Saturday, January 2, 2010

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും

പിണറായി വിജയന്‍

ഭൂപ്രശ്നം കേരളത്തിലിന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. പല രീതിയിലും വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രശ്നത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന പരിശ്രമവും നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

പ്രകൃതിയെ മനുഷ്യവാസത്തിന് അനുയോജ്യമാംവിധം മാറ്റിമറിക്കുന്ന ചരിത്രവികാസ പ്രക്രിയ മറ്റെല്ലായിടങ്ങളിലും എന്നപോലെ കേരളത്തിലും നടന്നു. അതിന്റെ ഫലമായി വനമേഖലകള്‍ മനുഷ്യവാസത്തിന് അനുയോജ്യമായവിധം മാറ്റുന്നതും കൃഷിക്ക് മണ്ണൊരുക്കുന്നതുമായ പ്രക്രിയ നടന്നു. ജനവാസകേന്ദ്രങ്ങളും അവയെ ചുറ്റിപ്പറ്റി അങ്ങാടികളും ചെറിയ ടൌഷിപ്പുകളുമെല്ലാം കേരളത്തിലും രൂപപ്പെട്ടു. പൊതുവില്‍ നടന്ന ഈ മാറ്റം കുറെ വൈകിയാണ് ഇടുക്കിമേഖലയില്‍ ആരംഭിച്ചതെന്നു കാണാം. ഇവിടെ സംഘടിതമായ കുടിയേറ്റം തുടങ്ങിയത് 395 വര്‍ഷം മുമ്പ് വട്ടവട മേഖലയിലായിരുന്നു. മധുര ഭരിച്ച തിരുമലനായ്ക്കരുടെ സൈന്യത്തിലെ മുനിയറ ശില്‍പ്പികളാണ് കുടിയേറിയ ആദ്യത്തെ ജനവിഭാഗം. പിന്നീട് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് മധുരയില്‍നിന്ന് പലായനം ചെയ്തവരില്‍ ഒരു വിഭാഗം കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ എട്ടൂരിലും താമസം ആരംഭിച്ചു. അഞ്ചുനാട് എന്ന് പൊതുവില്‍ ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ ഈ പ്രദേശങ്ങളിലേക്ക് പരമ്പരയായി കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു.

ഈ കുടിയേറ്റത്തിന് അക്കാലത്ത് ഭരണാധികാരികളുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ഈ മേഖലയിലെ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നില്‍. 1822 ലെ തിരുവെഴുത്ത് വിളംബരം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. "മേല്‍ എഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടിയുണ്ടാക്കുന്നതിന് ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ളതുപ്രകാരം കേഴ്വിപ്പെട്ടിരിക്കെ കൊണ്ട് കുടിയാരായവര്‍ നല്ലതുപോലെ പ്രയാസപ്പെട്ട പണ്ടാരവകയ്ക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായി ഉണ്ടാക്കിയാല്‍ അതിന് തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്ക ചെയ്യുന്നതും അല്ലാതെ 'കുടിയാരായവര്‍മാര്‍' പണ്ടാരവകയ്ക്ക് ഗുണമായിട്ട് നില്‍ക്കുന്നതിന് തക്കം പോലെ അവരെ കാര്യമായിട്ട് രക്ഷിക്കുകയും ചെയ്യും.''

ഇതോടൊപ്പംതന്നെ കുടിയേറ്റത്തെ സഹായിക്കുന്ന ചില വനനിയമങ്ങളും പാസാക്കപ്പെട്ടു. 1893 ല്‍ റഗുലേഷന്‍ രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896 ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരം ഉണ്ടായി. ഇങ്ങനെ 2,64,855 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന പ്രദേശം രൂപപ്പെട്ടു. 1898 ആഗസ്റ് 12ന്റെ ഉത്തരവുപ്രകാരം ഏലംകൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശം മറ്റു കൃഷിക്കായി പതിച്ചുകൊടുക്കുന്ന സ്ഥിതിയും സംജാതമായി. ഏലംകൃഷിക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ തേയിലക്കൃഷിക്കും രാജഭരണകാലത്തുതന്നെ ഭൂമി വിട്ടുകൊടുത്തതായി കാണാം. 1877 പൂഞ്ഞാര്‍ ചീഫ് കണ്ണന്‍ദേവന്‍ അഞ്ചുനാട്മല ജെ ഡി മറോയ്ക്ക് 5,000 രൂപ പ്രതിഫലത്തിനും 3,000 രൂപ ആണ്ടില്‍ പാട്ടം നിശ്ചയിച്ചുമാണ് കൊടുത്തത്. ഈ ഉടമ്പടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വന്നപ്പോള്‍ മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് റോഡ്, തോട് ഇവ നിര്‍മിക്കുന്നതിനും മറ്റ് പൊതുമരാമത്ത് പണികള്‍ക്കും പാട്ടഭൂമിയുടെ ഏത് ഭാഗവും ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇവയ്ക്ക് നഷ്ടപരിഹാരം കമ്പനിക്ക് നല്‍കിയാല്‍ മതി എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

1870-1920 കാലഘട്ടത്തില്‍ തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കുടിയേറ്റം ഈ മേഖലയില്‍ നടക്കുകയുണ്ടായി. 1933-44 ല്‍ പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്‍കി. ഇതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കും മത സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ അണിയറനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ മേഖല തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു.

ഈ ഘട്ടത്തില്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്ളോട്ടുകള്‍ നല്‍കി കൃഷിക്കാരെ കുടിയേറ്റിപ്പാര്‍പ്പിക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ കാലത്തുതന്നെ പലരും ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തുന്ന നിലയുമുണ്ടായി. സര്‍ക്കാരാണെങ്കില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1955 ല്‍ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതി നിലവില്‍വന്നു. ഈ കാലത്ത് നിരവധിപേര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. എന്നാല്‍, രേഖയുടെ പിന്‍ബലം ഇവയ്ക്കുണ്ടായിരുന്നുമില്ല.

1967 ല്‍ ഇടുക്കിപദ്ധതിയുടെ ഭാഗമായും കൂടാതെ വെള്ളത്തൂവല്‍ പവര്‍ ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ടും എത്തിച്ചേര്‍ന്നവര്‍ ഭൂരിഭാഗവും ഇവിടെത്തന്നെ താമസിക്കുന്ന നിലയാണുണ്ടായത്. ഇടുക്കിയിലെ കുടിയേറ്റചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാകുന്നു- ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുടെ പശ്ചാത്തലത്തിലായിരുന്നു എന്നത്. മാത്രമല്ല, അത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ അവസരത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസ് ഗവമെന്റുകള്‍ പദ്ധതി ആവശ്യത്തിന്റെയും മറ്റും പേരില്‍ കുടിയിറക്കുകള്‍ വ്യാപകമായി നടത്തുന്ന സ്ഥിതി ഉണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവന്നു.

ഈ പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ കൃഷിക്കാരെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961 ലും 1963 ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചില കൃഷിക്കാര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിക്കുകയുംചെയ്തു. 1963 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4,000 കുടുംബങ്ങള്‍ക്ക് 1967 ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ കൂമ്പന്‍പാറയിലും ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിയിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസിച്ചുവരുന്നുമുണ്ട്. 1977 ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ഇ കെ നായനാരും വി എസും ഇടപെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുംചെയ്തു.

ഈ കാര്യങ്ങളെല്ലാം കാണിക്കുന്നത് വ്യക്തമല്ലാത്ത ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ്. റവന്യൂ-ഫോറസ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നം നീതിപൂര്‍വം തീര്‍പ്പാക്കാന്‍ കഴിയാതെ വരികയുംചെയ്തു. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുണ്ടായി. ഇതിന്റെ ഫലമായി തലമുറകളായി മണ്ണിനോട് മല്ലടിക്കുന്ന ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകരും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവരും അരനൂറ്റാണ്ടിനു മേലെയായി താമസസ്ഥലം കെട്ടിയുണ്ടാക്കി കഴിയുന്ന ഗിരിവര്‍ഗക്കാര്‍പോലും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥിതി രൂപപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. മൂന്നാര്‍ പഞ്ചായത്തിലെ വിവിധ കോളനികളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ടൌ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരത്തോളം പേര്‍ക്ക് ഇതേ നിലയാണുള്ളത്. ബഹുഭൂരിപക്ഷവും നാലും അഞ്ചും സെന്റുകളില്‍ താമസിക്കുന്നവരാണ്. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പട്ടയം ഇല്ല എന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയ പ്രശ്നവും ഭൂപ്രശ്നവും ഉണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനവും ഇതിനകത്ത് ഉള്‍പ്പെട്ടുകിടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. പട്ടയം ലഭിക്കാനുള്ളത് 82,000 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ പതിനായിരത്തോളം ആദിവാസി കുടുംബവും ഉള്‍പ്പെടും. ഇത്തരത്തില്‍ 6,20,000 ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇടുക്കിയിലെ ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യാനാവും എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന് പരിശോധിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെ ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് വന്‍കിട കൈയേറ്റക്കാരെ പാവപ്പെട്ടവന്റെ പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നത്.

വന്‍കിട കൈയേറ്റക്കാരെ പുറത്താക്കണം

താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കിയിലേക്ക് കുടിയേറിയ പാവപ്പെട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ പ്രധാനമായും നടന്നിട്ടുള്ളത് യുഡിഎഫ് ഭരണകാലത്താണെന്നു കാണാം. അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്ന് ആറിന്റെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ ടീ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. ടൌണിലുള്ള കെട്ടിടങ്ങളില്‍നിന്ന് ഇപ്പോഴും ടാറ്റ വാടക പിരിക്കുന്നുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഡബ്ള്യുഎ നമ്പര്‍ 227/01 എന്ന കേസില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ ഒരു ഭാഗവും ഇനിമേല്‍ അന്യാധീനപ്പെടുത്തുന്നതല്ലെന്ന് ടാറ്റ ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനമായി ഭൂമി കൈവശം വച്ചതിനും കെട്ടിടവാടക പിരിച്ചതിനും കോടതിയോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടുന്ന 93.07 ഏക്കര്‍ ഉള്‍പ്പെടെ 500 ഏക്കര്‍ പൂര്‍ണമായും സര്‍ക്കാര്‍ ടാറ്റാ കമ്പനിയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്തത് 1956 ലും 1963 ലുമാണ്. എന്നാല്‍, ടൌഷിപ്പിന്റെ നിയന്ത്രണം ഇപ്പോഴും ടാറ്റയ്ക്കാണ് എന്ന പ്രശ്നം ഏറെ ഗൌരവതരമാണ്. ഇത്തരത്തിലുള്ള വന്‍കിട കൈയേറ്റങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇടുക്കി മേഖലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 'മലയോര കര്‍ഷകരുടെ മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്ര പശ്ചാത്തലവും അന്നത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച്് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. സിഎച്ച്ആറി (കാര്‍ഡമം ഹില്‍സ് റിസര്‍വ്)ലും വനഭൂമിയിലും കുടിയേറിപ്പാര്‍ത്തുവരുന്ന കൃഷിക്കാരുടെ പ്രശ്നങ്ങളാണ് ഈ റിപ്പോര്‍ട്ടിനകത്ത് പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്റെ കാലഘട്ടത്തില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം കൊടുത്ത പട്ടയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍. ഇതില്‍ അഞ്ഞൂറിലധികം പട്ടയങ്ങള്‍ ഇടുക്കി ജില്ലാ പട്ടയമേളയില്‍ നല്‍കിയതാണ്. ബാക്കിവരുന്ന പട്ടയങ്ങളുടെ കൈവശക്കാര്‍, ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഇക്കോളജി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം അശാസ്ത്രീയവും അപ്രായോഗികവും വിവേചനപരവുമാണ്. ഇടുക്കി ജില്ലയിലെ 80 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ശരിയായ നടപടിയല്ല.

അതുപോലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാ വസ്തു കൈമാറ്റവും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അങ്ങനെ നിര്‍ത്തിവച്ച നടപടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, കൃഷി ആവശ്യത്തിന് ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍പോലും ഇതിന്റെ ഫലമായി കഴിയുന്നില്ല. കൈവശരേഖ കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇ എം എസ് ഭവനനിര്‍മാണ പദ്ധതിപോലും നടപ്പാക്കാന്‍ പറ്റാത്ത നിലയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഏലം കൃഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡ് വഴി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും കഴിഞ്ഞ രണ്ടുവര്‍ഷമായി വാങ്ങാന്‍ കഴിയുന്നില്ല. വ്യാജപട്ടയം കണ്ടെത്തുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ച് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞാലും തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന രീതിയും തുടരുകയാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയാലും വീണ്ടും പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതി അനുവദിക്കാനാവില്ല.

ചിന്നക്കനാലിനെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവിലുള്ള സാഹചര്യങ്ങളെ ആഴത്തില്‍ പഠിച്ചിട്ടുള്ളവയല്ല. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ഭൂവിനിയോഗ ചട്ടങ്ങള്‍ ഏറെ കാലപ്പഴക്കം ഉള്ളവയാണ്. അവ കാലോചിതമായി പരിഷ്കരിച്ച് നിയമവിധേയമാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പട്ടയം നല്‍കുമ്പോള്‍ ഉണ്ടായ തെറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സ്ഥിതിയും അവിടെ ഉണ്ട്. വീടിന് നമ്പര്‍ ലഭിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും കഴിയാത്ത സ്ഥിതി ഇതിന്റെ ഭാഗമായി ഉണ്ടാവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കുക എന്നത് പ്രധാനമാണ്. കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. സള്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഈ നടപടി സഹായകമാകും.

ഇടുക്കിയിലെ പ്രധാനപ്പെട്ട വിളയാണ് ഏലം. കുരുമുളകും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന ഈ വിളകളുടെ പ്രോത്സാഹനം രാജ്യതാല്‍പ്പര്യത്തിന് അത്യാവശ്യമാണുതാനും. എന്നാല്‍, പട്ടയമില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ വഴിയും കൃഷിഭവന്‍ വഴിയും ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കൃഷിക്കാര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്ത പ്രശ്നവും നിലനില്‍ക്കുകയാണ്. മാവ്, പ്ളാവ്, ഗ്രാന്റീസ് തുടങ്ങി 22 തരത്തിലുള്ള മരങ്ങള്‍ കൃഷിക്കാര്‍ സ്വന്തമായി വച്ചുപിടിപ്പിച്ചത് മുറിച്ചെടുക്കുന്നതിനുള്ള അവകാശം നല്‍കുന്നതിനുള്ള നിയമം കേരള അസംബ്ളി പാസാക്കിയതാണ്. അനധികൃതമായി സര്‍ക്കാര്‍ഭൂമിയിലെ മരങ്ങള്‍ ആരെങ്കിലും മുറിച്ചുകടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അല്ലാതെ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല.

പാരിസ്ഥിതികപ്രശ്നം ഗുരുതരഭവിഷ്യത്തായി ഉയരുന്ന സാഹചര്യമാണ് ലോകത്താകമാനമുള്ളത്. പാരിസ്ഥിതികമായ ആഘാതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജാഗ്രതയും ശക്തമായി പുലര്‍ത്തേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളും വനങ്ങളും ഇനിയും നശിപ്പിക്കാനോ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല എന്നത് കര്‍ശനമായി നടപ്പാക്കണം. പുതിയ കൈയേറ്റങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. വനംവകുപ്പിന്റെ കൈവശമുള്ള നേര്യമംഗലം-വാളാര്‍,നേര്യമംഗലം -പനംകുട്ടി, മൂലമറ്റം-പൈനാവ് പ്രദേശങ്ങള്‍ സംരക്ഷിക്കുക നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. തേക്കടി വനം, മാങ്കുളം- ചിന്നാര്‍, മന്നവന്‍ചോല , ടോപ്പ് സ്റേഷന്‍ പ്രദേശങ്ങളാകെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കേണ്ടതുണ്ട്.

ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്നത് കണക്കിലെടുക്കപ്പെടണം. അതോടൊപ്പം ആരുടെയും പണക്കൊതിക്ക് അരുനില്‍ക്കുവാന്‍ പാടില്ലാത്തവിധമുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഈ നിലപാടില്‍ നിന്നുവേണം ഇവിടത്തെ ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത്. അതിനായുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സിപിഐ എമ്മിന് മുന്നോട്ടുവയ്ക്കാനുള്ളത്. ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ ഉള്ള വനഭൂമിയും ഏലക്കാടുകളും മറ്റു തോട്ടങ്ങളും അതുപോലെതന്നെ നിലനിര്‍ത്തി ഫലപ്രദമായി സംരക്ഷിക്കുന്നത് സുപ്രധാനമാണ്. ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കോടതിവിധികള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം. ഹൈറേഞ്ചില്‍ കുത്തകപ്പാട്ടമായി നല്‍കിയ ഭൂമിയില്‍ ഏലം കൃഷിചെയ്യുന്നവര്‍ക്ക് കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കണം. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ഡാം നിര്‍മാണകാലം മുതല്‍ താമസിച്ചുവരുന്നവരുടെ പ്രശ്നം ഡാമിന്റെ സുരക്ഷിതത്വംകൂടി കണക്കിലെടുത്ത് പരിഹരിക്കണം. വ്യാജ പട്ടയങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കാലപ്പഴക്കവും ഭൂമിയുടെ വിസ്തീര്‍ണവും പരിശോധിച്ച് അര്‍ഹരായവരെ സംരക്ഷിക്കുകയാണ് വേണ്ടത്. 1993 ലെ ചട്ടങ്ങള്‍ പരാമര്‍ശിക്കുന്ന സംയുക്ത പരിശോധന ഉടന്‍ നടത്തി അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കണം. സമയബന്ധിതമായി റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനും ജാഗ്രതയുണ്ടാവണം.

വനംവകുപ്പുകാര്‍ റവന്യൂവകുപ്പിന് വിട്ടുകൊടുത്ത ഭൂമി വനംവകുപ്പ് ഏരിയയില്‍നിന്ന് കുറവ് ചെയ്യുക എന്നതും പ്രധാനമാണ്. നിലവില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തോട്ടങ്ങള്‍ പ്ളാന്റേഷനായിത്തന്നെ നിലനിര്‍ത്തി പുതിയ മാനേജ്മെന്റുകള്‍ക്ക് കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇതിലൂടെ അടിയന്തരമായി പരിഹരിക്കാനാവും. വന്‍കിട കൈയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി ഉടന്‍ ഉണ്ടാവണം. അതിനായി കണ്ണന്‍ദേവന്‍ മലകളിലെ തോട്ടമാക്കാത്ത സ്ഥലങ്ങള്‍ തിരിച്ചെടുത്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് 2007 മാര്‍ച്ച് 23ന് ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ഉണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ ദൌത്യസംഘത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വന്‍കിടക്കാരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതോടൊപ്പം ടാറ്റയുടെ കൈവശമുള്ള അധികഭൂമിയും പിടിച്ചെടുത്ത് ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണംചെയ്യണം. സര്‍ക്കാരിന് നിരുപാധികം വിട്ടുകൊടുത്ത 500 ഏക്കര്‍ ഭൂമിയില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ പ്രദേശത്ത് ടാറ്റാ കമ്പനിയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. പട്ടയം ലഭിക്കാന്‍ അര്‍ഹരായ മൂന്നാറിലെ ചെറുകിട കച്ചവടക്കാര്‍ക്കും വീട് വച്ചു താമസിക്കുന്ന ഭൂരഹിതര്‍ക്കും കോളനിവാസികള്‍ക്കും പട്ടയം കൊടുക്കാനുള്ള നടപടികളും ഒപ്പം സ്വീകരിക്കേണ്ടതുണ്ട്.

സിപിഐ എം ഏതു പ്രശ്നത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇടുക്കിയിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ കണ്ടുകൊണ്ടുള്ള പരിഹാരമാണ് പാര്‍ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Tuesday, December 29, 2009

Cuba: Zero Percent of Severe Child Malnutrition, points out the UN

The United Nations Children´s Fund (UNICEF) affirms that Cuba is the only country in Latin America and the Caribbean that has eliminated severe child malnutrition, thanks to its government’s efforts.

UNICEF praised Cuban work against malnutrition.

In a document published by cubadebate.cu on Monday, UNICEF points out that today there are some 146 million children under 5 years of age in a state of impoverishment in the developing world, which contrasts with the reality of Cuban children.

In this regard, the report shows that the percentages of children underweight are the following: 28 in Sub-Saharan Africa, 17 in the Middle East and North Africa, 15 in East Asia and the Pacific, and 7 in Latin America and the Caribbean.

The list is completed by Central and Eastern Europe, with five percent, and other developing nations with 27 percent.

Cuba, however, doesn´t have problems of severe child malnutrition, due to the efforts of the Cuban state to improve the people´s diet, especially that of the most vulnerable groups.

The Cuban government guarantees a basic family shopping basket that allows for the nutrition of the population at least in the basic levels, by way of the network of distribution of regulated products, points out cubadebate.

The United Nations Food and Agriculture Organization has also acknowledged that Cuba is the nation with more advances in Latin America in the struggle against malnutrition.

Likewise, economic adjustments are being made in other markets and local services to improve the Cuban people´s diet and ease the food deficit. Permanent attention is given to the sustenance of boys, girls and adolescents, adds the report.

Cubadebate adds that the island is not exempted from deficiencies, difficulties and serious limitations, mainly due to the economic commercial and financial blockade imposed by the United States on the island for almost five decades now.

See the full UNICEF report here...


Friday, December 4, 2009

മാവോയിസ്റ്റ് അനുഭാവികളോട്.....

കഴിഞ്ഞ ആഴ്ച ഇവിടെ പ്രകാശ്‌ കാരാട്ട് എഴുതിയ ലേഖനം "മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?" പോസ്റ്റ്‌ ചെയ്തിരുന്നുവല്ലോ (ഇവിടെ വായിക്കാം). മറ്റൊരു പ്രസക്തമായ ലേഖനം കൂടി വായിക്കാം:

മാവോയിസ്റ്റ് അനുഭാവികളോട്.....

പ്രസേന്‍ജിത് ബോസ്

പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ അവരുടെ അക്രമപ്രവര്‍ത്തനങ്ങളും വിഘടന പ്രവര്‍ത്തനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പംതന്നെ ബുദ്ധിജീവികളില്‍ ഒരു വിഭാഗം അവരോട് പരസ്യമായി അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകളോടുള്ള ഈ ബുദ്ധിജീവികളുടെ സഹതാപപ്രകടനം, പലപ്പോഴും സംസ്ഥാന ഗവണ്‍മെന്റിനെതിരായ വികാരപ്രകടനമായും സംസ്ഥാനഗവണ്‍മെന്റ് മാവോയിസ്റ്റുകള്‍ക്കെതിരായി നടത്തുന്ന സുരക്ഷാ നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രകടനമായും ആണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ മാവോയിസ്റ്റ്വിരുദ്ധ നീക്കങ്ങളെ സംശയത്തോടുകൂടി വീക്ഷിക്കുന്ന മറ്റ് നിരവധി ബുദ്ധിജീവികളുമുണ്ട്. ഈ ബുദ്ധിജീവികളില്‍നിന്ന് മാവോയിസ്റ്റ് അനുകൂല ബുദ്ധിജീവികളെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകം ഇതാണ്: മാവോയിസ്റ്റുകള്‍ നടത്തുന്ന അരാജകത്വപരമായ അക്രമങ്ങളെയും ക്രൂരമായ കൊലപാതകങ്ങളെയും അപലപിക്കാന്‍ മാവോയിസ്റ്റ് അനുകൂല ബുദ്ധിജീവികള്‍ ഒട്ടുംതന്നെ തയ്യാറല്ല.

മാവോയിസ്റ്റുകളുടെ പൊളിറ്റ്ബ്യൂറോ അംഗവും കിഷന്‍ജി എന്നപേരില്‍ അറിയപ്പെടുന്ന ആളുമായ കോടേശ്വര്‍ റാവുവിന്റെ ഒരു അഭിമുഖം 2009 ഒക്ടോബര്‍ 4ന് ആനന്ദബസാര്‍ പത്രികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി കേന്ദ്ര റെയില്‍വെമന്ത്രി മമതാബാനര്‍ജി ആയിരിക്കണം എന്നതാണ് തങ്ങളുടെ ആഗ്രഹം എന്ന് അതില്‍ കിഷന്‍ജി പ്രസ്താവിക്കുന്നു. മാവോയിസ്റ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കുന്ന പിന്‍തുണയെ അദ്ദേഹം ന്യായീകരിക്കുന്നുമുണ്ട്. വര്‍ഗതാല്‍പര്യങ്ങള്‍ക്ക് അതീതമായി നിന്നുകൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനുള്ള കഴിവ് മമതാ ബാനര്‍ജിക്കുണ്ടത്രേ. ഇത്തവണ അവതരിപ്പിക്കപ്പെട്ട റെയില്‍വെ ബജറ്റില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മറവില്‍ സ്വകാര്യ കുത്തകകള്‍ക്ക് റെയില്‍വെയുടെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് വാതില്‍ തുറന്നിട്ടുകൊടുത്ത മമതാ ബാനര്‍ജിയുടെ നടപടിയെപ്പറ്റി മാവോയിസ്റ്റുകള്‍ക്ക് എന്താണാവോ പറയാനുള്ളത്. നിര്‍ദ്ദിഷ്ട റെയില്‍വെ ചരക്കുകടത്ത് ഇടനാഴിക്കുവേണ്ടി ബീഹാറിലും യുപിയിലും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അതിനെക്കുറിച്ച് കിഷന്‍ജിക്കും മറ്റ് മാവോയിസ്റ്റുകള്‍ക്കും എന്താണ് പറയാനുള്ളത്? റെയില്‍വെയുടെ വികസനത്തിനുവേണ്ടി രൂപീകരിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായി ഫിക്കിയുടെ ജനറല്‍സെക്രട്ടറിയായ അമിത് മിത്രയെയാണ് മമതാബാനര്‍ജി നിയമിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഭരണം നടത്തുന്ന 'കോമ്പ്രദേര്‍-ബ്യൂറോക്രാറ്റിക് ബൂര്‍ഷ്വാസിയുടെ (അങ്ങനെയുണ്ടല്ലോ മാവോയിസ്റ്റുകള്‍ വിലയിരുത്തുന്നത്) ഭാഗമല്ല അമിത്മിത്ര എന്നാണോ കിഷന്‍ജി പറയുന്നത്? ആഗസ്റ്റ് 22ന് കൊല്‍ക്കത്തയില്‍വെച്ച് കോര്‍പറേറ്റ് ഭീമന്മാരുമായി മമതാബാനര്‍ജി നടത്തിയ ആശയവിനിമയത്തെപ്പറ്റി മാവോയിസ്റ്റുകള്‍ക്ക് എന്താണ് പറയാനുള്ളത്?

മാവോയിസ്റ്റുകളുടെ ഈ കടുത്ത അവസരവാദം, അവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കങ്കാണികളാക്കി മാറ്റിയിരിക്കുന്നു. കപട വിപ്ളവ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പശ്ചിമബംഗാളിലെ സിപിഐ (എം) കാഡര്‍മാരെ കൂട്ടക്കൊലചെയ്യുന്നതിലേക്ക് അതവരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. 2009 മാര്‍ച്ചിനുശേഷം സംസ്ഥാനത്തൊട്ടാകെ 130ല്‍പരം സിപിഐ (എം) പ്രവര്‍ത്തകരെയാണ് ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അങ്ങനെ കൊല്ലപ്പെട്ടവരില്‍ പകുതിയില്‍ അധികവും പടിഞ്ഞാറന്‍ മേദിനിപ്പൂരിലെ പ്രവര്‍ത്തകരാണുതാനും. ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ മഹാ ഭൂരിഭാഗവും ദളിതരും ആദിവാസികളുമായ കര്‍ഷകത്തൊഴിലാളികളും ദരിദ്രകൃഷിക്കാരുമാണ്. ഇത്തരം കൂട്ടക്കൊലകളെ'' വര്‍ഗശത്രുക്കളുടെ ഉന്മൂലനം'' എന്നുപറഞ്ഞാണ് മാവോയിസ്റ്റ് അനുഭാവികള്‍ ന്യായീകരിക്കുന്നത്. സിപിഐ (എം) നെതിരായി ലാല്‍ഗഢില്‍ നടക്കുന്ന മാവോയിസ്റ്റ് അക്രമങ്ങളെ 'നക്സല്‍ബാരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്'' എന്നുപറഞ്ഞാണ് അവര്‍ ആഘോഷിക്കുന്നത്. ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സഹായവും പ്രോത്സാഹനവും ലഭിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആകട്ടെ, ഇക്കാര്യത്തില്‍ ഇരട്ടമുഖമാണ് കാണിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റ് മാവോയിസ്റ്റുകളുടെ അക്രമങ്ങളെ തടയുന്നില്ല, മാവോയിസ്റ്റുകളെ നിരോധിക്കാന്‍ നടപടി കൈക്കൊള്ളുന്നില്ല എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി ആരോപണം ഉന്നയിക്കുന്നു. സിപിഐ (മാവോയിസ്റ്റ്) കക്ഷിയെ കേന്ദ്രഗവണ്‍മെന്റ് നിരോധിക്കുകയും കേന്ദ്ര സേനയുടെ സഹായത്തോടെ സംസ്ഥാന ഗവണ്‍മെന്റ് മാവോയിസ്റ്റുകള്‍ക്കെതിരായി സംയുക്ത നീക്കം ആരംഭിക്കുകയും ചെയ്തപ്പോള്‍, മാവോയിസ്റ്റ് അനുകൂലികള്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനനയത്തിനെതിരായി കോലാഹലം ഉയര്‍ത്തുകയായി. തൃണമൂല്‍ കോണ്‍ഗ്രസ് ആകട്ടെ അവരുടെ നിലപാടില്‍നിന്ന് മാറി. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളെ എതിര്‍ക്കാന്‍ തുടങ്ങി; കേന്ദ്രസേനയെ ലാല്‍ഗഢില്‍നിന്ന് പിന്‍വലിക്കണം എന്നായി അവരുടെ ആവശ്യം.

"പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയകമ്മിറ്റി''യുടെ നേതാവായ ഛത്രധര്‍ മഹാതോയെ 2009 സെപ്തംബര്‍ അവസാനം പൊലീസ് അറസ്റ്റ്ചെയ്തു. കൊലയും കൊലപാതകശ്രമവും കൊള്ളയും പൊലീസ് ഔട്ട്പോസ്റ്റുകള്‍ തകര്‍ക്കലും സര്‍ക്കാരിനെതിരായ യുദ്ധനീക്കവും എല്ലാം അയാള്‍ക്കെതിരായ ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനൊക്കെ തെളിവുകളുമുണ്ട്. ഛത്രധര്‍ മഹാതോ മുമ്പ് തൃണമൂല്‍ പ്രവര്‍ത്തകനായിരുന്നു. അയാളുടെ സഹോദരന്‍ ശശാധര്‍മഹാതോ മാവോയിസ്റ്റ് സായുധ സേനാ നേതാവാണ്. നിരവധി കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നടത്തിയ മഹാതോയെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയുടെ കാപട്യത്തിന് മറ്റ് തെളിവുവല്ലതും വേണോ? ജനകീയകമ്മറ്റിയും മാവോയിസ്റ്റുകളും ലാല്‍ഗഢില്‍ നടത്തിയ അതിക്രമങ്ങള്‍ കുപ്രസിദ്ധമാണല്ലോ. 2008 നവംബറിനുശേഷം ഈ മേഖലയില്‍ മാത്രം 80ല്‍പരം ആളുകളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. മമതാബാനര്‍ജി അടക്കം നിരവധി തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ലാല്‍ഗഢില്‍ എത്തി ഛത്രധര്‍ മഹാതോയ്ക്ക് സഹായവും സഹകരണവും വാഗ്ദാനംചെയ്യുകയുണ്ടായി.

മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം, മാവോയിസ്റ്റുകള്‍ക്ക് ഫണ്ട് ലഭിക്കുന്ന മാര്‍ഗം, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഛത്രധര്‍ മഹാതോയില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് മാവോയിസ്റ്റുകളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. അവര്‍ പുതിയ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചു. സംഘ് റെയില്‍ പൊലീസ്സ്റ്റേഷനിലെ പൊലീസ് ഓഫീസറെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ വിട്ടുതരണമെങ്കില്‍ അറസ്റ്റ്ചെയ്യപ്പെട്ട ചില സുഹൃത്തുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമ്മര്‍ദതന്ത്രംകൊണ്ട് അവര്‍ കാര്യം നേടുകയും ചെയ്തു. പിന്നെ ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് ഒക്ടോബര്‍ 27ന് തടഞ്ഞുനിര്‍ത്തി. ഛത്രധര്‍ മഹാതോയെ വിടണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

കളി കൈവിട്ടുപോകുന്നുവെന്നു കണ്ടപ്പോള്‍ മമതാബാനര്‍ജി ഒരു കള്ള ആരോപണവുമായി രംഗത്തെത്തി. റെയില്‍വെ മന്ത്രിയെ അവമതിപ്പെടുത്താനായി സിപിഐ (എം) ഉം മാവോയിസ്റ്റുകളും ഒത്തുചേര്‍ന്ന് രാജധാനി എക്സ്പ്രസ് തടഞ്ഞിട്ടതാണത്രേ! ഇങ്ങനെ പോയാല്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും സിപിഐ (എം) ന്റെതന്നെ ഗൂഢാലോചനമൂലമാണെന്ന് മമത നാളെ പറയാന്‍ മടിക്കുകയില്ല.

പശ്ചിമബംഗാളിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള കോലാഹലം തനി കള്ളക്കഥയാണ്. നേരെമറിച്ച് ലാല്‍ഗഢിലെ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം തികച്ചും ജനാധിപത്യപരമായ സമീപനമാണ് സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. 2008 നവംബറില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ വധശ്രമത്തെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ ചില ആദിവാസികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നുവന്നു. അതിന്റെ പേരില്‍ പ്രക്ഷോഭം നടത്താന്‍ തുനിഞ്ഞവരുമായി അധികൃതര്‍ ചര്‍ച്ചനടത്തി. ബന്ധപ്പെട്ട ചില പൊലീസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി. അറസ്റ്റ്ചെയ്യപ്പെട്ടിരുന്ന ചിലരെ വിട്ടയക്കുകയും ചെയ്തു. അതിനുശേഷം സംസ്ഥാന പൊലീസോ കേന്ദ്രസേനാംഗങ്ങളോ അതിക്രമം കാണിച്ചതായ ഒരൊറ്റ ആരോപണവും ഉയര്‍ന്നുവന്നിട്ടില്ല. അതേ അവസരത്തില്‍ മാവോയിസ്റ്റുകള്‍ അവരുടെ കൊലവിളി തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുതാനും. കൊള്ളയും കൊലയും നടത്തുന്നവരെ അറസ്റ്റുചെയ്യുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? മാവോയിസ്റ്റുകളും ഛത്രധര്‍ മഹാതോയും തമ്മിലുള്ളബന്ധം കെട്ടുകഥയാണോ? എങ്കില്‍പ്പിന്നെ കോടതി അയാളെ റിമാണ്ട്ചെയ്തത് എന്തുകൊണ്ടാണ്? എന്തായാലും അയാളെ രഹസ്യമുറിയില്‍ വെച്ചല്ല വിചാരണചെയ്യുന്നത്. അയാളെ പ്രോസിക്യൂട്ട്ചെയ്യാന്‍ പാടില്ലെന്നുണ്ടോ? അയാളെ വിട്ടയച്ചാല്‍ അയാള്‍ വീണ്ടും സിപിഐ (എം) കാഡര്‍മാര്‍ക്കുനേരെയുള്ള കൊലയും കൊള്ളയും തുടരുകയില്ലേ?

ഇത്തരം സംഭവങ്ങളില്‍ തങ്ങളെടുക്കുന്ന നിലപാടിനെക്കുറിച്ച് പശ്ചിമബംഗാളിലെ മാവോയിസ്റ്റ് അനുഭാവികള്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു. സിപിഐ (എം) നോടുള്ള അവരുടെ അന്ധമായ വിരോധം കാരണം, പാവങ്ങളായ സിപിഐ (എം) കാഡര്‍മാരെ മാവോയിസ്റ്റുകള്‍ കൊല്ലുന്നതിനെപ്പോലും അവര്‍ ന്യായീകരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതാ ബാനര്‍ജിയെയും പിന്‍തുണയ്ക്കുന്നതില്‍ അവര്‍ക്കൊരു കുറ്റബോധവും തോന്നുന്നില്ല. മമതാബാനര്‍ജിക്ക് അധികാരം മാത്രമേ വേണ്ടൂ-കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനത്തിലും അത് നേടണം. വലതുപക്ഷ-ജനാധിപത്യ വിരുദ്ധ ശക്തികളുടെ കയ്യില്‍ ചട്ടുകമായി കളിക്കുകയാണ് മാവോയിസ്റ്റുകള്‍ എന്ന് അന്തിമ വിശകലനത്തില്‍ കാണാം. ലാല്‍ഗഢിലെ ആദിവാസികള്‍ക്ക് സമാധാനവും നീതിയും ലഭിക്കണം; സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉണ്ടാവണം. മാവോയിസ്റ്റുകള്‍ തങ്ങളുടെ തീക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് കൈവരിക്കാന്‍ കഴിയില്ല.

പശ്ചിമബംഗാളില്‍നിന്ന് വളരെ ദൂരെ ദല്‍ഹിയിലിരുന്ന് ചില മാവോയിസ്റ്റ് അനുഭാവികള്‍ കോലാഹലമുണ്ടാക്കുന്നുണ്ട്. അവരില്‍ പ്രധാനി അരുന്ധതിറോയ് ആണ്. "സമ്പന്നരുടെ സൈന്യം'' അതായത് കേന്ദ്ര ഗവണ്‍മെന്റിന്റെ സുരക്ഷാസൈന്യം "ദരിദ്രരുടെ സൈന്യ''ത്തെ അതായത് മാവോയിസ്റ്റുകളെ കടന്നാക്രമിക്കുകയാണ് എന്നാണ്, അവര്‍ ഈയിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത്. "സ്വതന്ത്ര വിപണി ജനാധിപത്യം'' ദരിദ്രര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അത്തരം അനീതികള്‍ക്കെതിരായ സമാധാനപരമായ പ്രതിഷേധപ്രകടനങ്ങളെ സര്‍ക്കാര്‍ ബോധപൂര്‍വം അവഗണിക്കുകയാണെന്നും ആണ് അരുന്ധതിറോയിയുടെ ആരോപണം. ആദിവാസികള്‍ക്കുമുന്നില്‍ മറ്റെന്തുമാര്‍ഗമാണുള്ളത്? സ്വയരക്ഷയ്ക്ക് ആയുധമെടുക്കുകയല്ലാതെ - അവര്‍ ചോദിക്കുന്നു. സായുധമായ ആക്രമണം അവസാനിപ്പിക്കാനും മാവോയിസ്റ്റുകളുമായി നിരുപാധികം ചര്‍ച്ചനടത്താനും അരുന്ധതിറോയ് ആവശ്യപ്പെടുന്നു. ഗവണ്‍മെന്റും ഖനനകമ്പനികളുമായി ഉണ്ടാക്കിയ എല്ലാ എംഒയുകളും (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ്) പരസ്യമാക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. അതാണത്രേ പ്രധാന പ്രശ്നം.

അത്ഭുതംതന്നെ. ഗവണ്‍മെന്റും ഖനിയുടമകളും തമ്മില്‍ അങ്ങനെ എംഒയു ഒപ്പുവെച്ചതിനെപ്പറ്റി മാവോയിസ്റ്റുകള്‍ ഒന്നുംതന്നെ പറയുന്നില്ല. അവര്‍ അങ്ങനെ ഒരു പ്രശ്നമേ ഇതുവരെ ഉന്നയിച്ചിട്ടില്ല; പിന്നെ എവിടെനിന്നാണ് അരുന്ധതിറോയിക്ക് ഈ പ്രശ്നം ലഭിച്ചത്? ആദിവാസികളുടെ പ്രശ്നത്തിന്റെ മൂലകാരണം ഖനനവും അതുമൂലമുള്ള കുടിയിറക്കുമാണെന്നാണോ അരുന്ധതിറോയിയുടെ നിഗമനം? അതാണോ മാവോയിസ്റ്റ് പ്രശ്നത്തിന്റെ മൂലകാരണം?

ഇന്ത്യന്‍ ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗഭരണകൂടം ആദിവാസികളെ നിരന്തരമായി ചൂഷണംചെയ്തുവന്നതാണ് മാവോയിസ്റ്റ് കലാപത്തിന്റെ മൂലകാരണം എന്ന അരുന്ധതിറോയിയുടെ ന്യായീകരണം, ചരിത്രവസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.

ഇന്ത്യയെ "അര്‍ദ്ധ കോളണി''യാക്കി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന "കോമ്പ്രദോര്‍ ബ്യൂറോക്രാറ്റിക് ബൂര്‍ഷ്വാസി''യില്‍നിന്ന് ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിനുള്ള സുദീര്‍ഘസമരത്തിന്റെ ആരംഭം എന്ന നിലയ്ക്കാണ് 1967ല്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചത് എന്നാണ് നക്സലൈറ്റുകാര്‍ പറയുന്നത്. ആ പ്രസ്ഥാനത്തില്‍നിന്നാണ് മാവോയിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടത്. പാര്‍ലമെന്ററി ജനാധിപത്യം വേരുറപ്പിച്ചിട്ടുള്ള ഇന്ത്യയിലെ പരിത:സ്ഥിതിയില്‍ അത്തരമൊരു വിപ്ളവമാര്‍ഗം യോജിച്ചതല്ല എന്നും വൈവിധ്യംനിറഞ്ഞ ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം സെക്ടേറിയന്‍ രാഷ്ട്രീയം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നതിനുമാത്രമേ ഉപകരിക്കൂ എന്നും അത് നിഷ്ഠൂരമായ അക്രമങ്ങളിലേക്കും അരാജകത്വത്തിലേക്കും വഴുതിവീഴും എന്നും അനുഭവങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. ആത്യന്തികമായി നക്സലൈറ്റുകള്‍ അളമുട്ടിനില്‍ക്കുകയാണ്. ഒരു കടല്‍പ്പാലത്തിന്റെ അറ്റത്തെത്തിയ മട്ടിലാണവര്‍. ഇന്ത്യന്‍ സമൂഹത്തേയും രാഷ്ട്ര വ്യവസ്ഥയെയും സംബന്ധിച്ച അവരുടെ നിഗമനം ആശയക്കുഴപ്പംനിറഞ്ഞതും തെറ്റും ആണെന്ന് ദേശീയ-സാര്‍വദേശീയ സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത്തരം തെറ്റായ മാര്‍ഗത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തതുകാരണം നക്സലൈറ്റ് പ്രസ്ഥാനത്തിനകത്ത് 1970കളിലും 1980കളിലും നിരവധി തവണ പിളര്‍പ്പുകളുണ്ടായി.

"വര്‍ഗശത്രുക്കളെ'' വ്യക്തിപരമായി ഉന്മൂലനംചെയ്യുന്ന നയത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകണമോ അതോ ബഹുജന പ്രവര്‍ത്തനങ്ങള്‍ക്കും ജനാധിപത്യ പ്രക്രിയയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മാര്‍ഗത്തിലേക്ക് തിരിയണമോ എന്നതുസംബന്ധിച്ച് നക്സലൈറ്റുകള്‍ക്കിടയില്‍ ചര്‍ച്ചനടന്നിട്ടുണ്ട്. തങ്ങളുടെ സാഹസിക മാര്‍ഗം നിഷ്ഫലമാണെന്നുകണ്ട് സായുധസമരം ഉപേക്ഷിച്ച്, പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ ന്യൂ ഡെമോക്രസി, സിപിഐ (എം എല്‍), സിപിഐ (എം എല്‍) ലിബറേഷന്‍ തുടങ്ങിയ പല നക്സലൈറ്റ് ഗ്രൂപ്പുകളും സന്നദ്ധരായിട്ടുണ്ട്. എന്നാല്‍ സിപിഐ (എം എല്‍) പീപ്പിള്‍സ് വാര്‍ഗ്രൂപ്പ്, എംസിസി തുടങ്ങിയ ചില ഗ്രൂപ്പുകള്‍ തങ്ങളുടെ അക്രമമാര്‍ഗങ്ങള്‍തന്നെ തുടര്‍ന്നുവന്നു. അവരെല്ലാം കൂടി ചേര്‍ന്നിട്ടാണ് 2004ല്‍ സിപിഐ (മാവോയിസ്റ്റ്) ഗ്രൂപ്പ് രൂപംകൊണ്ടത്. സായുധസമരത്തിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയാണ് തങ്ങളുടെ മുഖ്യകടമ എന്ന് സിപിഐ (മാവോയിസ്റ്റ്) ഗ്രൂപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

മാവോയിസ്റ്റുകളുടെ ഈ ചരിത്ര പശ്ചാത്തലത്തെയാണ് അരുന്ധതിറോയിയെപ്പോലുള്ള മാവോയിസ്റ്റ് അനുഭാവികള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്. അതിനുപകരം അവര്‍ മറ്റൊരു കഥ മെനഞ്ഞുണ്ടാക്കുന്നു. ആദിവാസികളെയും മറ്റ് ദരിദ്ര വിഭാഗങ്ങളെയും സ്വതന്ത്ര വിപണി മുതലാളിത്തം ക്രൂരമായി ചൂഷണം ചെയ്യുകയാണ്. അതുമൂലം ജീവനോപാധി നഷ്ടപ്പെട്ട ആദിവാസികള്‍ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താനായി ആയുധം കയ്യിലെടുക്കുകയാണ് എ ന്നാണ് അവരുടെ വിശദീകരണം. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സായുധസേനയുടെ നീക്കത്തെ, ഭരണകൂടവും ആദിവാസികളും തമ്മിലുള്ള ഏറ്റുമുട്ടലായി അവര്‍ ചിത്രീകരിക്കുന്നു. എന്നാല്‍ ഇത് കള്ളക്കഥയാണ്. ആദിവാസികള്‍ക്കുനേരെയുള്ള ചൂഷണത്തിനും അവരുടെ അധ:സ്ഥിതാവസ്ഥയ്ക്കും എതിരായ സമരത്തില്‍ തങ്ങള്‍ എന്തെങ്കിലും സംഭാവന ചെയ്തതായി മാവോയിസ്റ്റുകള്‍ക്ക് അവകാശപ്പെടാനാവില്ല. ആദിവാസികളുടെ നേരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനും അവര്‍ക്ക് ഭൂമി നേടിക്കൊടുക്കുന്നതിനും വനാവകാശം സംരക്ഷിക്കുന്നതിനുംവേണ്ടി സിപിഐ (എം) നേയും സിപിഐ യേയും പോലുള്ള ഇടതുപക്ഷ കക്ഷികളും മറ്റു ചില ആദിവാസി സംഘടനകളും ഈ മേഖലയില്‍ ഏറെ കാലമായി പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സമരങ്ങള്‍ കൊണ്ടുണ്ടായ ഒരു പ്രധാന നേട്ടമാണ് ആദിവാസികളുടെയും മറ്റ് വനവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള വനാവകാശ നിയമം പാസാക്കപ്പെട്ടത്. ഈ സമരത്തിന് മാവോയിസ്റ്റുകള്‍ എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടോ?

ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെട്ടതിനുശേഷം വനവിഭവങ്ങളും ഖനിജവിഭവങ്ങളും യാതൊരു വിവേചനവും കൂടാതെ ചൂഷണം ചെയ്യുന്നതിന് വിദേശ മൂലധനത്തിനും നാടന്‍ കുത്തകകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് യഥേഷ്ടം അനുവാദം നല്‍കിയിരിക്കുകയാണ് - പ്രത്യേകിച്ചും ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍. അതുകാരണം ആദിവാസികള്‍, അവരുടെ ഉള്ള ഭൂമിയില്‍നിന്നും വനങ്ങളില്‍നിന്നും പുറത്താക്കപ്പെടുകയാണ്. ഈ പ്രക്രിയ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഗിരിവര്‍ഗക്കാര്‍ താമസിക്കുന്ന മേഖലകളുടെ സാമൂഹ്യ-സാമ്പത്തിക വികസനം ആകെത്തന്നെ അവഗണിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഈ നയത്തിനെതിരായി ഇടതുപക്ഷ പാര്‍ടികളും ചില ആദിവാസി സംഘടനകളും സമരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഭൂമി പുനര്‍വിതരണം ചെയ്യുന്നതിന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ നിലവിലുള്ള പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ മുന്‍കയ്യെടുത്തിട്ടുണ്ട്. ഇവിടെയൊന്നും മാവോയിസ്റ്റുകളെ സമരത്തിന്റെ ഒപ്പം കണ്ടിട്ടില്ല. റെയില്‍വെ, റോഡ്, വൈദ്യുതി, ടെലികോം, മെഡിക്കല്‍ ടീം തുടങ്ങിയ സൌകര്യങ്ങള്‍ക്കുനേരെയാണ് മാവോയിസ്റ്റുകളുടെ സമരത്തില്‍ അധികവും നടക്കുന്നത്. അവരുടെ വികസനവിരുദ്ധ കാഴ്ചപ്പാട് അതില്‍നിന്ന് വ്യക്തമാകുന്നുണ്ട്.

ആദിവാസികളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിക്കാത്ത മാവോയിസ്റ്റുകള്‍, സൈനിക തന്ത്രപരമായ കാരണങ്ങളാലാണ് ആദിവാസികള്‍ താമസിക്കുന്ന മേഖലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കാരണം അവിടെ ഗവണ്‍മെന്റിന്റെ ഭരണസംവിധാനങ്ങളൊന്നും അധികമുണ്ടാവില്ല. അതുകൊണ്ട് മാവോയിസ്റ്റുകള്‍ക്ക് തങ്ങളുടെ ഗറില്ലായുദ്ധമുറ അവിടെ പ്രയോഗിക്കാം; "വിമോചിത മേഖലകള്‍'' സ്ഥാപിക്കാം. ഗിരിവര്‍ഗക്കാര്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ തങ്ങളുടെ താവളങ്ങള്‍ ഉറപ്പിക്കുക, മറ്റെല്ലാ രാഷ്ട്രീയപാര്‍ടികളെയും ആദിവാസി സംഘടനകളെയും തോക്കുചൂണ്ടി കീഴ്പ്പെടുത്തുക, അല്ലെങ്കില്‍ ഒഴിവാക്കുക, അതുവഴി തങ്ങളുടെ നിയന്ത്രണം ഉറപ്പാക്കുക-ഇതാണ് മാവോയിസ്റ്റുകളുടെ സ്ഥിരംതന്ത്രം. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ അക്രമങ്ങള്‍ക്കും ഭരണകൂടത്തിന്റെ സായുധ നീക്കങ്ങള്‍ക്കും നടുവില്‍ കിടന്ന് നരകിക്കുന്ന ഹതഭാഗ്യരായ ആദിവാസികളുടെ കാര്യം ഓര്‍ക്കുക. ഒറീസ്സയില്‍ വിഎച്ച്പി നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയെ 2008 ആഗസ്റ്റ് മാസത്തില്‍ മാവോയിസ്റ്റുകള്‍ വധിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആദിവാസികളായ ക്രിസ്തുമതക്കാര്‍ക്ക് ബജ്റംഗദളിന്റെ കൊലക്കത്തിക്ക് ഇരയാകേണ്ടിവന്നു. ലക്ഷ്മണാനന്ദ സരസ്വതിയെ വധിച്ച മാവോയിസ്റ്റുകളാകട്ടെ, ആദിവാസികളെ അവരുടെ ദുര്‍വിധിക്ക് വലിച്ചെറിഞ്ഞുകൊടുത്ത്, സ്ഥലംവിടുകയും ചെയ്തു; ആദിവാസികളെ രക്ഷിക്കാന്‍ ഒരൊറ്റ മാവോയിസ്റ്റിനെയും അവിടെ കണ്ടില്ല.

മാവോയിസ്റ്റുകളുടെ നിഷ്ഠൂരമായ അക്രമങ്ങളും അതിന്റെ മറവില്‍ ഭരണകൂടം അഴിച്ചുവിടുന്ന അടിച്ചമര്‍ത്തലും കാരണം അക്രമങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് നട്ടംതിരിയുന്ന ആദിവാസികളെയാണ് ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാം കാണുന്നത്. ഇങ്ങനെ അക്രമം നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ സായുധരായ മാവോയിസ്റ്റുകള്‍ക്ക് തങ്ങളുടെ കൊള്ളയും കൂട്ടക്കൊലയും പിടിച്ചുപറിയും ഗുണ്ടാപ്പിരിവും എല്ലാം നിര്‍വിഘ്നം നടത്താന്‍ കഴിയുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും എതിരായി കപട വിപ്ളവ വാചകമടി നടത്തുന്ന അവര്‍, ചില ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുമായി തങ്ങളുടെ സംരക്ഷണത്തിനും രക്ഷാധികാരത്തിനുംവേണ്ടി അവസരവാദപരമായ കൂട്ടുകെട്ടുകളും ഉണ്ടാക്കുന്നുണ്ട്. വോട്ടിങ് ബഹിഷ്കരിക്കാനുള്ള അവരുടെ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍, അടുത്തപടിയായി, ആര്‍ക്കു വോട്ടുചെയ്യണം എന്ന് അവര്‍ കല്‍പിക്കുകയാണ്. മമതാബാനര്‍ജിയെ മുഖ്യമന്ത്രിയായി കാണണം എന്ന കിഷന്‍ജിയുടെ പ്രസ്താവന അതിന്റെ ഭാഗമാണ്. ബൂത്ത് പിടിച്ചെടുക്കുന്നതിനും തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ കാണിക്കുന്നതിനും വോട്ടര്‍മാര്‍ക്കിടയില്‍ ഭീതിപരത്തുന്നതിനും അവര്‍ മുന്നിലുണ്ട്. ഒരു രാഷ്ട്രീയപാര്‍ടിക്കുവേണ്ടി മറ്റൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തകരെ കൊല്ലാനും അവര്‍ക്ക് മടിയില്ല. ഉദാഹരണത്തിന് 2007 മാര്‍ച്ച്മാസത്തില്‍ ജെഎംഎം ന്റെ എംപിയായ സുനില്‍ മഹാതോയെ ഖട്സിലയില്‍വെച്ച് മാവോയിസ്റ്റുകാര്‍ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ 2003ല്‍ അവര്‍ വധിക്കാന്‍ ശ്രമിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ 2008 നവംബറില്‍ അവര്‍ കുഴിബോംബ് പൊട്ടിച്ച് വധിക്കാന്‍ ശ്രമിച്ചു.

ഒരു ജനാധിപത്യ പ്രസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നവരല്ല മാവോയിസ്റ്റുകള്‍. തങ്ങളുടെ "വിമോചിതമേഖല''കളില്‍ തങ്ങളുടേതല്ലാതെ മറ്റൊരു രാഷ്ട്രീയപാര്‍ടിയുടെയും പ്രവര്‍ത്തനം അവര്‍ അനുവദിക്കുകയുമില്ല. രാഷ്ട്രീയ എതിരാളികളെ പിടിച്ച്, "പൊലീസ് ഒറ്റുകാരന്‍'' എന്ന് മുദ്രകുത്തി, പരസ്യവിചാരണ എന്ന പ്രഹസനം നടത്തി അവര്‍ വധശിക്ഷ വിധിച്ച് നടപ്പാക്കുകയും ചെയ്യുന്നു. അവരുടെ താവളങ്ങളായ വനമേഖലകളില്‍ ഒഴിച്ച് മറ്റുള്ള ഇടങ്ങളിലൊന്നും അവരുടെ സാന്നിധ്യം അധികമില്ല. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായ രാജ്യവ്യാപകമായ സമരങ്ങളിലൊന്നും അവരുടെ സാന്നിദ്ധ്യം ദൃശ്യമല്ല-അത് തൊഴിലാളിവര്‍ഗ പണിമുടക്കുകളായാലുംശരി കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കാര്‍ഷിക സമരങ്ങളായാലും ശരി. ഇരുപതാം നൂറ്റാണ്ടില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍നിന്ന് അവര്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു പാഠവും പഠിച്ചിട്ടില്ല, ക്രമേണ അവര്‍ കൂടുതല്‍ മര്‍ക്കടമുഷ്ടിക്കാരായ വരട്ടുതത്വവാദികളായിട്ടുണ്ടെന്ന് മാത്രം പറയാം. കംബോഡിയയില്‍ പോള്‍പോട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഖെമര്‍ റൂഷിന്റെ വികസന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളതെന്ന് പറയാം. ഈ കൊലപാതക - അരാജകവാദികളെ ആദിവാസികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സമരംചെയ്യുന്ന വിപ്ളവശക്തിയായി കാല്‍പനികമായി ചിത്രീകരിക്കുന്നത് തനി വഞ്ചനയാണ്.

കേന്ദ്ര-സംസ്ഥാന സേനകളുടെ ശക്തികൊണ്ടുമാത്രം മാവോയിസ്റ്റുകളെ നേരിടാന്‍ കഴിയുകയില്ല. അക്രമത്തെ നിയമപരമായിത്തന്നെ നേരിടണം. അതേ അവസരത്തില്‍ത്തന്നെ ആദിവാസികളുടെ പ്രശ്നങ്ങള്‍ സഹാനുഭൂതിയോടെ അടിയന്തിരമായി കൈകാര്യംചെയ്യുകയും വേണം. മാവോയിസ്റ്റുകളെ നേരിടുന്നതിന്റെപേരില്‍ ആദിവാസികളെയോ മറ്റ് പാവങ്ങളെയോ പീഡിപ്പിക്കരുത്. മാവോയിസ്റ്റുകളെ പൂര്‍ണമായും തുറന്നു കാണിക്കണം. മാവോയിസ്റ്റുകളുമായി നിരുപാധികമായ ചര്‍ച്ചനടത്തണം എന്നാവശ്യപ്പെടുന്ന മാവോയിസ്റ്റ് അനുഭാവികളോട് തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ: ഇന്ത്യന്‍ മാവോയിസ്റ്റുകളോട് സായുധ സമരം ഉപേക്ഷിക്കാനും നേപ്പാളിലേയും മറ്റും സഖാക്കളുടെ മാര്‍ഗം പിന്‍തുടരാനും നിങ്ങള്‍ക്ക് ഉപദേശിച്ചുകൂടേ?

Thursday, November 26, 2009

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

പ്രകാശ്‌ കാരാട്ട്

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.