Friday, June 5, 2009

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും

പിണറായി വിജയന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് കേരളത്തിലുണ്ടായത്. യുഡിഎഫിന് 16 ലോക്സഭാ സീറ്റുലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് നാല് സീറ്റാണ്. ഈ അവസരത്തെ ഉപയോഗപ്പെടുത്തി എല്ലാവിധ കമ്യൂണിസ്റ് വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫിന് എതിരെയും വമ്പിച്ച പ്രചാരവേലകള്‍ നടത്തുന്ന അവസരംകൂടിയാണ് ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിതന്നെ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നും അതിന് ജനപിന്തുണ ഏറെക്കുറെ നഷ്ടമായിരിക്കുന്നു എന്നും ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍തൊട്ട് അഭിനവ ഇടതുപക്ഷക്കാരും ഇത്തരം പ്രചാരവേലയ്ക്ക് കൊഴുപ്പ് കൂട്ടുന്നു. അതിനായി മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാതത്വങ്ങളെ വരെ ഉദ്ധരിച്ചുള്ള പ്രചാരവേലകളും തുടങ്ങിയിട്ടുണ്ട്.

ഇത്തരം വിലയിരുത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയചരിത്രം ഗൌരവമായി പഠിക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 സീറ്റ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 100 സീറ്റുകിട്ടി. ഈ ഫലത്തെത്തുടര്‍ന്ന് കമ്യൂണിസ്റ് വിരുദ്ധരെല്ലാം അന്ന് വിശദമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അവ പൊതുവില്‍ എത്തിച്ചേര്‍ന്നത് ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു. കമ്യൂണിസംതന്നെ മരണപ്പെട്ടു എന്ന പ്രഖ്യാപനംതന്നെ നടത്തിയ മാധ്യമങ്ങളുണ്ട്. എന്നാല്‍, ആ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിമര്‍ശനാത്മകമായും സ്വയംവിമര്‍ശനത്തോടും നടത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി. തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ വിജയം ആവര്‍ത്തിക്കുകയുംചെയ്തു. എന്തിനേറെ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പു ഫലങ്ങളുടെ ഈ ചരിത്രം തുടക്കത്തിലേ ഓര്‍മിപ്പിക്കുന്നത്, എല്‍ഡിഎഫിനുണ്ടായ പരാജയം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും തകര്‍ച്ചയുടെ ഭാഗമാണ് എന്ന് പലരും വ്യാഖ്യാനിച്ച പശ്ചാത്തലത്തിലാണ്. ഇത്തരത്തിലുള്ള നിരവധി തിരിച്ചടികളെ പല ഘട്ടങ്ങളിലും അതിജീവിച്ചാണ് കേരളത്തിലെ പാര്‍ടി മുന്നോട്ടുപോയത് എന്ന് ഓര്‍മിപ്പിക്കാനുമാണത്്. അതല്ലാതെ ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഗൌരവതരമായ ഒന്നല്ല എന്ന് വിലയിരുത്താനല്ല. വിവിധ ഘട്ടങ്ങളിലുണ്ടായ ഇത്തരം തിരിച്ചടികളെ മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാരീതിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തിരുത്തി മുന്നോട്ടുപോയ അനുഭവത്തെ ഓര്‍മിപ്പിക്കാനുംകൂടിയാണ്.

പാര്‍ടി സംസ്ഥാന കമ്മിറ്റി മെയ് 26, 27, 28 തീയതികളില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യുകയും തെരഞ്ഞെടുപ്പ് റിവ്യൂ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധന ബൂത്തുതലം വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ സിപിഐ എമ്മിന് 27 സീറ്റു നഷ്ടപ്പെടുകയും വോട്ട് ശതമാനം 0.3 ശതമാനം കുറയുകയുമാണ് ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ കോഗ്രസിന് രണ്ടുശതമാനം വോട്ട് മാത്രമാണ് വര്‍ധിച്ചതെങ്കിലും സീറ്റിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടന്നത് എന്നതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു. ബിജെപിക്കും കോഗ്രസിനും ബദലായി മൂന്നാംമുന്നണി എന്ന ശരിയായ നമ്മുടെ മുദ്രാവാക്യം വിജയിച്ചില്ല. ഇത് യാഥാര്‍ഥ്യമാകുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും മതേതര കാഴ്ചപ്പാടുള്ള മറ്റു ചിലരും കോഗ്രസിനെ സഹായിച്ചു. ബിജെപി അധികാരത്തില്‍ വരുമെന്ന തോന്നലും ഇത്തരമൊരു നിലപാടെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മൂന്നാംമുന്നണിയുടെ രൂപീകരണം മതേതരശക്തികളെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയുന്നതിന് സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ദേശീയ പ്രവണതകളെ കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ടിയുടെ പിബിയും കേന്ദ്രകമ്മിറ്റിയും യോഗം ചേരാന്‍ പോവുകയാണ്. എന്തായാലും ഇത്തരത്തിലുള്ള ദേശീയ പ്രവണതകളും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്. ചരിത്രപരമായി പരിശോധിച്ചാല്‍ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സ്വാധീനം നന്നായി ഉണ്ടായിട്ടുണ്ടെന്ന് കാണാവുന്നതുമാണ്.

എന്നാല്‍, ഇത്തരം ദേശീയപ്രവണതകളാണ് കേരളത്തിലെ ഫലത്തെ നിര്‍ണായകമായി സ്വാധീനിച്ചത് എന്ന് വിലയിരുത്തുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മറിച്ച്, സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഒരു ്രപധാന പങ്ക് വഹിച്ചത് എന്ന് വ്യക്തമാണ്. പ്രതികൂലമായ സാഹചര്യത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ചില ജനവിഭാഗങ്ങള്‍ മുന്നണിയില്‍നിന്ന് അകന്നിരുന്നു. പല വിവാദങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതും മുന്നണിയുടെ യശ്ശസ്സിനെ ബാധിച്ചു. ഈ പ്രശ്നം തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുന്ന ഘട്ടത്തില്‍ത്തന്നെ സിപിഐ എം വിലയിരുത്തിയിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് വിപുലമായ രാഷ്ട്രീയപ്രചാരണം ലക്ഷ്യംവച്ച് നവകേരള മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പുതിയൊരു ആത്മവിശ്വാസം ഉണ്ടാക്കുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇത്തരം പരിശ്രമങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. മാത്രമല്ല, ക്യാമ്പയിന്‍വേളയില്‍ തെരഞ്ഞെടുപ്പില്‍ വരാന്‍പോകുന്ന തിരിച്ചടിയുടെ പ്രവണതകള്‍ വിലയിരുത്താന്‍ കഴിഞ്ഞില്ലെന്ന ഗൌരവതരമായ ദൌര്‍ബല്യവും ഈ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായി. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നത് ഗൌരവതരമായ പരിശോധനയ്ക്ക് ബൂത്തുതലംവരെ വിധേയമാക്കേണ്ടതുണ്ട്.

പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46.08 ശതമാനം വോട്ടായിരുന്നു കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ചത്. എന്നാല്‍, ഇപ്രാവശ്യം അത് 41.89 ശതമാനമായി താഴ്ന്നു. 1999-ല്‍ എല്‍ഡിഎഫിന് 43.68 ശതമാനമാണ് ലഭിച്ചത്. വലിയ പരാജയം സംഭവിച്ചെങ്കിലും ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ തകരുക എന്ന സ്ഥിതിവിശേഷം കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദൌര്‍ബല്യങ്ങള്‍ തിരുത്തിയാല്‍ ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് ആര്‍ജിക്കാനാവും എന്ന കാര്യവും ഇത് വ്യക്തമാക്കുന്നുണ്ട്. മുന്‍കാല അനുഭവങ്ങള്‍ ഈ നിഗമനത്തെ ശരിവയ്ക്കുന്നതുമാണ്.

തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ മുന്നണിയില്‍ ഉണ്ടായ ചില തര്‍ക്കങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പൊന്നാനി സീറ്റിനെ സംബന്ധിച്ച് സിപിഐയുമായുള്ള തര്‍ക്കം പരിഹരിക്കാനായി. തിരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടത്തില്‍ 16 ദിവസത്തെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന നിലയുണ്ടായി. ചിലയിടങ്ങളില്‍ മുന്നണിയുടെ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായ നടപടികളും പ്രകോപനവുമുണ്ടായി.

ജനതാദളിലെ ഒരു വിഭാഗം എല്‍ഡിഎഫിനെതിരായി യുഡിഎഫിനോടൊപ്പം അണിനിരക്കുന്ന നിലയാണ് ഉണ്ടായത്. മണ്ഡലവിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട് സീറ്റില്‍ മത്സരിക്കണമെന്ന് ജനതാദളിനോട് അഭ്യര്‍ഥിച്ചത്. ഇനി ഏതെങ്കിലും കാരണവശാല്‍ അതില്‍ പരാജയമുണ്ടായാല്‍ പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശവും പാര്‍ടി മുന്നോട്ടുവയ്ക്കുകയുണ്ടായി. എന്നാല്‍, യുഡിഎഫുമായി ബന്ധം സ്ഥാപിക്കാന്‍ വെമ്പല്‍കൊണ്ട ജനതാദളിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പു ഘട്ടത്തില്‍ യുഡിഎഫിന്റെ ഏജന്റുമാരെപ്പോലെ പെരുമാറുന്ന നിലയാണുണ്ടായത്. ജനതാദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൌഡ, ജനതാദള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും യുഡിഎഫിനെതിരാണെന്നും പരസ്യ നിലപാട് എടുക്കുകയുണ്ടായി. അഖിലേന്ത്യാ നേതൃത്വം ഇത്തരമൊരു നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും യുഡിഎഫുമായി ബന്ധം സ്ഥാപിക്കാനാണ് ജനതാദളിലെ ഒരു വിഭാഗം വെമ്പല്‍കൊണ്ടത്. ഇത് വ്യക്തമാക്കുന്നത് അത്തരം വിഭാഗത്തിന് എല്‍ഡിഎഫ് വിട്ടുപോകാനുള്ള വ്യഗ്രത എത്രത്തോളമായിരുന്നു എന്നാണ്. ഈ സംഭവങ്ങളെല്ലാം മുന്നണിയുടെ പ്രതിച്ഛായക്ക് പൊതുവില്‍ മങ്ങലേല്‍പ്പിക്കുന്ന നിലയാണുണ്ടാക്കിയത്.

സ്വാശ്രയകോളേജുകളില്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തി മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. പാവപ്പെട്ടവര്‍ക്ക് പഠനാവകാശം ഉറപ്പുവരുത്താന്‍വേണ്ടി നടത്തിയ ഈ നടപടിക്കെതിരെ ശക്തമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട് സ്ഥാപിതതാല്‍പ്പര്യത്തോടെ ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ വലിയ വിവാദമുണ്ടാക്കി. ഈ വിവാദത്തെ കമ്യൂണിസ്റ് വിരുദ്ധ ശക്തികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. പല സാമുദായിക ശക്തികളും ഇതിന്റെ അടിസ്ഥാനത്തില്‍ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി സ്വീകരിച്ചു. യഥാര്‍ഥത്തില്‍ തെറ്റായ ആശങ്ക പ്രചരിപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്. "കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമേറ്റശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ കേരളം ജനാധിപത്യപാത വെടിഞ്ഞ് കമ്യൂണിസ്റ് ഏകാധിപത്യത്തിലേക്കും കമ്യൂണിസ്റ് തുടര്‍ഭരണത്തിലേക്കും നീങ്ങുന്നതായി തോന്നുന്നു'' എന്ന പ്രചാരണംതന്നെ ഇവിടെ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയുടെ നിലപാടുകള്‍ക്കെതിരായിത്തന്നെ പ്രചാരണം ഉയര്‍ന്നു. "മാര്‍ക്സിസ്റ് പാര്‍ടിയുടെ മതേതര സങ്കല്‍പ്പം തികച്ചും വികലമാണ്. മതനിരാസം അഥവാ മതനിഷേധമാണ് അവരുടെ മതേതരത്വം'' എന്നടക്കം പ്രചരപ്പിച്ചു. ഒറീസയിലെ ക്രൈസ്തവ മതവിശ്വാസികള്‍ അവരുടെ ആഴ്ചപ്രാര്‍ഥനതന്നെ പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍വച്ച് നടത്തുന്നെന്ന കാര്യം പുറത്തുവന്ന ഘട്ടത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയത് എന്നോര്‍ക്കണം. ഇത്തരത്തില്‍ തെറ്റായ പ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍തന്നെ ഉണ്ടായി എന്നതാണ് വസ്തുത.

ഇതിന്റെയെല്ലാം ഫലമായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് വിരോധപരമായ നിലപാട് സ്വീകരിച്ചു. റോമന്‍ കത്തോലിക്കാസഭയാവട്ടെ വിമോചനസമരകാലത്തെ തീവ്രതയോടെ എല്‍ഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പില്‍ പങ്കാളിയായി.

സാര്‍വദേശീയതലത്തില്‍ അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് പൊതുവില്‍ വലിയ അടുപ്പമാണ് ഇസ്ളാം മതവിശ്വാസികള്‍ സ്വീകരിച്ചത് എന്നുകാണാം. ഈ വിശ്വാസ്യത യുഡിഎഫില്‍ വലിയതോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചത്. കേരളത്തിലെ ഈ പുതിയ പ്രവണതയെ മനസ്സിലാക്കിയ മുസ്ളിം ലീഗ്, മുസ്ളിം സമുദായത്തില്‍ മാര്‍ക്സിസ്റ് വിരോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുസ്ളിം മതസംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അതിന്റെ ഭാഗമായി ഇവര്‍ സംഘടിപ്പിച്ചത്. മുസ്ളിം സമുദായത്തെയാകെ യുഡിഎഫ് ക്യാമ്പില്‍ അണിനിരത്താമെന്ന വ്യാമോഹം തകരുകയാണുണ്ടായത്. സംസ്ഥാനത്ത് പലേടങ്ങളിലും മുസ്ളിം ജനവിഭാഗത്തിന്റെ വലിയ പിന്തുണയാണ് പാര്‍ടിക്ക് ലഭിച്ചത്. എന്നാല്‍, ചിലയിടങ്ങളില്‍ ഈ സ്ഥിതിവിശേഷത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് നടത്തിയത് ഫലവത്തായിട്ടുണ്ട് എന്നും കാണാനാകും.

എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ വമ്പിച്ച പ്രചാരവേലയാണ് നടന്നതെന്ന് സൂചിപ്പിച്ചല്ലോ. വസ്തുതകള്‍ വളച്ചൊടിച്ചും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് പ്രചാരണം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എല്‍ഡിഎഫിന് പിഡിപി നല്‍കിയ പിന്തുണയെ സംബന്ധിച്ചു നടന്നത്. പിഡിപി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായല്ല എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. എന്നാല്‍, മറ്റു പല തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമാണ് പിഡിപി നിലയുറപ്പിച്ചിരുന്നത്. അതില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്കായി നീക്കിവയ്ക്കുകയുമായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ളൊരു ബന്ധം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നില്ല. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നില്ല. ഏതെങ്കിലുമൊരു വ്യവസ്ഥയുടെ മേലെ പിഡിപി എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ സ്വീകരിക്കുന്ന നിലപാടിനോടുള്ള യോജിപ്പായിരുന്നു ഈ പിന്തുണയ്ക്കാധാരം.

എന്നാല്‍, ഈ പിന്തുണ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫിന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിലാണ് പിഡിപി തീവ്രവാദശക്തിയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ മുമ്പില്ലാത്തവിധം ഉണ്ടായത്. തീവ്രവാദബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ യുഡിഎഫ് സ്വീകരിച്ചത്. ഈ പ്രചാരണങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നിന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരം ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈവെടിയുകയുണ്ടായി.

കേരളത്തില്‍ ആര്‍എസ്എസിന് സമാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ സംഘടനയാണ് ഇത്. ന്യൂനപക്ഷ വര്‍ഗീയവാദം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ പരിശ്രമിക്കുന്നത്. തീവ്രവാദ സംഘടനയായ ഇവരുമായി തുറന്ന സഖ്യത്തിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരുന്നത്. ഭീകരപ്രവര്‍ത്തകരുമായി ബന്ധമുള്ള ഈ സംഘടനയുമായുള്ള യുഡിഎഫിന്റെ ബന്ധം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവര്‍ പിഡിപി വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. പിഡിപി ബന്ധത്തെക്കുറിച്ച് നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിച്ച പല മാധ്യമങ്ങളും എന്‍ഡിഎഫ്-യുഡിഎഫ് സഖ്യത്തെ കാണാന്‍ തയ്യാറായില്ല. എത്ര പക്ഷപാതിത്വപരമായാണ് സ്വതന്ത്രമെന്ന് സ്വയം അവകാശപ്പെടുന്ന പല മാധ്യമങ്ങളും ഇടപെട്ടത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ പ്രചാരണങ്ങള്‍ക്ക് വസ്തുതകളുമായി ബന്ധമില്ലെങ്കിലും ഇതും ജനവിധിയെ സ്വാധീനിച്ചിട്ടുണ്ട്.

കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കാര്‍ഷിക-വ്യാവസായിക മേഖലയിലും സാമൂഹ്യസുരക്ഷാ പരിപാടികളിലും ശ്രദ്ധേയമായ പുരോഗതി ഈ സര്‍ക്കാര്‍ സംഭാവന ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. കേരളത്തിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മുറിച്ചുകടക്കുന്നതിനും ഈ കാലഘട്ടത്തില്‍ സാധ്യമായിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ക്രമസമാധാനപാലനത്തിനും എല്ലാം തികച്ചും മാതൃകാപരമായ ഇടപെടലാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍, സര്‍ക്കാരിന്റെ ഇത്തരം നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിയേണ്ട ഓരോ ഘട്ടത്തിലും മാധ്യമങ്ങളിലൂടെ വിവാദം ഉയര്‍ന്നുവന്നപ്പോള്‍ ജനശ്രദ്ധ അതിലായി. ഈ പോരായ്മ ജനവിധിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതോടൊപ്പംതന്നെ ചില മേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടലിലുണ്ടായ ദൌര്‍ബല്യങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ വികാരം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍. വീടിനകത്തുതന്നെ പ്രചാരണത്തിലൂടെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ദൃശ്യമാധ്യമങ്ങള്‍ ഈ കാര്യത്തില്‍ വലിയ പങ്കാണ് നിര്‍വഹിച്ചത്. ഇതിലൂടെ പാര്‍ടിയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ഇടയായി. ഇടതുപക്ഷ ആശയഗതിക്കെതിരായി വലതുപക്ഷ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടാക്കുന്ന തലത്തിലുള്ള ഇത്തരം ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചു. ഇതിന് കരുത്ത് കൂട്ടുന്ന തരത്തിലാണ് കോഗ്രസ് ഇടപെട്ടത്. ദൃശ്യമാധ്യമങ്ങളില്‍ ചിലതിന് തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ വക കോഗ്രസ് കോടികള്‍തന്നെ നല്‍കിയിരുന്നു. ചിലത് കോഗ്രസ് വാടകയ്ക്കെടുത്ത മട്ടിലാണ് പ്രവര്‍ത്തിച്ചത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്താകമാനം നടത്തിയ ഇടപെടലുകളും ഇതിനു പിന്നിലുണ്ട്. പാര്‍ടിയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഇതിന്റെ ഫലമായി പ്രചരിപ്പിക്കപ്പെട്ടു.

കേരളത്തിലെ 28 ദിവസത്തെ പ്രചാരണഘട്ടമെടുത്താല്‍ 14 ദിവസവും മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് മഅ്ദനി വിഷയത്തെക്കുറിച്ചാണ്. പാര്‍ടിയെക്കുറിച്ച് വിവിധ തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുക എന്നത് മുഖ്യ കടമയായി ഇവര്‍ ഏറ്റെടുത്തു. വിമോചനസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസ്റ് പാര്‍ടിക്കെതിരായി നടന്ന പ്രചാരണങ്ങള്‍ പോലുള്ള ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇവര്‍ സംഘടിപ്പിച്ചത്. അന്ന് ദൃശ്യമാധ്യമങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് മാധ്യമരംഗത്ത് ഇത്തരമൊരു സ്വാധീനം വിപുലപ്പെട്ടിട്ടുണ്ട് എന്ന വസ്തതയും പ്രചാരണത്തിന് കൂടുതല്‍ തീവ്രത പകരുന്നതിനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്.

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ടിവിരുദ്ധ സമീപനങ്ങളില്‍ പലതും ഇടതുപക്ഷ തീവ്രവാദപരമായ സമീപനങ്ങളില്‍ നിന്നുകൊണ്ടായിരുന്നു. ഇടതുപക്ഷ സ്വാധീനമുള്ള കേരളംപോലുള്ള സംസ്ഥാനത്ത് വലതുപക്ഷത്തുനിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇടതു തീവ്ര നിലപാടുകളില്‍നിന്നുകൊണ്ട് നടത്തുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള പ്രചാരണത്തിനും മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ ഇടയില്‍ വേരുകളില്ലാത്ത ഇത്തരക്കാരെ രംഗത്തിറക്കി എല്‍ഡിഎഫിനെ ആക്രമിക്കുന്ന കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധയും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി.

തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ വിവാദത്തെ യുഡിഎഫ് ഉപയോഗപ്പെടുത്തുകയുണ്ടായി. അതാണ് തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നം എന്ന നിലയ്ക്കായിരുന്നു മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പൂര്‍ത്തീകരിക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. മാത്രമല്ല, കരാറിലെ നിബന്ധനകള്‍ സംസ്ഥാനത്തിന് കൂടുതല്‍ അനുകൂലമാക്കിക്കൊണ്ടാണ് എല്‍ഡിഎഫ് ഭരണകാലത്ത് കാര്യങ്ങള്‍ നടന്നത്. എന്നാല്‍, രാഷ്ട്രീയ ലാക്കോടുകൂടിയാണ് ഇതിനെ വിവാദമാക്കിയതും സിബിഐ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തതും.

ലെനിനിസ്റ് സംഘടനാ സംവിധാനത്തില്‍ വന്ന പോരായ്മയും തെരഞ്ഞെടുപ്പ് പരാജയത്തിന് വഴിതെളിച്ചിട്ടുണ്ട്. ജനാധിപത്യ കേന്ദ്രീകരണവും കൂട്ടായ പ്രവര്‍ത്തനവും വിമര്‍ശന സ്വയംവിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് ഈ കാഴ്ചപ്പാട്. മേല്‍കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്കമ്മിറ്റികള്‍ക്ക് ബാധകമാണ്. ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ന്യൂനപക്ഷ അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ടി ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം കൂട്ടായി നടപ്പാക്കുക എന്നതും ഈ സംഘടനാരീതിയുടെ സവിശേഷതയാണ്. ഏതു പ്രശ്നത്തിലും പാര്‍ടി എടുക്കുന്ന തീരുമാനങ്ങളെ അതത് ഘടകങ്ങളില്‍ വിമര്‍ശിക്കാനും അതോടൊപ്പംതന്നെ ഓരോ വ്യക്തിയും ഘടകവും എടുത്ത തീരുമാനങ്ങളിലെ പിശകുകള്‍ സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്യാനുമുള്ള അവകാശവും നല്‍കുന്നതാണ് ഈ സംവിധാനം. കീഴ്കമ്മിറ്റികള്‍ക്ക് മേല്‍കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതില്‍ പങ്കെടുക്കാനുള്ള അവകാശവും ഇത് വിഭാവനംചെയ്യുന്നു. ശരിയായ അര്‍ഥത്തില്‍ ഇവ നടപ്പാക്കപ്പെടുക എന്നത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ഏറെ പ്രധാനമാണുതാനും.

ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനരീതിയാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍നിന്ന് അതിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ചില പ്രവണതകള്‍ ഈ കാലയളവില്‍ പ്രത്യക്ഷപ്പെട്ടു എന്നത് പ്രധാനപ്പെട്ട പ്രശ്നമായി നിലനില്‍ക്കുകയാണ്. ഇത് തിരുത്തുക എന്നതും അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ലെനിനിസ്റ് സംഘടനാ സംവിധാനത്തിലെ ഇത്തരം പോരായ്മകളെ സംബന്ധിച്ചുള്ള സ്വയംവിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റി നടത്തിയത് പുറത്തുവന്നപ്പോള്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കുത്തിപ്പൊക്കാനും ചിലര്‍ പുറപ്പെട്ടിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. അവരുടെ പ്രധാന ആക്ഷേപം പാര്‍ടിക്കകത്ത് വിമര്‍ശനവും സ്വയംവിമര്‍ശനവും നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍, അത്തരമൊരു സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ രീതിയില്‍ തെരഞ്ഞെടുപ്പുരംഗത്തെ പോരായ്മകളെ അക്കമിട്ടുനിരത്താനും അവ തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവവും സിപിഐ എമ്മിന് ഉണ്ടായതെന്ന് ഇത്തരം വിമര്‍ശകര്‍ മറക്കുന്നു. അഥവാ അറിയാമെങ്കിലും ഇല്ലെന്ന് നടിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം.

കാരണം യഥാര്‍ഥ ഇടതുപക്ഷ ബദല്‍ മുന്നോട്ടുവയ്ക്കുകയാണ് എന്ന് പറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുക എന്ന വലതുപക്ഷ താല്‍പ്പര്യം സംരക്ഷിക്കുകയുംചെയ്യുന്നു.

വീഴ്ചകള്‍ തിരുത്തി മുന്നോട്ട്

പാര്‍ടി മുന്നോട്ടുവച്ച ചില മുദ്രാവാക്യങ്ങള്‍തന്നെ മാര്‍ക്സിസ്റ് വിരുദ്ധമായിരുന്നു എന്നും അത്തരം മുദ്രാവാക്യങ്ങള്‍ ഏതു പ്രസ്ഥാനത്തിനും മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നതാണെന്നും ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്. വര്‍ഗപരമായ കാഴ്ചപ്പാട് വെടിഞ്ഞ് സാമൂഹ്യനീതിയുടെയും വികസനത്തിന്റെയും സമീപനങ്ങള്‍ മുന്നോട്ടുവച്ചു എന്നാണ് ഇത്തരക്കാരുടെ വാദം. ജാതിഘടനയ്ക്കും അത് ഉയര്‍ത്തുന്ന വിവേചനങ്ങള്‍ക്കും എതിരായുള്ള പോരാട്ടങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ കേരളത്തില്‍ നടത്തിയിട്ടുള്ളതാണ്. പാലിയംസമരം പോലുള്ള പ്രക്ഷോഭങ്ങള്‍ പാര്‍ടി മുന്‍കൈയെടുത്ത് നടത്തിയതാണെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം വര്‍ഗസമരത്തിന്റെ ഭാഗമെന്ന നിലയില്‍തന്നെയാണ് കാണേണ്ടത്. ഏതെങ്കിലും ജനവിഭാഗത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ട് തൊഴിലാളിവര്‍ഗത്തെ അതിന്റെ ശരിയായ കാഴ്ചപ്പാടോടെ നയിക്കാനാവില്ല. സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുമ്പോള്‍മാത്രമേ തൊഴിലാളിവര്‍ഗം സമൂഹത്തെയാകമാനം നയിക്കുന്ന പ്രസ്ഥാനമായി മാറുകയുള്ളൂ. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സുപ്രധാന അജന്‍ഡതന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍.

ഈ മാര്‍ക്സിസ്റ് നിലപാടുകളെ മനസ്സിലാക്കാത്ത വിപ്ളവ വായാടിത്തം വിപ്ളവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കാനല്ല, ദുര്‍ബലപ്പെടുത്താന്‍മാത്രമേ സഹായിക്കുകയുള്ളൂ. സ്ത്രീസ്വാതന്ത്യ്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാര്‍ക്സും എംഗല്‍സുംതന്നെ ശക്തമായി ഉന്നയിച്ചിട്ടുണ്ട് എന്ന വസ്തുതയും ഇവര്‍ മറക്കുന്നു. 'കമ്യൂണിസ്റ് മാനിഫെസ്റോ'യില്‍തന്നെ ഈ വിഷയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 'കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗല്‍സിന്റെ പ്രസിദ്ധമായ കൃതി സ്ത്രീവിമോചനത്തിന്റെ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുകൂടിയാണ്. വികസനം എന്ന കാഴ്ചപ്പാട് കമ്യൂണിസ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നതുതന്നെ തെറ്റാണ് എന്ന് ഇത്തരം ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹത്തെയാകമാനം മുന്നോട്ടു നയിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് മാത്രമേ സാധ്യമാവുകയുള്ളൂ എന്നാണ് മാര്‍ക്സും എംഗല്‍സും വിഭാവനംചെയ്തത്. വികസനത്തിന് കമ്യൂണിസ്റുകാര്‍ ഒരിക്കലും എതിരല്ല. എന്നാല്‍, ആ വികസനം തൊഴിലാളിവര്‍ഗം ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായിരിക്കണം എന്നതാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. അല്ലാതെ വികസനപ്രക്രിയ എന്നത് രാഷ്ട്രീയവിമുക്തമായ ഒന്നാണ് എന്ന് ഒരു ഘട്ടത്തിലും പാര്‍ടി നിലപാടെടുത്തിട്ടില്ല.

ഈ കാഴ്ചപ്പാടോടുകൂടിയാണ് കേരളസംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പുതന്നെ കേരളവികസനത്തെ സംബന്ധിച്ചുള്ള ഒരു നയരേഖ കമ്യൂണിസ്റ് പാര്‍ടി കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ രേഖയാണ് 1957 ലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമായത്. ആ വികസനരേഖയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ തകര്‍ക്കണമെന്ന കാഴ്ചപ്പാട്. വികസനം എന്നതിനല്ല, മറിച്ച് അത് ആര്‍ക്കുവേണ്ടി നടപ്പാക്കപ്പെടുന്നു എന്നതാണ് ഏറെ പ്രധാനമായിട്ടുള്ളത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു താല്‍പ്പര്യവും ഹനിക്കുന്ന തരത്തിലുള്ള നിലപാട് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചിട്ടില്ല.

ഇ എം എസ് വികസനത്തിന്റെ ഈ പ്രശ്നം വളരെ ഗൌരവമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിച്ചത്. അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെട്ട പഠന കോഗ്രസ് ഇതിന് ഉദാഹരണമാണ്. വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃനിരയിലെ സഖാക്കളെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളും ചിലര്‍ ഉയര്‍ത്തിക്കാണുന്നുണ്ട്. അവര്‍ വിദ്യാര്‍ഥി-യുവജനമേഖലകളില്‍നിന്ന് കടന്നുവന്നവരാണ് എന്നും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നു. ലെനിനിസ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച അപക്വമായ ധാരണകളാണ് ഇതിനു പിന്നിലുള്ളത്. വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ ബഹുവര്‍ഗങ്ങളില്‍നിന്നുള്ള വിഭാഗങ്ങള്‍ അണിനിരക്കുന്ന സംഘടനയാണ്. തൊഴിലാളി-കര്‍ഷക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളാണ് അതില്‍ അണിചേര്‍ന്നിട്ടുള്ളത്. അവരുടെ വര്‍ഗപശ്ചാത്തലം അത്തരത്തിലുള്ളതാണ്. ആ വര്‍ഗങ്ങളില്‍നിന്ന് രൂപപ്പെട്ടവരാണ് ഇവരെന്ന യാഥാര്‍ഥ്യം ലെനിനിസത്തിന്റെ സംഘടനാതത്വങ്ങളെയോ പ്രായോഗിക പരിപാടികളെയോ കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റില്ല. ഇവരുടെ കാഴ്ചപ്പാടനുസരിച്ച് ഇ എം എസ് പോലും കമ്യൂണിസ്റല്ല എന്ന് വിലയിരുത്തേണ്ടിവരുന്ന തലതിരിഞ്ഞ സമീപനത്തിലേക്കാണ് നാം എത്തിച്ചേരുക.

പാര്‍ടി സംഘടനയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുള്ള ആളുകള്‍ നിരവധിയുണ്ട് എന്ന വസ്തുത ഇവര്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ഉറച്ച കര്‍ഷകസഖ്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ളവം സംഘടിപ്പിക്കുക എന്നതാണ് പാര്‍ടിയുടെ അടിയന്തര ലക്ഷ്യം. അതിലൂടെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും രാജ്യത്തെ എത്തിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യവും സിപിഐ എം വിഭാവനംചെയ്യുന്നു. ഇതിന് അനുസൃതമായിട്ടുള്ള സംഘടന കെട്ടിപ്പടുക്കുക എന്നതാണ് പാര്‍ടി ചെയ്യുന്നത്. പാര്‍ടി പരിപാടിയുടെ ഈ ബാലപാഠംപോലും അറിയാത്തവരാണ് സിപിഐ എമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ലെനിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമീപനം വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുക എന്നതാണ്. അതില്‍ ഇടപെട്ടുകൊണ്ട് മാത്രമേ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് തൊഴിലാളികളെയും മറ്റു വിഭാഗങ്ങളെയും സംഘടിപ്പിക്കാനാവൂ. അവരുടെ അടിയന്തര ആവശ്യങ്ങളും താല്‍പ്പര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് ഇടപെടുകയാണ് വേണ്ടത്. ആ ഇടപെടലിലൂടെ അവരുടെ ബോധനിലവാരത്തെ പടിപടിയായി വിപ്ളവബോധത്തിലേക്ക് നയിക്കുകയുമാണ് വേണ്ടത്.

ലെനിന്റെ പ്രസിദ്ധമായ എന്തു ചെയ്യണം എന്ന കൃതി ഈ പ്രശ്നത്തെയാണ് അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ ദൈനംദിനമായ ആവശ്യങ്ങളില്‍നിന്ന് പുറംതിരിഞ്ഞുകൊണ്ട് ഒരു വിപ്ളവസംഘടന പോവട്ടെ, സംഘടനപോലും കെട്ടിപ്പടുക്കാനാവില്ല. ഈ പ്രാഥമികമായ ലെനിനിസ്റ് ധാരണപോലും ഇല്ലാതെയാണ് പലരും ലെനിനിസത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നത് എന്നും കാണാം. വിമര്‍ശന-സ്വയംവിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരിശോധനതന്നെ നടത്തുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് ലെനിനിസ്റ് സിദ്ധാന്തങ്ങളില്‍നിന്നുള്ള വ്യതിചലനം എന്ന സ്വയംവിമര്‍ശനം കേവലമായ ഒരു പദപ്രയോഗമല്ല. മറിച്ച്, തെറ്റു തിരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. വന്ന പോരായ്മകള്‍ പോരായ്മകളാണെന്ന് പറയാനും അതിന്റെ അടിസ്ഥാനത്തില്‍ അവ തിരുത്താനുമുള്ള ധീരത കമ്യൂണിസ്റുകാര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്.

കേരളത്തിലെ പല തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുക എന്നത്. ആ പ്രവണത ഇത്തവണയും കൃത്യമായി നടന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 12.16 ശതമാനം വോട്ടാണ് ഉണ്ടായിരുന്നത്. 2009 ല്‍ 6.31 ശതമാനമായി അത് കുറഞ്ഞു. അതായത് 5.85 ശതമാനം വോട്ടിന്റെ കുറവ്. ഇത് കാണിക്കുന്നത് നല്ല തോതില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നാണ്. 2004ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7,53,980 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. യുഡിഎഫിന് വര്‍ധിച്ചതാവട്ടെ 9,12,208 വോട്ടാണ്. ഈ വര്‍ധനയില്‍ ഏഴരലക്ഷത്തിലധികം വോട്ട് ബിജെപിയുടേതാണ് എന്ന് വ്യക്തമാണ്. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഓരോ തെരഞ്ഞെടുപ്പിലും കിട്ടിയ സീറ്റും വോട്ടിന്റെ ശതമാനവും പൊതുവിലുള്ള രാഷ്ട്രീയചിത്രം മനസ്സിലാക്കുന്നതിന് ഏറെ സഹായകമാണെന്നു കാണാം. 1977 ല്‍ മുന്നണിക്ക് 42.36 ശതമാനം വോട്ട് ലഭിച്ചു. സീറ്റൊന്നും കിട്ടിയില്ല. 1980ല്‍ എല്‍ഡിഎഫിന് 50.48 ശതമാനം വോട്ടും 12 സീറ്റുമാണ് ലഭിച്ചത്. 1984ല്‍ അത് 41.97 ശതമാനവും മൂന്ന് സീറ്റുമായി. 1989ല്‍ 44.42 ശതമാനവും മൂന്നു സീറ്റും; 1991ല്‍ 44.73 ശതമാനവും നാലു സീറ്റും; 1996ല്‍ 44.22 ശതമാനം വോട്ടും 10 സീറ്റും; 1998ല്‍ 44.28 ശതമാനം വോട്ടും ഒമ്പത് സീറ്റും; 1999ല്‍ 43.68 ശതമാനം വോട്ടും ഒമ്പത് സീറ്റും; 2004ല്‍ 46.23 ശതമാനം വോട്ടും 18 സീറ്റും; 2009ല്‍ 41.89 ശതമാനം വോട്ടും നാല് സീറ്റും.

ഈ ചിത്രം ഒരു കാര്യം വളരെ വ്യക്തമാക്കുന്നുണ്ടെന്ന് അടിവരയിട്ട് പറയട്ടെ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചില്ല. എങ്കിലും ചില തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഈ തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി പരിശോധിച്ച് പൊതുവില്‍ ഉണ്ടാക്കിയ ധാരണകള്‍ കൊണ്ടുമാത്രം ഈ വിശകലനം അവസാനിക്കുന്നില്ല. ഇതിനെ സംബന്ധിച്ച് പാര്‍ടിയുടെ എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികളും യോഗം ചേര്‍ന്ന് പോരായ്മകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. പ്രാദേശികതലത്തിലുണ്ടായ പ്രശ്നങ്ങള്‍കൂടി പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി മുന്നോട്ടുപോകാനാണ് പാര്‍ടി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പരിശോധനയ്ക്കും വീഴ്ചകള്‍ തിരുത്തുന്നതിനുമുള്ള പരിപാടികള്‍ ആറുമാസത്തിനുള്ളില്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുംചെയ്യും.

അതോടൊപ്പം ചില കാര്യങ്ങള്‍ നടപ്പാക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടും. ഈ പ്രചാരണങ്ങളില്‍ കുരുങ്ങിപ്പോയ ജനവിഭാഗങ്ങളെ പാര്‍ടിയുമായി അടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലുണ്ടായിട്ടുള്ള എല്ലാ ആശങ്കകളും തുറന്ന മനസ്സോടെ ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ പാര്‍ടി സ്വീകരിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു രേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നടപടി ഉണ്ടാകും. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തെറ്റുതിരുത്തല്‍ ക്യാമ്പയിന്റെ ഭാഗമായ രേഖ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. സംഘടനാ ദൌര്‍ബല്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാര്‍ടിയെ തകര്‍ക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ തുറന്നുകാട്ടാനുള്ള പ്രചാരണങ്ങള്‍ കാര്യക്ഷമമായി സംഘടിപ്പിക്കും. ആശയപഠനരംഗം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും.

പാര്‍ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള ഈ തിരിച്ചടിയെ അതീവ ഗൌരവമായിത്തന്നെ പരിശോധിക്കുകയും പോരായ്മകള്‍ തിരുത്തി പാര്‍ടിയെ കൈവെടിഞ്ഞ ജനവിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുകയുംചെയ്യും. അതിന് വിമര്‍ശന-സ്വയംവിമര്‍ശനം ഉള്‍പ്പെടെയുള്ള ലെനിനിസ്റ് സംഘടനാരീതി മുറുകെപ്പിടിച്ച് മുന്നോട്ടുപോകും. കേന്ദ്രീകൃത ജനാധിപത്യത്തിനു കീഴിലുള്ള ഉള്‍പ്പാര്‍ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പ്രശ്നത്തെയും പാര്‍ടി മുറിച്ചുകടക്കും. അതിനായി പാര്‍ടിയെ സ്നേഹിക്കുന്ന എല്ലാ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

No comments:

Post a Comment