Saturday, January 16, 2021
കോൺഗ്രസ്സിന്റെ അ'ന്യായം'
ആധുനിക കേരളത്തിനായുള്ള ഒരു മികച്ച ബജറ്റ്
ആർ. രാംകുമാർ
കേരളത്തിന്റെ
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തുടക്കത്തിൽ തന്നെ രണ്ട് പ്രധാന
പരാമർശങ്ങൾ അർഹിക്കുന്നു. ഒന്ന്, കഴിഞ്ഞ നാലര വർഷത്തെ ഇടതുപക്ഷ ജനാധിപത്യ
മുന്നണിയുടെ ഭരണമികവ് നൽകിയ ആത്മവിശ്വാസം ബജറ്റിലുടനീളം കാണാം. രണ്ട്,
കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ഒരു മികച്ച
പരിപ്രേക്ഷ്യവും അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗികതയിലൂന്നിയ ഒരു
രീതിശാസ്ത്രവും ബജറ്റിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. തികഞ്ഞ
വിശ്വസ്തതയോടെയാണ് കേരളത്തിന്റെ സമ്പദ്ഘടന നിയന്ത്രിക്കപ്പെടുന്നത് എന്ന
സന്ദേശം ജനങ്ങളേറ്റ് വാങ്ങും എന്നതിൽ സംശയമില്ല.
ഈ ബജറ്റ്
അവതരിപ്പിക്കപ്പെടുന്നത് ഒരു പ്രത്യേക ആഗോള-ദേശീയ സാഹചര്യത്തിലായിരുന്നു.
ഒന്നാമതായി, മോഡി സർക്കാരിന്റെ അരാജക ഭരണവും യുക്തിരഹിത നയങ്ങളും മൂലം
രാജ്യം മുഴുവനും പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം
കേരളത്തെയും ഉലച്ചിരിക്കുന്നതായാണ് സാമ്പത്തിക റിവ്യൂ കണക്കുകൾ
കാണിക്കുന്നത്. ഭാരതത്തിൻറെ സാമ്പത്തിക വളർച്ച 2019-20 വർഷത്തിൽ കഴിഞ്ഞ
വർഷത്തെ 6 ശതമാനത്തിൽ നിന്നും താണ് 3.9 ശതമാനമായി ഇടിഞ്ഞിരുന്നു. ഇതിന്റെ
പ്രതിഫലനം കേരളത്തിലും കഴിഞ്ഞവർഷം ദൃശ്യമായി. നമ്മുടെ സാമ്പത്തിക വളർച്ച
2019-20 വർഷത്തിൽ അതിനു മുൻപത്തെ വർഷത്തെ 6.5 ശതമാനത്തിൽ നിന്നും കുറഞ്ഞു
3.5 ശതമാനമായി. നോട്ട് നിരോധനം നടപ്പിലാക്കിയ 2016 മുതൽ തന്നെ ദേശീയ
തലത്തിലെ സാമ്പത്തിക വളർച്ച വലിയ തോതിൽ ഇടിയാൻ ആരംഭിച്ചിരുന്നു. പക്ഷെ
അതിനോപ്പം കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് സംസ്ഥാനത്തിന്
ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. ജിഎസ്ടി
നഷ്ടപരിഹാരത്തുക പൂർണമായി നൽകുന്നതിന് കേന്ദ്രസർക്കാർ ഇപ്പോഴും
തയ്യാറായിട്ടില്ല. ഇതിനൊക്കെ പുറമേ കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ
2018-ലെ മഹാപ്രളയവും 2019-ലെ അതി-കാലവർഷവും സാമ്പത്തികവളർച്ച തളർത്തുന്നതിൽ
ഒരു പങ്കു വഹിച്ചു.
രണ്ടാമതായി, ആഗോളതലത്തിൽ തന്നെ കോവിദ് മഹാമാരി
എല്ലാ സർക്കാരുകളുടെയും ബജറ്റുകളുടെ പ്രവചനങ്ങളെയും അനുമാനങ്ങളെയും
തകർത്തുകൊണ്ടിരിക്കുകയാണ്. ഒട്ടു മിക്ക സമ്പദ്ഘടനകളും ഇന്ന് വരുമാനത്തിന്
മുകളിൽ ചിലവുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അതിൻറെ ഭാഗമായി
ബജറ്റ് കമ്മികളും പൊതു കടങ്ങളും ഉയർന്നിട്ടുണ്ട്. ഒപ്പം, ഇനിയും
അവസാനിച്ചിട്ടില്ലാത്ത മഹാമാരി ഭാവിയിലെ സമ്പദ്ഘടനയുടെ വളർച്ചാ-സാധ്യതകൾ
എങ്ങിനെയാകും എന്നതിന്റെ സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളും
ഉളവാക്കിയിട്ടുണ്ട്.
മൂന്നാമതായി, നവകേരളത്തിൻറെ നിർമിതിയിലേക്കുള്ള
ഏത് ആസൂത്രണ പരിപാടിയും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും
വിധേയമായി മാത്രമേ നമുക്ക് നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ.
നവകേരളത്തിൻറെ നിർമിതിയിലേക്ക് നമുക്ക് വലിയ തോതിലുള്ള മൂലധന നിക്ഷേപവും
പശ്ചാത്തല സൗകര്യങ്ങളുടെ ഒരുക്കലും സ്വകാര്യ നിക്ഷേപവും ആവശ്യമുണ്ട്.
ഇതോടൊപ്പം തന്നെ കേരളത്തിൻറെ ചരിത്രപരമായിട്ടുള്ള സാമൂഹ്യ രംഗത്തെ
നേട്ടങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും വേണം. ഇതിനൊപ്പം ഉയർന്നു
വന്നിട്ടുള്ള പുതിയ വിഷയങ്ങളാണ് ആണ് വയോജന-ക്ഷേമം, ഭിന്നശേഷി-ക്ഷേമം
ട്രാൻസ്ജെൻഡർ-ക്ഷേമം തുടങ്ങിയ പുതിയ സാമൂഹ്യ ആവശ്യങ്ങൾ. ഇതിനൊക്കെ വേണ്ടി
പുതിയ സാമ്പത്തിക വിഭവങ്ങൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ ഈ
അനിശ്ചിതത്വങ്ങൾക്കിടയിലും സർക്കാരിൻറെ സമ്പദ്ഘടനയിൽ ഇടപെടാനുള്ള സാധ്യതകളെ
മെച്ചപ്പെടുത്തിയിട്ടുള്ള ചില ഘടകങ്ങളുമുണ്ട്. ഒന്ന്, മെച്ചപ്പെട്ട
സാമ്പത്തിക മാനേജ്മെൻറ്. വലിയ തോതിൽ കേരളത്തിന്റെ ധനകമ്മിയും റവന്യൂ
കമ്മിയും, അതുപോലെ സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി നോക്കുന്ന പൊതു
കടഭാരവും, വർദ്ധിപ്പിച്ചിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന്
ഒഴിഞ്ഞു പോയത്. അങ്ങിനെ വലിയ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഈ സർക്കാർ
അധികാരത്തിൽ വരുമ്പോൾ നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷത്തിൽ
കേരളത്തിൻറെ ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ട്, ഭാവിയിലെ ഒരു
സാമ്പത്തിക വിഷമഘട്ടത്തിൽ ഇടപെടാനുള്ള സർക്കാരിൻറെ കഴിവിനേയും ഇടത്തിനെയും
മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ കടഭാരം കൂടി
എന്നൊക്കെ കളവുകൾ തട്ടിവിടുന്ന പ്രതിപക്ഷം ഒരിക്കൽ പോലും ബജറ്റിലെ കമ്മി
കണക്കുകൾ ചൂണ്ടിക്കാട്ടിയിട്ടല്ല സംസാരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
രണ്ട്, വരുമാനങ്ങൾ കുറഞ്ഞു നിൽക്കുന്ന അവസരത്തിലും മൂലധന ചിലവുകൾ
വർദ്ധിപ്പിക്കാനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണ സാധ്യതകളെ നൂതനമായ
രീതിയിൽ കണ്ടെത്തുവാനും വിനിയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഈ സർക്കാർ നടത്തി
പോന്നിട്ടുണ്ട്. കിഫ്ബി പോലെയുള്ള പ്രസ്ഥാനങ്ങൾ മൂലം 15 വർഷങ്ങൾ കഴിഞ്ഞു
മാത്രം നടത്താൻ കഴിയുന്ന പല നിക്ഷേപങ്ങളും ഇപ്പോൾ തന്നെ നമുക്ക്
ആരംഭിക്കുവാനും, ചിലത് പൂർത്തീകരിക്കുവാൻ തന്നെയും, സാധിച്ചു എന്നത് ഒരു
ചെറിയ കാര്യമല്ല. ചുരുക്കത്തിൽ, ഉയർന്ന് വന്നിട്ടുള്ള പ്രതിസന്ധികളെ
കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഈ അനുകൂലസന്ദർഭങ്ങൾ സഹായിച്ചിട്ടുണ്ട്
എന്നതിൽ സംശയമില്ല.
ഈ സാഹചര്യത്തിലാണ് നമ്മൾ 2021-22 വർഷത്തെ
ബജറ്റിനെ പരിശോധിക്കുന്നത്. 2020-21 വർഷത്തെ കൊവിഡ് പ്രതിരോധത്തിന് നമ്മൾ
നൽകിയ ശ്രദ്ധ മൂലം നമുക്ക് എടുക്കേണ്ടി വന്ന കടങ്ങൾ കാരണം കമ്മികൾ
താൽക്കാലികമായി വർദ്ധിപ്പിക്കേണ്ടി വന്നു എന്ന് കണക്കുകൾ കാണിക്കുന്നു.
റവന്യു കമ്മി 2.94 ശതമാനമായി ഉയർന്നു. ധനക്കമ്മി 4.25 ശതമാനമായി ഉയർന്നു.
എന്നാൽ പെട്ടെന്ന് തന്നെ (അതായത് 2021-22 വർഷത്തിൽ തന്നെ)
ധനദൃഡീകരണത്തിന്റെ പാതയിലേയ്ക്ക് തിരിച്ചു വരണം എന്ന് ബജറ്റ് അടിവരയിട്ട്
പറയുന്നു. എന്നാൽ മാത്രമേ ബജറ്റിന് പുറത്ത് നമ്മൾ നടത്തി കൊണ്ടിരിക്കുന്ന
മൂലധന നിക്ഷേപ പ്രവർത്തനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ. അതിനാൽ
2021-22ലെ ധനക്കമ്മി 3.5 ശതമാനമായും പിന്നീട് 3 ശതമാനം തന്നെയായും കുറക്കാൻ
കഴിയണം എന്നാണു ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വരുമാനം
മെച്ചപ്പെടുത്താനും ബജറ്റ് ലക്ഷ്യമിടുന്നു. അതായത്, ഉത്തരവാദിത്വപ്പെട്ട
ഒരു ധന നയമാണ് ബജറ്റിൽ പ്രതിഫലിച്ച് കാണുന്നത്.
എന്നാൽ, അതേ സമയം,
കേരളത്തിന്റെ ഭാവി വികസന പ്രക്രിയയെ ആധുനികമായ രീതിയിൽ നിർവചിക്കാനും അതിന്
വിഭവങ്ങൾ കണ്ടെത്താനുമുള്ള ശ്രമവും ബജറ്റിൽ കാണാം. എല്ലാ വിഷയങ്ങളും ഇവിടെ
പ്രതിപാദിക്കാൻ കഴിയുകയില്ല. അതിനാൽ അഞ്ച് പ്രധാന വിഷയങ്ങൾ മാത്രം
എടുക്കാം.
ആദ്യമായി, സാമൂഹ്യ മേഖല. കേരളത്തിലെ പുകൾപെറ്റ സാമൂഹ്യ
മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങൾ
ബജറ്റിലുണ്ട്. കോവിദ് പ്രതിരോധത്തിൽ മികച്ച പങ്ക് വഹിച്ച തദ്ദേശഭരണ
സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നു. എല്ലാ ക്ഷേമ
പെൻഷനുകളും 1600 രൂപയായി ഉയർത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി
സ്ഥാപിക്കും. നഗര മേഖലയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപ
വകയിരുത്തിയിരിക്കുന്നു. ദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യും.
ഇതിനായി ജനസംഖ്യയുടെ അഞ്ചു ശതമാനം വരെ വരുന്ന ഇവരെ കണ്ടെത്തി അവരെ
ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ
ഉണ്ടാക്കും; നടപ്പിൽ വന്നു കഴിഞ്ഞ വിശപ്പുരഹിത കേരളം പദ്ധതി ഇതിന്റെ
ഭാഗമായി മാറും. അങ്ങിനെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം കണ്ട് അഞ്ചു
വർഷം കൊണ്ട് 6000-7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി
ചെലവഴിക്കപ്പെടുക. ഭക്ഷ്യസുരക്ഷക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. നീല,
വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15
രൂപ വിലയ്ക്ക് ലഭ്യമാക്കും. ലൈഫ് മിഷനിൽ നിന്ന് 40000 പട്ടികജാതി
കുടുംബങ്ങൾക്കും 12000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകും.
ദാരിദ്യ്രത്തോടൊപ്പം തന്നെ പ്രധാനമാണ് സാമൂഹ്യ അവശത. ഭിന്നശേഷിക്കാരുടെ
ചികിത്സയ്ക്കും പരിചരണത്തിനും മാനസികാരോഗ്യത്തിനും രാജ്യത്തെ ആദ്യത്തെ
പൂർണ്ണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനും പദ്ധതികൾ
ബജറ്റിലുണ്ട്. അത് പോലെ തന്നെയാണ് വയോജനങ്ങൾക്കായുള്ള വയോജന ക്ലബ്ബ്കളും
കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള പദ്ധതികളും.
രണ്ടാമതായി,
ഭാരതമെമ്പാടും കാർഷിക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്
രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറുകയാണ്. തറവില സമ്പ്രദായം തന്നെ
നിർത്തലാക്കാൻ മോഡി സർക്കാർ ഒരുമ്പെടുമ്പോൾ, കേരളത്തിൽ റബ്ബറിന്റെ തറവില
150 രൂപയും നിന്ന് 170 രൂപയായി ഉയർത്തിയിരിക്കുന്നു. നെല്ലിന്റെ സംഭരണവില
കിലോക്ക് 27 രൂപയിൽ നിന്ന് 28 രൂപയായി ഉയർത്തിയിരിക്കുന്നു (കേന്ദ്രസർക്കാർ
പ്രഖ്യാപിക്കുന്നത് കിലോക്ക് 18 രൂപ മാത്രം). നാളികേരത്തിന്റെ സംഭരണവില 27
രൂപയിൽ നിന്നും 32 രൂപയായി ഉയർത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായി
പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് കഴിഞ്ഞു. പച്ചക്കറികളുടെ
മെച്ചപ്പെട്ട സംഭരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ
സംഘങ്ങളുടെയും സഹായത്തോടെ കോ-ഓപ്പ് മാർട്ടുകൾ നിലവിൽ വരും. വയനാട് കാപ്പി
ബ്രാൻഡിന്റെ ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കും. ഇത് വഴി കാപ്പി കർഷകർക്കും
തറവില സഹായം ലഭ്യമാക്കാൻ കഴിയും. ബ്രാന്റഡ് കോഫി ഉൽപ്പാദനത്തിനു
സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില
നിശ്ചയിച്ചിരിക്കുന്നു. ഇത് മാത്രമല്ല, ഏതു വിളയെടുത്താലും ഇന്ത്യയിൽ
ഏറ്റവും ഉയർന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. കാർഷിക രംഗത്തെ
മൂല്യവർദ്ധനവിനും നാളികേരത്തിലും കാപ്പിയിലും പ്രത്യേക ശ്രദ്ധ
നൽകിയിട്ടുണ്ട്.
മൂന്നാമതായി, അഭ്യസ്തവിദ്യർക്ക് തൊഴിൽ എന്ന
മുദ്രാവാക്യമുയർത്തി ബജറ്റിൽ പ്രധാന പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു. 3
ലക്ഷം ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന
2500 സ്റ്റാർട്ടപ്പുകൾ ഈ വർഷം ആരംഭിക്കും. വീടിനടുത്ത് പണിയെടുക്കുക
(വർക്ക് നിയർ ഹോം) എന്ന സങ്കല്പമനുസരിച്ച് മുനിസിപ്പൽ തലങ്ങളിൽ 5000
സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക്
സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം
പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനൊപ്പം വീട്ടിൽ തന്നെ പണിയെടുക്കുന്നതിനും
(വർക്ക് ഫ്രം ഹോം) തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും. ഒരു ഡിജിറ്റൽ
പ്ലാറ്റ്ഫോമിലേക്കു പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ
ഏകീകരിച്ച് ലഭ്യമാക്കും. നൈപുണ്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകും.
അഭ്യസ്തവിദ്യാർക്കൊപ്പം അല്ലാത്തവർക്കും 5 ലക്ഷം തൊഴിൽ ലഭ്യമാക്കാനുള്ള
പദ്ധതികളും ബജറ്റിലുണ്ട്. കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി
തൊഴിൽ നൽകും. കാർഷികേതര മേഖലയിൽ 3 ലക്ഷം അവിദഗ്ധ, വിദഗ്ധ തൊഴിലവസരങ്ങൾ
സൃഷ്ടിക്കും. ഒപ്പം, പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും
വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ വ്യവസായങ്ങളുടെ നവീകരണത്തിന്റെയും
വൈവിധ്യവൽക്കരണത്തിനും ശ്രദ്ധ നൽകും. ഏകദേശം 15000 കോടി രൂപയുടെ കിഫ്ബി
പദ്ധതികൾ പൂർത്തീകരിക്കും. ഇത് വഴി തന്നെ നല്ല തോതിൽ തൊഴിലവസരങ്ങൾ
പുതിയതായി സൃഷ്ടിക്കപ്പെടും.
നാലാമതായി, കേരളത്തിനെ ഒരു ഡിജിറ്റൽ
സമ്പദ്ഘടനയായി പരിവർത്തനം ചെയ്യണം. ഇതിനായി വിജ്ഞാന ഉത്പാദന രംഗവും വ്യവസായ
രംഗവും തമ്മിൽ മെച്ചപ്പെട്ട രീതിയിൽ കൈകോർക്കാൻ കഴിയണം. എവിടെയൊക്കെ പുതിയ
ഉത്പാദന സാമഗ്രികൾ വേണം എന്ന ധാരണയും ഏതൊക്കെ വിജ്ഞാന ഉത്പാദന സാധ്യതകൾ
എവിടെയൊക്കെയുണ്ട് എന്നുള്ള അറിവും എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യം
വേണം. വിജ്ഞാനത്തിനെ ഉത്പാദനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ
മാറ്റിയെടുക്കാൻ ഒരു സ്റ്റാർട്ട്-അപ്പ് ആവാസ വ്യവസ്ഥ (ecosystem) വേണം.
ഇത്തരത്തിലുള്ള മാറ്റങ്ങൾ വന്നാൽ മാത്രമേ നൂതന സാങ്കേതിക വിദ്യകൾ കൂടുതൽ
ഉത്പാദന മേഖലകളിൽ പ്രയോഗത്തിൽ കൊണ്ട് വരാൻ സാധിക്കൂ. അപ്പോൾ മാത്രമേ
അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ
വിപണിയുമായി ബന്ധപ്പെടുത്താൻ സാധിക്കൂ. പുതിയ തലമുറയിലെ തൊഴിൽ സേനയെ
വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ഇത്തരം ഒരു പദ്ധതി ഒരു ഫ്ലാഗ്ഷിപ്
നയമായി തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കെ-ഫോൺ പദ്ധതി കൂടി
ഫെബ്രുവരിയിൽ പൂർത്തീകരിക്കുമ്പോൾ ഇത്തരം ഒരു ഡിജിറ്റൽ സമ്പദ്ഘടന നിലവിൽ
വരുന്നതിനുള്ള അടിസ്ഥാനപരമായ ഒരു പശ്ചാത്തല സൗകര്യം നിലവിൽ വന്നിരിക്കും.
ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. ഇന്റർനെറ്റിന്റെ
ഗുണനിലവാരം ഉയരും. ഒപ്പം തന്നെ, എല്ലാ ദരിദ്ര കുടുംബങ്ങളിലെയും
കുട്ടികൾക്ക് 25 ശതമാനം സബ്സിഡിയോടെ ലാപ്ടോപ്പുകളും ലഭ്യമാക്കാൻ ബജറ്റ്
ലക്ഷ്യമിടുന്നു. ഇതൊക്കെ വഴി നിലവിലുള്ള ഡിജിറ്റൽ ഡിവൈഡ് ഒരു പരിധി വരെ
കുറച്ചു കൊണ്ട് വരാൻ കഴിയും എന്നാണു പ്രതീക്ഷ.
അഞ്ചാമതായി, ഈ
വിജ്ഞാന വളർച്ചക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് കൂട്ടൽ
അത്യന്താപേക്ഷിതമാണ്. സ്കൂൾ രംഗത്തു നമ്മൾ കൈവരിച്ച നേട്ടങ്ങൾ ഉന്നത
വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യം ബജറ്റ് മുൻപോട്ടു
വെക്കുന്നു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ
ഇപ്പോഴത്തെ 37 ശതമാനത്തിൽ നിന്ന് 75 ശതമാനമായെങ്കിലും ഉയർത്തണം. ഇതിനായി 10
ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ എന്നിവ വഴി 20000 പേർക്ക് അധിക
പഠനസൗകര്യം ഒരുക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 150 അധ്യാപക
തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ്
മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും; ഇതിനായി 2000 കോടി രൂപയുടെ കിഫ്ബി
ധനസഹായം ഉണ്ടാവും. സർവ്വകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ കൊണ്ട്
വരും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ പുതിയതായി കൊണ്ട് വരും. വലിയ
മാറ്റം തന്നെ കോളേജ് വിദ്യാഭ്യാസ രംഗത്തുണ്ടാവും എന്ന് തീർച്ചയായും
പ്രതീക്ഷിക്കാവുന്നതാണ്.
ഇവക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ്
വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമാക്കി നടപ്പിൽ വരുത്താൻ
നിർദ്ദേശിച്ചിട്ടുള്ള വിഷയങ്ങൾ. ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന
3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും എന്നതാണ് ഒരു പ്രധാന
പ്രഖ്യാപനം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്താൻ പരിശ്രമങ്ങൾ
ഉണ്ടാവും. വ്യവസായ പാർക്കുകളിൽ ഭൂമിയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 5
ശതമാനമായി കുറച്ചു. കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയ സംഭാവനകൾ നൽകുന്ന
ടൂറിസം രംഗത്തിനായി പ്രത്യേകം ശ്രദ്ധയുണ്ടാവും. ഒട്ടേറെ തൊഴിൽ നഷ്ടം
ഉണ്ടായിട്ടുള്ള മേഖല എന്ന നിലയിൽ കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി
ബോർഡ് ആരംഭിക്കും. എത്രയും പെട്ടെന്ന് തന്നെ ടൂറിസം രംഗത്ത്
പുനർജീവിപ്പിക്കൽ ലക്ഷ്യമാക്കി ടൂറിസം വിപണനത്തിനായി എക്കാലത്തെയും ഉയർന്ന
തുക - 100 കോടി രൂപ - അനുവദിച്ചിട്ടുണ്ട്.
എല്ലാ വിഷയങ്ങളിലും തൊടാൻ
ഈ ലേഖനത്തിൽ സ്ഥലപരിമിതി മൂലം സാധിച്ചിട്ടില്ല. പ്രധാന വിഷയങ്ങളിൽ തൊട്ടു
പോകാനേ സാധിച്ചിട്ടുള്ളൂ. എന്നാലും ബജറ്റിന്റെ മർമ്മം മനസ്സിലാക്കാൻ ഈ
ചെറുകുറിപ്പ് മതിയാകും എന്ന് കരുതുന്നു. അഞ്ചു വർഷത്തെ ഭരണമികവ്
തുടർഭരണത്തിലേക്കു നയിക്കും എന്ന ആത്മവിശ്വാസം പൊതുജനങ്ങൾക്കിടയിൽ വളരുന്ന ഈ
സാഹചര്യത്തിൽ അടുത്ത കേരളവികസനഘട്ടത്തിലേക്കുള്ള - അടുത്ത 5 വർഷത്തെ
നയപരിപാടികൾ എങ്ങനെയാവണം എന്ന് കുറിച്ചിടുന്ന - ഒരു രേഖയായി ബജറ്റിനെ
വായിക്കാം എന്നതിൽ സംശയമില്ല. ഈ രേഖക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്.
നവകേരള നിർമ്മാണത്തിനുള്ള ഇടതുപക്ഷ വീക്ഷണത്തിന്റെ രാഷ്ട്രീയം.
Source: https://www.deshabhimani.com/articles/r-ramkumar-kerala-budget-2021/919687
Monday, November 23, 2020
കിഫ്ബി: മൂന്ന് സംശയങ്ങളും ഉത്തരങ്ങളും
Sunday, August 30, 2020
കോവിദാനന്തര കേരളത്തിലെ കാർഷിക രംഗം
ആർ. രാംകുമാർ
ഇതിനൊപ്പം കാണേണ്ട മറ്റ് ചില ദൗർബല്യങ്ങൾ കൂടിയുണ്ട്. ഒന്ന്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ കൃഷിയെ മുഖ്യ വരുമാന സ്രോതസ്സായി ആശ്രയിക്കുന്ന കുടുംബങ്ങൾ കുറവാണ്. മൊത്തം ഗ്രാമീണകുടുംബങ്ങളുടെ 27 ശതമാനം മാത്രം. ഇന്ത്യയിലെ ഗ്രാമീണ മേഖല മൊത്തമെടുത്താൽ ഇത് 61 ശതമാനം വരും. ഇത് കൊണ്ട് തന്നെ, കൃഷിഭൂമി സ്വന്തമായുള്ള പല കുടുംബങ്ങൾക്കും ഗൗരവമായി കൃഷി ചെയ്യാൻ സമയമോ താല്പര്യമോ ഇല്ല. ഇത് കൊണ്ട് തന്നെയാണ് വലിയ രീതിയിൽ തന്നെ നെൽപ്പാടങ്ങളും പറമ്പുകളും തരിശായിടുന്ന അവസ്ഥയുള്ളത്. രണ്ട്, കേരളത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ല് നാണ്യവിളകളാണ്. ഒട്ടു മിക്ക നാണ്യവിളകളുടെയും വിലകൾ ആഗോള വിപണിയിലെ കാർഷികവിലകളുമായി ഏറെ സമന്വയപ്പെട്ടിരിക്കുന്നു. തത്ഫലമായി, കേരളത്തിന്റെ നാണ്യവിളകളുടെ സാമ്പത്തിക സാധ്യതകൾ നമ്മുടെ പ്രവർത്തിയുടെ പരിധിക്ക് പുറത്താണ് നിശ്ചയിക്കപ്പെടുന്നത്. മൂന്ന്, ആവശ്യത്തിനുള്ള കർഷകത്തൊഴിലാളികളുടെ അഭാവം കാർഷിക മേഖലയുടെ വളർച്ചക്ക് വലിയൊരു തടസ്സമായി നിലനിൽക്കുന്നു. മുൻപുണ്ടായിരുന്ന കർഷത്തൊഴിലാളികളിൽ വലിയൊരു പങ്ക് ഇന്ന് കാർഷികേതര-വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു. കായികാദ്ധ്വാനത്തോട് സമൂഹം പൊതുവിൽ പുലർത്തുന്ന അവജ്ഞ മൂലം പുതിയ തലമുറ കർഷകത്തൊഴിലാളികളായി കടന്നു വരുന്നില്ല. യന്ത്രവൽക്കരണത്തിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നതെങ്കിൽ പോലും, ആദ്യം സൂചിപ്പിച്ച ദൗർബല്യം മൂലം അത് നടക്കുന്നുമില്ല.
ഈ ദൗർബല്യങ്ങൾക്കിടയിലും കേരളത്തിലെ കാർഷിക മേഖലയിലെ പ്രധാന വെല്ലുവിളി നമുക്ക് കൃത്യമായി തന്നെ വരച്ചിടാവുന്നതാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണത്. ഇന്ന് കേരളത്തിലെ റബ്ബർ ഒഴിച്ച് നിർത്തിയാലുള്ള മറ്റു പല വിളകളുടെയും ഉത്പാദനക്ഷമത ഇന്ത്യയിലെ ശരാശരി ഉത്പാദനക്ഷമതയെക്കാളും കുറവാണ്. മാത്രമല്ല, കേരളത്തിലെ തന്നെ ഗവേഷണ-പരിതസ്ഥികൾക്കുള്ളിൽ നേടാമെന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉത്പാദനക്ഷമതയെക്കാളും കുറവാണ്. കാർഷിക ശാസ്ത്രജ്ഞർ ഇതിനെ "യീൽഡ് ഗാപ്" (ഉത്പാദനക്ഷമതയിലെ വിടവ്) എന്നാണു വിളിക്കുക. ഈ ഉത്പാദന വളർച്ച കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതാവണം, ഒപ്പം തന്നെ പരിസ്ഥിതി സൗഹൃദവുമാവണം. ഇതിനായി നമുക്ക് പുതിയൊരു കാർഷിക സങ്കല്പം തന്നെ വേണ്ടതുണ്ട്. കോവിദ് മഹാമാരിക്ക് മുൻപ് തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാർഷിക നയങ്ങൾ ഈയൊരു പരിപ്രേക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി നിലനിന്നിരുന്നു. അധികം കണക്കുകളൊന്നും ഉദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല. കേരളത്തിലെ മൊത്തം കാർഷിക വരുമാനം പരിശോധിച്ചാൽ മതിയാകും (പട്ടിക 1 കാണുക). 2011-12 വർഷത്തിൽ കേരളത്തിന്റെ മൊത്തം കാർഷിക മൂല്യവർദ്ധനവ് ഏകദേശം 48,376 കോടി രൂപയായിരുന്നു. യു ഡി എഫ് സർക്കാരിന്റെ അവസാന വർഷത്തിന് ശേഷമുള്ള 2016-17 വർഷമെടുത്താൽ ഇത് 43,355 കോടി രൂപയായി ചുരുങ്ങി. അതായത് ഏകദേശം 5000 കോടി രൂപ കണ്ട് മൂല്യവർദ്ധനവ് ചുരുങ്ങി. വളർച്ചാ നിരക്കിന്റെ കുറവല്ല ഇവിടെയുണ്ടായത്. മൂല്യവർദ്ധനവിന്റെ കേവലമായ കുറവാണ്. കാർഷിക മേഖലയിലുണ്ടായ ഈ തകർച്ച ഏതാണ്ട് പൂർണമായും അനുഭവിച്ചത് വിള പരിപാലന മേഖലയാണ്. വിള പരിപാലന രംഗത്ത് തകർച്ചയായിരുന്നുവെങ്കിൽ അനുബന്ധ മേഖലകളായ മൃഗപരിപാലനം, മത്സ്യബന്ധനം എന്നിവയിലാകട്ടെ ഏതാണ്ട് സ്തംഭനാവസ്ഥയാണ് യു ഡി എഫ് കാലഘട്ടത്തിൽ ഉണ്ടായത്.
പട്ടിക 1: കൃഷിയിലേയും അനുബന്ധ മേഖലകളിലേയും മൂല്യവർദ്ധനവ് കേരളത്തിൽ, 2011-12 മുതൽ 2018-19 വരെ, കോടി രൂപയിൽ
മറ്റു ചില പൊതു പ്രശ്നങ്ങൾ കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കേരളത്തിലെ തരിശു ഭൂമിയുടെ വിസ്തീർണ്ണം വലിയ തോതിൽ കുറഞ്ഞു വരികയായിരുന്നു. എഴുപതുകളിൽ മൊത്തം ഭൂമിയുടെ ഒരു ശതമാനം മാത്രമേ കേരളത്തിൽ തരിശായുണ്ടായിരുന്നുള്ളൂ. എന്നാൽ 2016 ആയപ്പോഴേക്കും അത് ഏകദേശം നാല് ശതമാനമായി ഉയർന്നു. നെല്ലിന്റെ വിസ്തീർണ്ണം കുറഞ്ഞു വരുന്നതായിരുന്നു ഇതിനു പ്രധാന കാരണം. എഴുപതുകളിൽ ഏകദേശം 8.5 ലക്ഷം ഹെക്ടർ ഭൂമിയിൽ നെല്കൃഷിയുണ്ടായിരുന്നെങ്കിൽ 2016-17 ആയപ്പോഴേക്കും ഇത് 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. മൊത്തത്തിൽ കുറഞ്ഞ ഭൂമിയിൽ ഒരു പങ്ക് റബ്ബർ, നാളികേരം മുതലായ വിളകളിലേക്കാണ് മാറ്റപ്പെട്ടതെങ്കിൽ മറ്റൊരു ഭാഗം തരിശായി കിടക്കുന്ന സ്ഥിതിയുണ്ടായി. മറ്റൊരു പ്രധാന പ്രശ്നം ഒരേ ഭൂമിയിൽ എത്ര തവണ വിളയിറക്കാൻ കഴിയുന്നു എന്ന പരിശോധനയാണ്. 2001 വർഷത്തിൽ ഒരു ഏക്കർ ഭൂമിയിൽ, ശരാശരിയായി, 1.36 തവണ കൃഷിയുണ്ടായിരുന്നു. 2011 ആയപ്പോഴേക്കും ഇത് 1.3 തവണയായി ചുരുങ്ങി. എന്നാൽ 2016 ആയപ്പോൾ 1.26 ആയി വീണ്ടും കുറഞ്ഞു. ഇത് കൃഷിക്കാരന്റെ വരുമാനത്തെ ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ്. കൂടുതൽ തവണ ഒരേ ഭൂമിയിൽ വിവിധ വിളകൾ കൃഷി ചെയ്യുക വഴി കൃഷിക്കാരന്റെ വരുമാനം മെച്ചപ്പെടുത്താൻ കഴിയുന്നു. ഇതിനു കഴിയാത്തത് ഒരു പോരായ്മയായി വരുന്നു.
ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാരിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ഒരു പ്രധാന ഘടകം കൃഷിയുടെയും അനുബന്ധ മേഖലയുടെയും വികസനമായിരുന്നു. ഉത്പാദനം, വരുമാനം, സുസ്ഥിരത എന്നീ മൂന്ന് തൂണുകളിലൂന്നിയായിരിക്കും ഈ നയം നടപ്പിൽ വരുത്തപ്പെടുക എന്നും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഉത്പാദനവും വരുമാനവും വർദ്ധിക്കണമെങ്കിൽ ഉത്പാദനക്ഷമത ഉയരണം. ഇതല്പം ദീർഘമായി പരിശോധിക്കേണ്ട വിഷയമാണ്. യീൽഡ് ഗ്യാപ്പിനെ പറ്റി നേരത്തെ പരാമർശിച്ചുവല്ലോ. എന്നാൽ ഇതൊരു പ്രശ്നമായി കേരളത്തിലെ കാർഷിക നയങ്ങളോ കാർഷിക രംഗത്തെ ചർച്ചകളോ പരിഗണിയ്ച്ചിട്ടേയില്ല എന്നതാണ് വസ്തുത. കേരളത്തിലെ ഉത്പാദനക്ഷമതയുടെ ചില കണക്കുകൾ പരിശോധിച്ചാൽ വിഷയത്തിന്റെ ആഴം മനസ്സിലാകും (പട്ടിക 2 കാണുക). തിരഞ്ഞെടുത്ത ചില കാർഷിക-പരിസ്ഥിതി യൂണിറ്റുകളിലെ തിരഞ്ഞെടുത്ത വിളകൾക്കാണ് ഇത് പട്ടികയിൽ കണക്കിലാക്കിയിരിക്കുന്നത്.
പത്ത്, വിപണനവുമായി ബന്ധപ്പെട്ടു കേരളത്തിൽ നിലനിൽക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ശേഖരണത്തിന്റേതാണ്. കേരളത്തിൽ കൂടുതലും ചെറിയ കൃഷിയിടങ്ങളാണ്. അതിനാൽ, ഓരോ കൃഷിയിടത്തിൽ നിന്നുമുള്ള ഉത്പാദനത്തിന്റെ അളവും ചെറുതാണ്. ഓരോ ചെറിയ കൃഷിയിടത്ത് നിന്നുമുള്ള ചെറിയ ചെറിയ ഉത്പാദനങ്ങളെ ഒന്നൊന്നായി വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല ചെറുകിട ഉത്പാദകന് കച്ചവടക്കാരന്റെ ചൂഷണവും നേരിടേണ്ടി വരുന്നു. അതിനേക്കാൾ മെച്ചം, വിപണിക്ക് വേണ്ടത് പോലെ, ഈ ചെറിയ ഉത്പാദനങ്ങളെ ഒന്നിച്ചു കൂട്ടി ഒരു സ്ഥലത്തു ശേഖരിച്ചു കൊണ്ട് വരാൻ കഴിയുന്ന ഒരു സംവിധാനമാണ്. ഇവിടെയാണ് ഉൽപ്പാദക കമ്പനികൾ എന്ന സങ്കല്പം പ്രസക്തമാവുന്നത്. ഉത്പാദനം, വിപണനം, സംസ്കരണം, യന്ത്രവല്ക്കരണം എന്നിവയൊക്കെ ഒന്നിച്ചു വരുന്ന മാതൃകകളാണ് ഇവ. സഹകരണ സംഘങ്ങളുടെ മാതൃകയിൽ തന്നെയാണ് ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നത്. സഹകരണ സംഘങ്ങളുടെ മൂല്യങ്ങളും തത്വങ്ങളും പരിരക്ഷിച്ച് കൊണ്ട് തന്നെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന, ചലനാത്മകമായ വിപണി-ഇടപെടലുകൾ നടത്താൻ കെല്പ്പുള്ള, സ്വയം-ഭരണാവകാശമുള്ള, വിവിധങ്ങളായ സഹകരണ നിയമ-നൂലാമാലകളിൽ നിന്നും മുക്തമായ പ്രൊഫഷണൽ സംഘങ്ങൾ. ഇതാണ് ഉത്പാദക കമ്പനികൾ വഴി ഉദേശിക്കുന്നത്. ഇതേ മാതൃക ഉപയോഗിച്ചു തന്നെ ഉത്പാദനത്തിലെ പ്രവർത്തനങ്ങളും (വിള പരിപാലനം, തേങ്ങയിടൽ എന്നിവയടക്കം) സഹകരണ മാതൃകയിൽ പുന-സംഘടിപ്പിക്കാൻ കഴിഞ്ഞേക്കും. ആ വഴിക്കും ശ്രമങ്ങൾ ഉണ്ടാവണം.
പതിനൊന്ന്, കോവിദ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, റബ്ബറിന്റെ എല്ലാ ഇറക്കുമതിയും ഒരു വർഷത്തേക്കോ ആഭ്യന്തര വിപണിയിൽ ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെയോ നിരോധിക്കണമെന്നും ആവശ്യപ്പെടണം. സ്വാഭാവിക റബ്ബറിനുള്ള തീരുവ നിരക്കിന്റെ പരിധി നിലവിലെ 25 ശതമാനത്തിൽ നിന്ന് ഉയർത്തണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. റബ്ബർ, റബ്ബർ ഉൽപന്നങ്ങൾ എന്നിവ വില കുറച്ചു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ നിയന്ത്രിക്കാനായി ഇന്ത്യ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളെ വീണ്ടും ചര്ച്ചയ്ക്ക് വിധേയമാക്കേണം. ഡബ്ല്യുടിഒ വ്യവസ്ഥയുടെ കീഴിൽ റബ്ബറിനെ ഒരു കാർഷിക ചരക്കായി കണക്കാക്കണം എന്നും ആവശ്യപ്പെടണം.
പന്ത്രണ്ട്, കോവിദിന്റെ തന്നെ പശ്ചാത്തലത്തിൽ, പ്ലാന്റേഷൻ ടാക്സും കാർഷിക വരുമാനനികുതിയും നീക്കം ചെയ്യാനുള്ള പദ്ധതി കേരള സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ കൂടി ചെയ്യാം. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ മൊത്തം വാങ്ങലിന്റെ 45 ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ള തേയില വാങ്ങുന്നത്, ബാക്കിയുള്ളവ തമിഴ്നാട്, കർണാടക എന്നിവിടങ്ങളില് നിന്നാണ്. കൂടുതൽ അളവിൽ കേരളത്തിൽ നിന്നുള്ള തേയില വാങ്ങാൻ സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയേക്കാം, ഇത് കേരള തേയിലയുടെ ആവശ്യം വർദ്ധിപ്പിക്കും.
കേരളം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉല്പാദനത്തിൽ മിച്ചം വരുന്ന സംസ്ഥാനമാവും നമ്മൾ. അതിനാൽ മിച്ചം വരുന്ന പാൽ സംസ്കരിക്കാനുള്ള ഒരു പദ്ധതി നമ്മൾ ഇപ്പോൾ തന്നെ ആവിഷ്ക്കരിക്കണം. മിച്ചം വരുന്ന പാലിനെ പാൽപ്പൊടിയും ബാഷ്പീകരിച്ച പാലും ആയി പരിവർത്തനം ചെയ്യാനും സംഭരിക്കാനും കേരളത്തിന് ഒരു ആധുനിക പാൽപ്പൊടി പ്ലാന്റും ഒരു ബാഷ്പീകരണ പ്ലാന്റും ആവശ്യമാണ്. പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളായ ചീസ്, കട്ടിതൈര് തുടങ്ങിയവയു ടെ ഉല്പാദനം വികസിപ്പിക്കാനും ലക്ഷ്യമിടേണ്ടതുണ്ട്. നിലവിലുള്ള ഡയറി പ്ലാന്റുകളിൽ നൂതന ഉല്പന്ന വൈവിധ്യവൽക്കരണ സൗകര്യങ്ങൾ സ്ഥാപിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, ക്ഷീര സഹകരണസംഘങ്ങൾ നവീകരിക്കേണ്ടതുണ്ട്, കന്നുകാലികളുടെ തീറ്റ സംഭരിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും അവരെ സജ്ജമാ ക്കേണ്ടതുണ്ട്. കർഷകർക്കായി പാൽ കറക്കുന്നതിനുള്ള യന്ത്രങ്ങൾക്കുള്ള സബ്സിഡി വർദ്ധിപ്പിക്കേണ്ടതുണ്ട്.
മൂന്ന്, മത്സ്യ മേഖലയിലെ ഒരു പ്രധാന പ്രവർത്തനമായി അലങ്കാര മത്സ്യസംസ്കാരം അതിവേഗം ഉയർന്നു വരുന്നുണ്ട്. വളരെ അനുയോജ്യമായ കാലാവസ്ഥയുള്ള കേരളത്തിന് അലങ്കാര മത്സ്യമേഖലയില് വിപുലീകരണത്തിന് ധാരാളം സാധ്യതയുണ്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഉപജീവനത്തിന് ഒരു പിന്തുണ നൽകുന്നതിലും വിദേശനാണ്യ വരുമാനം നേടുന്നതിലും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 150 ഓളം അലങ്കാര മത്സ്യ വ്യാപാര യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
നാല്, കേരളത്തിലെ ഭൂരിഭാഗം ഉപ്പുവെള്ള പ്രദേശങ്ങളും ഉപയോഗിക്കാതെയിരിക്കുകയോ അല്ലെങ്കിൽ അശാസ്ത്രീയമായി ഉപയോഗിക്കുകയോ ചെയ്യുകയാണ് പതിവ്. ഈ പ്രദേശങ്ങളുടെ പര്യാപ്തമായ ഉപയോഗത്തിനായി ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ഉപ്പുവെള്ള-ജലമേഖലയുടെ സുസ്ഥിര വികസനത്തിന് ചെമ്മീൻ ഒഴികെയുള്ള ഇനം ഉപയോഗിച്ച് കൃഷിയുടെ വൈവിധ്യവൽക്കരണം ആവശ്യമാണ്. ഫിന്ഫിഷ് ഇനങ്ങളായ സീ ബാസ് (ലേറ്റ്സ്), മില്ക്ക് ഫിഷ് (ചാനോസ്), പേൾ സ്പോട്ട് (കരിമീൻ) എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇവയിൽ ചിലതിന്റെ വിത്തുകളുടെ വാണിജ്യാധിഷ്ഠിത ഉൽപാദനത്തിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. ഉപ്പുവെള്ളത്തിലെ ചിപ്പി കൃഷി (പച്ച, തവിട്ട് നിറമുള്ളവ) വാണിജ്യ പരമായി ലാഭകരമാണെന്ന് തെളിയിക്കുകയും പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്യുന്നു. വനിതാ സ്വാശ്രയസംഘങ്ങൾക്കുള്ള ഉപജീവന സഹായ പദ്ധതിയായി ഇത് പ്രചരിപ്പിക്കാം. ഉപ്പുവെള്ളത്തിന് അനുയോജ്യമായ മറ്റൊരു പ്രവർത്തനമാണ് ഭക്ഷ്യയോഗ്യമായ ചിപ്പികളുടെ കൃഷി. അത് പോലെ തന്നെയാണ് ഞണ്ട് കൃഷിയും.
അഞ്ച്, വനാമി ചെമ്മീനിന്റെ കൃഷി അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്. വനാമി ചെമ്മീനിന്റെ രോഗപ്രതിരോധ ശക്തിയും അതിവേഗ വളർച്ചയുമാണ് ഇതിനു കാരണം. നിയന്ത്രിത രീതിയില് സര്ക്കാര് വ്യക്തമാക്കിയ നടപടിക്രമങ്ങള് അനുസരിച്ചാണ് ഇന്ത്യയിൽ വനാമി ചെമ്മീനിന്റെ കൃഷിക്ക് തുടക്കം കുറിച്ചത്. സാധ്യത പഠനങ്ങളെത്തുടർന്ന് 2009 ൽ വാനാമിയുടെ വാണിജ്യപരമായ ഉപയോഗം വലിയ തോതിൽ തുടങ്ങാന് സർക്കാർ തീരുമാനിച്ചു. എന്നിരുന്നാലും, കേരളത്തിൽ വനാമി ചെമ്മീന് കൃഷി വ്യാപകമായില്ല. അതിനാൽ കര്ഷകര്ക്കിടയില് വനാമി ചെമ്മീന് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൈയെടുക്കണം.


