Sunday, March 3, 2013

ചെലവ് ചുരുക്കാന്‍ മാത്രം ഒരു ബജറ്റ്

ആര്‍ രാംകുമാര്‍

2013-14ലെ ബജറ്റിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; ചെലവ് ചുരുക്കുക, ധനക്കമ്മി കുറയ്ക്കുക, അതുവഴി വളര്‍ച്ചാനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് പലിശനിരക്കുകള്‍ കുറപ്പിക്കുക. താരതമ്യത്തിനായി രണ്ടുവര്‍ഷം എടുക്കാം. 2011-12ഉം 2013-14ഉം. 2011-12ല്‍ ധനക്കമ്മി 5.9 ശതമാനമായിരുന്നു. 2013-14ല്‍ ഇത് 4.5 ശതമാനമായി കുറയുമെന്നാണ് അനുമാനം. അതേസമയം, 2011-12ല്‍ മൊത്തം നികുതിവരുമാനം ജിഡിപിയുടെ 10.1 ശതമാനമായി. ഇത് 2013-14ല്‍ 11.1 ആയി മാത്രമേ ഉയരുകയുള്ളൂ. അതിനര്‍ഥം ബജറ്റിന്റെ മൊത്തം തന്ത്രം ചെലവുചുരുക്കല്‍ നിര്‍ബന്ധിതമാക്കുന്നു എന്നതാണ്.

ചെലവു ചുരുക്കല്‍ കഴിഞ്ഞവര്‍ഷം (2012-13 ല്‍) തന്നെ ആരംഭിച്ചു. 2012-13ല്‍ 14.9 ലക്ഷം കോടി രൂപ ചെലവ് ചെയ്യുമെന്നാണ് അന്നത്തെ ബജറ്റില്‍ പറഞ്ഞത്. എന്നാല്‍, ചെലവ് ചെയ്തതോ 14.3 ലക്ഷം കോടി മാത്രം. അതായത് 60,100 കോടി രൂപ കുറവ്. പ്ലാന്‍ ചെലവെടുത്താല്‍ ഇതിലും കഷ്ടമാണ്. 2012-13ല്‍ 5.2 ലക്ഷം കോടി രൂപ ചെലവ് ചെയ്യുമെന്ന് പറഞ്ഞിടത്ത് ചെലവഴിച്ചത് 4.3 ലക്ഷം കോടി മാത്രം, 91,838 കോടി രൂപ കുറവ്. 2013-14 ലെ അടങ്കലിനെ 2012-13ലെ ശരിക്കുള്ള ചെലവുമായി താരതമ്യം ചെയ്താല്‍ 1.3 ലക്ഷം കോടി രൂപ കൂടുതല്‍ വകയിരുത്തിയെന്നു കാണാം. ഇതാണ് ചിദംബരത്തിന്റെ വാദവും. എന്നാല്‍, ഈ കണക്ക് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. 2013-14ലെ അടങ്കലിനെ 2012-13ലെ അടങ്കലുമായി താരതമ്യം ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ പ്ലാന്‍ചെലവ് വര്‍ധിച്ചത് വെറും 34,297 കോടി രൂപ മാത്രം! വിലക്കയറ്റം കണക്കില്‍പ്പെടുത്തിയാല്‍ കുറഞ്ഞിരിക്കുക പോലും ആകാം. കഴിഞ്ഞവര്‍ഷം ചെലവഴിക്കാതിരിക്കുക എന്ന തന്ത്രമാണ് അവലംബിച്ചതെങ്കില്‍, ഇക്കൊല്ലം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് ധനക്കമ്മി കുറയ്ക്കാനുള്ള തന്ത്രം. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത് സബ്സിഡികളൊക്കെ ജിഡിപിയുടെ രണ്ടുശതമാനമായി കുറയ്ക്കുമെന്നാണ്. ഇക്കൊല്ലം പറഞ്ഞത് സബ്സിഡികള്‍ ജിഡിപിയുടെ 1.75 ശതമാനമായി കുറയ്ക്കുമെന്നാണ്. എന്താണ് ഈ ശതമാനക്കണക്കിന്റെ സാമ്പത്തികാടിസ്ഥാനം? ഒരു മേഖലയ്ക്ക് എത്ര സബ്സിഡി വേണമെന്നത് തീരുമാനിക്കുന്നത് വെറുതെ ഒരു ശതമാനക്കണക്കു വച്ചല്ല. മറിച്ച്, ആ മേഖലയ്ക്ക് എത്ര സബ്സിഡി വേണമെന്ന് ശാസ്ത്രീയമായി കണക്കുകൂട്ടിയാകണം. മറിച്ച് ചിന്തിക്കുന്നത് പ്രത്യയശാസ്ത്രപരമായ അന്ധതയാണ്.

ഏതു മേഖലയിലാണ് ഏറ്റവും കൂടുതല്‍ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്? അതും വ്യക്തമായി കുറിച്ചിട്ടുണ്ട്; പെട്രോളിയം. 2012-13ല്‍ പെട്രോളിയം സബ്സിഡി 96,880 കോടി രൂപയായി എങ്കില്‍ 2013-14ല്‍ കണക്കുവച്ചിട്ടുള്ളത് 65,000 കോടി രൂപ മാത്രം. അതായത് 31,880 കോടി രൂപ കുറവ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വില ഇനിയും കൂട്ടാമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചെന്ന് സാരം. ഇതിനുപുറമെയാണ് ആഗോളവിലകളുടെ ചുവടുപിടിച്ച് വില കൂട്ടാനുള്ള തീരുമാനം. രണ്ടുംകൂടി ചേര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലകള്‍ ഇനിയും കുതിച്ചുയരും. ഈ പ്രഖ്യാപനം പണപ്പെരുപ്പനിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക കാലാവസ്ഥയിലാണെന്നത് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നതേയില്ല. അതുപോലെയാണ് ഭക്ഷ്യസുരക്ഷാ ബില്ലിന് 10,000 കോടി മാത്രം നീക്കിവച്ച തീരുമാനം. ബില്‍ നടപ്പില്‍ വന്നാല്‍ ഇതിലും കൂടുതല്‍ ചെലവ് വരുമെന്ന് വ്യക്തമാണ്. ആ പൈസ എവിടെ നിന്നു വരും? സബ്സിഡി കുറയ്ക്കുന്നതിനോടൊപ്പം പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊക്കെ ചെലവിന്റെ വളര്‍ച്ചാനിരക്ക് കുറയുകയും ചെയ്യുന്നുണ്ട്. "ഇക്കണോമിക് സര്‍വീസസ്" എന്ന മേഖലയെടുത്താല്‍ ചെലവിന്റെ വളര്‍ച്ചാനിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 6.8 ആയി കുറഞ്ഞതായി കാണാം. കൃഷിയും അനുബന്ധമേഖലയും എടുത്താല്‍, ചെലവിന്റെ വളര്‍ച്ചാനിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി കുറഞ്ഞു. കൃഷിയിലെ മൂലധന മുതല്‍മുടക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യം മുഴുവനും വന്‍വരള്‍ച്ചയെ നേരിടാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. എന്നിട്ടും ജലസേചനത്തിന് വകയിരുത്തിയത് 698 കോടി രൂപ മാത്രം. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. അവിടെയാണ് ചെലവ് ചുരുക്കലിന്റെ ഒരു മുഖം തുറന്നത്.

2012-13ല്‍ പദ്ധതിക്ക് ബജറ്റില്‍ നീക്കിവച്ചത് 33,000 കോടി രൂപയായിരുന്നു. ഗ്രാമങ്ങളിലെ ധനികകര്‍ഷകരുടെയും ഭൂസ്വാമിമാരുടെയും കടുത്ത എതിര്‍പ്പും സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും കാരണം പദ്ധതിനിര്‍വഹണം ആശയക്കുഴപ്പത്തിലാണ്. 2012-13ല്‍ പദ്ധതിക്കായി യഥാര്‍ഥത്തില്‍ ചെലവായത് 29,387 കോടി രൂപ മാത്രമാണ്. അതായത് വകയിരുത്തിയതില്‍ നിന്ന് 4000 കോടി രൂപ കുറവ്. ഈ ബജറ്റിലും മുപ്പത്തി മൂവായിരം കോടി നീക്കിവച്ചു. എന്നിട്ട് ഇത് കഴിഞ്ഞവര്‍ഷത്തെ യഥാര്‍ഥ തുകയേക്കാള്‍ കൂടുതലാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഉറപ്പിച്ചുപറയാം, തൊഴിലുറപ്പു പദ്ധതിക്കായി ഒരു പൈസ കൂടുതല്‍ നീക്കിവയ്ക്കാത്തത് ഈ സുപ്രധാന പദ്ധതി വിജയകരമായി നടത്തുന്നതിനുള്ള സര്‍ക്കാരിന്റെ പരിപൂര്‍ണ പരാജയവും താല്‍പ്പര്യക്കുറവുമാണ് തെളിയിക്കുന്നത്. ചെലവ് വലിയതോതില്‍ കഴിഞ്ഞവര്‍ഷം ചുരുക്കിയെന്ന് പറഞ്ഞല്ലോ. എന്നാല്‍, അത് കോര്‍പറേറ്റ് നികുതിയിളവ് കൂടുതലായി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കിയില്ല. 2011-12ല്‍ കോര്‍പറേറ്റ് നികുതിദായകരില്‍ നിന്നുള്ള കിട്ടാപ്പണം 61,756 കോടിയായിരുന്നു. അടുത്തവര്‍ഷം അത് 68,008 കോടിയായി വര്‍ധിച്ചു. പത്തു ശതമാനം വര്‍ധന. എന്നാല്‍, 2011-12ല്‍ മൊത്തം നികുതിയിലെ പിരിഞ്ഞുകിട്ടാത്ത തുക 5.33 ലക്ഷം കോടി രൂപയായിരുന്നു. അടുത്തവര്‍ഷം അത് 5.73 കോടിയായി. ഏഴുശതമാനം വര്‍ധന. കോര്‍പറേറ്റുകളില്‍ നിന്നുള്ള കിട്ടാനികുതി ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഉയര്‍ന്നതെന്ന് കാണാം. ബജറ്റ് രേഖയില്‍തന്നെ പിരിഞ്ഞുകിട്ടാത്ത പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനത്തിന്റെ തോത് വര്‍ധിച്ചുവരികയാണെന്ന് സമ്മതിക്കുന്നു. കോര്‍പറേറ്റുകളില്‍ നിന്ന് നികുതി പിരിക്കാതെ വിടുന്നതില്‍ ഒരു വൈക്ലബ്യവും തോന്നാത്ത സര്‍ക്കാര്‍ പാവപ്പെട്ടവന്റെ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന് പരിധിവിട്ട് ശ്രമിക്കുന്നു. സാമൂഹ്യചെലവുകളില്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കല്‍ വരുത്തുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലോകത്താകെ ജനങ്ങള്‍ രോഷത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.

ഒരു ഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വികസ്വര രാജ്യങ്ങളോട് ഉപദേശിച്ചത് കമ്മി കുറയ്ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പ്രതിസന്ധിഘട്ടം വന്നപ്പോള്‍ അവര്‍ തന്നെ എല്ലാ ചട്ടവും ലംഘിച്ച് ബജറ്റ് കമ്മികള്‍ ഉയര്‍ത്തി. എന്നാല്‍, കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ ശക്തമായ സമരങ്ങളിലേക്ക് നയിച്ചു. ആ സമരങ്ങള്‍ ശക്തരായ പല ഭരണാധികാരികളെയും സ്ഥാനഭ്രഷ്ടരാക്കി. കമ്മി കുറയ്ക്കല്‍ വരുമാനത്തില്‍ അധിഷ്ഠിതമാകണമെന്നും അല്ലാതെ ചെലവ് കുറച്ചുകൊണ്ടല്ല വേണ്ടതെന്നുമുള്ള യാഥാര്‍ഥ്യബോധം പതുക്കെ എല്ലാവരിലും എത്തുകയാണ്. എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റ് ലോകത്താകെയുള്ള ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. അവര്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പ്പര്യവുമില്ല. ഇതിന് 2014ല്‍ ജനങ്ങള്‍ മറുപടി പറയുമോ? പറയുമെന്നാണ് എല്ലാ സൂചനയും.

2 comments:

  1. Hey Ram,,

    Just wanted to let you know that there are a lot of political discussions happening at http://www.reddit.com/r/india/, a discussion forum. It would be great if you could join them during your leisure time.

    ReplyDelete
  2. Swami has written an excellent article on it: http://swaminomics.org/tax-exemptions-its-not-just-the-fat-cats-who-benefit/

    What do you say about this?

    ReplyDelete