1999 ല്‍ കേരളാ നിയമസഭ ഏതാണ്ട് ഏകകണ്ഠമയി (ഒരംഗത്തിന്റെ എതിര്‍പ്പോടെ) പാസ്സാക്കിയ ആദിവാസി ഭൂസംരക്ഷണ നിയമം നീണ്ട നിയമ ഇടപെടലുകള്‍ക്ക് ശേഷം സുപ്രീ കോടതി അംഗീകരിച്ചിരിക്കുന്നു. ആദിവാസി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഈ നിയമം സഹായകരമാണെന്ന് സുപ്രീകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
1975 ലാണ് കേന്ദ്രസര്‍ക്കാര്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമിവീണ്ടെടുക്കല്‍ നിയമം കൊണ്ടുവന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന് കൊട്ടിഘോഷിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പിന്നോക്ക ജനവിഭാഗങ്ങളുടെ പേരില്‍ പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ ഇന്ദിരാഗാന്ധിയാണ് നിയമനിര്‍മാണത്തിന് തുനിഞ്ഞത്. ഈ നിയമം മൂലം ആദിവാസികള്‍ക്ക് കാര്യമായി എവിടെയും ഭൂമി ലഭിച്ചില്ല. ജനാധിപത്യപരമായി ചര്‍ച്ചചെയ്യാതെയും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തതും കേവലം ആദിവാസികളുടെ കണ്ണില്‍ പൊടിയിടാനുമായിരുന്നു നിയമനിര്‍മാണം അടിയന്തിരാവസ്ഥയില്‍ നടത്തിയത്. 1960 മുതല്‍ നടന്ന എല്ലാ ആദിവാസി ഭൂമികൈമാറ്റങ്ങളും ഈ നിയമം വഴി മുന്‍കാല പ്രബല്യത്തോടെ ദുര്‍ബലമാക്കപ്പെട്ടു. 1975 ല്‍ നിയമം വന്നെങ്കിലും ചട്ടങ്ങള്‍ നിലവില്‍വന്നത് 1986ല്‍ മാത്രമാണ്.
കേരളത്തിലെ സാമൂഹ്യഘടനയില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെട്ടത്തിയാല്‍ ആര്‍ക്കും കാണാന്‍ കഴിയും. 1957ലും 1967 ലും അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, അധികാരവികേന്ദ്രീകരണത്തിനുള്ള നീക്കങ്ങള്‍ എന്നിവ ഇതിനു വന്‍ തോതില്‍ സഹായകരമായി. 1975 ലെ ആദിവാസി നിയമം നടപ്പിലാക്കുക. കേരളത്തിന്റെ സാമൂഹ്യ ഘടന അനുസരിച്ച് തികച്ചും അപ്രായോഗികമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി കൈവശമുളള കര്‍ഷകരായിരുന്നില്ല കേരളത്തിലുളളത്. ഭൂപരിഷ്ക്കരണ നടപടിയിലൂടെ മിച്ച ഭൂമി കണ്ടെത്തുകയും. വ്യാപകമായ രീതിയില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഉണ്ടായി. കുടികിടപ്പവകാശം ജനങ്ങള്‍ക്ക് കുറഞ്ഞത് 10 സെന്റ് ഭൂമിയുടെ ഉടമസ്ഥത ലഭിക്കാന്‍ ഇടയാക്കി. മിച്ചഭൂമി സമരവും കുടികിടപ്പ് സമരവും കേരളത്തിന്റെ സാമൂഹ്യ ഘടന പൊളിച്ചെഴുതിയതില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കിടയാക്കി.
1975 ലെ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നത് കേരളത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ്. ഭൂമി വീണ്ടെടുക്കുന്നതിന് ഉള്ള നടപടികളാവട്ടെ ആദിവാസികള്‍ക്ക് അപ്രായോഗികമായി. ഭൂമി വില്‍പനയും നികുതി നിഷേധിക്കലും മറ്റുമാവട്ടെ കര്‍ഷകര്‍ക്ക് വലിയ പ്രയാസവും ഉണ്ടാക്കി. മാത്രമല്ല ഭൂമി വീണ്ടെടുത്താല്‍ പലകര്‍ഷകകുടുംബങ്ങളും തെരുവിലിറങ്ങേണ്ടി വരുമെന്ന സ്ഥിതിയും ഉയര്‍ന്നു വന്നു. 1990 കളില്‍ കേരളത്തില്‍ ആദിവാസികളും കര്‍ഷകരും തമ്മില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉയര്‍ന്നുവന്നു. ആദിവാസികളെ ശത്രുക്കളായി കാണാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് മലയോര-കുടിയേറ്റ കര്‍ഷകര്‍ തയ്യാറായി. വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ നടന്നു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവക്കലിലേക്കും റവന്യൂ വാഹനങ്ങള്‍ കത്തിക്കുന്നതിലേക്കും മറ്റും സമരങ്ങള്‍ പോയി. ഭൂമി വീണ്ടെടുക്കല്‍ നിയമം മൂലം വലിയ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇതുമുലം ആദിവാസി സമൂഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായതായി വസ്തുതകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. കേരളത്തില്‍ ഭൂരഹിതരായ 25479 കുടുംബങ്ങളും നാമമാത്രഭൂമിയുള്ള 30951 കുടുംബങ്ങളും കൂടി ആകെ 56430 ആദിവാസി കുടുംബങ്ങളാണ് ഉളളത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 1975 ലെ നിയമം മൂലം ഒരു ആനുകൂല്യവും ഇല്ല. ഭൂമിയുള്ളവരുടെ കൈമാറ്റങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍വരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്നത് വയനാട് ജില്ലയിലാണ്. ആര്‍ ഡി ഒ മാര്‍ക്കാണ് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ടത്. വയനാട് ആര്‍ ഡി ഒക്ക് ലഭിച്ചത് 2279 അപേക്ഷകളാണ്. ഇതില്‍ 473 അപേക്ഷ തള്ളി. 1806 കേസ്സുകള്‍ ആദിവാസികള്‍ക്ക് അനുകൂല മായി വിധിച്ചു. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞത് 68 കേസില്‍ മാത്രമായി 36 ഏക്കര്‍ ഭൂമി മാത്രമായിരുന്നു. ആകെ അന്യാധീനപ്പെട്ട ഭൂമിയായി കണക്കാക്കിയിരുന്നത് 3793 ഏക്കറാണ്. ഇതിലാണ് 36 ഏക്കര്‍ ഭൂമി മാത്രം ഈ കാലയളവില്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്.
കര്‍ഷകരുടെ കൈവശം നാമമാത്ര ഭൂമിയാണുണ്ടായിരുന്നത്. 5 സെന്റ് കൈവശമുള്ള 155 പേരും, 5 സെന്റിനുമേല്‍ 20 സെന്റ് വരെ 471 പേരും, 20 സെന്റ് മുതല്‍ 50 സെന്റ് വരെ 612 പേരും, 50 സെന്റ് മതല്‍ 1 ഏക്കര്‍ വരെ 424 പേരും, 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ 302 പേരും 5 ഏക്കറില്‍ കൂടുതല്‍ അന്യാധീനപ്പെട്ട ഭൂമി കൈവശപ്പെടുത്തിയവര്‍ 51 പേരും, 20 ഏക്കറില്‍ കൂടുതലുള്ള ഒരാളുമാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. ഭൂരഹിത ആദിവാസികളാകട്ടെ 25185 പേരും. ഇതില്‍ തള്ളിയ അപേക്ഷ കഴിച്ച് 1806 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വന്നത്.
നിയമം മൂലം ആദിവാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായാലും ഭൂമി തിരികെ ലഭിക്കുക അപ്രായോഗികമായിരുന്നു. കാരണം ഭൂമിക്കും ഭൂമിയിലെ ഉഭയങ്ങള്‍ക്കും വിലനിശ്ചയിച്ച് നിശ്ചിതകാലാവധിക്കുള്ളില്‍ ആദിവാസി വില നല്‍കണമായിരുന്നു. പ്രതിഫലം നല്‍കി ഭൂമി തിരിച്ചെടുക്കാന്‍ ആദിവാസികള്‍ക്ക് കഴിയുമായിരുന്നില്ല. 1806 കേസുകള്‍ വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുകൂലമായി വിധിച്ചിട്ടും, 68 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചതെന്ന് കാണാം. മാത്രമല്ല. ഏറ്റവും ദുര്‍ബലമായ ആദിവാസി വിഭാഗങ്ങളായ പണിയര്‍, അടിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ ഇവരൊന്നും തന്നെ നിയമപരിധിയില്‍ വരുന്നില്ല. കാരണം ഇവരുടെ ഭൂമിക്ക് മതിയായ രേഖ ഉണ്ടായിരുന്നില്ല. വയനാട് പൊതുവെ ആദിവാസികളുടെ വാസസ്ഥലമായിരുന്നു. എന്നാല്‍ ഭൂമിക്ക് രേഖയും മറ്റും അവര്‍ക്കുണ്ടായിരുന്നില്ല. അതിനെ കുറിച്ചവര്‍ അജ്ഞരായിരുന്നു. പുരോഗമനപരമായി വിളംബരം ചെയ്ത നിയമം യഥാര്‍ത്ഥത്തില്‍ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്തില്ലയെന്ന് കാണാം. മാത്രമല്ല അനാവശ്യമായി ശത്രുക്കളായി കാണുന്നതിനും ഇടയാക്കി. ആദിവാസികള്‍ക്ക് പരമ്പരാഗത ഭൂമി ഒരു വിപണന വസ്തുവല്ല. മിക്ക ഗിരിവര്‍ഗ സമൂഹങ്ങളിലും ഭൂമി സ്വകാര്യ സ്വത്താണെന്ന സങ്കല്‍പ്പനമേ ഉണ്ടായിരുന്നില്ല.
ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്നും വേര്‍പേടുത്തുന്ന രീതി ഉടലെടുത്തത് കൊളോണിയല്‍ വാഴ്ചകാലത്താണ്. എന്നാലവര്‍ താമസിച്ചുപോന്ന വനങ്ങളില്‍ അവര്‍ക്കുള്ള അവകാശം ഒരിക്കലും അംഗീകരിക്കുകപോലും ചെയ്തില്ല. ഈ പ്രക്രിയ ആരംഭിച്ചത് ഭൂനികുതിയും പണസമ്പദ് വ്യവസ്ഥയും ഏര്‍പ്പെടുത്തപ്പെട്ടതോടെയാണ്. ഈ കൊളോണിയല്‍ ചൂഷണത്തിനെതിരെയാണ് ആദ്യകാല ഗിരിവര്‍ഗകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഈ അസ്വാസ്ഥ്യത്തിനുശേഷം ഗിരിവര്‍ഗഭൂമി സംരക്ഷിക്കുന്നതിന് ഛോട്ടാനാഗ്പൂര്‍ പാട്ട വ്യവസ്ഥ നിയമം പോലുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു.
മുതലാളിത്തവികസനം ക്രമത്തില്‍ ശക്തിപ്പെടുന്നതോടെ ആദിവാസി ഭൂമിയില്‍ നിന്നും അവര്‍ തുടര്‍ച്ചയായി അന്യവല്‍കരിക്കപ്പെട്ടുപോന്നു. നിലവിലുള്ള നിയമം കാര്യക്ഷമമായിരുന്നില്ല. വ്യാജരേഖകള്‍ കെട്ടിച്ചമച്ചും മറ്റുകുത്സിതനടപടികള്‍ സ്വീകരിച്ചും ആദിവാസികളല്ലാത്തവര്‍ വലിയതോതില്‍ ആദിവാസി ഭൂമി തട്ടിയെടുത്തു. വടക്കു-കിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ ആദിവാസി മേഖലകളിലും ഇത് പൊതുവായ ഒരു പ്രശ്നമാണ്.
ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഗിരിവര്‍ഗ പ്രദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഭൂമി അന്യാധീനപ്പെട്ടു പോകുന്നത് തടയാന്‍ അതുകൊണ്ടൊന്നും കഴിഞ്ഞില്ല. നിയമപരമായ പഴുതുകള്‍ ഉപയോഗിച്ചും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ മേലാളന്‍ മാരുടെയും ഒത്താശകളോടെയും നിലവിലുള്ള നിയമപരമായ പരിരക്ഷകളൊക്കെ അട്ടിമറിക്കപ്പെട്ടു.
ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ പലവിധമാര്‍ഗങ്ങളാണ് ഗോത്ര വര്‍ഗേതരര്‍ സ്വീകരിച്ചത്. ഭൂമി പണയപ്പെടുത്തല്‍, പാട്ടക്കരാര്‍, ബിനാമി കൈമാറ്റങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ സഹായത്തോടെ വ്യാജമായി നിര്‍മ്മിച്ച ആധാരങ്ങള്‍, സ്ത്രീകളുമായുള്ള വൈവാഹികബന്ധം, അടിമവേല ഇങ്ങനെ അവലംബിച്ച മാര്‍ഗങ്ങള്‍ പലതാണ്. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍ ആദിവാസികളെ നിര്‍ദ്ദയം താമസിച്ച ഭൂമിയില്‍ നിന്നും ഇറക്കിവിട്ടു.
നമ്മള്‍ ഉയര്‍ത്തുന്ന മൌലികമായ ആവശ്യം ഇങ്ങനെ അന്യാധീനപ്പെട്ടുപോയ ആദിവാസി ഭൂമി അവരെ തിരിച്ചേല്‍പ്പിക്കുക എന്നതാണ്. അവര്‍ക്ക് കടാശ്വാസവും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ട്രൈബല്‍ മേഖലയില്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍സുസ്ഥിരതയുള്ള ഒരു കാര്‍ഷികവികസനതന്ത്രം രൂപപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പുനംകൃഷിയുടെ പ്രശ്നം ഉയര്‍ന്നുവരുന്നു. രാജ്യത്തെ ഗിരിവര്‍ഗക്കാരില്‍ നാലിലൊന്ന് ഇത്തരം കൃഷിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അവരെ പുനം കൃഷിയില്‍നിന്ന് സ്ഥിരം കൃഷിസമ്പ്രദായത്തിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാനാവശ്യമായ ജോലി നല്‍കുകയോ ചെയ്യാന്‍ നടപടി സ്വീകരിക്കണം.
ഗിരിവര്‍ഗക്കാരുടെ കാതലായ ആവശ്യം ഭൂമിയാണ്. അത് നിറവേറ്റണമെങ്കില്‍ ഭൂപരിഷ്കരണം നടപ്പാക്കണം. ഭൂരഹിത ആദിവാസികുടുംബങ്ങള്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണം. പശ്ചിബംഗാളിലെഇടതുപക്ഷ മുന്നണി ഗവണ്‍മെന്റ് 25 ലക്ഷം കുടുംബങ്ങള്‍ക്കായി 11 ലക്ഷം ഏക്കര്‍മിച്ചഭൂമിയാണ് വിതരണം ചെയ്തത്. ഇതില്‍ 5ലക്ഷം കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ത്രിപുരയിലും ഭൂരഹിത ഗിരിവര്‍ഗവിഭാഗങ്ങള്‍ഭൂപരിഷ്കരണ നടപടികളിലൂടെ സ്ഥിതി മെച്ചപ്പെടുത്തി. കൂടാതെ തങ്ങള്‍ക്ക് അന്യമായി പോയ 7,000 ഏക്കര്‍ ഭൂമി ത്രിപുരയിലെ ഇടതു സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചുനല്‍കി. അതിനുശേഷം ആദിവാസി ഭൂമി അന്യാധീനപ്പെട്ടുപോയിട്ടില്ല. നിയമാനുസൃതമല്ലാത്ത രീതിയില്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചേല്‍പ്പിക്കുന്ന പോരാട്ടം നാം തുടരേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളിലെ പഴുതുകളടച്ച് ഭൂമിയിലുള്ള ആദിവാസികളുടെ അവകാശം പരിരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. ഉദ്ദ്യോഗസ്ഥപ്രമാണികളുമായി ചേര്‍ന്ന് കുത്സിത മാര്‍ഗത്തിലൂടെ ഭൂമി കൈമാറ്റം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം.
നിയമങ്ങള്‍ കര്‍ക്കശമാക്കാനും അവ ശരിക്കും നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനും സമരം നടത്തുമ്പോള്‍തന്നെ ഗിരിവര്‍ഗ-ഗിരിവര്‍ഗേതര കൃഷിക്കാര്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അവര്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ മൂര്‍ത്തമായ നടപടികള്‍ നാം സ്വീകരിക്കണം. ഗിരിവര്‍ഗവിഭാഗത്തില്‍ പെടാത്ത ചെറുകിട കുടിയേറ്റ കൃഷിക്കാര്‍ കൈവശപ്പെടുത്തിയ ആദിവാസിഭൂമിക്ക് തുല്യഅളവിലുള്ള ഭൂമി മറ്റെവിടയെങ്കിലും നല്‍കണം. അല്ലെങ്കില്‍ അനധികൃത കുടിയേറ്റത്തിന്റെ വലിപ്പച്ചെറുപ്പം കണക്കിലെടുത്ത് വകതിരിവോടെയുള്ള സമീപനം അംഗീകരിക്കണം.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രായോഗികമായി ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ട നടപടികളെപ്പറ്റിചിന്തിക്കാന്‍ തുടങ്ങി. 1999 ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമം നിര്‍മിച്ചു. കര്‍ഷകരുടെയും ആദിവാസികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണം. കര്‍ഷകരെ തെരുവിലേക്ക് ഇറക്കിവിടാതെ സംരക്ഷിക്കുകയും വേണം. ഇതാണ് നിയമത്തിന്റെ കാതല്‍. ഈ നിയമത്തിന്റെ പേരില്‍‘കേവല ബൂദ്ധിജീവികളും 'ആദിവാസി പ്രേമ'ക്കാരും 'കമ്മ്യൂണിസ്റ് കാരുടെ ആദിവാസി വഞ്ചന'ക്കെതിരെ കുപ്രചരണം നടത്തി. പക്ഷേ കേരളത്തിലെ പൊതു സമൂഹം ഇത് അംഗീകരിച്ചില്ല. ആദിവാസികളും അനാദിവാസികളും തമ്മില്‍ ഭൂമിയുടെ പേരില്‍ ഉയര്‍ന്ന സംഘര്‍ഷം ഇല്ലാതായി. ഡോ. നല്ലതമ്പിതേര നിയമത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി ദുര്‍ബലപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീംകോടതി കേരളാ നിയമ സഭ പാസ്സാക്കിയ നിയമത്തിന് അംഗീകാരം നല്‍കി.
1999ലെ ആദിവാസി ഭൂ സംരക്ഷണ നിയമം ആദിവാസികളുടെ സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കൊണ്ടുവന്ന പ്രായോഗിക ബദല്‍ നടപടിയാണ്. ചരിത്ര പരമായ കാരണങ്ങളാല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നിശ്ചയമായും ലഭിക്കണമെന്നത് നിയമംമൂലം പരിരക്ഷിക്കപ്പെട്ടു.
1. 1975 ലെ നിയമത്തില്‍ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി എന്ന് മാറ്റി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് ലഭിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തു. അതായത് 5 സെന്റ് ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്കും ഒരു ഏക്കര്‍ ഭൂമി ലഭിക്കും.
2. ഒരേക്കറില്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസിക്ക് തത്തുല്യമായി ഭൂമി ലഭിക്കും.
3. ഇങ്ങനെ ലഭിക്കുന്ന ഭൂമിക്ക് 1975 ലെ നിയമപ്രകാരം മുന്നോട്ട് വെച്ച എല്ലാ വ്യവസ്ഥകളും ഇല്ലാതാക്കി. അതായത് ഭൂമിക്കോ ഉഭയങ്ങള്‍ക്കോ നിശ്ചയിച്ച പ്രതിഫലം നല്‍കേണ്ടതില്ല. കാരണം തത്തുല്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ വ്യവസ്ഥചെയ്തു. ഭൂമിനല്‍കാനുള്ള ബാധ്യതയും സാമൂഹ്യമായി അംഗീകരിക്കപ്പെട്ടു.
4. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു. 2 ഹെക്ടര്‍ ഭൂമി വരെ കൈവശമുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കേണ്ടതില്ല. ഇതോടെ കര്‍ഷക - ആദിവാസി സംഘര്‍ഷങ്ങള്‍ ഇല്ലാതായി. 2 ഹെക്ടറിലധികം ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കണം. അങ്ങനെയുള്ള കേസുകള്‍ നാമമാത്രമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയ കര്‍ഷകര്‍ 2 ഹെക്ടര്‍ കഴിച്ച് ആദിവാസികള്‍ക്ക് നല്‍കണം.
ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബത്തേയും നിയമപരിധിയില്‍ കൊണ്ടുവന്നുവെന്നത് 1999 ലെ നിയമത്തിന്റെ മുഖ്യമായ സവിശേഷതയാണ്. 1975 ലെ നിയമത്തില്‍ ഭൂരഹിത ആദിവാസികള്‍ പരാമര്‍ശിക്കപ്പെട്ടുപോലുമില്ല. സാമൂഹ്യ നീതിക്ക് മുന്‍ഗണനനല്‍കിയ നിയമത്തെ അട്ടിമറിക്കാനാണ് ചിലര്‍ കോടതിയിലൂടെയും മറ്റുചിലര്‍ പ്രചരണങ്ങളിലൂടെയും ശ്രമിച്ചത്. മാത്രമല്ല വീടു നിര്‍മ്മാണത്തിനും പശ്ചാത്തല സൌകര്യങ്ങള്‍ക്കും നിയമത്തില്‍ വ്യവസ്ഥചെയ്തു (വീട്, കുടിവെള്ളം തുടങ്ങിയ മേഖല).
ആദിവാസി സമൂഹത്തോട് ചരിത്ര പരമായും സാമൂഹ്യപരവുമായ ബാധ്യത നിറവേറ്റാന്‍ നായനാര്‍ സര്‍ക്കാര്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും വി എസ് സര്‍ക്കാര്‍ ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കി ചരിത്രപരമായ തിരുത്തലുകള്‍ക്ക് താമസം വിനാം നടപടികള്‍ സ്വീകരിക്കും എന്നത് ഉറപ്പാണ്.
സത്യം ഇത്ര സമർഥമായി പറയാതെകഴിക്കാൻ ശശീന്ദ്രൻ സമർഥൻ തന്നെ.
ReplyDeleteആദിവാസിയുടെ വനഭൂമി ഏറ്റവുമധികം കയ്യേറിയത് കൃസ്ത്യാനിയും മുസ്ലീമുമാണ് എന്ന വാസ്തവവും അവരുടെ സങ്ഘടിതശക്തിക്കുമുൻപിൽ മുട്ടുകുത്തുകയെ, അധികാരമോഹികളായ ഇടതുവലതുകപടമുന്നണികൾ ചെയ്തിട്ടുള്ളൂ എന്നുമുള്ള സത്യം പറയാൻ നട്ടെല്ലുവേണം ശശീന്ദ്രാ നട്ടെല്ലുവേണം.
വയനാട്ടിൽ പള്ളികൾക്കും തല്ലിക്കൂട്ടിയുണ്ടാക്ക്കിയ നസ്രാണിട്രസുകൾക്കും കൃസ്ത്യൻ കർഷകർക്കും എത്ര ഭ്ഹൂമിയുണ്ട്ടെന്ന്നറിയാമോ?
എങ്ങനെ ഇവർക്കിത്ര ഭൂമികിട്ടി എന്ന് അന്വേഷിച്ചിട്ടുണ്ടോ?
വയന്നാാട്ടിൽ കുഷ്ഠരോഗചികിത്സാകേന്ദ്രമുണ്ടാക്കൻ സർക്കാരുദ്യോഗസ്ഥ്ഹർ പോയപ്പോൾ അവരെ തല്ലിയോടിച്ചത് ആരായിരുന്നു?
കെ. പാനൂർ മരിച്ചതുകൊണ്ടാണു ഈ വിധി കോടതിയെക്കൊണ്ടംഗീകരിപ്പിക്കാൻ കള്ളന്മാർക്കു സാധിച്ചത്.ഈ നിയമവും ഇതീനുമുൻപത്തെ നിയമം പോലെ തന്നെ കന്നിൽ പ്പൊടിയിടലാണ്.
ഒരടിസ്ഥാനവർഷം വച്ച് അതിനു ശേഷമുള്ള കയ്യേറ്റങ്ങൾ കയ്യേറ്റങ്ങളായും അതിനു മുൻപൂള്ളവയെ കുടിയേറ്റമായും അങീകരിക്കുകയാണി എല്ലാ നിയമവും.56മുതൽ ഓരോ പ്രാവശ്യം ഇതു പരിഷ്കരിക്കപ്പെട്ടപ്പോളും അടിസ്താനവറ്ഷം പുരോഗമിച്ചു.ഇപ്പോഴതു 86 വരെ എത്തി. മാത്രമോ? അടിസ്താനവറ്ഷത്തിനു ശെഷമുള്ള കയ്യേറ്റത്ത്തീലൊന്നുപോലും ഇന്നു വരെ ഒഴിപ്പിച്ചിട്ടില്ല-കയ്യേറിയതു കൃസ്ത്ത്യാനിയോ മുസ്ലീമ്മോ ആണെങ്കിൽ.അടിസ്ഥാനവറ്ഷത്തിനു മുൻപ്പൂള്ള കയ്യേറ്റഭൂമിക്ക്കു പട്ടയമൂണ്ടാക്കിക്കൊടുക്ക്കുക എന്ന പണി തകൃതിയായി ചെയ്യുകയും ചെയ്തിട്ടുണ്ട്.
മതം മാറാൻ തയ്യാറായ ആദിവാസിക്കു എന്തെങ്കിലും കിട്ടിയിട്ടുണ്ടാകാം . മറ്റുള്ളവരെ വഞ്ചിച്ചിട്ടേയുള്ളു.
ഇതു ബീജേപ്പിക്കാരൻ പറഞ്ഞതു കൊണ്ടാണു ആരും ശ്രദ്ധിക്കാതെ പോയതു. ഏതു പൊസിഷനീലും പാർട്ടിയിലും എത്തിയാലും കൃസ്ത്യാനി കൃസ്ത്യാനിയാണു; മാപ്പള മാപ്പളയും.. നെഞ്ചിൽ കൈവച്ചു പറയാമോ അങ്ങനെയല്ലെന്നു, ഏതെങ്കിലും ക്രൂസ്ത്യാനിക്കും മാപ്പളക്കും?
ഫ്യൂഡൽ വ്യവസ്ഥ എന്നൊന്നുണ്ടായിരുന്നത് എത്ര ഭാഗ്യം, എല്ലാർക്കും കുറ്റം പറയാൻ.
ഭൂമിയെയും ചൂഷണം ചെയ്യാനുള്ളതാണെന്നു വിശ്വസിക്കുന്ന സെമിറ്റിക് മതക്കാരൻ ഭരണാധികാരിയായി വരുന്നതിനുമുൻപു നാടുവാഴികൾ തമ്മിൽ ഭൂമിയുടെ പേരിൽ അടിനടന്ന്നിട്ടുണ്ട്. പക്ഷേ അക്കാലത്തൊക്കെ,, കാടു ആദിവാസിയുടെ സ്വതന്ത്ര ഉപയോഗത്തിനുള്ളതായിരുന്നു. അവരാരും കാടുകത്തിച്ചു റബറു നട്ടിട്ടില്ല.
കോഴിക്കോട്ടെ കോടഞ്ചേരി,ആനക്കാമ്പോയിൽ, തിരുവമ്പാടി എന്നീ സ്ഥലങ്ങൾ എങ്ങനെ കൃസ്ത്യാനികൾ കയ്യേറിഎന്നറിയാമോ?
എന്റെ കുട്ടിക്കാലത്ത് വർഷത്തിൽ മൂന്ന്പ്രാവശ്യം മലയർ വീട്ടിൽ വരുമായിരുന്നത് പതിവായിരുന്നു.ഓണത്തിനു മുൻപ്; നവരാത്രികഴിഞ്ഞ്;ശിവരാത്രിക്കു മുൻപ്; അവ്ര്ക്കു അരിയും മുണ്ടും കൊടുക്കും. അവർ നാട്ടിൽ തരാൻ തേനും മരുന്നുകളും കരുതൂമ്. ഇതാണു പറഞ്ഞു കേട്ട പതിവ്. എനിക്കോർമ്മയുണ്ട് സമയത്ത്ല്ലാതെ കാടിറങ്ങിവ്വന്ന മലയർ നാട്ടിൽ കുറെക്കാലം താമസിച്ചത്. അവർ കാടിറങ്ങിയതു കാട്ടുതീവന്നിട്ടായിരുന്നു. ഈ കാട്ടു തീ കയ്യേറ്റകാരുടെ ക്രൂരതയായിരുന്നു. ഠീയണഞ്ഞ് തിരിച്ചുപോയ മലയർ അവിടെ കണ്ടത് തോട്ട്ങ്ങളായി തിരിട്ട സ്ഥaലാങ്ങളായിരുന്നു.ഒന്ന്കിൽ അടിമയായി പണിയെടുക്കാം. ആല്ലെങ്കിൽ നാട്ടിൽപ്പോയി പിച്ചക്കാരായി കഴിയാം. രണ്ടാമ്ത്തെ വഴി തിരഞ്ഞെടുത്തവരായിരുന്നു, തമിഴ് പിച്ച്ക്കാരുടെ ഒഴ്ക്കു വരുന്നതിനു മുൻപു മലബാറിലെ ഏറ്റവും വലിയ ഭിക്ഷാസങ്ഘം.
കാടു കത്തിക്കലും രബറ് നടലും ആദിവാസിയെ പണിക്കാരാക്കലും കൊന്തയീടുവിക്കലും നീർബ്ബാധം തുടര്ര്ന്ന്നു.
അങ്ങനെ കയ്യേറിയ ഭൂമിക്കു പട്ടയമുണ്ടാക്കിക്കൊടുക്കാനാണു സ്റ്റീഫനുംമാണിയും ജോസപ്പും ജേക്കബും സിറിയക്ജോണു ഇസ്മായിലുമൊക്കെ അധികാരം ഉപയോഗിച്ചത്.നായർ സർവീസ് സൊസൈറ്റി എന്ന ഹിന്ദു ജാതി സങ്ഘടന എങ്ങനെ ബീജേപ്പ്പിയോടു വിരോധവും കോങ്രസ്സിനോട് അടുപ്പവും കാണിച്ചു? ചില പ്രമാണി നായന്മാരും ചില്ലറ വനഭൂമി കൈവശപ്പെടുത്താൻ മാണിയുടെ ദാസ്യപ്പണിക്കു നിന്നു.കൂട്ടത്തിൽ കിട്ടി നമ്മുടെ വീരേന്ദ്രനും കുറെ ഭൂമി. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല വീരേന്ദ്രകുമാറും സിറിയക്ജോണും തമ്മിൽ. എങ്ങനെ പിന്നെ അവർ ഈ അടുത്തകാലം വരെ ഒരേ പാർട്ടിയിൽ നിന്നു? അവർക്കു ന്നേടിയെടുക്കാനുള്ളത് ഒരേ ആവശ്യമായിരുന്നു.
ഏതു പൊസിഷനീലും പാർട്ടിയിലും എത്തിയാലും കൃസ്ത്യാനി കൃസ്ത്യാനിയാണു; മാപ്പള മാപ്പളയും.
ReplyDeleteThere are a few exceptions to this.A Justice K.T.Thomas...then a Dr. Abdul Kalam.
My salutations to them!
The same anony.
പ്രിയ അനോണി,
ReplyDeleteമറുപടി താമസിച്ചതില്‍ ക്ഷമിക്കുമല്ലോ...
ചരിത്രപരമായി, കേരളത്തിലെ ആദിവാസികള്‍ അനുഭവിച്ച ചൂഷണം ഈ ലേഖനത്തില്‍ എവിടെയെങ്കിലും നിഷേധിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്രയും വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒറ്റയടിക്ക് ചരിത്രത്തെ റിവേഴ്സ് ഗിയറില്‍ ചലിപ്പിക്കാന്‍ കഴിയും എന്ന് അനോണി വിശ്വസിക്കുന്നുണ്ടോ? അങ്ങിനെ റിവേഴ്സ് ഗിയറില്‍ ചരിത്രത്തെ ചലിപ്പിച്ചാല്‍ , അതിനു സാമൂഹ്യമായ വിലകള്‍ കൊടുക്കേണ്ടി വരില്ല എന്ന് പറയാന്‍ കഴിയുമോ? ഒരു പാവപ്പെട്ടവനെ മറ്റൊരു പാവപ്പെട്ടവന് എതിരെ നിര്‍ത്തി കൊണ്ടാണോ ചരിത്രപരമായ ചൂഷണങ്ങളെ നേരിടേണ്ടത്? പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ മാത്രമല്ലെ ഇത്തരം പ്രശ്നങ്ങളെ സമീപിക്കാന്‍ കഴിയുകയുള്ളൂ?
കേരളത്തിലെ കുടിയേറ്റങ്ങളിലൂടെ വലിയ ക്രിസ്ത്യാനി ഭൂവുടമകള്‍ വളര്‍ന്നു വന്നിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിനൊപ്പം ഒരു വലിയ വര്‍ഗം ചെറുകിട കര്‍ഷകരും കടന്നു വന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയുമോ? അവരുടെ പ്രശ്നങ്ങളെയും ചരിത്രപരമായി വിലയിരുത്തി കൊണ്ടുള്ള ഒരു പരിഹാര മാര്‍ഗമല്ലേ നല്ലത്?