2009-ലെ പാര്‍ലമന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ 2004- ലെ പാര്‍ലമന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ് എന്നതില്‍ സംശയമില്ല. 2004 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ നമ്മുടെ സാമ്പത്തിക-സാംസ്കാരിക നയങ്ങളെ വലതുപക്ഷ ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെങ്കില്‍ , 2009 ല്‍ ഒരു വ്യക്തമായ ഇടതുപക്ഷാന്തരമായ ഭരണകൂടത്തിന്റെ നിര്‍മ്മിതിയുടെ സാധ്യതകള്‍ക്ക് മങ്ങലെല്‍പ്പിക്കുന്ന ഒരു ജനവിധിയാണ് ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പലവിധമായ കാരണങ്ങള്‍ ഉണ്ടെങ്കിലും, ജനവിധിയെ ഒരു ഇടതുപക്ഷ നയ-വിരുദ്ധ ജനവിധിയായി വിലയിരുത്താനും, ആ മറ ഉപയോഗിച്ച് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ വീണ്ടും വലതുപക്ഷത്തേക്ക് തള്ളി വിടാനുമുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു സാമ്പത്തിക വീക്ഷണകോണില്‍ നിന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെയും സമകാലിക രാഷ്ട്രീയത്തെയും വിലയിരുത്തുന്നതിന് വളരെ പ്രാധാന്യമുണ്ട്.
2008 ജൂലൈ മാസത്തില്‍ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച അവസരത്തില്‍ നിന്നും ആരംഭിച്ച ഒരു പ്രക്രിയയായി തന്നെ സമകാലിക സാമ്പത്തിക നയ വ്യതിയാനങ്ങളെ കാണേണ്ടതുണ്ട്. 2004 മുതല്‍ 2008 വരെ ഇന്ത്യയിലെ സാമ്പത്തിക നയത്തെ ദാക്ഷിണ്യം കൂടാതെ ജനപക്ഷ ചേരിയില്‍ പിടിച്ചു നിര്‍ത്താനുള്ള ഇടതു പക്ഷ ശ്രമങ്ങളെ ഇവിടുത്തെ ബൂര്‍ഷ്വാ വര്‍ഗ്ഗവും ഉപരി-മധ്യവര്‍ഗ്ഗവും അങ്ങേയറ്റം പുച്ച്ചതോടെയും ഇച്ച്ച്ചാ ബന്ങതോടെയും ആണ് സഹിച്ചിരുന്നത്. ആഗോള തലത്തില്‍ തന്നെയും, ഇന്ത്യയിലെ തന്നെ ബൂര്‍ഷ്വാപക്ഷത്തു നിന്നും, യു പി എ സര്‍ക്കാരിനു മേലുള്ള ഇടതുപക്ഷ കടിഞ്ഞാനിന്റെ ബലം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഏറെ മുമ്പേ തന്നെ ആരംഭിച്ചിരുന്നു. രണ്ടു ആഴ്ച കാലത്തെ അമേരിക്കന്‍ പര്യടനം കഴിഞ്ഞെത്തി, തങ്ങള്‍ ആണവ കരാറിന് എതിരല്ല എന്ന് സമാജ്വാദി പാര്‍ട്ടി സെക്രട്ടറി അമര്‍ സിംഗ് പ്രഖ്യാപിച്ചപ്പോള്‍, അത് ഒരു വലിയ ആഗോള ഗൂടാലോചനയുടെ പര്യവസാനമായി തന്നെ വിലയിരുത്തപെട്ടു. പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് (ജൂലൈ 9) ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം എഴുതിയ എഡിറ്റോറിയല്‍ ഇടതുപക്ഷ തോല്‍വിയിന്‍ മേലുള്ള സന്തോഷം ഒരു പിശുക്കും കൂടാതെ പ്രകടിപിക്കുന്നതായിരുന്നു:
ഇടതുപക്ഷത്തിന്റെ തോല്‍വിയോടു കൂടി സാമ്പത്തിക രംഗത്ത് പുതിയ വലിയ മാനങ്ങള്‍ തുറക്കപെട്ടിരിക്കുന്നു. മുന്‍പ് തൊട്ടു കൂടാന്‍ പാടില്ലായിരുന്ന പല വിഷയങ്ങളും ഇപ്പോള്‍ അജണ്ടയിലേക്ക് തിരിച്ചു കൊണ്ട് വരാം. ധനകാര്യ മേഖലയിലെ അവസാനത്തെ ഉദാരവല്‍ക്കരണ നയം പ്രഖ്യാപിക്കപെട്ടത് 2001 ല്‍ ആയിരുന്നു. ധനകാര്യ ഉദാരവല്‍ക്കരണം സംഭന്ധിച്ചുള്ള പെര്സി മിസ്ത്രി, രഘുറാം രാജന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തേണ്ടതുണ്ട്...വിദ്യാഭ്യാസ മേഖലയില്‍ പൊതു ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം വൌച്ചര്‍ സമ്പ്രദായം കൊണ്ട് വരേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങേണ്ടത് ആവശ്യമാണ്. ആരോഗ്യം പോലുള്ള മേഖലകളില്‍ പൊതു-സ്വകാര്യ ജോയിന്റ് സംരംഭങ്ങള്‍ കൊണ്ട് വരണം.ജൂലൈ 8 തീയതിയിലെ എകോനോമിക് ടൈംസ് പത്രമാകട്ടെ, സര്‍ക്കാരിന് വേണ്ടി ഒരു പുതിയ 16-ഇന പരിപാടി തന്നെ പ്രസിദ്ധപ്പെടുത്തി. തൊഴില്‍ നിയമങ്ങള്‍ ഉദാരവല്ക്കരിക്കുന്നതും സര്‍കാര്‍ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതും ബാങ്കുകള്‍, ഇന്‍ഷുറന്‍സ് മേഖലകള്‍ എന്നിവ ആഗോള ധന വിപണിക്ക് മുന്നില്‍ തുറന്നു വെക്കുന്നതും ഒക്കെ ഉള്‍പെട്ട ഒരു കനപ്പെട്ട പരിപാടി തന്നെയായിരുന്നു അത്.
എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് വന്നത് കൊണ്ടും ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ പിടികൂടിയതും മൂലം ഈ പുതിയ നയപരിപാടി നടപ്പില്‍ വരുത്തിതുടങ്ങാന്‍ യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല. 2009 ലെ തിരഞ്ഞെടുപ്പ് വിജയം ഇതിനായുള്ള ഒരു അവസരം കൂടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി കാണുന്നത് എന്നതില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള വിശകലനങ്ങളെ വിലയിരുത്തുന്നതില്‍ നിന്നും ഇത് വളരെ വ്യക്തമാകും. ഇടതുപക്ഷത്തിന്റെ അഭാവം പുതിയ സര്‍ക്കാരിനു സമാധാനപരമായി ഉദാരനയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഹായിക്കും എന്നാണ് പിങ്ക് പത്രങ്ങള്‍ എഴുതിയത്. ഈ പിങ്ക് പത്രങ്ങളേക്കാള്‍ ശക്തമായി എഴുതിയ പത്രപ്രവര്‍ത്തകരും പുരോഗമന മുഖംമൂടിയണിഞ്ഞ സാമൂഹ്യ ശാസ്ത്രഞ്ജരും ഏറെ ഉണ്ടായിരുന്നു. രണ്ടു ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കാം. ഒഴിവു കാലം ചിലവഴിക്കാന്‍ മാത്രം ലണ്ടനില്‍ നിന്ന് നാട്ടില്‍ വരുന്ന സാമ്പത്തിക ശാസ്ത്രഞ്ജന്‍ മേഘ്നാദ് ദേശായ് എഴുതിയത് ശ്രദ്ധിക്കുക: "ഇടതു പക്ഷം അതിന്റെ മുറിവുകള്‍ നക്കിയിരിക്കുകയാണ്. ഒപ്പം ഒന്നു കൂടി അവര്‍ ആലോചിക്കണം. പാടി പഴകിയ സാമ്രാജ്യത്വം എന്ന പദത്തിന് ചരിത്രത്തിന്റെ ചവറ്റു കുട്ടയിലാണ് സ്ഥാനം എന്ന യാഥാര്‍ത്ഥ്യം." ഒരു നരവംശശാസ്ത്രഞ്ഞനായ ശിവ് വിശ്വനാഥന്‍ എഴുതിയത് ഇങ്ങനെ: "ഇത്രയും കാലം പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയും ഇല്ല എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ സ്വഭാവം. ഇനി ഇടതുപക്ഷം കഴുത്തിന് പിടിച്ചു പ്രധാന ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ല എന്ന് ഒഴികഴിവ് പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല."
ഈ അവസരത്തില്‍ ഉയര്‍ന്നു വരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. 2009 ലെ ജനവിധി ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂലമായ ഒരു വിധിയായിരുന്നുവോ? ആയിരുന്നില്ല എന്ന വിഷയത്തില്‍ തര്‍ക്കം വേണ്ട.
തിരഞ്ഞെടുപ്പും സാമ്പത്തിക ചുറ്റുപാടും
2004 ല്‍ എന്‍ ഡി എ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം അങ്ങേയറ്റം മോശം അവസ്ഥയിലായിരുന്നു. സമൂഹത്തില്‍ മൊത്തം നിലനിന്നിരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ എന്‍ ഡി എ യെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരുന്നു. എന്‍ ഡി എ സര്‍കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം തന്നെയായിരുന്നു ഈ മാന്ദ്യം ഉടലെടുത്തിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു അരക്ഷിതാവസ്ഥ 2009 ല്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ഈ അവസ്ഥക്ക് കാരണം 2004 മുതല്‍ 2009 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സാമ്പത്തിക രംഗം അല്പമെങ്ങിലും ഊര്‍ജസ്വലത പ്രകടിപ്പിച്ചിരുന്നു എന്നതായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് എട്ടു മുതല്‍ ഒമ്പത് ശതമാനം വരെ വളര്‍ന്നു വരികയായിരുന്നു. ഈ വളര്‍ച്ചക്ക് പ്രധാന കാരണം നമ്മുടെ സ്റ്റോക്ക് വിപണികളുടെ വമ്പിച്ച വളര്‍ച്ചയും അതിനൊപ്പം തന്നെ വിദേശ ധനനിക്ഷേപ സ്ഥാപനങ്ങള്‍ (FII) ഈ വിപണികളില്‍ നടത്തിയ വന്‍ തോതിലുള്ള നിക്ഷേപങ്ങളും ആയിരുന്നു. അതായത്, ഊഹാപോഹങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ നിക്ഷേപ തീരുമാനങ്ങള്‍.
എന്നാല്‍ ഈ നിക്ഷേപങ്ങള്‍ മാത്രമായിരുന്നു വളര്‍ച്ചക്ക് കാരണം എന്നും പറയാന്‍ കഴിയില്ല. കാരണം, ഉത്പാദന മേഖലയിലും വളര്‍ച്ച പ്രകടമായിരുന്നു. 2004-05 വര്ഷം മുതല്‍ 2007-08 വരെയുള്ള മിക്ക വര്‍ഷങ്ങളിലും കാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം ഏകദേശം നാല് ശതമാനം ആയിരുന്നു എന്നത് തള്ളി കളയാന്‍ കഴിയില്ല. കാര്‍ഷിക വളര്‍ച്ചക്ക് രണ്ടു പ്രധാന സ്രോതസ്സുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഈ വര്‍ഷങ്ങളിലെ അനുകൂലമായ ആഗോള സാഹചര്യങ്ങള്‍ മൂലം കാര്‍ഷിക വിളകളുടെ ആഗോള വിലകളും, അതിനൊപ്പം ആഭ്യന്തര വിലകളും, ഉയര്‍ന്ന നിലവാരത്തില്‍ നിന്നിരുന്നു. രണ്ടു, 2004 വര്‍ഷത്തിനു ശേഷം കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ചെറിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. അതിനൊപ്പം തന്നെ, ഗ്രാമീണ മേഖലയിലേക്കുള്ള വായ്പ്പകളും ബാങ്കുകള്‍ വഴി ഇരട്ടിയില്‍ കൂടുതല്‍ ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അധികമായി നല്‍കിയ വായ്പ്പകളില്‍ കൂടുതലും വലിയ കൃഷിക്കാര്‍ക്കും സ്വകാര്യ അഗ്രി-ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആയിരുന്നു കിട്ടിയത്. എന്നിരുന്നാലും, ഇത് ഗ്രാമീണ മേഖലയില്‍ ചോദനം ഉയര്‍ന്ന നിലയില്‍ നിര്‍ത്താന്‍ സഹായിക്കുകയും അത് വഴി ഗ്രാമീണ ജീവിത സാഹചര്യങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ, കാര്‍ഷിക വായ്പ്പകള്‍ എഴുതി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ഗ്രാമീണ സാമ്പത്തിക രംഗത്തിനു കൂടുതല്‍ ഗുണകരമായി വരികയും, ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കൃഷിയുടെ ലാഭ നിരക്കുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഈ നടപടികള്‍ എല്ലാം തന്നെ ഇടതുപക്ഷം യു പി എ സര്കാരിന്മേല്‍ ചെലുത്തിയ വമ്പിച്ച സമ്മര്‍ദം മൂലമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല.
എന്നിരുന്നാലും, ഒരു കുറവും കൂടാതെ കൃഷിക്കാരുടെ ആത്മഹത്യകള്‍ നടന്നിരുന്ന വിദര്‍ഭ പോലെയുള്ള സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പല ഇടതുപക്ഷ നിരീക്ഷകരെയും അദ്ഭുതപെടുത്തിയിട്ടുണ്ട്. ഈ വിഷയത്തെ കാര്‍ഷിക വായ്പ്പകളുടെ എഴുതിത്തള്ളല്‍ മൂലം മാത്രമാക്കി വിലയിരുത്തുക അപൂര്‍ണമേയാവൂ. എന്റെ ഒരു വാദഗതി മുമ്പോട്ടു വെക്കട്ടെ. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാര്‍ഷിക തകര്‍ച്ച ഒരേ രീതിയില്‍ നേരിടുന്നു എന്ന് പറയുന്നത് കൃത്രിമ ലാളിത്യം മാത്രമാവില്ല, മറിച്ച് തെറ്റാണ് എന്ന് തന്നെ പറയേണ്ടി വരും. ചരിത്രപരമായി തന്നെ, ഇന്ത്യയില്‍ കാര്‍ഷിക മുതലാളിത്തത്തിന്റെ വളര്‍ച്ച വര്‍ഗങ്ങള്‍ , വിളകള്‍ , പ്രദേശങ്ങള്‍ എന്നീ അടിസ്ഥാനങ്ങളില്‍ വ്യത്യാസപെട്ടതാണ് (അല്ലെങ്കില്‍ നിമ്നോന്നിതമാണ്) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇതേ പോലെ തന്നെ, സമകാലിക കാര്‍ഷിക പ്രതിസന്ധിയും വര്‍ഗങ്ങള്‍ , വിളകള്‍ , പ്രദേശങ്ങള്‍ എന്നീ അടിസ്ഥാനങ്ങളില്‍ വ്യത്യാസപ്പെട്ടു കിടക്കുന്നു എന്നതാണ് എന്റെ നിഗമനം. ഉദാഹരണത്തിന്, മഹാരാഷ്ട്ര പോലെയുള്ള ഒരു സംസ്ഥാനം എടുക്കാം. മഹാരാഷ്ട്രയില്‍ വിധര്‍ഭക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ വിധര്‍ഭയിലേതു പോലെയുള്ള കാര്‍ഷിക തകര്ച്ചയൊന്നും തന്നെ കാണാന്‍ കഴിയില്ല. മറിച്ച് കരിമ്പ്, മുന്തിരി പോലെയുള്ള വിളകള്‍ കൃഷി ചെയ്യുന്ന തെക്കന്‍ മഹാരാഷ്ട്ര പ്രദേശങ്ങളില്‍ കാര്‍ഷിക രംഗത്ത് നിന്നുള്ള വരുമാനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ തന്നെ ഗ്രാമ പഠനങ്ങളില്‍ നിന്നും ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിധര്‍ഭക്ക് ഉള്ളില്‍ തന്നെ ബി ടി പരുത്തി കൃഷി ചെയ്യുന്ന, ജലസേചന സൌകര്യം ഉള്ള, പ്രദേശങ്ങളില്‍ ഈ കൃഷി ചില കര്‍ഷക വര്‍ഗങ്ങളുടെ വലിയ തോതിലുള്ള വരുമാന വര്‍ധനക്ക് വഴി തെളിച്ചിട്ടുണ്ട് എന്നും നിസ്സംശയം പറയാം. ഇതു മാത്രമല്ല, പരുത്തിയുടെ വിളകള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ക്വിന്ടലിനു 2800 രൂപ വരെ ഉയര്‍ന്നത് എല്ലാ കൃഷിക്കാരും സന്തോഷത്തോടെയാണ് എതിരേത്തത്. ഈ തരത്തിലുള്ള വ്യത്യാസങ്ങള്‍ കാരണമാണ് തിരഞ്ഞെടുപ്പ് വിധിയും കാര്‍ഷിക പ്രതിസന്ധിയും തമ്മില്‍ വലിയ ബന്ധമില്ലാതെ കിടക്കുന്നത്.
ഇടക്കൊന്നു പറഞ്ഞു കൊള്ളട്ടെ. സാമ്രാജ്യത്വത്തിന്റെ ഈ കാലഘട്ടത്തില്‍ കാര്‍ഷിക മുതലാളിത്തം വളര്‍ച്ചയില്ലാതെ സ്തംഭിച്ചു നില്കുന്നു എന്ന വാദം പല ഇടതുപക്ഷ നിരീക്ഷകരും മുമ്പോട്ടു വെക്കുന്നത് തെറ്റാണ് എന്നാണു ഞാന്‍ വാദിക്കാന്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഗ്രാമീണ മേഖലയിലെ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളെ ശരിയായി മനസ്സിലാക്കാന്‍ സഹായകരമല്ല. ചില കടന്ന മുന്‍വിധികളോടെ കാര്‍ഷിക രംഗത്തെ മാറ്റങ്ങളെ സമീപിക്കുന്നത് ഈ രംഗത്തെ വര്‍ഗപരമായ മാറ്റങ്ങളെ മൂര്‍ത്തമായ രൂപത്തില്‍ വിശകലനം ചെയ്യാനും, അത് വഴി ശരിയായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുവാനും, നമ്മളെ സജ്ജരാക്കുന്നില്ല എന്നത് കൂടി ഈ തിരഞ്ഞെടുപ്പിന്റെ ഒരു പാഠമാണ്.
ഗ്രാമീണ മേഖലക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുണകരമായി വന്ന മറ്റൊരു നയമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒരു താത്പര്യവും കോണ്‍ഗ്രസ് പാര്‍ടിക്ക് ഉണ്ടായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാം. എന്നാല്‍, ഇടതുപക്ഷവും ചില പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളും ചെലുത്തിയ സമ്മര്‍ദം മൂലമാണ് കോണ്‍ഗ്രസിന് ഈ പദ്ധതി നടപ്പിലാക്കേണ്ടി വന്നത്. ഈ പദ്ധതിയും കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമേ, തിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളിന്മേല്‍ വീണിരുന്നില്ല. ഒട്ടു മിക്ക വികസിത രാജ്യങ്ങളും പല വികസ്വര രാജ്യങ്ങളും തൊഴില്‍ നഷ്ടങ്ങളും ബാങ്കിംഗ് തകര്‍ച്ചയും മൂലം വിഷമിച്ചിരുന്ന സമയത്ത് പോലും ഇന്ത്യയില്‍ അത്തരത്തിലുള്ള വന്‍ നഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് പലരും കാണാതെ പോകുന്നു. ഒരു സംശയവും വേണ്ട, ഇടതു പക്ഷത്തിന്റെ കടുത്ത സമര പരിപാടികള്‍ മൂലം 1) ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ മുതലായവ സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയാതെ വന്നത്, 2) പൂര്‍ണ മൂലധന പരിവര്‍ത്തനം (capital account convertibility) നടപ്പില്‍ വരുത്താന്‍ കഴിയാതെ പോയത്, 3) പെന്‍ഷന്‍ ഫണ്ടുകളെ സ്വകാര്യവല്‍ക്കരിക്കുകയും അവയ്ക്ക് സ്റ്റോക്ക് വിപണികളില്‍ യഥേഷ്ടം പങ്കെടുക്കാന്‍ അവസരം കൊടുക്കാന്‍ കഴിയാതെയും പോയത് ; ഇവയൊക്കെ മൂലമാണ് വന്‍ സാമ്പത്തിക-തൊഴില്‍ നഷ്ടങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിവുണ്ടായത്. ഇവിടെയും, തിരഞ്ഞെടുപ്പ് സമയത്ത്, കോണ്‍ഗ്രസ് പാര്‍ടിയായിരുന്നു പണിയെടുക്കാത്ത, ഭാഗ്യശാലിയായ അനുഭവ-അവകാശക്കാരന്‍ .
ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശം ഇതായിരുന്നു: തിരഞ്ഞെടുപ്പ് വര്‍ഷത്തെ അനുകൂല സാമ്പത്തിക ചുറ്റുപാടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ അനുകൂല ചുറ്റുപാടുകള്‍ ഒരു തരത്തിലും ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലമുണ്ടായതല്ല. നേരെ മറിച്ച്, ഉദാരവല്‍ക്കരണ നയങ്ങളെ ഭരണകൂടം തന്നെ ബലമായി നിയന്ത്രിച്ചു നിര്‍ത്തിയ ഒരു സാഹചര്യത്തില്‍ ആണ്. അത് കൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് വിധിയെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂല വിധിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നത് പോലെ മാത്രമാണ്. ശരിയായ അര്‍ത്ഥത്തില്‍, ഉദാരവല്‍ക്കരണ നയങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ഒരു ആഗ്രഹമായി വേണം 2009 ലെ ജനവിധിയെ വിലയിരുത്താന്‍ .
പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍
ആഗോള സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ചിച്ചു തന്നെ നില്‍കുന്ന ഈ സമയത്ത്, പല നിരീക്ഷകന്മാരും ആദ്യ ഘട്ടങ്ങളില്‍ ഉന്നയിച്ച ഒരു വാദം ശരിയാണോ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസി പ്രതിസന്ധിയുടെ തുടക്കത്തില്‍ പറഞ്ഞു: "നവലിബറലിസം അവസാനിച്ചു." അത് ഒരു സാങ്കല്‍പ്പിക ആഗ്രഹ സംഭൂര്‍ത്തിയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചത് ശരിയായി വരുന്നു എന്നതാണ് ദിവസങ്ങള്‍ ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ധനകാര്യ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഒരു പ്രധാന അനന്തര ഫലം വലിയ രാജ്യങ്ങളുടെയും, വലിയ സ്വകാര്യ കോര്പോരേഷനുകലുടെയും വിവിധ രാജ്യങ്ങള്‍ക്കുള്ളിലെ പുതു-ധനിക വര്‍ഗങ്ങളുടെയും വളര്‍ച്ചയും, രാഷ്ട്രീയ രംഗത്ത് അവര്‍ നേടിയിട്ടുള്ള വന്‍ സ്വാധീനവുമാണ്. ഈ സ്വാധീനങ്ങള്‍ മൂലം തന്നെ നവലിബറല്‍ നയങ്ങള്‍ അത്ര പെട്ടെന്നൊന്നും പിന്‍വലിക്കപെടാന്‍ പോകുന്നില്ല എന്ന നിഗമനം ശരിയായി വരുന്നതായാണ് കാണാന്‍ കഴിയുന്നത്. ഈ സ്വാധീനങ്ങള്‍ക്ക് പിന്നിലുള്ള ശക്തികളെ പൂര്‍ണമായും പുറകോട്ടടിക്കാന്‍ ഉതകുന്ന തരത്തിലുള്ള വര്‍ഗ-സമവാക്യങ്ങളിലെ മാറ്റങ്ങളും ജനകീയ സമരങ്ങളും ഉണ്ടായിട്ടില്ല എന്നതാണ് കാരണം. അത് കൊണ്ട് തന്നെ, പ്രതിസന്ധികള്‍ക്കിടയില്‍ തന്നെ, നവലിബറലിസത്തിന്റെ ഒരു തിരിച്ചുവരവിന് പല രാജ്യങ്ങളും വേദിയാകുന്നു എന്ന് നമുക്ക് കാണാം. ഇന്ത്യയിലെ പുതിയ യു പി എ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ ഒരു നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.
തിരഞ്ഞെടുപ്പിന് ശേഷം ധനകാര്യ മാധ്യമങ്ങളും വലതുപക്ഷ സാമ്പത്തിക ശാസ്ത്രഞ്ജരും ആവശ്യപ്പെട്ട നയങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണ് തങ്ങളുടെ 2008-09 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേയിലൂടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടത്തിയത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉദാരവല്കരണ നയങ്ങള്‍ തിരിച്ചു കൊണ്ട് വരുന്നതിന്റെ ഒരു റോഡ് മാപ്പ് കൂടിയാണ് പ്രസ്തുത റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ ഒരു അതിശയിപ്പിക്കുന്ന വശം ഇതാണ്: ഇവിടെ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ തുറിച്ചു നോക്കി നില്‍ക്കുന്നു എന്ന ഒരു വേവലാതി തന്നെ ഇതില്‍ ഒരിടത്തും ഇല്ല. മറിച്ച്, പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ രാജ്യങ്ങളും ഉപയോഗിക്കുന്ന കെയ്നെഷ്യന്‍ നയങ്ങളെ (അതായത് പൊതു ചിലവുകള്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള പരിപാടികള്‍) നിയന്ത്രിച്ചു നിര്‍ത്തണം എന്ന് കൂടി ആവശ്യപ്പെടാനുള്ള ധൈര്യം ഈ റിപ്പോര്‍ട്ട് കാണിക്കുന്നു. തെറ്റ് ചെയ്തേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന കൊച്ചു കുട്ടികളെ പോലെയാണിത്.
സാമ്പത്തിക സര്‍വേയുടെ രണ്ടാമത്തെ ഭാഗമായ വെല്ലുവിളികള്‍ , നയപരമായ പ്രതികരണങ്ങള്‍ , മധ്യകാല സാധ്യതകള്‍ എന്ന അധ്യായത്തിലാണ് പുതിയ നയങ്ങളുടെ രൂപരേഖ ഉള്ളത്. ആഗോള പ്രതിസന്ധിക്കിടയില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള ഒരു അനാവശ്യമായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ടാണ് ഈ രൂപരേഖ അവതരിപ്പിച്ചിട്ടുള്ളത്. ഉത്പാദന മേഖലകളിലെ വളര്‍ച്ചാ നിരക്കുകളില്‍ 2007-08, 2008-09 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്ന് സര്‍വ്വേ തന്നെ സമ്മതിക്കുന്നു. കാര്‍ഷിക രംഗത്ത് 2004 മുതല്‍ക്കുള്ള നാല് ശതമാനം വളര്‍ച്ചാ നിരക്കിനു ഭംഗം വരുത്തി കൊണ്ട് വളര്‍ച്ചാ നിരക്ക് 4.8 ശതമാനത്തില്‍ നിന്നും 1.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതെ പോലെ തന്നെ, വ്യവസായ-മനുഫക്ച്ചുരിംഗ് രംഗത്
ഈ കുറവുകള്‍ രണ്ടു കാരണങ്ങള്‍ മൂലമാണ് ഉണ്ടായിട്ടുള്ളത്. ഒന്ന്, മൊത്തത്തില്‍ തന്നെ, ധനകാര്യ ഊഹാകച്ചവടത്തില്‍ ഊന്നി കൊണ്ടുള്ള സാമ്പത്തിക നയം ഒടുവില്‍ അതിന്റെ പാപ്പരത്തം വെളിവാക്കി എന്ന് കാണിക്കുന്നതാണ്. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മുതലായ പല പ്രധാന മേഖലകളിലും വളര്‍ച്ചാ മാന്ദ്യം 2006-07 വര്‍ഷം മുതല്‍ക്കു തന്നെ ആരംഭിച്ചിരുന്നു എന്നത് മാന്ദ്യ-രൂപീകരണത്തിന്റെ അംശങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ കുറെ കാലമായി തന്നെ നിലനിന്നിരുന്നു എന്നതിന് തെളിവാണ്. രണ്ടു, ആഗോള പ്രതിസന്ധിയുടെ സര്‍ക്യൂട്ടില്‍ നിന്നും ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വിയോജിച്ചു കിടക്കുന്നു (de-coupled) എന്ന വാദഗതി തെറ്റാണ് എന്ന് തെളിയിക്കുന്നതാണ്.
മേല്‍പ്പറഞ്ഞ അവസ്ഥക്ക് പ്രധാന കാരണം, 1991 മുതല്‍ക്കു തന്നെ, ഇന്ത്യയുടെ സമ്പദ്ഘടനയെ ആഗോള സമ്പദ്ഘടനയുമായി വ്യാപാരങ്ങള്‍ വഴിയും ധനമൂലധന കൈമാറ്റങ്ങള്‍ വഴിയും സമന്വയിപ്പിക്കാനുള്ള നയങ്ങള്‍ നമ്മള്‍ സ്വീകരിച്ചു വന്നു എന്നുള്ളതാണ്. മറ്റു വികസ്വര രാജ്യങ്ങളെ പോലെ തന്നെ, തങ്ങളുടെ മൂലധന അക്കൗണ്ട് (capital account) കൂടുതല്‍ തുറന്നു വെക്കുന്ന നയമാണ് ഇന്ത്യയും സ്വീകരിച്ചു വന്നത്. ഈ നയത്തോട് കൂടി, കറന്‍സിയുടെ ആപേക്ഷികമായ വിനിമയ മൂല്യങ്ങളില്‍ ഏറ്റകുറച്ചിലുകള്‍ പതിവായി. ഈ എറ്റക്കുറച്ചിലുകളുടെ ഒരു ഫലം ആഭ്യന്ധര രംഗത്ത് തെറ്റായ പല സിഗ്നലുകളും അത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കി എന്നതായിരുന്നു. ഉദാഹരണത്തിന്, വായ്പ്പയില്‍ അടിസ്ഥാനമാക്കിയ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ഈ ഏറ്റകുറച്ചിലുകള്‍ പങ്കു വഹിച്ചിട്ടുണ്ട്. അങ്ങനെ, കൂടുതല്‍ തുറന്ന 'മൂലധന അക്കൗണ്ട്' വലിയ തോതിലുള്ള 'കറന്റ് അക്കൗണ്ട്' കമ്മികള്‍ക്ക് ഇടയാക്കി. ഇതിനൊപ്പം തന്നെ, ധന മേഖലയെ മൊത്തം തന്നെ കൂടുതല്‍ ഉറപ്പില്ലാത്തതും ദുര്‍ബലവുമാക്കി.
തുറന്ന വ്യാപാര കരാറുകളില്‍ രാജ്യങ്ങള്‍ ഏര്‍പ്പെട്ടത്തോട് കൂടി, വില കുറഞ്ഞ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പതിവായി. അതെ പോലെ, പല ചരക്കുകളുടെയും ആഭ്യന്ധര ഉത്പാദനം തന്നെ പ്രത്യേക വിദേശ വിപനികളിലേക്ക് ഉള്ള കയറ്റുമതിയെ ആശ്രയിച്ചു മാത്രമായി. ഇത്തരത്തിലുള്ള വ്യാപാര സമന്വയം ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വന്‍ തോതില്‍ ഉണ്ടായി എന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് തന്നെ കാണിക്കുന്നു. ഇന്ത്യയില്‍ 2008-09 വര്‍ഷത്തില്‍ ചരക്കുകളുടെ മാത്രം കയറ്റുമതിയും ഇറക്കുമതിയും GDP യുടെ 38.9 ശതമാനം ആയിരുന്നു. അതെ സമയം, 1991-ല്‍ ഇതു വെറും 14 ശതമാനം ആയിരുന്നു. നവ ലിബറല്‍ സാമ്പത്തിക വിദഗ്ധരുടെ വിയോജന (de-coupling) സിദ്ധാന്തം തള്ളി കളയാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ടല്ലോ.
പല തരത്തിലും ആഗോള പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. ഒന്ന് മാത്രം ഇവിടെ സൂചിപ്പിക്കാം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികളെ പ്രതിസന്ധി വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക സര്‍വ്വേ തന്നെ പറയുന്നത് ശ്രദ്ധിക്കൂ: "ഓഗസ്റ്റ് 2008 വരെ കയറ്റുമതി വളര്‍ച്ചാ നിരക്ക് വളര്‍ന്നു വന്നു. സെപ്റ്റംബറില്‍ വളര്‍ച്ചാ നിരക്ക് താണു; ഒക്ടോബര്‍ 2008 മുതല്‍ മാര്‍ച്ച് 2009 വരെയുള്ള മാസങ്ങളില്‍ വളര്‍ച്ചാ നിരക്ക് ന്യൂനരാശിയിലേക്ക് (നെഗറ്റീവ്) വീണു. ആഗോള പ്രതിസന്ധി മൂലമായിരുന്നു ഇത്."
പ്രതിസന്ധിയുടെ ഈ ആഴം മനസ്സിലാക്കി കൊണ്ട്, നയപരമായ ഒരു മാറ്റത്തിന് വേണ്ടി സാമ്പത്തിക സര്‍വ്വേ വാദിക്കും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനു കടകവിരുദ്ധമായി, കൂടുതല്‍ ധന ഉദാരവല്‍ക്കരണവും ചെലവ് ചുരുക്കലും ഒക്കെ അടങ്ങിയ ഒരു യാഥാസ്ഥിതിക റിപ്പോര്‍ട്ട് ആയി സര്‍വ്വേ ചുരുങ്ങി. ചില നയസമീപനങ്ങള്‍ ശ്രദ്ധിക്കൂ:
- കൂടതല്‍ കൂടുതല്‍ സബ്സിഡികള്‍ നല്‍കുന്നത് ചിലവുകള്‍ വര്‍ധിപ്പിക്കാന്‍ സഹ്ചയിക്കുന്നില്ല. അതിനാല്‍, സബ്സിഡികള്‍ അടിയന്തിരമായി വെട്ടി കുറക്കേണ്ടതുണ്ട്.
- പൊതു വിതരണ സമ്പ്രദായത്തിലെ വിലകളെ വിപണി വിലകളുമായി സമന്വയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യം ഉണ്ട്. ഇത് ഭക്ഷ്യ സബ്സിഡി കുറക്കാന്‍ സഹായിക്കും. പണപെരുപ്പം കുറഞ്ഞിരിക്കുന്ന ഈ സമയമാണ് ഇതിനു പറ്റിയ സമയം.
- അടിയന്തിരമായി തന്നെ, ചിലവുകള്‍ വെട്ടി ചുരുക്കി പഴയ FRBM ആക്ട്-ന്റെ നിയമങ്ങള്‍ക്കു അനുസൃതമായി സര്‍ക്കാരിന്റെ ധന അക്കൌണ്ടുകളെ പാകപ്പെടുതെണ്ടതുണ്ട്. ഇതിനായി ധന കമ്മി എത്രയും പെട്ടെന്ന് GDP യുടെ മൂന്നു ശതമാനമായി കുറച്ചു കൊണ്ട് വരണം.
- അതിനൊപ്പം തന്നെ, ധന കമ്മി പൂജ്യമാക്കാനുള്ള ഒരു പുതിയ FRBM ആക്ട് കൊണ്ട് വരുന്നതിനെ പറ്റി ആലോചിക്കണം.
- പൊതു മേഖലയിലെ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുക വഴി, 25000 കോടി രൂപയെങ്കിലും എല്ലാ വര്‍ഷവും സ്വരൂപിക്കാന്‍ സര്‍ക്കാരിനു കഴിയണം.
- പെട്രോള്‍, ദീസെല്‍, പഞ്ചസാര, വളം, മരുന്ന് മുതലായ ചരക്കുകളുടെ വിലകളെ പൂര്‍ണമായും വിപണികള്‍ക്ക് വിടണം; സര്‍ക്കാര്‍ ഈ വിലകള്‍ നിശ്ചയിക്കുന്നതില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണം.
- ഉരുക്ക് മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കണം.
- ന്യൂക്ലിയര്‍ എനര്‍ജി ഉദ്പാധനത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണം.
- കാര്‍ഷിക മേഖലയില്‍ ഫ്യൂച്ചര്സ് വിപണികള്‍ക്ക് വരാന്‍ അനുവാദം നല്‍കണം.
- വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഇവിടുത്തെ ബാങ്കിംഗ് നിയമങ്ങള്‍ കൂടുതല്‍ ഉദാരപ്പെടുത്തണം.
പ്രതിസന്ധിയില്‍ വീണു കിടക്കുന്ന അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ പോലും ഇന്ന് കുപ്പത്തൊട്ടിയില്‍ എറിഞ്ഞു കഴിഞ്ഞ നയങ്ങള്‍ പൊടി തട്ടിയെടുത്തു ജനങ്ങളുടെ മുന്നില്‍ ഒരു നാണവും കൂടാതെ അവതരിപ്പിക്കുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രശ്നവും കൂടാതെ, ധന കമ്മിയെ 10 ശതമാനം വരെ ഉയര്‍ത്തി അമേരിക്ക തന്നെ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഇന്ത്യയില്‍ ധന കമ്മി പൂജ്യമാക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് ! ഇവരുടെ ബുദ്ധി വളര്‍ച്ചയാണ് പൂജ്യത്തില്‍ എത്തി നില്‍ക്കുന്നത് എന്ന് പറയാതെ വയ്യ.
ഇതിനെല്ലാം ഒപ്പം തന്നെ, ബാങ്കിംഗ്-ഇന്‍ഷുറന്‍സ് മേഖലകളിലും 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കണം എന്നും സര്‍വേ വാദിച്ചു കളഞ്ഞിരിക്കുന്നു. അമേരികയും യൂറോപ്പും ഒക്കെ തന്നെ ഉള്ള ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും പൊതു മേഖലയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോളാണ് ഇവിടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയുള്ള മുറവിളി.
ഇതേ ചിന്താഗതിയാണ് 2009-10 വര്‍ഷത്തെ ബജറ്റിലും പ്രതിഫലിച്ചിരിക്കുന്നത് എന്ന് കാണാം. റവന്യു അക്കൌണ്ടിലുള്ള സാമൂഹ്യസേവനചെലവുകള്‍ 2008-09നും 2009-10നും ഇടയ്ക്ക് കേവലമായ സംഖ്യ കണക്കില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ഇനത്തിലുള്ള വകയിരുത്തലിന്റെ വര്‍ദ്ധനയുടെ നിരക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. ജിഡിപിയുടെ വിഹിതമെന്ന നിലയില്‍ കണക്കാക്കുമ്പോള്‍ , സാമൂഹ്യസേവനങ്ങള്‍ക്കുള്ള വകയിരുത്തലില്‍ ഉണ്ടായിട്ടുള്ള കേവലമായ സംഖ്യകണക്കിലുള്ള വര്‍ദ്ധന തീരെ ഉയര്‍ന്നിട്ടില്ലെന്നും കാണാം. കൃഷിയും ഗ്രാമീണ വികസനവും അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ക്കുവേണ്ടിയുള്ള വകയിരുത്തലില്‍ കേവലമായ സംഖ്യ കണക്കില്‍ത്തന്നെ കുറവാണ് വരുത്തിയിട്ടുള്ളത്. സാമൂഹ്യ-സാമ്പത്തിക സേവനങ്ങള്‍ക്കുള്ള വകയിരുത്തലിലുണ്ടായ ചുരുക്കം, ബജറ്റിലെ മൊത്തം റവന്യു ചെലവിലുണ്ടായ ചുരുക്കത്തിന്റെ തന്നെ പ്രതിഫലനമാണ്. 2007-08നും 2008-09നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 39.2 ശതമാനം ആയിരുന്നുവെങ്കില്‍ 2008-09നും 2009-10നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 1.6 ശതമാനം മാത്രമാണ്. പ്രതിസന്ധിക്കിടയിലും ധന കമ്മി കുറച്ചു നിര്‍ത്തുക എന്ന തല തിരിഞ്ഞ പ്രത്യയശാസ്ത്രമാണ് ഇവിടെയും കാണാന്‍ കഴിയുക.
ഇതോ സോഷ്യല്‍ ഡെമോക്രസി?
2004 മുതല്‍ 2009 വരെയുള്ള യു പി എ സര്‍ക്കാരിനെ വിലയിരുത്തി കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക നയം നവലിബെരളിസതില്‍ നിന്നും ഒരു സോഷ്യല്‍ ഡെമോക്രസി ആയി മാറി എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിടുണ്ട്. ഈ വിലയിരുത്തലിന്റെ പാപ്പരതമാണ് പുതിയ സര്‍ക്കാരിന്റെ ഇത് വരെയുള്ള നയങ്ങള്‍ കാണിക്കുന്നത്. ഈ വിലയിരുത്തലുകള്‍ വിട്ടു പോകുന്ന ഒരു പ്രധാന വിഷയം ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നുള്ളതാണ്. ഒരു പ്രത്യേക രാഷ്ട്രീയ ചുറ്റുപാടില്‍ ഇടതു പിന്തുണ ഉറപ്പാക്കാന്‍ മാത്രം ചില നയങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും, അത് ഒരു തരത്തിലും ഒരു വര്‍ഗ-അടിസ്ഥാനത്തിലുള്ള സ്ഥായിയായ മാറ്റമായിരുന്നില്ല. 2004 മുതല്‍ 2009 വരെയുള്ള കാലത്ത്, ഇന്ത്യയിലെ വന്‍ ബൂര്‍ഷ്വാസിയുടെ കലവറയില്ലാത്ത പിന്തുണ യു പി എ ക്ക് ലഭിച്ചിരുന്നു. അതിനു യു പി എ പ്രത്യുപകാരവും ചെയ്തിരുന്നു. ഏറ്റവും വലിയ പത്തു കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭങ്ങള്‍ 2004 മുതല്‍ 2008 വരെയുള്ള കാലത്ത് മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു. തന്റെ ദീര്‍ഖമായ ഒരു ലേഖനത്തില്‍ (The Marxist പുതിയ ലക്കം കാണുക) ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗപരമായ സമകാലിക കാഴ്ചപ്പാടിനെ പറ്റി പ്രകാശ് കാരാട്ട് വിശദീകരിച്ചിട്ടുണ്ട്.
ഈ കാരണം കൊണ്ട് തന്നെ, അടുത്ത അഞ്ചു വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം നടപ്പില്‍ വരുത്താന്‍ വര്‍ധിത ശ്രമം കോണ്‍ഗ്രസ് പാര്‍ട്ടി നടത്തും എന്നതില്‍ സംശയമില്ല. അതെ സമയം, ഈ നയങ്ങള്‍ തന്നെ കൂടുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും എന്നതിലും സംശയം വേണ്ട. 1991 മുതല്‍ ഇടതുപക്ഷം ജനപക്ഷത്തു നിന്നും നടത്തിയ സാമ്പത്തിക രംഗത്തെ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിയായി ആവിഷ്ക്കരിക്കേണ്ട സമയമായി.
so, are you a left leaning democrat or communist? the result of last indian election points to people's rejection of communists and their band of professional "revolutionaries" like prakash karat and pinarayi. see, people are getting more educated and they are getting more details about what communism had done to the mass including those in bengal. you cannot cling to power anymore by using ignorant people's blind support.
ReplyDelete@Anonymous
ReplyDeleteThe results the last election results do not in any form represent a rejection of the communists in India. In both Kerala and West Bengal, they continue to hold their traditional vote bases, as shown by the vote shares of parties.
Further, sweeping generalisations only help to trivialise politics. You need to explain what helped the Left to gain 60 seats in 2004. What dramatic details came out about the communists between 2004 and 2009?
And remember, you will have egg on your face if the Left comes back to power in Kerala and West Bengal in 2011. ;)