കൽപ്പത്തെ വിപുലപ്പെടുത്തി സ്ത്രീ-സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിലേക്കെത്താൻ നമ്മൾ ശ്രമിക്കണം. ആധുനിക സമൂഹത്തിൽ ലിംഗ-തുല്യതയിൽ അടിസ്‌ഥാനമാക്കിയ ജീവിതങ്ങൾ നയിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതും, അതിനുള്ള സാമൂഹ്യ-സാംസ്കാരിക പരിസരങ്ങൾ നിർമ്മിച്ചു നൽകുന്നതുമാവണം നമ്മുടെ നയങ്ങൾ.

സാമൂഹ്യ മേഖലയെ ശക്തിപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയാണെങ്കിൽ അത്ര തന്നെ പ്രശ്നസങ്കീർണമാണ് ഉത്പാദന മേഖലയിലെ വിഷയങ്ങൾ. ഉത്പാദന മേഖലയെ അവഗണിച്ചു കൊണ്ടാണ് കേരളം സാമൂഹ്യ പുരോഗതി കൈവരിച്ചത് എന്ന വിമർശനം ആദ്യമായി ഉന്നയിച്ചത് ഇ. എം. എസ്. നംബൂതിരിപ്പാട്‌ തന്നെയാണ്. കൃഷി, വ്യവസായ മേഖലകളുടെ വളർച്ച വർദ്ധിപ്പിച്ചു കൊണ്ട് മാത്രമേ കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. അടുത്ത വർഷങ്ങളിൽ ഉത്പാദന മേഖലയിലെ വളർച്ച തന്നെയാവണം കേരളം വികസന തന്ത്രത്തിന്റെ പ്രധാന ഊന്നൽ.

കൃഷിയുടെ കാര്യമെടുക്കാം. കേരളത്തിന്റെ കാര്‍ഷിക വിളക്രമത്തില്‍ നാണ്യവിളകള്‍ പ്രധാന പങ്ക് വഹിക്കുന്നതുകൊണ്ട് ഇവിടെയുള്ള കാര്‍ഷിക കുടുംബങ്ങള്‍ സമ്പാദിക്കുന്ന പ്രതി-ഹെക്റ്റര്‍ വരുമാനം കൂടുതലാണ്. 2012-13 ല്‍ ആകെയുള്ള ഉത്പാദനത്തിന്റെ മൂല്യം പ്രതി-ഹെക്റ്റര്‍ ശരാശരി എടുക്കുകയാണെങ്കില്‍ കേരളത്തിന്റേത് 97,491 രൂപയായിരുന്നു. ഇതേ മൂല്യം ഇന്ത്യ ആകെയെടുത്താല്‍ 43,308 രൂപയും, പഞ്ചാബില്‍ 88,058 രൂപയും. എന്നാല്‍, കൃഷിയില്‍ നിന്നും ഒരു കാര്‍ഷിക കുടുംബത്തിന് ലഭിച്ച ശരാശരി വരുമാനം കേരളത്തില്‍ പ്രതിമാസം 4106 രൂപയായിരുന്നു. ഇത് ഇന്ത്യയാകെ എടുക്കുകയാണെങ്കില്‍ 3844 രൂപയും, പഞ്ചാബില്‍ 12,520 രൂപയും. അതായത്, സംസ്‌ഥാനത്തിന്റെ കൃഷിയിലെ കൂടിയ ഉത്പാദന മൂല്യം കുടുംബങ്ങളിലെ  ശരാശരി വരുമാനത്തിലുള്ള ഉയര്‍ച്ചയായി പരിണമിക്കുന്നില്ല. ഈ സ്‌ഥിതിവിശേഷം മറികടക്കാതെ ഇന്നത്തെ കൃഷിയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല.

കാർഷിക വരുമാനങ്ങളുടെ വർദ്ധനവ് ഉറപ്പു വരുത്താൻ കേരളത്തിലെ ഭാവി കാർഷിക നയങ്ങൾക്ക് കഴിയണം. ഇതെങ്ങിനെ കഴിയും? കൃഷിയെ പറ്റി കേരളത്തിൽ നിലവിലുള്ള മനോഭാവത്തിൽ തന്നെ മാറ്റം വരുത്താൻ കഴിയാതെ ഇന്നത്തെ പരിതസ്‌ഥിതിയിൽ നിന്നും പുറത്തു കടക്കാൻ കഴിയില്ല. ഒന്നാമതായി, നമ്മുടെ ഉത്പാദനക്ഷമത വലിയ തോതിൽ തന്നെ വർദ്ധിപ്പിക്കാൻ കഴിയണം. റബ്ബർ ഒഴിച്ച് നിർത്തിയാൽ, കേരളത്തിലെ പ്രധാന വിളകളുടെ ഉത്പാദനക്ഷമത ഇന്ത്യയിലെ ശരാശരിയെ അപേക്ഷിച്ച് വളരെ താഴെയാണ്. ഇതിനു തടസ്സമായി നിൽക്കുന്ന ഒട്ടേറെ സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾ ഉണ്ടെങ്കിലും, കേരളത്തിൽ ചരിത്രപരമായി തന്നെ ഉത്പാദനക്ഷമതയിലെ വർധനവിൽ ഊന്നി കൊണ്ടുള്ള ഒരു കാർഷിക നയരൂപീകരണം ഉണ്ടായിട്ടില്ല എന്നത് നമ്മൾ മറക്കരുത്. ഇതിനാവശ്യം വേണ്ട കാർഷിക ശാസ്ത്ര-സാങ്കേതിക മേഖലയിലെ നൂതനമായ ആവിഷ്കാരങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കാനാകട്ടെ നമുക്കെപ്പോഴും ഉത്സാഹവും ആണ്. രണ്ടാമതായി, കാർഷിക സംസ്കരണ മേഖലയിലും നമ്മൾ ശ്രദ്ധ ചെലുത്തിയിട്ടില്ല. ഉദാഹരണത്തിന്, ഇളനീരും നീരയും തേങ്ങാപ്പാലും ഒക്കെ അടങ്ങുന്ന ഒരു വലിയ സംസ്കരണ ശൃംഖല തന്നെ നാളികേര രംഗത്ത് സൃഷ്ടിക്കാൻ കഴിയുമെങ്കിലും നമ്മൾ ഇപ്പോഴും തേങ്ങയിലും കൊപ്രയിലും കുടുങ്ങി കിടക്കുകയാണ്. ഇത്തരത്തിൽ ബൃഹത്തായ ഒരു ഇടപെടൽ സർക്കാർ-സഹകരണ സംരംഭങ്ങൾ കൊണ്ട് മാത്രം പൂർണമാവില്ല. അതിനായി, കാർഷിക സംസ്കരണ രംഗത്ത് വലിയ തോതിലുള്ള സ്വകാര്യ മൂലധന നിക്ഷേപം അടിയന്തിരമായി കൊണ്ട് വരേണ്ടതുണ്ട്. മൂന്നാമതായി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെ കൃഷിയുമായി സംയോജിപ്പിക്കാൻ കഴിയണം. പ്രതിദിനം 9.8 ലക്ഷം ലിറ്റർ പാലിന്റെ ദൗർലഭ്യം കേരളത്തിലുണ്ട്. അത് പോലെ, നാലര ലക്ഷം കോഴികുഞ്ഞുങ്ങളുടെയും ഒരു കോടി കോഴിമുട്ടകളുടെയും ദൗർലഭ്യവും പ്രതിദിനം കേരളത്തിലുണ്ട്. ഇവ ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ നമുക്ക്‌ കഴിയില്ലേ? ഈ വളർച്ചയിലും സ്വകാര്യ നിക്ഷേപങ്ങളുടെ സാധ്യത വലുതാണ്.

വ്യവസായ മേഖലയിൽ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഒന്നാമതായി, കേരളത്തിന്റെ പരമ്പരാഗതമായ വ്യവസായങ്ങളുണ്ട്. ഈ മേഖലകളിൽ എത്ര കാലം തൊഴിലവസരങ്ങൾ സംരക്ഷിച്ചു നിർത്താൻ കഴിയും എന്ന വിഷയത്തിൽ സംശയങ്ങളുണ്ട്. അത് കൊണ്ട് തന്നെ കഴിയാവുന്ന ആധുനികവൽക്കരണത്തിനൊപ്പം തൊഴിലാളികളുടെ സാമൂഹ്യ സംരക്ഷണം ഉറപ്പു വരുത്തലാണ് ഇവിടെ പ്രധാനം. രണ്ടാമതായി, കേരളത്തിലെ പൊതുമേഖലയിലെ വ്യവസായങ്ങളുണ്ട്. അവയിൽ പലതും നഷ്ടത്തിലുമാണ്. ശ്രദ്ധയോടെയുള്ള പുനരുദ്ധാരണ പദ്ധതികൾ ഇവിടെ വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകളിൽ ഊന്നുന്നതും ഉത്പാദനത്തിലും വിപണന-സാധ്യതകളിലും വിസ്താരം ഉറപ്പു വരുത്തുന്നതുമായ പദ്ധതികളേ സാമ്പത്തികമായി സുസ്‌ഥിരമാവൂ. അപ്പോൾ, ചില മേഖലകളിൽ ഉത്പാദനരീതികളിലെ ആധുനികവൽക്കരണം വേണ്ടി വരും; മറ്റു മേഖലകളിൽ, ആധുനികവൽക്കരണം സുസ്‌ഥിരമാവില്ലെങ്കിൽ, തൊഴിലാളികളെ പരിപൂർണമായും സംരക്ഷിക്കാൻ വേണ്ടുന്ന നടപടികൾ വേണ്ടി വരും. മൂന്നാമതായി, വലിയ തോതിൽ തന്നെ പുതിയ സ്വകാര്യ-വ്യവസായങ്ങളെ കൊണ്ട് വരാൻ കഴിയണം. കേരളത്തിലെ മാനവ-വിഭവങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്നതും ഇവിടുത്തെ പാരിസ്‌ഥിതിക വിഷമങ്ങൾ അനുസരിച്ചു അടിസ്‌ഥാനപ്പെടുത്തിയതും ആയ വ്യവസായങ്ങൾക്കാണ് കൂടുതൽ സാധ്യത. ടൂറിസം, വിവരസാങ്കേതിക മേഖല, ബയോടെക്നോളജി, വൈദ്യശാസ്ത്രം, മുൻപ് സൂചിപ്പിച്ച കാർഷിക-സംസ്കരണം ഇവയൊക്കെ വ്യവസായ രംഗത്ത് കേരളത്തിന് യോജിച്ചവയാണ്. വലിയ വ്യവസായശാലകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് നൂതനാശയങ്ങളുടെ നിരന്തരമായ പ്രവാഹത്തിന് ആവശ്യമായ സ്റ്റാർട്ട്-അപ്പുകൾ. നമുക്ക് പ്രത്യേകം വേണ്ടത് സ്റ്റാർട്ട്-അപ്പ് ആവാസ-വ്യവസ്‌ഥയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയഘടനയാണ്.  

ഒരു മനുഷ്യന് നിവർന്ന് നിൽക്കാൻ നട്ടെല്ല് പ്രധാനമാണെന്നത് പോലെ തന്നെ, വൈവിധ്യമാർന്ന പശ്ചാത്തല-സൗകര്യങ്ങളുടെ ലഭ്യത മുകളിൽ സൂചിപ്പിച്ച സാമ്പത്തിക മാറ്റങ്ങൾക്ക് അനിവാര്യമാണ്. വലിയ പശ്ചാത്തല-സൗകര്യങ്ങൾ നിർമ്മിച്ചെടുക്കുന്നതിൽ കേരളം കഴിഞ്ഞ 61 വർഷങ്ങളിൽ ഒരു പരാജയമായിരുന്നു. ഒരു പുതിയ കേരളത്തിന്റെ നിർമ്മാണത്തിന് ഈ പോരായ്മ പരിഹരിച്ചേ മതിയാകൂ. ഹൈവേ-കളെ നാലുവരി-പാതകളാക്കി മാറ്റൽ; മലയോര-തീരദേശ പാതകൾ മെച്ചപ്പെടുത്തൽ; ജലപാതകൾ പൂർത്തീകരിക്കൽ; നഗരങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പൊതു-ഗതാഗത വ്യവസ്‌ഥയുടെ ശക്തിപ്പെടുത്തൽ; വൈദ്യുതിയുടെ ആഭ്യന്തരവിതരണത്തിന് വേണ്ട ഒരു പ്രസരണ-വിതരണ ശൃംഖല നിർമ്മിച്ചെടുക്കൽ; ഇവയെല്ലാം തന്നെ അടിയന്തിരമായി ശ്രദ്ധ വേണ്ട വിഷയങ്ങളാണ്. 

ചുരുക്കത്തിൽ, ഒരു വശത്ത് കേരളം ചരിത്രപരമായി നേടിയെടുത്തിട്ടുള്ള നേട്ടങ്ങളെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക. മറുവശത്ത്, ഉത്പാദന രംഗത്ത് ഒരു പുതിയ മുന്നേറ്റം വളർത്തിയെടുക്കുക. ഇതാവണം കേരളപ്പിറവിക്ക്‌ ശേഷം 61 വർഷങ്ങൾ പിന്നിടുന്ന ഈയവസരത്തിൽ സമീപ-ഭാവിയിലേക്കുള്ള പ്രധാന ലക്ഷ്യങ്ങൾ.

ഇന്ന് രാജ്യം മുഴുവനും കേരളത്തെ ഉറ്റു നോക്കുകയാണ്. തുല്യതയിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ പുതിയ ഒരു വികസന സംസ്കാരത്തിന്, അതിനെതിരെയുയരുന്ന പ്രതിലോമ സ്വരങ്ങൾക്കെതിരെയുള്ള ചെറുത്തുനില്പിന്, കേരളം ഒരു മാതൃകയായി ഉയർന്നു വന്നു കഴിഞ്ഞു. ഈ സംസ്കാരത്തിന്റെ മുന്നേറ്റത്തിന് ദേശീയ തലത്തിൽ തന്നെ വലിയ ജനകീയ പിന്തുണയും അംഗീകാരവും ഇന്ന് ലഭിച്ചു കൊണ്ടുമിരിക്കുന്നു. ഇതേ ജനകീയ പിന്തുണയിലൂന്നുന്നതാവട്ടെ കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വികസന കുതിപ്പും.

Courtesy: The Hindu, New Year supplement, 01-11-2017.